09 December Friday

ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഇംഗ്ലീഷ്, സംസ്‌കൃതം ഭാഷകള്‍; ഡോ. കെ പി കൃഷ്‌ണന്‍കുട്ടി എഴുതുന്നു

ഡോ. കെ പി കൃഷ്‌ണന്‍കുട്ടിUpdated: Monday Oct 10, 2022

ദേശീയ വിദ്യാഭ്യാസ നയരേഖ കാര്യമായി പരിഗണിക്കാത്ത ഒരു വിഷയമാണ് അധ്യയന മാധ്യമം. ഉന്നത വിദ്യാഭ്യാസ രംഗത്തെ അധ്യയന മാധ്യമം ചരിത്രപരമായ കാരണങ്ങളാല്‍ ഇംഗ്ലീഷ് ആണ്. സ്വാതന്ത്ര്യാനന്തരം എഴുപത്തഞ്ചു വര്‍ഷം കഴിഞ്ഞിട്ടും അതിന് മാറ്റമുണ്ടായിട്ടില്ല. സ്‌കൂള്‍ വിദ്യാഭ്യാസരംഗത്ത് മാതൃഭാഷയും ഇംഗ്ലീഷും അധ്യയന മാധ്യമങ്ങളായി നിലവിലുണ്ട്. സാമ്പത്തികച്ചെലവേറിയ സ്വകാര്യ ഇംഗ്ലീഷ്‌മീഡിയം സ്‌കൂളുകള്‍ക്കാണ് ഇന്ത്യന്‍ സമൂഹത്തില്‍ ഇന്ന് മാന്യതയും സ്വീകാര്യതയും. വരേണ്യ വിഭാഗത്തിന്റെ വിദ്യാഭ്യാസാവശ്യങ്ങള്‍ നിറവേറ്റുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ വര്‍ഗവിഭജനത്തിന്റെ ഉപകരണങ്ങളായി നിലകൊള്ളുന്നു.

നിലവിലെ പ്രശ്‌നത്തിനു പരിഹാരമില്ല

ദേശീയ വിദ്യാഭ്യാസ നയരേഖയില്‍ എട്ടാം തരംവരെ അധ്യയന മാധ്യമം മാതൃഭാഷയാക്കുമെന്ന പ്രസ്താവം നിലവിലെ പ്രശ്നത്തിന് പരിഹാരമാകുന്നില്ല. മാതൃഭാഷയില്‍ അടിസ്ഥാന വിദ്യാഭ്യാസം നേടിവരുന്നവര്‍ക്ക് ഇതൊരു വലിയ പ്രതിസന്ധിയാണ്. ആറാം ഗ്രേഡ് മുതല്‍ സയന്‍സും ഗണിതവും രണ്ടു ഭാഷകളില്‍ (മാതൃഭാഷയിലും ഇംഗ്ലീഷിലും) പഠിച്ചു തുടങ്ങുന്ന വിദ്യാര്‍ത്ഥി  ഒമ്പതാം തരം കഴിയുമ്പോഴേക്ക് രണ്ടു ഭാഷകളിലും ഈ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു തുടങ്ങുമെന്ന് നയരേഖ അവകാശപ്പെടുന്നുണ്ട്.

എന്നാല്‍, പ്രായോഗികമായി ഇത് അസാധ്യമെന്ന് കഴിഞ്ഞകാല അനുഭവം സമര്‍ത്ഥിക്കുന്നു. ഈ വിഭാഗത്തില്‍പെട്ടവര്‍ക്കുവേണ്ടി രണ്ടാം ഭാഷയായി ഇംഗ്ലീഷ് പരിചയപ്പെടുന്നത് അഞ്ചാം തരത്തിനു ശേഷമാണ്. ഇംഗ്ലീഷ് മാധ്യമാധിപത്യം നിലനില്‍ക്കുന്ന ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് നിര്‍ഭയരായി കടന്നു വരാന്‍ രണ്ടാം ഭാഷയായി മാത്രം ഇംഗ്ലീഷ് പരിജ്ഞാനം ലഭിക്കുന്നവര്‍ക്ക് കഴിയില്ല.

ഈ സാഹചര്യത്തില്‍, 'എട്ടാം തരത്തിനുമപ്പുറമെന്നതാണ് അഭിലഷണീയമെങ്കിലും, എവിടെയെല്ലാം  സാധ്യമാണോ അവിടെയെല്ലാം, കുറഞ്ഞ പക്ഷം അഞ്ചാം ഗ്രേഡ് വരെയെങ്കിലും, വീട്ടുഭാഷ / മാതൃഭാഷ /നാട്ടുഭാഷ /പ്രാദേശിക ഭാഷ എന്നിവ അധ്യയന മാധ്യമമായിരിക്കണം' എന്ന നയപ്രഖ്യാപനത്തില്‍ സങ്കീര്‍ണമായ പ്രായോഗിക പ്രശ്നങ്ങള്‍ മാത്രമല്ല, വര്‍ഗ രാഷ്ട്രീയത്തിന്റെ ഹിഡന്‍ അജന്‍ഡയും വിദഗ്ധമായി ഒളിച്ചു വെച്ചിട്ടുണ്ട്. (ദേശീയ വിദ്യാഭ്യാസ നയം, 4.12).

ഇംഗ്ലീഷിന്റെ കാര്യത്തില്‍ വ്യക്തതയില്ല

ഇംഗ്ലീഷ് ഭാഷയോട് സ്വീകരിക്കേണ്ട നിലപാടില്‍ നയരേഖയ്ക്ക് വ്യക്തതയില്ല. വൈജ്ഞാനിക പാരമ്പര്യത്തിന്റെ ഒടുങ്ങാത്ത ഉറവയാണ് സംസ്കൃതമെന്ന്  ഊറ്റം കൊള്ളുന്ന നയരേഖാ നിര്‍മ്മാതാക്കള്‍ ഇംഗ്ലീഷിന് ഇന്ത്യന്‍ ചരിത്രത്തിലും സമൂഹത്തിലുമുള്ള സ്ഥാനം വസ്തുനിഷ്ഠമായി തിരിച്ചറിയുന്നില്ല.

'മനുസ്മൃതി'യിലെ നിയമവ്യവസ്ഥകളനുസരിച്ച് നിലനിന്നുപോന്ന ശ്രേണീപരമായ ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥയുടെ അടിവേരിളക്കിയത് ബ്രിട്ടീഷ് മുതലാളിത്തവും ഇംഗ്ലീഷ് ഭാഷയുമാണ്. സംസ്കൃതം ഒരു കാലത്തും ജനകീയ ഭാഷയായിരുന്നില്ല. മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും നിഷേധിക്കപ്പെട്ട വരേണ്യ ഭാഷയായിരുന്നു അത്.

എന്നാല്‍, ഒരേസമയം കൊളോണിയല്‍ ഭരണത്തിന്റെയും ആധുനിക ശാസ്ത്രത്തിന്റെയും ജനാധിപത്യത്തിന്റെയും ഭാഷയായിരുന്നു ഇംഗ്ലീഷ്.

സംസ്കൃതം കല്പിച്ചിരുന്ന സാമൂഹിക വിലക്കുകള്‍ ഇംഗ്ലീഷ് പാലിച്ചില്ല. സമൂഹത്തില്‍ ആര്‍ക്കും ഇംഗ്ലീഷ് ഉപയോഗിക്കാമായിരുന്നു. ഇന്ത്യന്‍ മനസ്സിന്റെ മോചകഭാഷയായി ഇംഗ്ലീഷ് മാറി. ശാക്തീകരണത്തിന്റെ ദിവ്യായുധമായി പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ ഇംഗ്ലീഷിനെ കരുതി. 'അംഗ്രേസീ ദേവി'(The God-dess of English)ക്ക് യുപിയിലെ ബാങ്കാ (ആമിസമ) ഗ്രാമത്തിലെ ഒരു ദളിത് വിഭാഗം അമ്പലം പണിതതും കീര്‍ത്തനം രചിച്ചതും അര്‍ത്ഥവത്താണ്.

സാമൂഹ്യവിമോചനത്തില്‍ ഇന്ത്യയില്‍ ഇംഗ്ലീഷ് വഹിച്ച പങ്ക് സര്‍ഗാത്മകവും ജനാധിപത്യപരവുമായിരുന്നു. കൂടാതെ, ശാസ്- സാങ്കേതിക വിദ്യകളിലേക്കുള്ള ഇന്ത്യന്‍ ജനകീയപാതയും ഇംഗ്ലീഷാണ്. അതിനാല്‍, ഇംഗ്ലീഷ് പഠിക്കാന്‍ ഏവര്‍ക്കും അവസരം ലഭിക്കണം. ഓരോ ഇന്ത്യന്‍ പൗരന്റെയും ജനാധിപത്യപരമായ വിദ്യാഭ്യാസ അവകാശത്തിന്റെ ഭാഗമാണ് അനായാസം ആത്മവിശ്വാസത്തോടെ ഇംഗ്ലീഷില്‍ സംവദിക്കാനുള്ള കഴിവ്.

വിദ്യാഭ്യാസത്തിന്റെ ഏതു ഘട്ടത്തിലും അധ്യയന മാധ്യമം മാതൃഭാഷയാകണം. ഒപ്പം, ഇംഗ്ലീഷ് രണ്ടാം ഭാഷയായി എല്ലാ കുട്ടികള്‍ക്കും പഠിക്കാനവസരം ലഭിക്കുകയും വേണം. സമൂഹത്തില്‍ രണ്ടു തരം പൗരരെ സൃഷ്ടിക്കുന്ന വരേണ്യ അധ്യയന മാധ്യമമായി ഇംഗ്ലീഷിനെ പരിമിതപ്പെടുത്തരുത്.

അതിലളിതമായ സമീപനം

ഘടനാപരവും വ്യാവഹാരികവുമായ വൈവിധ്യങ്ങള്‍ മൂലം സങ്കീര്‍ണമായ ഇന്ത്യന്‍ സമൂഹത്തെ, സൂക്ഷ്മമായും സമഗ്രമായും  കണക്കിലെടുക്കാതെ, ഭാഷാപ്രശ്നത്തെ അതിലളിതമായാണ് നയരേഖാ നിര്‍മ്മാതാക്കള്‍ സമീപിക്കുന്നത്.

വാസ്തവത്തില്‍, ജൈവ വൈവിധ്യം പോലെ സംരക്ഷിക്കപ്പെടേണ്ടതാണ് ഭാഷാ വൈവിധ്യവും.

ജനിച്ചു ജീവിച്ചു പോരുന്ന സാമൂഹ്യസാഹചര്യങ്ങളാണല്ലോ വ്യക്തിയുടെ ഭാഷാശീലങ്ങളെ, ഭക്ഷണശീലം പോലെ, നിര്‍ണയിക്കുന്നത്. ആ ഭാഷാ ശീലത്തിനനുസരിച്ച് വിദ്യയഭ്യസിക്കാന്‍ ഓരോ വ്യക്തിക്കും ജനാധിപത്യപരമായ അവകാശമുണ്ട്. ജനാധിപത്യ മൂല്യങ്ങള്‍ ഉറപ്പാക്കാന്‍ ഭാഷാവൈവിധ്യ സംരക്ഷണം അനിവാര്യമാണ്. 780 ഭാഷകള്‍ ഇന്ത്യയിലുണ്ട്.

220 ഭാഷകള്‍ അന്യംനിന്നു പോയതായി കണക്കാക്കപ്പെട്ടിരിക്കുന്നു. നിലവിലുള്ളവയില്‍ 86 എണ്ണത്തിനേ ലിപികള്‍ ഉള്ളൂ. ഭരണഘടന അംഗീകരിച്ച് എട്ടാം പട്ടികയില്‍ ഉള്‍പെടുത്തിയ 22 ഭാഷകളുമുണ്ട്. ഭരണഘടനയില്‍ പട്ടികപ്പെടുത്താത്തവയും എന്നാല്‍ സംസ്ഥാന ഗവണ്മെന്റുകള്‍ അംഗീകരിച്ചിട്ടുള്ളവയുമായ ഔദ്യോഗികഭാഷകളും ഉണ്ട്.

ഉദാഹരണം, മേഘാലയയിലെ ഖാസിKhasi)) യുംഗാരോ(Garo)യും. ഒറീസയില്‍ 44 ഗോത്ര ഭാഷകള്‍ ഉണ്ട്. ത്രിപുരയിലെ സായ്മര്‍(Saimar) ഭാഷ സംസാരിക്കുന്നവരായി ആറുപേര്‍ മാത്രമേയുള്ളൂ.

ഈ വസ്തുനിഷ്ഠ ഭാഷാപശ്ചാത്തലത്തില്‍ വേണം എണ്ണത്തില്‍ കുറവുള്ള വ്യത്യസ്ത ഗോത്രവിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ഭാഷകളില്‍ അവര്‍ക്ക് അടിസ്ഥാനവിദ്യാഭ്യാസം നല്‍കുമെന്ന ദേശീയ വിദ്യാഭ്യാസ നയരേഖയിലെ പ്രസ്താവം പരിഗണിക്കേണ്ടത്.

ഈ വിഭാഗങ്ങളുടെ ഭാഷാപരമായ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിച്ചു കൊണ്ട് എങ്ങനെ ഇത് പ്രായോഗികമാക്കാം? സാമൂഹികമായിപ്പോലും അസ്തിത്വഭീഷണി നേരിടുന്നവരുടെ ഭാഷ, സംസ്കാരം, കല എന്നിവയെ പരിരക്ഷിച്ചു കൊണ്ട് അവര്‍ക്ക് ആധുനിക വിദ്യാഭ്യാസം നല്‍കുക തീര്‍ച്ചയായും ഒരു വെല്ലുവിളി തന്നെയാണ്.

ലിപികളില്ലാത്ത പ്രാദേശിക ഭാഷകള്‍ മാതൃഭാഷയായിട്ടുള്ളവര്‍ക്ക് എങ്ങനെ വിദ്യാഭ്യാസം നല്‍കും? വാചാ ഭാഷകള്‍ക്ക് ലിപികള്‍ കണ്ടെത്തി ആ ഭാഷകളെ  നിലനിര്‍ത്താനാകുമോ? പ്രായോഗികമായി പ്രയാസമുള്ളതും കാലതാമസമുണ്ടാകുന്നതുമാണ് ഈ പ്രവര്‍ത്തനം.

കൃത്യമായ പരിപ്രേക്ഷ്യ ബോധ്യത്തോടും സാമൂഹ്യ പ്രതിബദ്ധതയോടും കൂടി സമയബന്ധിതമായി നടത്തുന്ന  സംഘടിതപ്രവര്‍ത്തനം മാത്രമേ ഫലപ്രദമാകുകയുള്ളൂ. എന്നാല്‍, അങ്ങനെയൊരു പ്രവര്‍ത്തനത്തിന്റെ ദിശാസൂചകങ്ങളൊന്നും ദേശീയ വിദ്യാഭ്യാസനയത്തില്‍  അവതരിപ്പിക്കപ്പെടുന്നില്ല. എന്തുകൊണ്ട്?

രണ്ടുതരം പൗരരെ സൃഷ്ടിക്കും

പൊതു വിദ്യാഭ്യാസ രംഗത്തെ ദ്വിമാധ്യമസംവിധാനം സമൂഹത്തില്‍ രണ്ടുതരം പൗരരെ തുടര്‍ന്നും സൃഷ്ടിച്ചുകൊണ്ടിരിക്കും.

എട്ടാം തരം  വരെ മാതൃഭാഷയില്‍ പഠിച്ചവരുടെ തുടര്‍വിദ്യാഭ്യാസം ഏതു മാധ്യമത്തില്‍ നടക്കും? അവരുടെ വിദ്യാഭ്യാസം എങ്ങനെ മുന്നോട്ടു കൊണ്ടുപോകും? അവര്‍ ഉന്നത വിദ്യാഭ്യാസത്തിന് പോകേണ്ടേ? അഥവാ, അവര്‍ ഉന്നത വിദ്യാഭ്യാസത്തിനെത്തുകയാണെങ്കില്‍, ഇംഗ്ലീഷ് മാധ്യമമുയര്‍ത്തുന്ന സംവേദന പ്രതിസന്ധിയെ എങ്ങനെ മറികടക്കും? എട്ടാം തരത്തിനു ശേഷം ഹയര്‍ സെക്കന്‍ഡറി വരെയുള്ള കാലയളവിനുള്ളില്‍ രണ്ടാം ഭാഷയായി ഇംഗ്ലീഷ് പഠിച്ചാല്‍ മതിയായ ഇംഗ്ലീഷ് പരിജ്ഞാനം ഉന്നത വിദ്യാഭ്യാസത്തിനെത്തുമ്പോഴേക്കും അവര്‍ ആര്‍ജിച്ചിരിക്കുമെന്നാണോ കണക്കുകൂട്ടല്‍? അങ്ങനെയാണെന്നാണ് നയരേഖ വായിച്ചാല്‍ തോന്നുക.(4.12)

ബോധനശാസ്ത്രമനുസരിച്ച്  വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും  മാതൃഭാഷ അധ്യയനമാധ്യമം ആകുകയാണ് അഭിലഷണീയം. എന്നാല്‍, ഇന്ത്യയില്‍ കൊളോണിയല്‍ പ്രത്യയശാസ്ത്ര ആധിപത്യത്തിന്റെ ഫലമായി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇന്നും ഇംഗ്ലീഷിനാണ് ആധിപത്യം. മാനസികമായ അപകോളനിവത്കരണത്തിന് നാം വേണ്ടത്ര വിധേയരായിട്ടില്ല. ഇംഗ്ലീഷിനെ സാമൂഹികമായി ജനകീയവത്കരിച്ച് നിലനിര്‍ത്തണം.

അതേസമയം, അധ്യയന മാധ്യമമെന്ന നിലയില്‍ ഇംഗ്ലീഷിന്റെ വിദ്യാഭ്യാസ രംഗത്തെ സ്ഥാനം ലിക്വിഡേറ്റ് ചെയ്യപ്പെടണം. കാരണം, വരേണ്യവര്‍ഗ താല്പര്യ സംരക്ഷണത്തിനുള്ള ഉപകരണമാണത്. അധ്യയന മാധ്യമമെന്ന നിലയില്‍ ഇംഗ്ലീഷ് ചെയ്യുന്നത് ആധിപത്യ രാഷ്ട്രീയ ധര്‍മ്മമാണ്. വര്‍ഗമേധാവിത്വത്തെ പുന:സൃഷ്ടിക്കുകയും ശക്തിപ്പെടുത്തുകയുമാണ് ആ രാഷ്ട്രീയ ധര്‍മ്മം. ഈ പ്രശ്നത്തെ ഗൗരവപൂര്‍വം അഭിസംബോധന ചെയ്യാന്‍ നയരേഖ ശ്രമിക്കുന്നില്ല.

വാസ്തവത്തില്‍, ഇന്ത്യന്‍ വിദ്യാഭ്യാസനയങ്ങളുടെ പരാജയത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴും സംഭവിക്കുന്നത്. എന്നാല്‍, ഈ അക്കാദമിക ദുരന്തത്തിന്റെ ഗാഢത മന ിലാക്കി അതിന്റെ തുടര്‍ച്ച ഒഴിവാക്കാനുള്ള നയപരിപാടികളൊന്നും ദേശീയനയം ചര്‍ച്ച ചെയ്യുന്നില്ല.

ഇംഗ്ലീഷിനോടുള്ള സമീപനം എന്താകണം

ആഗോള ലോകസാഹചര്യത്തില്‍ ഇംഗ്ലീഷ് ഭാഷയോട് ഇന്ത്യക്കാര്‍ എന്തു സമീപനമാണ് സ്വീകരിക്കേണ്ടത്? ചരിത്രപരമായ കാരണങ്ങളാല്‍ ഇംഗ്ലീഷ് ഇന്ന് ഒരു ഇന്ത്യന്‍ ഭാഷയാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധഭാഷകളില്‍ ഒന്നുമാണത്. ആഗോളതലത്തില്‍ ഇംഗ്ലീഷിന് വളരെ വലിയ പ്രാധാന്യമുണ്ട്.

കൂടാതെ, ശാസ്ത്ര - സാങ്കേതികവിദ്യകളിലേക്കും വ്യവസായ മേഖലകളിലേക്കും ഇന്ത്യക്കാര്‍ക്കുള്ള ഏറ്റവും സുഗമ മാര്‍ഗം കൂടിയാണ് ഇംഗ്ലീഷ്. ഈ സാഹചര്യത്തില്‍ ഇംഗ്ലീഷ് ഭാഷയെ കേവലം ബന്ധഭാഷയായോ ഉന്നത വിദ്യാഭ്യാസ രംഗത്തെ അധ്യയനമാധ്യമം മാത്രമായോ പരിമിതപ്പെടുത്തുന്നത് ശരിയല്ല.

ഓരോ ഇന്ത്യക്കാരനും ഇംഗ്ലീഷ് പഠിക്കാനും പറയാനും ആത്മവിശ്വാസത്തോടെ സംവേദന രംഗങ്ങളില്‍ ഉപയോഗിക്കാനും കഴിയണം. അത് സാധിക്കണമെങ്കില്‍ ഇംഗ്ലീഷ് പഠനം താണ  ക്ലാസില്‍ നിന്ന് തന്നെ തുടങ്ങണം. ചെറുപ്രായത്തില്‍ തന്നെ വ്യത്യസ്ത ഭാഷകള്‍ പഠിച്ചു തുടങ്ങിയാല്‍ സന്ദര്‍ഭത്തിനനുസരിച്ച് അനായാസം അവ  പ്രയോഗിക്കാന്‍ കുട്ടികള്‍ക്ക് സാധിക്കുമെന്നത് ഭാഷാ ബോധനശാസ്ത്രത്തിന്റെ ലളിതപാഠമാണ്.

ഇംഗ്ലീഷ് പഠനം ഓരോ ഇന്ത്യക്കാരന്റെയും ജനാധിപത്യപരമായ വിദ്യാഭ്യാസ അവകാശത്തിന്റെ ഭാഗമാകണം. മാതൃഭാഷയ്ക്കു പകരം വെക്കാനല്ല, മാതൃഭാഷയോടൊപ്പം ആശയസംവേദനത്തിനും വിജ്ഞാന സമ്പാദനത്തിനും സഹായകമാകുന്നതിനാണ് ഇംഗ്ലീഷ്. എന്നാല്‍, ഇക്കാര്യത്തെക്കുറിച്ച് ദേശീയ വിദ്യാഭ്യാസ നയരേഖയും അതിന്റെ വ്യാഖ്യാതാക്കളും നിശ്ശബ്ദരാണ്.

ആഗോളഭാഷയായ ഇംഗ്ലീഷിനെ ഒഴിവാക്കുന്നത് പ്രായോഗികമാണോയെന്ന ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലേഖകനായ അമന്‍ദീപ് ശുക്ലയുടെ ചോദ്യത്തിന് കേന്ദ്ര മാനവ വിഭവവികസന മന്ത്രി

രമേശ് പൊക്രിയാല്‍

രമേശ് പൊക്രിയാല്‍

ഡോക്ടര്‍ രമേശ് പൊക്രിയാല്‍  അവ്യക്തമായ ഉത്തരമാണ് നല്‍കിയത് എന്നത് ഈയവസരത്തില്‍ അര്‍ത്ഥഗര്‍ഭമാണ്. ബഹുഭാഷാ പഠന സാധ്യതയെ സംബന്ധിച്ചും ത്രിഭാഷാ പദ്ധതിയെക്കുറിച്ചും പറഞ്ഞ് ഉരുണ്ടു കളിക്കുകയാണ് അദ്ദേഹം ചെയ്തത്.

വളരെ പ്രസക്തമായ ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാത്ത ദേശീയ വിദ്യാഭ്യാസ നയരേഖ ലോകത്തിലെ മറ്റനേകം ഭാഷകള്‍ പഠിക്കാന്‍  ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഉണ്ടാകണമെന്ന് പറയുന്നുണ്ട്.

അതിനാല്‍, ഭാഷാപഠനം സംബന്ധിച്ച നയരേഖയുടെ സമീപനം യാഥാര്‍ത്ഥ്യപൂര്‍ണമോ പ്രായോഗികമോ അല്ല. ഭാഷാപരമായ ആദര്‍ശപരതയില്‍ സ്വയം ഭ്രമിക്കുകയാണ് നയരേഖാ കര്‍ത്താക്കള്‍ ചെയ്യുന്നത്.
ഇത് വ്യക്തമാക്കുന്നത് സംസ്കൃതഭാഷയ്ക്ക് ദേശീയ വിദ്യാഭ്യാസനയം നല്‍കുന്ന പ്രാധാന്യം ചര്‍ച്ച ചെയ്യുമ്പോഴാണ്.

എന്തുകൊണ്ട് സംസ്കൃതത്തിന് ഇത്രയധികം പ്രാധാന്യം നല്‍കണം? ആദര്‍ശവത്കരിക്കപ്പെട്ട ചരിത്ര പാരമ്പര്യത്തെ സംസ്കൃതഭാഷയുടെ മഹത്വവുമായി ബന്ധപ്പെടുത്തി ആശയവാദ ദാര്‍ശനിക സമീപനത്തിന്റെ സമര്‍ത്ഥനത്തിനാണ് നയരേഖ ശ്രമിക്കുന്നത്.

സംസ്കൃതത്തെ ഹിന്ദുത്വവുമായി സമീകരിക്കുകയും സംസ്കൃതത്തിലുളള ഹൈന്ദവപുരാണ കഥാപാത്രങ്ങളെ ആസ്പദമാക്കി ഇന്ത്യയുടെ ചരിത്രം പുനര്‍ രചിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പശ്ചാത്തലത്തില്‍ സംസ്കൃത ഭാഷയ്ക്ക് നല്‍കുന്ന ഈ അമിത പ്രാധാന്യം ഉല്‍ക്കണ്ഠ ഉയര്‍ത്തുന്നതാണ്.

ശൂദ്രനും സ്ത്രീക്കും സംസ്കൃതം അപ്രാപ്യമായിരുന്നുവെന്ന സാമൂഹ്യ യാഥാര്‍ത്ഥ്യത്തെ സൗകര്യപൂര്‍വം വിസ്മരിക്കുകയാണ് നയരേഖ ചെയ്യുന്നത്. സംസ്കൃതത്തിന്റെ ശക്തി സര്‍വാശ്ലേഷിയാണെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തമിഴിനേയും തെലുങ്കിനേയും കന്നഡയേയും മലയാളത്തേയും ഒഡിയയേയും മറ്റും കൂട്ടത്തില്‍ കൂട്ടുന്നുവെന്ന് മാത്രം.(4.14)

സംസ്കൃത്തിന് അമിതപ്രാധാന്യം നല്‍കുമ്പോള്‍

ഇന്ത്യന്‍ സാമൂഹിക ചരിത്രത്തിലെ ഏറ്റവും ലജ്ജാവഹമായ വസ്തുതയാണ് ശൂദ്രന് സംസ്കൃതം അപ്രാപ്യമായിരുന്നുവെന്നത്. അങ്ങനെയുള്ള സംസ്കൃതത്തെ വിദ്യാഭ്യാസത്തിലെ സര്‍വാന്തര്യാമിയായി പരിഗണിക്കുകയാണ് ഇപ്പോള്‍ ദേശീയ വിദ്യാഭ്യാസനയം. ജാതി പീഡനത്തിന്റെയും അവഗണനയുടെയും ഇരകളായിരുന്നവരുടെ പിന്മുറക്കാര്‍ക്ക് ഇത് തീര്‍ച്ചയായും പഥ്യമാകില്ല.

കാരണം, സ്വാതന്ത്ര്യ സമരകാലത്ത് സംസ്കൃതമല്ല, ഇംഗ്ലീഷ് ഭാഷയായിരുന്നു, അവരുടെ ബൗദ്ധിക സ്വാതന്ത്ര്യത്തിന്റെയും  ശാക്തീകരണത്തിന്റെയും ഉപകരണം.

സാക്ഷരതയും വിദ്യാഭ്യാസവും പുതുതായി നേടുന്നവര്‍ക്ക് ഇംഗ്ലീഷിനെ അന്യമാക്കുകയും സംസ്കൃതത്തിന്റെ പ്രാപ്യത വര്‍ദ്ധിപ്പിക്കുകയുമാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം, ഫലത്തില്‍, ചെയ്യുന്നത്.

ഇംഗ്ലീഷിനെ അന്യമാക്കുന്ന അതേ ആവേശത്തോടെ സംസ്കൃതത്തെ സാര്‍വജനീനമാക്കാനും നയരേഖ ശ്രമം നടത്തുന്നു. ഇന്ത്യയുടെ പാണ്ഡിത്യത്തിന്റെയും പാരമ്പര്യത്തിന്റെയും സ്രോതസ്സായി കണക്കാക്കുന്ന സംസ്കൃതത്തിന് നല്‍കുന്ന പ്രാധാന്യം ഇന്ദ്രപ്രസ്ഥം കേന്ദ്രീകരിച്ച് ഹിന്ദുത്വ ബുദ്ധിജീവികള്‍ നടത്തിയ അക്കാദമിക ഗൂഢാലോചനയുടെ ഫലമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഒരു ഇന്ത്യാക്കാരനായിരിക്കുന്നതില്‍  ചിന്തയില്‍ മാത്രമല്ല, ചേതനയിലും ബുദ്ധിയിലും കര്‍മ്മത്തിലും  ഗാഢമായ അഭിമാനം ഓരോ വിദ്യാര്‍ത്ഥിക്കുമുണ്ടാകണമെന്ന് നയരേഖ ഉന്നം വെയ്ക്കുന്നു.

അതിനനുസരിച്ച് വിദ്യാഭ്യാസത്തിന്റെ സര്‍വതലങ്ങളിലും സ്കൂള്‍തലത്തിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും സംസ്കൃത ഭാഷയ്ക്ക് പരമമായ പ്രാധാന്യം നല്‍കുന്നു. ത്രിഭാഷാ പരിപാടിയിലും ഐശ്ചിക വിഷയമായി ഉള്‍പ്പെടുത്തി സംസ്കൃതത്തിന്റെ പ്രാധാന്യം സമര്‍ത്ഥിക്കുന്നുണ്ട്. (4.16). പുരാതന ഇന്ത്യന്‍ ദര്‍ശനത്തിന് ദേശീയ വിദ്യാഭ്യാസ നയം നല്‍കുന്ന പ്രാധാന്യം രേഖയില്‍ വ്യക്തമാണ്. (6.13).

വാസ്തവത്തില്‍, ദേശീയ വിദ്യാഭ്യാസ നയരേഖയില്‍ സംസ്കൃതത്തിന് പ്രാധാന്യം കല്‍പ്പിക്കുന്നതിനു മുമ്പ് തന്നെ കേന്ദ്ര ഗവണ്‍മെന്റ് സംസ്കൃത ഭാഷയ്ക്ക് നിര്‍ബന്ധിത പ്രാധാന്യം നല്‍കിയിരുന്നു.

സംസ്കൃത സര്‍വകലാശാലകളെ ബഹുവിഷയക സ്ഥാപനങ്ങളാക്കി സംസ്കൃതത്തിന്റെ വൃതിവ്യാപനത്തിന് കേന്ദ്രഗവണ്മെന്റ് നേരത്തേതന്നെ അവസരങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് രാഷ്ട്രീയ സംസ്കൃത സംസ്ഥാന്‍ എന്ന സ്ഥാപനത്തിന് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 643.84 കോടി രൂപ ചെലവാക്കിയത്.

ഇന്ത്യയിലെ ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച തമിഴിനും തെലുങ്കിനും കന്നഡയ്ക്കും മലയാളത്തിനും

ഒഡിയയ്ക്കും കൂടി ഇതേ കാലയളവില്‍ വെറും 29 കോടി രൂപ മാത്രമേ ലഭിച്ചിട്ടുള്ളൂ.

ഇതിന്റെ 22 ഇരട്ടി സംസ്കൃത ഭാഷയ്ക്ക് നല്‍കിയെന്നറിയുമ്പോഴാണ് നയരേഖയിലെ സംസ്കൃത പ്രേമത്തില്‍ എന്തൊക്കെയോ ദുഷിച്ചു നാറുന്നതായി ബോധ്യപ്പെടുന്നത്.

അഹങ്കാരോന്മാദ (megalomania) ത്തോളമെത്തുന്ന ദേശാഭിമാനമാണ് ഭാഷാനയ നിര്‍മ്മാതാക്കളെ പ്രചോദിപ്പിക്കുന്നതെന്ന് സംശയിക്കാവുന്നതാണ്. ജനാധിപത്യം ആഗോളമായിരിക്കുന്ന വര്‍ത്തമാനകാലത്ത് ഏതെങ്കിലും ഒരു ജനവിഭാഗത്തിന് ഇതര വിഭാഗങ്ങളുടെ മേല്‍ ആചാര്യപദവി സ്ഥാപിച്ചെടുക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. മറ്റേതൊരു രാജ്യത്തിനും എന്നപോലെ ഇന്ത്യക്കും ആഗോള അധികാരകേന്ദ്രമാകണമെന്ന് ന്യായമായും ആഗ്രഹിക്കാവുന്നതാണ്.

എന്നാല്‍, ഭൂതകാല വിശ്വഗുരു പദവിയിലേക്ക് ഉയരണമതെന്നതില്‍, തീര്‍ച്ചയായും, ഹിന്ദുത്വ പുനരുജ്ജീവനോത്സുകതയാണ് പ്രകടമാകുന്നത്.(12.8)
എന്നാല്‍, ആധുനിക ജനാധിപത്യ ലോകത്ത് ചാതുര്‍വര്‍ണ്യ സാമൂഹ്യഘടനയുടെ പുനര്‍നിര്‍മിതി അസാധ്യമാണ്.

സവര്‍ണാധിപത്യത്തിന്റെ ഭാഷാപ്രയോഗരൂപമായ സംസ്കൃതവും അതേ രീതിയില്‍  പ്രയോഗിക്കാനാവില്ല. കാരണം, മനുസ്മൃതിയല്ല, ഭരണഘടനയാണ് ഇന്ന് ഇന്ത്യന്‍ സമൂഹത്തിന്റെ നിയാമകശക്തി.

സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും മതനിരപേക്ഷതയും സഹിഷ്ണുതയും ശാസ്ത്രബോധവുമാണ് ഭരണഘടനയിലൂടെ ഇന്ത്യന്‍ സമൂഹത്തിലേക്ക് നിരന്തരം സന്നിവേശിക്കപ്പെടുന്നത്. വിദ്യാഭ്യാസനയത്തില്‍ സംസ്കൃതത്തിന് പ്രാധാന്യം നല്‍കിയതുകൊണ്ടുമാത്രം പഴയ ഫ്യൂഡല്‍ സാമൂഹ്യ ഘടനയിലേക്ക് തിരിച്ചു പോകാനാവില്ലെന്ന് ഹിന്ദുത്വ പുനരുത്ഥാനവാദികള്‍ക്കറിയാം.

അതുകൊണ്ട്, മനുസ്മൃതിയിലെ 'ശൂദ്രമക്ഷരസംയുക്തം ദൂരയേത് പരിവര്‍ജ്യ യേത്' എന്ന ശാസനയെ അവര്‍ അവഗണിക്കും. സംസ്കൃതം കേള്‍ക്കുന്ന ശൂദ്രന്റെ കാതില്‍ ഈയമുരുക്കിയൊഴിക്കണമെന്നും  അവര്‍ ശഠിക്കില്ല.

പകരം, മൂന്നാം ഐച്ഛിക ഭാഷയായി സംസ്കൃതം എല്ലാ സ്കൂളുകളിലും കോളേജുകളിലും വ്യാപിപ്പിക്കും. കോടിക്കണക്കിന് രൂപ സ്കോളര്‍ഷിപ്പിനും മറ്റുമായി ചെലവാക്കും. സാമൂഹ്യ വ്യവഹാര തലത്തില്‍ വര്‍ണ വ്യത്യാസവും ജാതിഭേദവും ആചരിക്കാന്‍ ഭരണഘടനപ്രകാരം സാധ്യമല്ലാത്ത സാഹചര്യത്തില്‍ എന്തിനാണിങ്ങനെ സംസ്കൃതം പഠിപ്പിക്കുന്നത്? ആശയവാദ ദാര്‍ശനിക പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗമാണ്  സംസ്കൃതഭാഷാ വ്യാപനത്തിലൂടെ ലക്ഷ്യമിടുന്നത്.

വര്‍ണ ജാതി ദേദമില്ലാതെ  പൊതു ഇടങ്ങളില്‍ പെരുമാറുന്നവര്‍പോലും അദൃശ്യമായ ചങ്ങലകളാല്‍ മാനസികമായി  ബന്ധിതരായിരിക്കും.

ജാതിയോ വര്‍ണമോ അവര്‍ ചോദിക്കുകയോ പറയുകയോ ചെയ്യില്ല. എന്നാല്‍ അവയൊന്നും മറക്കാതെയാകും അവരുടെ സാമൂഹ്യവ്യവഹാരങ്ങള്‍. ഫലം, സാംസ്കാരികമായ  അനൈക്യം സാധാരണ സാമൂഹ്യക്രമമാകും. സാമ്പത്തിക ചൂഷണത്തിനെതിരെ യോജിച്ച പോരാട്ടം സംഘടിപ്പിക്കല്‍ പ്രയാസകരമാകും.

  വര്‍ഗാടിസ്ഥാനത്തിലുള്ള സംഘടിതപോരാട്ടം അസാധ്യമാകും. ഈയവസ്ഥയില്‍ ആഗോളവത്കരണത്തിന്റെ പ്രയോക്താക്കള്‍ വിദ്യാഭ്യാസ നയത്തിന്റെ ഗുണഭോക്താക്കളാകും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പരമമായ ലക്ഷ്യവും അതാണല്ലോ.

(ചിന്ത വാരികയിൽ നിന്ന്) 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top