01 December Thursday

സിവില്‍ സര്‍വീസ് കൈയെത്തും ദൂരത്ത്

ഡോ. നീതു സോനUpdated: Thursday Nov 3, 2016

രാജ്യത്തെ ‘ഭരണസംവിധാനത്തിന്റെ ‘ഭാഗമാകാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് സിവില്‍സര്‍വീസ് തെരഞ്ഞെടുക്കാം. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്, ഇന്ത്യന്‍ പൊലീസ്സര്‍വീസ്, ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്, ഇന്ത്യന്‍ റവന്യൂസര്‍വീസ്അടക്കം 23 സര്‍വീസുകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളെ കണ്ടുപിടിക്കുന്നതിന് യൂണിയന്‍ പബ്ളിക് സര്‍വീസ് കമീഷനാണ് സിവില്‍സര്‍വീസ് പരീക്ഷ വര്‍ഷംതോറും നടത്തുന്നത്. പൊതുഭരണം, നിയമപരിപാലനം, റെയില്‍വേ, സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമങ്ങള്‍, കസ്റ്റംസ്, എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരമാണ് സിവില്‍സര്‍വീസ് ഒരുക്കുന്നത്.

ഏതൊരു ഉദ്യോഗാര്‍ഥിയും ആദ്യംഅറിഞ്ഞിരിക്കേണ്ടത് ഓരോവര്‍ഷവുംഏകദേശം മൂന്നു, നാലു ലക്ഷം പേര്‍ ഈ പരീക്ഷയ്ക്കായി അപേക്ഷിക്കുന്നു എന്നതാണ്. ഇവരില്‍ ഏകദേശം 1000 പേര്‍ മാത്രമേ സര്‍വീസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നുള്ളൂ. മുമ്പ് പ്രൊഫഷണല്‍ ബിരുദധാരികള്‍ ഈ രംഗത്തേക്ക് കടന്നുവരാന്‍ വൈമുഖ്യം കാണിച്ചിരുന്നുവെങ്കില്‍ ഇന്ന് വിജയികളില്‍വലിയൊരു പങ്കും ഇവരാണ്. ഉദ്യോഗാര്‍ഥികള്‍ നേരിടേണ്ടിവരുന്ന കടുത്ത മത്സരത്തെയാണ് ഇതു സൂചിപ്പിക്കുന്നത്. അതേസമയം ആത്മസമര്‍പ്പണവും ചിട്ടയായ പഠനവുമുണ്ടെങ്കില്‍ ശാരീരികവൈകല്യങ്ങള്‍പോലും മറികടന്ന് ഏതൊരു ഉദ്യോഗാര്‍ഥിക്കും ഈ ലക്ഷ്യം കൈവരിക്കാനാകും.

അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ഏതെങ്കിലും ഒരു വിഷയത്തില്‍ ബിരുദമുള്ള 21 വയസ്സ് തികഞ്ഞ ഉദ്യോഗാര്‍ഥികള്‍ക്ക് ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. ഉയര്‍ന്ന പ്രായപരിധി 32 വയസ്സ്. 

പ്രിലിമിനറി, മെയിന്‍ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തുന്നത്. ആദ്യ കടമ്പയായ പ്രിലിമിനറി പരീക്ഷ അഥവാ സിവില്‍സര്‍വീസ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് –സിസാറ്റ്  (CSAT)  ഈ മേഖലയില്‍ പ്രവര്‍ത്തിക്കാനുള്ള ഒരു ഉദ്യോഗാര്‍ഥിയുടെ അഭിരുചി പരീക്ഷിക്കുന്നു. രണ്ടുമണിക്കൂര്‍ വീതമുള്ള ഒബ്ജക്ടീവ് പേപ്പറുകളാണിതിലുള്ളത്. പ്രിലിമിനറിപരീക്ഷയെ ഒരു സ്ക്രീനിങ്ങ്ടെസ്റ്റായികാണാം. ഇതില്‍ ലഭിക്കുന്ന  മാര്‍ക്ക് അടുത്തഘട്ടങ്ങളില്‍ പരിഗണിക്കുകയില്ല. ചരിത്രം, സയന്‍സ്, ഭൂമിശാസ്ത്രം, പൊളിറ്റിക്സ്, പൊതുവിജ്ഞാനം തുടങ്ങി ഒട്ടുമിക്ക മേഖലകളില്‍നിന്നുമുള്ള ചോദ്യങ്ങള്‍ ഒന്നാംപേപ്പറില്‍ പ്രതീക്ഷിക്കാം. സ്കൂള്‍ പഠനകാലംതൊട്ടേ പത്രവായനയും ആനുകാലിക പ്രസിദ്ധീകരണങ്ങളും മറ്റും ശീലമാക്കിയവര്‍ക്ക് ഈ ചോദ്യങ്ങള്‍ ആത്മവിശ്വാസത്തോടെ നേരിടാം. എന്‍സിഇആര്‍ടി  പാഠപുസ്തകങ്ങളും ടാറ്റ മക്ഗ്രോ ഹില്‍ഗൈഡുകളും സഹായകമാകും. സിസാറ്റ് രണ്ടാമത്തെ പേപ്പര്‍ ഉദ്യോഗാര്‍ഥിയുടെ സമഗ്രശേഷി, മാനസികക്ഷമത, തീരുമാനങ്ങളെടുക്കാനുള്ളകഴിവ് എന്നിവ അളക്കുന്നു. ഉദ്യോഗാര്‍ഥിയുടെ അന്തര്‍ലീനമായ കഴിവുകളാണ് ഇവിടെ പരിശോധിക്കപ്പെടുന്നത് എന്നതിനാല്‍ ഇതിന് പ്രത്യേക പഠനം നടത്തേണ്ട  കാര്യമില്ല. എങ്കിലും മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ക്ക ്ഉത്തരംകണ്ടെത്തി പരിശീലിക്കുന്നത് നല്ലതാണ്.

പ്രിലിമിനറി പരീക്ഷ വിജയിക്കുന്നവര്‍ നേരിടുന്ന അടുത്ത വെല്ലുവിളിയാണ് മെയിന്‍ പരീക്ഷ. രണ്ട് ഘട്ടങ്ങളായാണ് മെയിന്‍ പരീക്ഷ നടത്തുന്നത്–എഴുത്ത് പരീക്ഷയും അഭിമുഖവും. ഇവിടെ ലഭിക്കുന്ന മാര്‍ക്ക്ഒരു ഉദ്യോഗാര്‍ഥിക്ക് ലഭിക്കാന്‍ പോകുന്ന റാങ്കിലും പിന്നീട് സര്‍വീസിലും നിര്‍ണായക പങ്ക് വഹിക്കുന്നു. മെയിന്‍ പരീക്ഷയുടെ എഴുത്ത് പരീക്ഷയില്‍ ആകെ ഒമ്പത് പേപ്പറുകളാണുള്ളത്. ഇതില്‍ ഇംഗ്ളീഷ്, പ്രാദേശികഭാഷ എന്നീ രണ്ട് പേപ്പറുകള്‍ യോഗ്യതാ പേപ്പറുകളാണ്. എന്നാല്‍ ഇവയില്‍ ലഭിക്കുന്ന മാര്‍ക്ക്മെയിന്‍ പരീക്ഷയുടെമൊത്തംമാര്‍ക്കിലേക്ക് പരിഗണിക്കുകയില്ല. എഴുത്ത് പരീക്ഷയില്‍ പൊതുവിജ്ഞാനത്തിന് വളരെയേറെ പ്രാധാന്യം നല്‍കിയിരിക്കുന്നു. അതുകൊണ്ടുതന്നെ ജനറല്‍സ്റ്റഡീസ് പേപ്പറുകളുടെഎണ്ണം നാലാണ്. സമകാലിക സംഭവങ്ങള്‍, ചരിത്രം, പൊളിറ്റിക്സ്, സാമ്പത്തികശാസ്ത്രം, ഭൂമിശാസ്ത്രം, സയന്‍സ് തുടങ്ങിയവിഷയങ്ങളില്‍നിന്നെല്ലാം ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. ഇതിനുപുറമെ ഒരു ഐച്ഛികവിഷയം ഉദ്യോഗാര്‍ഥി തെരഞ്ഞെടുക്കേണ്ടതായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് രണ്ടു പേപ്പറുകള്‍ എഴുതേണ്ടിവരും.

യുപിഎസ്സി അംഗീകരിച്ച വിഷയങ്ങളുടെ പട്ടികയില്‍നിന്ന് ഏത്  വിഷയവും ഉദ്യോഗാര്‍ഥിക്ക് ഇതിനായി തെരഞ്ഞെടുക്കാം. ബിരുദത്തിന് പഠിച്ച വിഷയംതന്നെ തെരഞ്ഞെടുക്കണമെന്ന് നിര്‍ബന്ധമില്ലെങ്കിലും വിഷയത്തെ സംബന്ധിച്ചുള്ളആഴത്തിലുള്ള അറിവ് ഇവിടെ ആവശ്യമാണ്.

മെയിന്‍പരീക്ഷയുടെ അടുത്തഘട്ടമാണ് ഇന്റര്‍വ്യൂ. എഴുത്ത് പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്കിനെ അടിസ്ഥാനമാക്കിയാണ് ഇന്റര്‍വ്യൂവിന് തെരഞ്ഞെടുക്കപ്പെടുന്നത്. ആകെ ഒഴിവിന്റെ മൂന്നിരട്ടിയോളം ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തിനുള്ള ക്ഷണം ലഭിക്കും. സാമൂഹികവിഷയങ്ങളില്‍ ഉദ്യോഗാര്‍ഥിയുടെ കാഴ്ചപ്പാട്, പ്രതിസന്ധി ഘട്ടങ്ങളില്‍ ഉചിതമായതീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ്, സമകാലീന സംഭവങ്ങളെക്കുറിച്ചുള്ള അറിവും നിലപാടും ഇവയെല്ലാം ഇവിടെ അളക്കപ്പെടുന്നു.  സിവില്‍സര്‍വീസ് പരീക്ഷ വിജയിക്കണമെങ്കില്‍ ഡല്‍ഹിയില്‍പോയി തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് വിശ്വസിക്കുന്ന കാലംകഴിഞ്ഞു. ഇന്ന് കേരളത്തില്‍തന്നെ സര്‍ക്കാരിന്റേതടക്കം നിരവധി കോച്ചിങ്സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രൂപ്പ് ഡിസ്കഷന്‍, മോക്ക്ഇന്റര്‍വ്യൂ തുടങ്ങിയവയ്ക്ക് കോച്ചിങ് സെന്ററുകളുടെസഹായംതേടാം.

പരീക്ഷ സംബന്ധിച്ചുള്ള വിവരങ്ങളും സിലബസും മറ്റും wwww.upsc.gov.in  വെബ്സൈറ്റില്‍ ലഭ്യമാണ്. എല്ലാവര്‍ഷവും വിജ്ഞാപനം വരുമ്പോള്‍ അതും വെബ്സൈറ്റില്‍വരും.

(പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖിക) neethursona@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top