സത്യത്തിന്റെ കണികപോലുമില്ലാത്ത ദുരാരോപണത്തിന്റെ മറവിൽ കേരളത്തെ കലാപകലുഷിതമാക്കാൻ കോൺഗ്രസും ബിജെപിയും ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിരിക്കുന്നു. എങ്ങനെയും ചോരപ്പുഴ ഒഴുക്കി അതിന്റെപേരിൽ സർക്കാരിനെ അട്ടിമറിക്കാൻ പറ്റുമോ എന്നാണ് നോട്ടം. ഇതിന്റെ ഏറ്റവും വ്യക്തമായ തെളിവാണ് വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിച്ച് അപായപ്പെടുത്താൻ രണ്ട് യൂത്ത് കോൺഗ്രസ് നേതാക്കൾ നടത്തിയ ശ്രമം. ഭീകരവാദ സംഘടനകളുടെ രീതിക്ക് സമാനമായ സംഭവമാണ് ഉണ്ടായിരിക്കുന്നത്. അതീവ സുരക്ഷയുള്ള വിമാനത്തിനുള്ളിൽ ഇങ്ങനെയൊരു സംഭവം നടന്നത് അങ്ങേയറ്റം ആസൂത്രിതമായാണ്. മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ സമയോചിതമായ ഇടപെടൽ ഒന്നുകൊണ്ടു മാത്രമാണ് അക്രമികൾക്ക് മുഖ്യമന്ത്രിയെ തൊടാൻ കഴിയാതെപോയത്.
മുഖ്യമന്ത്രിക്ക് എന്തിന് സുരക്ഷയെന്ന് വലതുപക്ഷവും ചില മാധ്യമങ്ങളും ആവർത്തിച്ച് ചോദിക്കുന്നതിന്റെ ഉദ്ദേശ്യവും ഇപ്പോൾ വെളിപ്പെട്ടു. മുഖ്യമന്ത്രിയെ ആക്രമിക്കാൻ അനായാസം സാധിക്കണം. അങ്ങനെ സംഭവിച്ചാൽ കേരളം പിന്നെ അടങ്ങിയിരിക്കില്ലല്ലോ. അതാണ് കണക്കുകൂട്ടൽ. വർഷങ്ങൾക്കപ്പുറം പിണറായിയെ ലക്ഷ്യംവച്ചെത്തിയ ഗുണ്ടാസംഘത്തിന്റെ വെടിയേറ്റ നേതാവാണ് ഇ പി ജയരാജൻ. ആ അക്രമിസംഘത്തിനു പിന്നിൽ ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആയിരുന്നെന്ന് അന്വേഷണത്തിൽ വെളിപ്പെട്ടിരുന്നു. ഇപ്പോൾ, അതേ ശക്തികൾ പറഞ്ഞയച്ച സംഘമാണ് വിമാനത്തിൽ പിണറായിയെ ആക്രമിക്കാൻ എത്തിയതെന്നതും കാണേണ്ടതുണ്ട്.
സംഘപരിവാറിന്റെ വിഷത്തലകൾ നൽകുന്ന പിന്തുണയിൽ കോൺഗ്രസ് അക്രമികൾ മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ ശ്രമിച്ചതിനെ വെറും പ്രതിഷേധമെന്ന് വരുത്തിത്തീർക്കാൻ കേരളത്തിലെ ഒരുവിഭാഗം മാധ്യമങ്ങൾ നടത്തുന്ന ശ്രമം അത്യന്തം ഗൗരവതരമാണ്. വലതുപക്ഷ, പ്രതിലോമ, വർഗീയ ശക്തികളുടെ തെമ്മാടിത്തം സകല സീമകളുംവിട്ട് അഴിഞ്ഞാടുന്നത് ചില മാധ്യമങ്ങളുടെകൂടി പിന്തുണയോടെയാണെന്ന് പറയേണ്ടിവരുന്നതിൽ ഞങ്ങൾക്ക് ഖേദമുണ്ട്. അസംബന്ധ നാടകങ്ങൾക്കും അക്രമപരമ്പരകൾക്കും മഹത്വം കൽപ്പിക്കുന്ന രീതി മാധ്യമപ്രവർത്തനമല്ല എന്നുമാത്രം പറഞ്ഞുവയ്ക്കട്ടെ. വിമോചനസമരത്തിന്റെ പഴയ ചരിത്രം ആവർത്തിക്കാൻ പറ്റുമോ എന്നാണ് നോക്കുന്നത്. കമ്യൂണിസ്റ്റ് സർക്കാരിനെ പുറത്താക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യത്തോടെ എല്ലാ വലതുപക്ഷ, വർഗീയ പിന്തിരിപ്പൻ ശക്തികളും അണിചേർന്നതായിരുന്നു വിമോചനസമരം. ഒരു ധാർമികതയുമില്ലാത്ത ആ കൂട്ടുചേരൽ വീണ്ടും ഉണ്ടായിരിക്കുന്നു. സർക്കാരിനെ അസ്ഥിരപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വർഗീയശക്തികൾക്കൊപ്പം തെരുവിലിറങ്ങാൻ, മതനിരപേക്ഷ കക്ഷിയെന്ന് അവകാശപ്പെടുന്ന കോൺഗ്രസിന് ഒരുളുപ്പുമില്ല.
ഒരു ദേശത്തിന്റെ, ഈ കൊച്ചുകേരളത്തിന്റെ ഹൃദയമിടിപ്പിന്റെ ഉയിരാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ജനതയുടെ കണ്ണീരിലും കിനാവിലും ഒപ്പംനിൽക്കുന്ന പോരാളിയും നേതാവുമാണ് ഈ പിണറായി വിജയൻ. എണ്ണമറ്റ സമരങ്ങളെ നയിച്ച്, കൊടിയ യാതനകളും ഭീകരമർദനങ്ങളും ഏറ്റുവാങ്ങി, കേരളത്തിന്റെ മുന്നേറ്റങ്ങളുടെ മുൻനിര നായകരിൽ ഒരാളായി മാറിയ നേതാവാണ് അദ്ദേഹം. മുണ്ടയിൽ കോരന്റെ മകനായ വിജയൻ ഒരു സുപ്രഭാതത്തിൽ മുഖ്യമന്ത്രി പദത്തിലേക്ക് ഓടിക്കയറിയതല്ല. ജനങ്ങൾ അവരുടെ അധികാരം ഉപയോഗിച്ച് പിണറായിയെ ആ ചുമതല ഏൽപ്പിച്ചതാണ്. ഭരണം കാര്യക്ഷമമാകുന്നത് അത് എപ്പോഴും പ്രാപ്തിയുള്ള കൈകളിൽ എത്തുമ്പോഴാണെന്ന് കേരളത്തിലെ ഓരോ മനുഷ്യനും ഇന്ന് തിരിച്ചറിയുന്നുണ്ട്.
ഈ സർക്കാരും ഒന്നാം പിണറായി സർക്കാരും കേരളീയ സമൂഹത്തിലും രാഷ്ട്രീയത്തിലും നിറവേറ്റുന്ന വിപ്ലവകരമായ കർത്തവ്യങ്ങൾ നാടിന്റെ നേരനുഭവമാണ്. വിട്ടുവീഴ്ചയില്ലാത്ത നിഷ്പക്ഷതയും വജ്രംപോലെ ഉറപ്പും ദീപ്തിയുമുള്ള ആദർശനിഷ്ഠയും പിണറായി സർക്കാരിന്റെ മുഖമുദ്രയാണ്. ഭരണത്തിൽ മുഖ്യമന്ത്രി കാണിക്കുന്ന അർപ്പണമനോഭാവവും കഠിനോത്സാഹവും കൃത്യനിഷ്ഠയും ധനപരമായ സത്യസന്ധതയും എതിരാളികൾക്കുപോലും ബോധ്യമുള്ള വസ്തുതയാണ്. മുഖ്യമന്ത്രിയുടെ മനുഷ്യസ്നേഹത്തിന്റെ വിശുദ്ധിയും സമത്വബോധവും ഈ നാട് തൊട്ടറിഞ്ഞതാണ്. ഏതു പ്രതിസന്ധിയിലും കേരളം ഈ മനുഷ്യന്റെ വാക്കുകൾക്ക് കാതോർത്തു. എല്ലായിപ്പോഴും ജനങ്ങളെ അദ്ദേഹം ചേർത്തുപിടിച്ചു. പ്രളയത്തിന്റെയും നിപായുടെയും കോവിഡിന്റെയും കാലത്ത് ആ നേതൃശേഷി ജനങ്ങൾ അനുഭവിച്ചറിഞ്ഞതാണ്.
പറഞ്ഞുവന്നത്, ഈ ഭരണം അട്ടിമറിക്കാൻ കേരളം അനുവദിക്കില്ലെന്ന വസ്തുതയാണ്. ഈ സർക്കാരിന് ഒരു പോറൽപോലും ഏൽക്കാൻ ജനങ്ങൾ സമ്മതിക്കില്ല. കേന്ദ്ര അന്വേഷണ ഏജൻസികൾ രണ്ടു വർഷത്തോളം രാപ്പകൽ അന്വേഷിച്ച്, സത്യത്തിന്റെ പൊടിപോലുമില്ലെന്ന് ബോധ്യപ്പെട്ട ആരോപണങ്ങൾ ആവർത്തിച്ച് ഉറഞ്ഞുതുള്ളുന്നവർ ഇത് മനസ്സിലാക്കുന്നത് നന്ന്. മുഖ്യമന്ത്രിക്കെതിരെ ആക്രമണശ്രമം ഉണ്ടായപ്പോൾ കേരളം ഒറ്റക്കെട്ടായി പ്രതിഷേധം ഉയർത്തിയതും അക്രമസമരക്കാർ കാണുന്നത് നല്ലതുതന്നെ. അതുകൊണ്ട് , കേരളത്തിന്റെ മനസ്സ് തിരിച്ചറിഞ്ഞ് തീക്കളി അവസാനിപ്പിക്കാൻ പ്രതിപക്ഷ പാർടികളും അവരോട് ചേർന്നുനിൽക്കുന്നവരും തയ്യാറാകണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..