22 October Thursday

അക്രമത്തിലേക്ക് വഴിമാറ്റി പ്രതിപക്ഷസമരം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 27, 2018


സംഭവിക്കാൻ പാടില്ലാത്തതെന്ന് പൊതുസമൂഹം വിലയിരുത്തുകയും സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുകയുംചെയ്ത ഭൗർഭാഗ്യകരമായ ഒരു കൊലപാതകം മറയാക്കി കോൺഗ്രസ് പാർടി നടത്തുന്ന വൃത്തികെട്ട രാഷ്ട്രീയക്കളി എല്ലാ സീമകളും ലംഘിച്ചിരിക്കുന്നു. ഷുഹൈബ് വധത്തിൽ സിപിഐ എമ്മിന് പങ്കില്ലെന്നും ഏതെങ്കിലും പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ സംരക്ഷിക്കില്ലെന്നുമുള്ള നിലപാടിനെ സമാധാനം ആഗ്രഹിക്കുന്നവരെല്ലാം വലിയതോതിൽ സ്വാഗതംചെയ്തതാണ്. അന്വേഷണ സംവിധാനമാകട്ടെ, യുഡിഎഫ് കാലത്തേതിൽനിന്ന് വ്യത്യസ്തമായി സ്വതന്ത്രമാണെന്നും ജനങ്ങൾക്ക് ബോധ്യപ്പെട്ടു. ഈ പ്രതികൂലാവസ്ഥയാണ് അക്രമവും കുതന്ത്രങ്ങളുംവഴി കഴിയാവുന്നിടത്തോളം വിഷയം കത്തിച്ചുനിർത്താൻ യുഡിഎഫിനെ പ്രേരിപ്പിക്കുന്നത്. 

തലസ്ഥാനത്ത് ജനജീവിതത്തിന് ഭീഷണി ഉയർത്തിക്കൊണ്ടുള്ള അഴിഞ്ഞാട്ടമാണ് തിങ്കളാഴ്ച നടന്നത്. പൊലീസിനെ ആക്രമിക്കുകയും വ്യാപകമായി പൊതുമുതൽ നശിപ്പിക്കുകയുംചെയ്തു. അക്രമം ആളിക്കത്തിക്കാനുള്ള ആസൂത്രണങ്ങളാണ് സംസ്ഥാനത്തെങ്ങും നടക്കുന്നത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെ പൊതുനിരത്തിൽ കൈയേറ്റംചെയ്യുന്നിടംവരെ എത്തി കണ്ണൂരിൽ കോൺഗ്രസിന്റെ ഗുണ്ടായിസം. പ്രഭാതഭക്ഷണത്തിനായി കോഫിഹൗസിലേക്ക് നടന്നുപോകുകയായിരുന്ന കടന്നപ്പള്ളിയെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുധാകരന്റെ സമരപ്പന്തലിൽനിന്ന് ഗുണ്ടകൾ എത്തിയത്. കൂടെയുള്ളവരുടെയും പൊലീസിന്റെയും സമയോചിത ഇടപെടലിലൂടെയാണ് മന്ത്രിയെ രക്ഷിക്കാനായത്.

നിയമസഭാസമ്മേളനം ആരംഭിക്കുന്ന ദിവസംതന്നെ അലങ്കോലപ്പെടുത്തി. കണ്ണൂരിലും തിരുവനന്തപുരത്തും നിരാഹാരം അനുഷ്ഠിക്കുന്ന കോൺഗ്രസിന് എന്തിനാണ് സമരമെന്ന് പറയാൻപോലും സാധിക്കുന്നില്ല. ഷുഹൈബ് വധക്കേസിൽ അന്വേഷണം ശക്തമായി മുന്നോട്ടുപോകുകയാണ്. കോൺഗ്രസ്തന്നെ ആവശ്യപ്പെട്ട പ്രകാരമാണ് പ്രത്യേക അന്വേഷകസംഘം രൂപീകരിച്ചത്. ശരിയായ ദിശയിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പൊലീസ് തലപ്പത്തുള്ളവർ വ്യക്തമാക്കിയിട്ടുണ്ട്. ആറുപേരെ അറസ്റ്റ്ചെയ്തു. അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കുകയുംചെയ്തു. എന്നാൽ, അന്വേഷണം തടസ്സപ്പെടുത്തുകയെന്ന  ഉദ്ദേശ്യത്തോടെയാണ് തുടക്കംമുതൽ കോൺഗ്രസ് നീങ്ങിയത്. പൊലീസിന്റെ നിഗമനങ്ങളെ പരസ്യമായി ചോദ്യംചെയ്തും പിന്നീട് തിരുത്തിയും പുതിയ ആരോപണങ്ങൾ ഉന്നയിച്ചുമൊക്കെ പരിഹാസ്യമായ നാടകമാണ് കോൺഗ്രസ് നേതാക്കൾ ആടിക്കൊണ്ടിരിക്കുന്നത്.

സംഭവത്തിൽ പരിക്കേറ്റ ദൃക്സാക്ഷിയായ യുവാവ,് കെ സുധാകരന്റെ വാദങ്ങളെ പിന്തുണച്ചുകൊണ്ട് പറഞ്ഞ കാര്യങ്ങൾ പ്രതികളുടെ തിരിച്ചറിയൽ പരേഡിൽ മാറ്റിപ്പറഞ്ഞു. ഡെമ്മി പ്രതികളെന്ന ആരോപണം സുധാകരനും വിഴുങ്ങി. ചില മാധ്യമങ്ങളുടെ പിന്തുണയോടെ  'വായിൽതോന്നിയത് കോതയ്ക്ക്പാട്ട്' എന്ന മട്ടിലാണ് സുധാകരന്റെ സംസാരം. 'മാർക്സിസ്റ്റ്് അക്രമവിരുദ്ധ ജാഥ'യ്ക്കിടെ നാൽപാടി വാസുവിനെ വെടിവച്ചുകൊന്നത് ഗൺമാന്റെ തോക്ക് ഉപയോഗിച്ചാണ്. ഇക്കാര്യം പൊതുയോഗത്തിൽ പ്രഖ്യാപിച്ചതും സുധാകരൻ. എഫ്ഐആറും പ്രതിപ്പട്ടികയും തിരുത്തിയാണ് യുഡിഎഫ് ഗവൺമെന്റ് സുധാകരനെ രക്ഷപ്പെടുത്തിയത് എന്നതിന് അക്കാലത്തെ പത്രത്താളുകൾതന്നെയാണ് സാക്ഷ്യം. ഇക്കാര്യം മുഖ്യമന്ത്രി നിയമസഭയിൽ ഓർമിപ്പിച്ചതിനെക്കുറിച്ച് അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ലെന്ന മട്ടിലാണ് സുധാകരൻ പ്രതികരിച്ചത്. മുഖ്യമന്ത്രിയെ ആക്ഷേപിക്കാനും അദ്ദേഹം മറന്നില്ല.
പറയുന്ന കാര്യങ്ങളിലോ ഉന്നയിക്കുന്ന ആവശ്യങ്ങളിലോ എന്തെങ്കിലും ഉത്തരവാദിത്തം വേണമെന്ന ചിന്ത പ്രതിപക്ഷനേതാവ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കില്ല.

സമരത്തിലും ഗ്രൂപ്പുതാൽപ്പര്യങ്ങളാണ് മുഴച്ചുനിൽക്കുന്നതെങ്കിലും വിടുവായത്തത്തിന് ഗ്രൂപ്പുവ്യത്യാസമൊന്നുമില്ല. സംസ്ഥാന പൊലീസിന്റെ അന്വേഷണം ഫലപ്രദമായി നടക്കുന്ന ഈ ഘട്ടത്തിൽ സിബിഐ അന്വേഷണത്തിന് എന്ത് പ്രസക്തിയെന്ന് സമരത്തെ സ്പോൺസർചെയ്യുന്ന മാധ്യമങ്ങൾ  ജനങ്ങളോട് പറയണം. തങ്ങൾ ആഗ്രഹിക്കുന്നവരെ കേസിൽ കുടുക്കലാണ് സിബിഐ അന്വേഷണത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് കോൺഗ്രസ് നേതാക്കളുടെ വാക്കുകളിൽനിന്ന് വ്യക്തമാകുന്നുണ്ട്. ഭീകരപ്രവർത്തനം തടയൽ നിയമമായ യുഎപിഎ ചുമത്തണമെന്ന ആവശ്യവും യുഡിഎഫ് ഭരണകാലത്തെ ദുരുപയോഗത്തിന്റെ തികട്ടൽതന്നെ.  വ്യക്തമായ അന്വേഷണപുരോഗതിയുള്ള ഷുഹൈബ് വധക്കേസ്  സിബിഐക്കുവിടേണ്ട സാഹചര്യമില്ലെന്ന സംസ്ഥാന സർക്കാരിന്റെ ഉറച്ച നിലപാട് പ്രതിപക്ഷത്തെ വല്ലാത്ത പ്രതിസന്ധിയിൽ എത്തിച്ചിരിക്കുകയാണ്്. എങ്ങനെയെങ്കിലും നിരാഹരസമരത്തിൽനിന്ന് തലയൂരി അക്രമത്തിലേക്ക് നീങ്ങാനാണ് യുഡിഎഫ് കേന്ദ്രങ്ങൾ കരുക്കൾ നീക്കുന്നത്.

കടന്നപ്പള്ളിക്കുനേരെ നടന്ന അക്രമശ്രമവും തിരുവനന്തപുരത്ത് പെലീസിനെ ആക്രമിച്ചതുമൊക്കെ തുടർഅക്രമത്തിനുള്ള അരങ്ങൊരുക്കലാണ്. ഇക്കാര്യത്തിൽ പൊലീസും ജനാധിപത്യ വിശ്വാസികളും നല്ല ജാഗ്രത പുലർത്തണം. സിപിഐ എം സംസ്ഥാന സമ്മേളനത്തിന് ലഭിക്കുന്ന പൊതുജനശ്രദ്ധയെ വഴിതിരിക്കാനാകും എന്ന പ്രതീക്ഷയിലാണ് ഒരു പ്രവർത്തകന്റെ മരണത്തെ കോൺഗ്രസ് ആയുധമാക്കിയത്. എന്നാൽ, ജനങ്ങളെ ബാധിക്കുന്ന ഒട്ടേറെ വിഷയങ്ങളിൽ മാതൃകാപരമായ തീരുമാനങ്ങളെടുത്ത് ജനലക്ഷങ്ങളുടെ മഹാസംഗമത്തോടെ സമാപിച്ച സമ്മേളനം എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു. ഇതിലുള്ള ഇച്ഛാഭംഗമാണ് ചോദ്യോത്തരവേളകൂടി തടസ്സപ്പെടുത്തുന്ന നിലയിലേക്ക് പ്രതിപക്ഷത്തെ അധഃപതിപ്പിച്ചത്. കുട്ടികളുടെ പരീക്ഷാകാലം ആരംഭിച്ച ഘട്ടത്തിൽ തെരുവുയുദ്ധത്തിന് ഇറങ്ങുന്ന കോൺഗ്രസുകാരും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും പുനർചിന്തയ്ക്ക് തയ്യാറാകണം. അതുപോലെ ബജറ്റ് ചർച്ച ഉൾപ്പെടെ പ്രധാന അജൻഡയുള്ള നിയമസഭാസമ്മേളനം തടസ്സപ്പെടുത്താതിരിക്കാനുള്ള ഔചിത്യവും പ്രതിപക്ഷം കാണിക്കണം
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top