23 March Thursday

ഹൈടെക് സ്കൂള്‍ വിശദാംശങ്ങളായി, ഓണ്‍ലൈന്‍ സര്‍വേ 15 മുതല്‍

എം വി പ്രദീപ്Updated: Sunday Nov 13, 2016
തിരുവനന്തപുരം > സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ അന്തര്‍ദേശീയ നിലവാരത്തിലേക്കുയര്‍ത്തുന്നതിന്റെ ഭാഗമായി എട്ടുമുതല്‍ 12 വരെയുള്ള സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളിലെ 45000 ക്ളാസ്മുറികള്‍ ഹൈടെക് നിലവാരത്തിലെത്തിക്കുന്നതിനുള്ള പദ്ധതി വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലെ പ്രധാനഘടകങ്ങളില്‍ ഒന്നായ ഹൈടെക് സ്കൂള്‍ പദ്ധതി ഐടി@സ്കൂള്‍ പ്രോജക്ടാണ് നടപ്പാക്കുന്നത്.
 
ഹൈടെക് സ്കൂളുകള്‍പൊതുവിദ്യാലയങ്ങളിലെ ഭൌതികസാഹചര്യങ്ങള്‍, അക്കാദമികനിലവാരം, പഠനാന്തരീക്ഷം, ലാബ്, ലൈബ്രറി, പാഠ്യേതരപ്രവര്‍ത്തനങ്ങളിലെ മികവ് തുടങ്ങി വിദ്യാലയസംബന്ധിയായ സര്‍വമേഖലകളും അന്താരാഷ്ട്രാനിലവാരം കൈവരുന്നതിന്റെ ഭാഗമായാണ് ക്ളാസ്റൂമുകളെയും ഹൈടെക്  തലത്തിലേക്ക് ഉയര്‍ത്തുന്നത്. അടുത്ത അധ്യയന വര്‍ഷത്തോടെ പൂര്‍ത്തിയാകുന്നതാണ് ഈ പദ്ധതി.
 
പദ്ധതിയുടെ ‘ഭാഗമായി ‘ഭൌതിക അക്കാദമിക ഡിജിറ്റല്‍ സംവിധാനങ്ങളും സൌകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കും. മുഴുവന്‍ അധ്യാപകര്‍ക്കും കമ്പ്യൂട്ടറിലുള്ള അടിസ്ഥാനപരിശീലനം, ഐസിടി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചു ക്ളാസെടുക്കുന്നതിനുള്ള പരിശീലനം, ഓരോ വിഷയങ്ങളിലെയും ഐസിടി അധിഷ്ഠിത അധ്യാപനത്തിനു പര്യാപതമായ സാങ്കേതിക വശങ്ങളില്‍ പരിശീലനം  നല്‍കും.
 
ഡിജിറ്റല്‍ ഇന്ററാക്ടീവ് പാഠപുസ്തകം, എല്ലാ വിഷയങ്ങളുടെ പാഠ്യപഠനത്തിനു സഹയാകമാകുന്ന ഡിജിറ്റല്‍ ഉള്ളടക്ക ശേഖരം, എല്ലാവര്‍ക്കും മുഴുവന്‍ സമയപഠനാന്തരീക്ഷം ഉറപ്പാക്കുന്ന സമഗ്രപോര്‍ട്ടല്‍, ഇ ലേണിങ്/എം ലേണിങ്/ലേണിങ് മാനേജ്മെന്റ് സംവിധാനം, മൂല്യനിര്‍ണയ സംവിധാനങ്ങള്‍ എന്നിവ ഒരുക്കും. കംപ്യൂട്ടര്‍, മള്‍ട്ടീമീഡിയാ പ്രൊജക്ടര്‍, ശബ്ദസംവിധാനം, വേഗതയുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ എന്നിവ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രയോജനപ്പെടുത്താവുന്ന തരത്തില്‍ എല്ലാ ക്ളാസ്മുറികളിലും ഇതിന്റെ ‘ഭാഗമായി സജ്ജീകരിക്കും. ഓരോ സ്കൂളിലും ഓഫ്ലൈന്‍ സര്‍വറുകളില്‍ ഉള്ളടക്കശേഖരം സ്ഥാപിച്ച് അവയെ ക്ളാസ്മുറിലൈബ്രറിലാബുകളുമായി ബന്ധിപ്പിക്കും. സ്കൂളുകളില്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സോഫ്റ്റ്വെയറുകള്‍, ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍, ഇതര പഠനസോഫ്റ്റ്വെയറുകള്‍ എന്നിവയ്ക്കെല്ലാം പങ്കുവെക്കുന്നതിനും കൂട്ടിച്ചേര്‍ക്കുന്നതിനുമുള്ള വിലക്കുകളോ തുടര്‍ സാമ്പത്തിക ബാധ്യതയോ  ഇല്ലാതാക്കാന്‍ പൂര്‍ണമായും സ്വതന്ത്ര/ഓപ്പണ്‍ ലൈസന്‍സുകളുള്ള സോഫ്റ്റ്വെയറുകളും റിസോഴ്സുകളും ഉപയോഗിക്കും.
 
ഐസിടി ലാബുകള്‍
ഹൈടെക് സ്കൂളുകളിലെ ഐസിടി പഠനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ സ്കൂളുകളിലും സുസജ്ജമായ കമ്പ്യൂട്ടര്‍ ലാബ്  ഒരുക്കും. 15 ഡിവിഷനുകള്‍ക്ക് ഒരു കംപ്യൂട്ടര്‍ ലാബ്  എന്ന രീതിയില്‍ ആദ്യഘട്ടം ഉപകരണങ്ങള്‍ വിന്യസിക്കും. പരമാവധി കുട്ടികളുള്ള ഡിവിഷനിലെ എല്ലാ കുട്ടികള്‍ക്കും 3:1 എന്ന അനുപാതത്തില്‍ കമ്പ്യൂട്ടറുകള്‍ ഓരോ ലാബിലും സജ്ജീകരിക്കും. പൊതുസര്‍വര്‍  കണക്ടിവിറ്റി, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സംവിധാനം, ഓണ്‍ ലൈന്‍ യുപിഎസ് എല്‍സിഡി പ്രൊജക്ടര്‍/എല്‍ഇഡി ടെലിവിഷന്‍, ‘ഭിന്ന ശേഷി വിദ്യാര്‍ഥികള്‍ക്കുള്ള സോഫ്റ്റ്വെയറുകള്‍ സജ്ജീകരിച്ച കംപ്യൂട്ടറുകള്‍ തുടങ്ങിയവയാണ് ഐസിടി ലാബിന്റെ ‘ഭാഗമായി സജ്ജീകരിക്കുന്നത്.
 
ഹൈടെക് സ്കൂള്‍ നടപടിക്രമം
സ്കൂളുകള ഹൈടെക് നിലവാരത്തിലേക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണങ്ങളുടെ ആദ്യഘട്ടം പൈലറ്റ് പദ്ധതിയായി 2016 സെപ്റ്റംബര്‍ മുതല്‍ ആലപ്പുഴ, പുതുക്കാട്, കോഴിക്കോട് നോര്‍ത്ത്, തളിപ്പറമ്പ് നിയോജകമണ്ഡലത്തില്‍ ആരംഭിച്ചു. ബാക്കിയുള്ള മണ്ഡലങ്ങളിലും പദ്ധതി നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ സ്കൂളുകളെയും ഉള്‍പ്പെടുത്തിയിട്ടുള്ള ഓണ്‍ലൈന്‍ സര്‍വേ ചൊവ്വാഴ്ച തുടങ്ങും. സ്കൂളുകള്‍ ഡിസംബര്‍ 15 നകം പോര്‍ട്ടല്‍ വഴി വിവരങ്ങള്‍ നല്‍കണം. സര്‍വേയില്‍ വിശദാംശങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് സ്കൂളുകള്‍ക്ക്  പ്രത്യേക പരിശീലനം നല്‍കും. സര്‍വേയില്‍ ലഭിക്കുന്ന വിശദാംശങ്ങളുടെയും ഓരോ സ്കൂളും തയാറാക്കുന്ന ഹൈടെക് സ്കൂള്‍ പ്ളാനിന്റെയും അടിസ്ഥാനത്തില്‍ വിശദമായ ഐടിഓഡിറ്റ് നടത്തിയായിരിക്കും ആവശ്യകത തീര്‍ച്ചപ്പെടുത്തുന്നത്. പൊതു ഹാര്‍ഡ്വെയര്‍  സൌകര്യങ്ങള്‍ ഉറപ്പാക്കുമ്പോള്‍ സ്കൂളുകളില്‍ നിലവിലുള്ള കംപ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങളെയും കേടുപാടുകള്‍ പരിഹരിച്ചു നന്നാക്കിയെടുക്കാന്‍ സാധിക്കുന്നവയെയും പ്രയോജനപ്പെടുത്തും. 
 
ക്ളാസ്റൂമുകളും കംപ്യൂട്ടര്‍ ലാബുകളും സ്മാര്‍ട് സൌകര്യം ഒരുക്കുന്നതിനു മുന്നോടിയായുള്ള അടിസ്ഥാന സൌകര്യങ്ങള്‍ സ്കൂളുകള്‍ ഒരുക്കേണ്ടതാണ്. ടൈല്‍ പാകിയ തറ, മേല്‍ക്കൂര ഓടുപാകിയതാണെങ്കില്‍ സുരക്ഷിതമായ സീലിങ്, ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ഷെല്‍ഫ്, ലോക്കര്‍ സംവിധാനങ്ങള്‍, പെയിന്റ് ചെയ്ത് വൃത്തിയാക്കിയ ചുമരുകള്‍, ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാനാവശ്യമായ വിധം സുരക്ഷിതത്വം ഉറപ്പുവരുത്തിയ വൈദ്യുതീകരണം എന്നിവയാണ്  പൊതു പശ്ചാത്തമൊരുക്കലിന്റെ ഭാഗമായി സ്കൂളുകള്‍ ചെയ്യേണ്ടത്. ഇതിനുള്ള ധനസമാഹരണം എംപി/എംഎല്‍എ, പ്രാദേശിക വികസനഫണ്ടുകള്‍, തദ്ദേശസ്വയം‘ഭരണ സ്ഥാപനങ്ങളുടെ ഫണ്ടുകള്‍, സ്കൂള്‍ പിടിഎ/എസ്എംസി/പൂര്‍വവിദ്യാര്‍ഥികള്‍, സ്കൂളിനോട് താത്പര്യമുള്ള സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവയുടെ സഹായം എന്നിവ പ്രയോജനപ്പെടുത്താം. 
 
സാങ്കേതിക പിന്തുണ
സ്മാര്‍ട് ക്ളാസ്റൂമുകളുടെ നടത്തിപ്പിലും പരിപാലനത്തിലും സുരക്ഷിതത്വത്തിനും ഏകോപനത്തിനുമായി സ്കൂള്‍ ഐടി കോര്‍ഡിനേറ്റര്‍മാരും സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍മാരുമടങ്ങുന്ന ടീമിനെ സജ്ജമാക്കും. പ്രാദേശിക ഡിജിറ്റല്‍ ഉള്ളടക്കനിര്‍മാണത്തിനാവശ്യമായ സാങ്കേതികപിന്തുണ നല്‍കാന്‍ കഴിയുന്ന തരത്തില്‍ ഓരോ സ്കൂളിലെയും ഐടി. കോര്‍ഡിനേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കും. കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, ഇലക്ട്രോണിക്സ്, ചലച്ചിത്രനിര്‍മാണം, അനിമേഷന്‍, ഇന്റര്‍നെറ്റും സൈബര്‍ സുരക്ഷയും, മലയാളം കംപ്യൂട്ടിങ് എന്നീ മേഖലകളിലെ വിദഗ്ധപരിശീലനം നല്‍കി സ്കൂള്‍ സ്റ്റുഡന്റ് ഐടികോര്‍ഡിനേറ്റര്‍ ടീമിനെ പുനഃസംഘടിപ്പിക്കും.   ഹൈടെക് സ്കൂളിലെ കംപ്യൂട്ടറും ഹാര്‍ഡ്വെയറുകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി നിശ്ചിത ഇടവേളകളില്‍ ഹാര്‍ഡ്വെയര്‍ ക്ളിനിക്കുകള്‍ നടത്തും.  കൂടാതെ സ്കൂളുകളിലെ അതാതു സമയത്തുള്ള സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സംസ്ഥാനതലത്തില്‍ കോള്‍ സെന്റര്‍ സംവിധാനം ഒരുക്കും. സ്കൂളുകളില്‍ കുമിഞ്ഞുകൂടുന്ന ഇ വേസ്റ്റുകള്‍ക്ക് ഫലപ്രദ പരിഹാരം കാണുന്നതിന് ഇവേസ്റ്റ് മാനേജ്മെന്റ് പദ്ധതി ആവിഷ്ക്കരിക്കും.
 
ഡോക്യുമെന്റേഷന്‍
സ്കൂളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളോരോന്നും വിലയിരുത്താനും മെച്ചപ്പെടുത്താനുമായി ഓരോ പ്രവര്‍ത്തനങ്ങളുടെയും ഡോക്യുമെന്റേഷന്‍ ചെയ്യാനുള്ള സംവിധാനങ്ങള്‍ സജ്ജീകരിക്കും. ഇതിനായി പൊതു വെബ്പോര്‍ട്ടലിലും സ്കൂള്‍വിക്കിയിലും സ്കൂളുകള്‍ക്ക് പേജുകള്‍ നല്‍കും. ഓരോ ഹൈടെക് സ്കൂളിലെയും മികച്ച മാതൃകകള്‍ റിക്കോര്‍ഡ് ചെയ്യാനുള്ള സംവിധാനം ലഭ്യമാക്കും. റിക്കോര്‍ഡ് ചെയ്തവ ആവശ്യമായ എഡിറ്റിങ്ങിലൂടെ വിദഗ്ധരുടെ വിലയിരുത്തലിന് ശേഷം അനുയോജ്യമായവ പൊതുപോര്‍ട്ടലില്‍ പ്രസിദ്ധപ്പെടുത്തും. പ്രാദേശികമായി തയ്യാറാക്കുന്ന ഡിജിറ്റല്‍ ഉള്ളടക്കങ്ങളില്‍ മികച്ചവ പൊതുസര്‍വറില്‍ പ്രസിദ്ധപ്പെടുത്താനുള്ള സൌകര്യമൊരുക്കും. അധ്യാപകരെയും വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ച് പങ്കാളിത്തമാതൃകയില്‍ ഉള്ളടക്കം നിര്‍മ്മിക്കും. ഉള്ളടക്കനിര്‍മ്മാണത്തില്‍ ഓരോ ഹൈടെക് സ്കൂളും സ്വയം പര്യാപ്തത കൈവരിക്കുന്ന തലത്തിലേക്ക് ഉയര്‍ത്താനുള്ള പരിശീലനങ്ങളും പിന്തുണാസംവിധാനങ്ങളും നല്‍കും. ഓരോ ടേമിലേയും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്കൂള്‍, ടീച്ചര്‍, സ്കൂള്‍ ഐ ടി  കോര്‍ഡിനേറ്റര്‍മാര്‍, സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍മാര്‍, മാസ്റ്റര്‍ ട്രെയ്നര്‍മാര്‍ എന്നിവര്‍ക്ക് പ്രോത്സാഹനം നല്‍കും. 
 
മോണിറ്ററിങ് 
പദ്ധതിയുടെ മോണിറ്ററിങ്ങിനായി തത്സമയ ഫീഡ്ബാക്ക് ശേഖരിക്കല്‍, സ്കൂള്‍ സന്ദര്‍ശനങ്ങള്‍, ഓണ്‍ലൈന്‍ മോണിറ്ററിങ് സംവിധാനം, നിരന്തരമായ വിലയിരുത്തല്‍ യോഗങ്ങള്‍, ആവശ്യമായ മെച്ചപ്പെടുത്തലുകള്‍ എന്നിവ സമയബന്ധിതമായി നടപ്പാക്കുന്നതാണ്. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ‘ഭാഗമായി രൂപം കൊള്ളുന്ന മിഷന്‍ ടീമുകളുടെയും ടാസ്ക് ഫോഴ്സുകളുടെയും നിരന്തര മേല്‍നോട്ടവും വിലയിരുത്തലും പദ്ധതിക്ക് ഉണ്ടാവും.
ഹൈടെക് പദ്ധതി സമീപന രേഖ www.itschool.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top