25 March Saturday

ഡിജിറ്റല്‍ സർവകലാശാല: പുതിയ സാധ്യതകൾ തുറക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jan 16, 2020

തിരുവനന്തപുരം > ഡിജിറ്റൽ സാങ്കേതികവിദ്യാ രംഗത്ത് കുതിച്ചുചാട്ടത്തിന് ഒരുങ്ങുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ്‌ -കേരള (ഐഐഐടിഎം-കെ)ക്ക് ഇരട്ടി മധുരമായ് ഇനി സർവകലാശാല പദവിയും. ടെക്നോസിറ്റിയിലെ വിശാലമായ ക്യാന്പസിലേക്ക് മാറാൻ ഒരുങ്ങവേയാണ് സ്ഥാപനം ഡിജിറ്റൽ സാങ്കേതികവിദ്യാ സർവകലാശാലയായി ഉയരുന്നത്. ബ്ലോക് ചെയിൻ, സൈബർ സെക്യൂരിറ്റി, ഡാറ്റാ അനലിറ്റിക്സ്, മെഷീൻ ഇന്റലിജൻസ്, ജിയോ സ്പേഷ്യൽ അനലിറ്റിക്സ്, ഇക്കോളജിക്കൽ ഇൻഫർമാറ്റിക്സ് തുടങ്ങി വിപ്ലവാത്മകമായ വിവരസാങ്കേതിക വിദ്യകളെക്കുറിച്ച് കേരളം കേട്ടു തുടങ്ങിയപ്പോൾത്തന്നെ അവയിൽ പഠനത്തിനും ഗവേഷണത്തിനും തുടക്കമിട്ട സ്ഥാപനമാണ് ഇത്. ടെക്നോപാർക്കിലാണ് നിലവിൽ സ്ഥാപനം പ്രവർത്തിക്കുന്നത്.

മാനേജ്മെന്റ്‌ വൈഭവത്തിൽ മുന്നിൽ
വിവരസാങ്കേതികവിദ്യയിൽ പഠനവും ഗവേഷണവും മാത്രമല്ല മാനേജ്മെന്റ്‌ വൈഭവവും ഐഐഐടിഎം-കെക്ക്‌ സ്വന്തമായുണ്ട്. ഇവിടത്തെ വിദ്യാർഥികളായ പൂർവ വിദ്യാർഥികൾ ഐടി മേഖലയിലെ മികച്ച സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പിനു മാത്രമല്ല, സ്വയം തൊഴിൽ കണ്ടെത്താനുള്ള ഇൻകുബേഷൻ സൗകര്യവും ഇവിടെ ലഭ്യമാണ്. ഗവേഷണപരിപാടികളിലും അധ്യയനത്തിലെ വിനിമയ പരിപാടികളിലും ബഹുരാഷ്ട്ര കമ്പനികളായ ഐബിഎം, ടിസിഎസ്, ഒറാക്കിൾ, ജിഇ തുടങ്ങിയവയുമായി ഐഐഐടിഎം-കെ സഹകരിക്കുന്നുണ്ട്.

ഇനി സ്വന്തമായി കോഴ്‌സുകൾ നടത്താം
കേരളത്തിലെ ഏക ഹാർഡ്‌വെയർ ഇൻകുബേറ്ററായ കൊച്ചി മേക്കർ വില്ലേജ് ഈ സ്ഥാപനത്തിനു കീഴിലാണ് പ്രവർത്തിക്കുന്നത്. സർവകലാശാലാ പദവി മേക്കർ വില്ലേജിനും നേട്ടമാകും. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ അംഗീകാരത്തോടെയാണ് ഇപ്പോൾ കോഴ്സുകൾ നടത്തുന്നത്. പുതിയ സർവകലാശാലയാകുന്നതോടെ സ്വന്തമായി കോഴ്സുകൾ നടത്തി ബിരുദങ്ങൾ നൽകാനാകും. കേരളത്തിൽ ഐടി മേഖലയിൽ ഉന്നതപഠനത്തിന് ആഗ്രഹിക്കുന്നവർക്ക് ഇത് സുവർണാവസരമാണ്.

അന്താരാഷ്ട്ര നിലവാരമുള്ള ക്യാമ്പസ്‌
അന്താരാഷ്ട്ര നിലവാരമുള്ള ക്യാമ്പസിന്റെ നിർമാണമാണ്‌ ടെക്നോസിറ്റിയിൽ പൂർത്തിയാകുന്നത്. യുജിസി, എഐസിടിഇ എന്നിവയുടെ വ്യവസ്ഥകൾ പാലിച്ചുള്ള ഹരിത ക്യാമ്പസാണിത്. വിദ്യാർഥികൾക്കുള്ള ഹോസ്റ്റൽ സൗകര്യം, ഓപ്പൺ എയർ വേദികൾ, പരീക്ഷാ നിരീക്ഷണങ്ങൾക്കുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള സംവിധാനങ്ങൾ എന്നിവയെല്ലാം പുതിയ ക്യാമ്പസിൽ ഉണ്ടാകും.

ദേശീയ തലത്തിൽ മാത്രമല്ല, അന്തർദേശീയതലത്തിൽ വരെ ശ്രദ്ധേയമായ നിരവധി നേട്ടവും  അംഗീകാരങ്ങളും പുരസ്കാരങ്ങളുമാണ് ഇതിനകം ഐഐഐടിഎം-കെ സ്വന്തമാക്കിയിട്ടുള്ളത്.  അവയിൽ ചിലത്‌:

■ കാപ്പി കർഷകർക്ക് മണ്ണിന്റെ ഗുണമേന്മയും പോഷകമൂല്യവും സംബന്ധിച്ച വിവരശേഖരണത്തിനും നിർവഹണത്തിനുമായുള്ള സംവിധാനമായി ക്ഷേമമായ (കാപ്പി സോയിൽ ഹെൽത്ത് മാനേജ്മെന്റ്‌ ആൻഡ് മോണിറ്ററിങ്‌) എന്ന വെബ് അധിഷ്ഠിത ആപ്ലിക്കേഷൻ.
■ അത്യന്താധുനിക സാങ്കേതികവിദ്യയിലൂടെ ജലശുദ്ധി പരിശോധിച്ച് തത്സമയ ഫലംതരുന്ന നിർവഹണ സംവിധാനമായ ‘സ്വച്ഛ്പാനി'.
 വിവരസാങ്കേതികരംഗത്ത് സംസ്ഥാനത്ത് സ്ഥാപിക്കുന്ന നോളജ് ഹബിന്റെ  ഗതിനിർണയസ്ഥാനം. ഇതിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്‌, ഡീപ് ലേണിങ്‌, ബിഗ് ഡാറ്റ തുടങ്ങിയവ ഉൾക്കൊള്ളുന്ന കോഗ്നിറ്റിവ് അനാലിസിസ്, സൈബർ യുഗത്തിൽ നിർണായകമായ വിവരസുരക്ഷ ഒരുക്കുന്ന സൈബർ സെക്യൂരിറ്റി, വിവരകൈമാറ്റരംഗത്ത് വികേന്ദ്രീകരണത്തിന്റെ നൂതന മാതൃകയായ ബ്ലോക് ചെയിൻ എന്നിവയിൽ നേതൃത്വം.
■ സ്വന്തം മണ്ണിൽ എന്ത് വിളയുമെന്ന് അറിയുന്നതിലും  എങ്ങനെ വളം ചേർക്കണമെന്നു തീരുമാനിക്കുന്നതിലും കർഷകരെ സഹായിക്കാൻ ‘മണ്ണ്'എന്നപേരിൽ മൊബൈൽ ആപ്ലിക്കേഷൻ.
■ കേരളത്തിലെ ആദിവാസികൾക്ക് പരമ്പരാഗതമായി കൈമാറിക്കിട്ടിയതാണെന്ന് അഭിമാനിക്കപ്പെട്ടിരുന്ന അമൂല്യമായ പല അറിവും വീണ്ടെടുക്കാനുള്ള പഠനം. ഇത് പാർലമെന്റിൽ വരെ പരാമർശിക്കപ്പെട്ടു.
■ ഇന്ത്യയിലെ ആദ്യ ബ്ലോക് ചെയിൻ അക്കാദമി. ഡൽഹി ഐഐടിയിൽ നടത്തിയ ഓപ്പൺ ഇന്നവേഷൻ ബ്ലോക് ചെയിൻ ഹാക്കത്തണിൽ ബ്ലോക് ചെയിൻ അക്കാദമിക് മികവിനുള്ള പുരസ്കാരം. ബ്ലോക് ചെയിൻ അക്കാദമി (കെബിഎ)ക്ക് ലിനക്സ് ഫൗണ്ടേഷന്റ ഹൈപ്പർലജർ പദ്ധതിയിൽ അംഗത്വം. ലിനക്സ് ഹൈപ്പർലജർ പദ്ധതിയിൽ അംഗത്വം ലഭിക്കുന്ന ആദ്യ ഇന്ത്യൻ സ്ഥാപനം.
■ പ്രളയത്തിൽ നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ ഒരേ കേന്ദ്രത്തിൽനിന്ന് ഡിജിറ്റൽ ലോക്കറിലൂടെ ലഭ്യമാക്കാൻ കേരളത്തിലുടനീളം അദാലത്ത് നടത്തി നേടിയ പ്രശംസ.
■ നൂതനാശയങ്ങൾ രേഖപ്പെടുത്താനായി രൂപംനൽകിയ വെർച്വൽ ഇന്നവേഷൻ രജിസ്റ്ററിന്  (വിഐആർ) ഗോവ സർക്കാരിന്റെ സ്റ്റേറ്റ് ഇന്നവേഷൻ കൗൺസിൽ അംഗീകാരം.
■  കാർഷിക പ്രശ്നങ്ങളിൽ കർഷകർക്ക് നേരിട്ട് നിർദേശങ്ങൾ നൽകുന്നതിന് ക്ലൗഡ് കമ്പ്യൂട്ടിങ് സംവിധാനം.
■ ബ്ലോക് ചെയിൻ സാങ്കേതികവിദ്യയിലെ  ഹൈപ്പർലെഡ്ജർ ഫ്രെയിം വർക്കുകളിലും ടൂളുകളിലും പരിശീലനം നൽകുന്നതിന് അമേരിക്ക ആസ്ഥാനമായ ലിനക്സ് ഫൗണ്ടേഷൻ അംഗീകാരം.
■ കേരള ബ്ലോക് ചെയിൻ അക്കാദമിയുടെ കീഴിലുള്ള ബ്ലോക് ചെയിൻ ഇന്നൊവേഷൻ ക്ലബുകൾക്ക്  സൈപ്രസിലെ നിക്കോഷ്യ സർവകലാശാല, സൈപ്രസിലെ തന്നെ ബ്ലോക് ചെയിൻ സ്റ്റാർട്ടപ്പായ ബ്ലോക്.കോ എന്നിവയുമായി സഹകരിച്ച് കെബിഎഐസി-ഡി സെൻട്രലൈസ്ഡ് ഇന്ത്യ ചാപ്റ്റർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top