03 June Saturday

ഉന്നതനിലവാരം പുലർത്തി കെഎഎസ്‌ പരീക്ഷ

കെ പി അജയകുമാർUpdated: Sunday Feb 23, 2020


കേരള പബ്ലിക് സർവീസ് കമീഷൻ ആദ്യമായി നടത്തിയ ഏറ്റവും വിപുലമായ പരീക്ഷയായ കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലേക്കുള്ള പ്രാഥമികപരീക്ഷ കഴിഞ്ഞു. യുപിഎസ്‌സി മാതൃകയിലായിരിക്കും ചോദ്യങ്ങൾ എന്ന് അറിയിച്ചിരുന്നപോലെതന്നെ എറെ നിലവാരം പുലർത്തുന്നതായിരുന്നു രണ്ട്‌ പേപ്പറുകളും. ഒന്നാം പേപ്പർ കടുപ്പവും രണ്ടാം പേപ്പർ ലളിതവുമെന്ന്‌  പൊതുവിൽ  വിലയിരുത്തുമ്പോൾത്തന്നെ യുപിഎസ്‌സി സിവിൽ സർവീസ്‌ പരീക്ഷയുടെ നിലവാരമായിരുന്നുവെന്ന്‌ എല്ലാവരും സമ്മതിക്കും.  വിഷയങ്ങളിൽ ആഴത്തിലുള്ള പഠനം അനിവാര്യമെന്ന്‌ തെളിയിക്കുന്നതായിരുന്നു ചോദ്യങ്ങളെല്ലാം. 

സിലബസിൽ പറഞ്ഞിരുന്നതുപോലെ വിഷയങ്ങളിൽ മിക്കവാറും എല്ലാ ഭാഗത്തുനിന്നും ചോദ്യങ്ങൾ വന്നു.ജനറൽ സ്റ്റഡീസ് ഒന്നാം പേപ്പറിൽ   പൊതുവിജ്ഞാനം, കേരളചരിത്രം, ഇന്ത്യാ ചരിത്രം, ലോകചരിത്രം, ഇന്ത്യൻ കലാരൂപങ്ങൾ, കേരളത്തിലെ കലയും സാംസ്‌കാരിക പാരമ്പര്യവും, സംഗീതം, സാഹിത്യം ഇവയുടെ വികാസം, ഇന്ത്യൻ ഭരണഘടന,  പൊതുവിജ്ഞാനം, റീസണിങ്‌, മെന്റൽ എബിലിറ്റി തുടങ്ങിയവയാണ് ഉൾപ്പെടുത്തിയിരുന്നത്. അധികം ചോദ്യങ്ങളും ചരിത്രത്തിൽ നിന്നായിരുന്നു. അവയിൽത്തന്നെ  ഇന്ത്യാചരിത്രത്തിനും പ്രത്യേകിച്ച് കേരള ചരിത്രത്തിനും കേരളരൂപീകരണത്തിനു ശേഷമുള്ള ഭാഗങ്ങൾക്കും വളരെ പ്രാധാന്യം നല്കി.  കേരളചരിത്രത്തിൽനിന്ന്  ഇത്രയധികം ചോദ്യങ്ങൾ ഒരു പിഎസ്‌സി പരീക്ഷയ്ക്ക് വരുന്നത് ആദ്യമായാണ്. ഇന്ത്യൻ ഭരണഘടനയ്ക്കും ചരിത്രത്തോടൊപ്പം പ്രാധാന്യം നൽകി.


 

മെന്റൽ എബിലിറ്റിയിൽ  പതിനാറോളം ചോദ്യങ്ങൾ ഉണ്ടായിരുന്നു.  ഏറെ നിലവാരം പുലർത്തിയ ഇവ ഒറ്റനോട്ടത്തിൽ അൽപ്പം പ്രയാസപ്പെടുത്തുന്നവയായിരുന്നു. ജനറൽ സ്റ്റഡീസ് പേപ്പറിൽ രണ്ടിൽ   സാമ്പത്തികശാസ്ത്രം, ആസൂത്രണം, സയൻസ് & ടെക്‌നോളജി, കറന്റ് അഫയേഴ്‌സ് തുടങ്ങിയവയാണ് ഉൾപ്പെടുത്തിയിരുന്നത്. സാമ്പത്തികശാസ്ത്രവും പാരിസ്ഥിതിക വിജ്ഞാനവും മേഖലയിൽനിന്ന് നവകേരള മിഷനും കിഫ്ബിയും ലോകകേരള സഭയും ആരോഗ്യരംഗവുമൊക്കെ ഉൾപ്പെട്ടു. ശാസ്ത്രസാങ്കേതിക രംഗത്ത് പ്രത്യേകിച്ച് ശൂന്യാകാശഗവേഷണ രംഗത്തുനിന്ന്‌ അഞ്ച്‌ ചോദ്യങ്ങൾ ഉണ്ടായിരുന്നു. ഇവയിൽത്തന്നെ ചാന്ദ്രയാൻ–-2 നെ പറ്റി രണ്ട്‌ ചോദ്യങ്ങളും എളുപ്പത്തിൽ ഉത്തരം കണ്ടെത്താൻ കഴിയുന്നവയായി. ഐഎസ്‌ആർഒയുടെ നിർദിഷ്ട വിക്ഷേപണകേന്ദ്രത്തെപ്പറ്റിയും ചോദ്യമുണ്ടായി. 

വിവരസാങ്കേതികവിദ്യാ രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയും കേന്ദ്ര–--കേരള സർക്കാരുകളുടെ വിവിധ പദ്ധതികൾക്കും പ്രത്യേക പരിഗണന നൽകി. . കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് ഇന്ന് ഉടലെടുത്തിരിക്കുന്ന പാരിസ്ഥിതികപ്രശ്‌നങ്ങൾക്കും ഇടം നൽകിയിട്ടുണ്ട്. സാമ്പത്തികശാസ്ത്രത്തിൽ ലോകസാമ്പത്തികരംഗവും രാജ്യത്തെ സാമ്പത്തികരംഗവും വളരെയധികം പ്രാധാന്യം നൽകി പരിഗണിച്ചതായി കാണാം. മലയാളഭാഷയിൽനിന്നും ഇംഗ്ലീഷിൽനിന്നും പ്രതീക്ഷിച്ച രീതിയിലുള്ള ചോദ്യങ്ങളാണ് നൽകിയത്. മലയാളഭാഷയിൽനിന്ന്‌ 30 ചോദ്യങ്ങൾ ഭാഷാജ്ഞാനം അളക്കുന്നതു തന്നെയാരുന്നു.

വിഷയത്തിൽ  ആഴത്തിലുള്ള പഠനവും പരന്ന വായനയും ഒപ്പം പരിശീലനവും  ഇത്തരം പരീക്ഷകളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ   ഉദ്യോഗാർഥികൾക്ക്‌ കരുത്തേകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top