16 February Saturday

സിംബാബ‌്‌വെയിൽ ഭരണത്തുടർച്ച

വെബ് ഡെസ്‌ക്‌Updated: Thursday Aug 2, 2018


ആഫ്രിക്കൻ രാഷ്ട്രമായ സിംബാബ്‌വെയിലെ ജനങ്ങൾ ഭരണത്തുടർച്ചയ‌്ക്ക് അനുകൂലമായി വോട്ട് ചെയ്തു.  ഭരണകക്ഷിയായ സിംബാബ്‌വെ ആഫ്രിക്കൻ നാഷണൽ യൂണിയൻ പാട്രിയോട്ടിക‌് ഫ്രണ്ട‌് (സാനുപിഎഫ്) വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുകയാണ്. 210 അംഗ ദേശീയ അസംബ്ലിയിൽ സാനുപിഎഫ് 109 സീറ്റ് നേടി. ഭരണകക്ഷി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്. 58 സീറ്റിന്റെ ഫലംകൂടി അറിയാനുണ്ട്. ദേശീയ അസംബ്ലിയിൽ ഭൂരിപക്ഷത്തിന് 106 സീറ്റ് മതി. പ്രധാന പ്രതിപക്ഷമായ മൂവ്‌മെന്റ് ഫോർ ഡെമോക്രാറ്റിക‌് ചെയ്ഞ്ചി (എംഡിസി)ന‌് 41 സീറ്റുമാത്രമാണ് നേടാനായത്. 40 വയസ്സുകാരനായ നെൽസൺ ചാമിസ വൻ മുന്നേറ്റം നടത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ് ഫലങ്ങൾ മറിച്ചാണ്.  40 ശതമാനം വോട്ടർമാരും 35 വയസ്സിനു താഴെയാണെന്നതാണ് ചാമിസയുടെ പ്രതീക്ഷയ‌്ക്ക് കാരണം.  സാനുപിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥി എഴുപത്തഞ്ചുകാരനായ എമ്മേഴ്‌സൺ എൻഗാഗ്വയായിരുന്നു.  എന്നാൽ, ഭരണപരിചയമില്ലാത്ത ചാമിസയേക്കാൾ സിംബാബ്‌വെക്കാർ പിന്തുണച്ചത് സ്വാതന്ത്ര്യസമരപോരാളിയും ഏറെ ഭരണപരിചയവുമുള്ള എൻഗാഗ്വയെയാണ്.

ബ്രിട്ടനിൽനിന്ന് 1980 ഏപ്രിലിൽ സ്വാതന്ത്ര്യംനേടിയശേഷം 37 വർഷം തുടർച്ചയായി ഭരണം നടത്തിയത് സ്വാതന്ത്ര്യസമരനായകനായ റോബർട്ട് മുഗാബെയായിരുന്നു. മുഗാബെ അധികാരമൊഴിഞ്ഞശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്. കഴിഞ്ഞവർഷം നവംബറിലാണ് മുഗാബെ പ്രസിഡന്റ് സ്ഥാനത്തുനിന്ന‌് പുറത്താക്കപ്പെടുന്നത്. എൻഗാഗ്വയെ വൈസ‌് പ്രസിഡന്റ് സ്ഥാനത്തുനിന്ന‌് പുറത്താക്കി ഭാര്യയെ പിൻഗാമിയാക്കാൻ മുഗാബെ നടത്തിയ ശ്രമമാണ് അദ്ദേഹത്തിന് വിനയായത്. പട്ടാളം ഇടപെട്ടതിനെത്തുടർന്ന് മുഗാബെ അധികാരമൊഴിയാൻ നിർബന്ധിക്കപ്പെട്ടു. ദക്ഷിണാഫ്രിക്കയിൽ അഭയം തേടിയ എൻഗാഗ്വ തിരിച്ചെത്തുകയും പ്രസിഡന്റായി അധികാരമേൽക്കുകയുമായിരുന്നു. അതിനുശേഷമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്.

അഭിപ്രായവോട്ടെുപ്പിലെല്ലാം സാനുപിഎഫുതന്നെയായിരുന്നു മുന്നിൽ. എന്നാൽ, തുടക്കത്തിൽ വളരെ പിറകിലായിരുന്ന ചാമിസ അവസാന ഘട്ടത്തിൽ ഏറെ മുന്നേറിയിരുന്നു. മാത്രമല്ല, തെരഞ്ഞെടുപ്പിനു തലേദിവസം മുഗാബെ പട്ടാളത്തിന്റെ പിന്തുണയുള്ള എൻഗാഗ്വയുടെ പാർടിയെ അധികാരത്തിൽനിന്ന‌് പുറത്താക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.  തെരഞ്ഞെടുപ്പിൽ വിജയം സുനിശ്ചിതമാണെന്ന് ചാമിസ അവകാശപ്പെടുകയും ചെയ്തു. എന്നാൽ, പ്രതീക്ഷിത മുന്നേറ്റം തെരഞ്ഞെടുപ്പിൽ നേടാൻ ചാമിസയ‌്ക്കായില്ല. വോട്ടെടുപ്പിൽ കൃത്രിമം നടന്നുവെന്നാണ്  ഇപ്പോൾ ചാമിസയുടെ ആരോപണം.  ഫലം എതിരായതുകൊണ്ടുതന്നെ പ്രതിപക്ഷം അതംഗീകരിക്കാനുള്ള സാധ്യത കുറവാണുതാനും. 

ആര് അധികാരത്തിൽ വന്നാലും ഭരണം സുഗമമാകില്ല. കാരണം, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. തൊഴിലില്ലായ്മയും വർധിച്ച കടഭാരവും സ്വന്തം കറൻസിയില്ലാത്തതും മറ്റുമാണ് സിംബാബ്‌വെ നേരിടുന്ന പ്രശ്‌നങ്ങൾ. ഇവ പരിഹരിക്കാൻ പുതുതായി അധികാരമേൽക്കുന്ന സർക്കാരിന് കഴിയാത്ത പക്ഷം സിംബാബാവ്‌വെയും അരാജകത്വത്തിലേക്ക് നീങ്ങും. 

ഇറാഖിൽ പ്രക്ഷോഭം 
ഇറാഖിൽ ശക്തമായി തുടരുന്ന ജനകീയ പ്രതിഷേധത്തെതുടർന്ന് വൈദ്യുതിമന്ത്രിയെ പുറത്താക്കാൻ പ്രധാനമന്ത്രി ഹൈദർ അൽ അബാദി നിർബന്ധിതനായി. വൈദ്യുതി ക്ഷാമത്തിനും തൊഴിലില്ലായ്മയ‌്ക്കും വിലക്കയറ്റത്തിനുമെതിരെ മൂന്നാഴ്ചയായി തുടരുന്ന പ്രക്ഷോഭത്തിൽ ഇതിനകം 14 പേർ കൊല്ലപ്പെട്ടു. തെക്കൻ നഗരമായ ബസ്രയിൽ ആരംഭിച്ച പ്രക്ഷോഭം നജാഫിലേക്കും നസീറിയയിലേക്കും തലസ്ഥാനമായ ബാഗ്ദാദിലേക്കും പടർന്നു. ബസ്രയിൽ മുപ്പതുകാരൻ പൊലീസ് വെടിവയ‌്പിൽ കൊല്ലപ്പെട്ടതോടെയാണ് ജനങ്ങൾ വർധിച്ചതോതിൽ തെരുവിലിറങ്ങിയത്. ലോകത്തിനുതന്നെ ഏറ്റവും കൂടുതൽ എണ്ണ നൽകുന്നത് ഇറാഖാണ്. 25 ലക്ഷം വീപ്പയാണ് ദിനംപ്രതിയുള്ള ഉൽപ്പാദനം. രാജ്യത്തിന്റെ ബജറ്റിന്റെ 89 ശതമാനവും എണ്ണവരുമാനത്തിൽനിന്നുള്ളതാണ്. പക്ഷേ, ലോകത്തിന് വെളിച്ചം നൽകുന്ന ഇറാഖിലെ ജനങ്ങൾക്ക് ആവശ്യത്തിന് വൈദ്യുതിയും ശുദ്ധജലവും ലഭ്യമല്ല. പവർകട്ട് നിത്യസംഭവമാണിവിടെ. ഇതിനെതിരെയായിരുന്നു പ്രക്ഷോഭം.

ജനീകയ പ്രതിഷേധത്തെ ക്രൂരമായി അടിച്ചമർത്താനാണ് അൽ അബാദി സർക്കാർ ശ്രമിച്ചത്. സർക്കാരിന്റെ ഈ നയത്തിനെതിരെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച സൈറൂൺ സഖ്യത്തിന്റെ നേതാവ് മുഖ്താദ അൽ സദറും ഇറാഖ‌് കമ്യൂണിസ്റ്റ‌് പാർടിയും രംഗത്തുവന്നു. ന്യായമായ ആവശ്യത്തിനുവേണ്ടി നടത്തുന്ന പ്രക്ഷോഭത്തെ അടിച്ചമർത്തുന്നതിനു പകരം പ്രശ്‌നപരിഹാരത്തിന് സർക്കാർ ശ്രമിക്കുകയാണ് വേണ്ടതെന്ന് കമ്യൂണിസ്റ്റ‌് പാർടി ആവശ്യപ്പെട്ടു. ഈ ഘട്ടത്തിലാണ് വൈദ്യുതിമന്ത്രി ക്വാസിം അൽ ഫഹ്ദാവിയെ പുറത്താക്കാൻ പ്രധാനമന്ത്രി തയ്യാറായത്.  വൈദ്യുതിവിതരണത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാനും സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്.

പ്രധാന വാർത്തകൾ
 Top