തിരുവനന്തപുരം > ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ്ങിന് (ഗേറ്റ്–-2022) തിങ്കൾ മുതൽ അപേക്ഷിക്കാം. കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ പഠിക്കാവുന്ന എൻജിനിയറിങ്, ടെക്‌നോളജി, ആർക്കിടെക്ചർ വിഷയങ്ങളിലെ മാസ്റ്റേഴ്സ് / ഡോക്ടറൽ പ്രോഗ്രാമുകളിലെയും ആർട്സ്, സയൻസ് വിഷയങ്ങളിലെ ഡോക്ടറൽ പ്രോഗ്രാമുകളിലെയും പ്രവേശനത്തിന് അർഹത നിർണയിക്കുന്ന ദേശീയ പരീക്ഷയാണിത്. അവസാന തീയതി സെപ്തംബർ 24.
2022 ഫെബ്രുവരി 5, 6, 12, 13 തീയതികളിൽ രാവിലെ ഒമ്പതു മുതൽ 12 വരെയും ഉച്ചയ്‌ക്ക് 2.30 മുതൽ 5.30 വരെയുമാണ് പരീക്ഷ.
ഇത്തവണ ജിയോമാറ്റിക്സ് എൻജിനിയറിങ് (ജിഇ), നേവൽ ആർക്കിടെക്ചർ ആൻഡ് മറൈൻ എൻജിനിയറിങ് (എൻഎം) എന്നീ രണ്ട് പേപ്പർ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. ആകെ 29 പേപ്പർ ഇത്തവണയുണ്ട്. കേരളത്തിൽ ആലപ്പുഴ, എറണാകുളം, ആറ്റിങ്ങൽ, ചെങ്ങന്നൂർ, ഇടുക്കി, കാഞ്ഞിരപ്പള്ളി കൊല്ലം, കോതമംഗലം, കോട്ടയം, മൂവാറ്റുപുഴ, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാ സെന്ററുകളുണ്ട്.
അപേക്ഷിക്കാനുള്ള യോഗ്യത എൻജിനിയറിങ്, ടെക്‌നോളജി, ആർക്കിടെക്ചർ, സയൻസ്, കൊമേഴ്സ്, ആർട്സ് ഇവയൊന്നിലെ ബാച്ചിലർ പ്രോഗ്രാമിന്റെ 3–ാം വർഷമെങ്കിലും പഠിക്കുന്നവർക്കും, ബിരുദധാരികൾക്കും ‘ഗേറ്റ് ’ എഴുതാം. നിർദിഷ്ട ബിരുദത്തിനു തുല്യമായി കേന്ദ്രസർക്കാർ അംഗീകരിച്ച പ്രൊഫഷണൽ അംഗത്വമുള്ളവരെയും പരിഗണിക്കും. ഉയർന്ന യോഗ്യതകൾ നേടിയവർക്കും എംബിബിഎസ് വിദ്യാർഥികൾക്കും അപേക്ഷിക്കാം. അപേക്ഷകർക്കു പ്രായപരിധിയില്ല.
പ്രവേശനത്തിനു താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽ യഥാസമയം അപേക്ഷിക്കണം. പ്രമുഖ പൊതുമേഖലാ സ്‌ഥാപനങ്ങളിലെ നിയമനങ്ങൾക്കും ‘ഗേറ്റ്’ സ്കോർ പരിഗണിക്കും. ഫലപ്രഖ്യാപനം മുതൽ മൂന്ന് വർഷത്തേക്കാണു പ്രാബല്യം. പരീക്ഷാ ഫലം മാർച്ച് 17ന് പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക്: https://gate.iitkgp. ac.in
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..