10 December Tuesday

പുരോഗമനശക്തികൾക്ക്‌ പ്രത്യാശയേകുന്ന വിജയം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 27, 2024


തെക്കനമേരിക്കൻ രാജ്യമായ ഉറുഗ്വേയിലും പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ഉജ്വല വിജയം നേടിയതോടെ കരീബിയൻ രാഷ്‌ട്രങ്ങൾകൂടി ഉൾപ്പെട്ട ലാറ്റിനമേരിക്കയിൽ പുരോഗമനശക്തികളുടെ സ്വാധീനമേറി. ലോകാധിപത്യം നിലനിർത്താൻ ഏത്‌ കുടിലമാർഗവും സ്വീകരിക്കുന്ന അമേരിക്കയിൽ വംശീയ തീവ്രവാദിയായ ഡോണൾഡ്‌ ട്രംപ്‌ പുതുവർഷത്തിൽ അധികാരമേൽക്കാനിരിക്കെയാണ്‌ ഈ ശുഭവാർത്ത. അമേരിക്ക എന്നും തങ്ങളുടെ സാമന്തപ്രദേശമായി കാണുന്ന മേഖലയിൽ ആ സാമ്രാജ്യത്വ ശക്തിക്കെതിരായ ഇടതുപക്ഷത്തിന്റെ അധികാരശക്തി വളരുന്നത്‌ ലോകമെങ്ങും പുരോഗമനേച്ഛുക്കൾക്ക്‌ പ്രത്യാശയേകുന്നതാണ്‌. പാശ്ചാത്യ രാജ്യങ്ങളിൽ വെള്ളക്കാരന്റെ വംശീയവികാരം ആയുധമാക്കി തീവ്രവലതുപക്ഷം ശക്തിപ്രാപിക്കുമ്പോഴാണ്‌ ദക്ഷിണാർധ ഗോളത്തിൽ അതിനെതിരായ മാനവികതയുടെ ശക്തികളുയരുന്നത്‌ എന്നത്‌ ശ്രദ്ധേയമാണ്‌. ശ്രീലങ്കൻ പ്രസിഡന്റ്‌, പാർലമെന്റ്‌ തെരഞ്ഞെടുപ്പുകളിൽ കമ്യൂണിസ്‌റ്റുകാർ നേടിയ ചരിത്രവിജയത്തിന്റെ അലകളടങ്ങുംമുമ്പാണ്‌ ലാറ്റിനമേരിക്കയിലെ ഇടതുഭരണസഖ്യത്തിലേക്ക്‌ ഉറുഗ്വേ തിരിച്ചെത്തുന്നത്‌.

അഞ്ചു വർഷത്തെ ഇടവേളയ്‌ക്കു ശേഷമാണ്‌ ഉറുഗ്വേയിൽ ഇടതുപക്ഷ വിശാല മുന്നണി (ബ്രോഡ്‌ ഫ്രണ്ട്‌ ) വീണ്ടും അധികാരത്തിലെത്തുന്നത്‌. പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ ഞായറാഴ്‌ച നടന്ന രണ്ടാംവട്ട തെരഞ്ഞെടുപ്പിൽ ഇടതുസഖ്യത്തിന്റെ സ്ഥാനാർഥി യമാണ്ടു ഓർസി 49.84 ശതമാനം വോട്ട്‌ നേടിയാണ്‌ വിജയിച്ചത്‌. ഒക്‌ടോബർ 27ന്‌ നടന്ന തെരഞ്ഞെടുപ്പിൽ ആർക്കും 50 ശതമാനം വോട്ട്‌ ലഭിക്കാതിരുന്നതിനാലാണ്‌ മുന്നിലെത്തിയ രണ്ടുപേർ തമ്മിൽ രണ്ടാംവട്ട തെരഞ്ഞെടുപ്പ്‌ വേണ്ടിവന്നത്‌. ആദ്യഘട്ടത്തിൽ 44 ശതമാനം വോട്ടോടെ ഓർസി ഒന്നാമതെത്തിയിരുന്നു. അന്ന്‌ രണ്ടാംസ്ഥാനത്ത്‌ എത്തിയ വലതുപക്ഷ നാഷണൽ പാർടിയുടെ ഡെൽഗാഡോയെ നേരിട്ടുള്ള മത്സരത്തിൽ പരാജയപ്പെടുത്തിയാണ്‌ ഓർസിയുടെ അനിഷേധ്യ വിജയം. ഡെൽഗാഡോയ്‌ക്ക്‌ ഒന്നാംവട്ടം 27 ശതമാനം വോട്ട്‌ മാത്രമാണ്‌ കിട്ടിയതെങ്കിലും 20 ശതമാനം വോട്ട്‌ നേടിയ കൊളറാഡോയടക്കം എല്ലാ വലതുപക്ഷ കക്ഷികളുടെയും പിന്തുണ രണ്ടാംവട്ടത്തിൽ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഡെൽഗാഡോ വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും വലതുപക്ഷഭരണം ഇനിവേണ്ട എന്നാണ്‌ വോട്ടർമാർ തീരുമാനിച്ചത്‌.

34 ലക്ഷംമാത്രം ജനസംഖ്യയുള്ള ഉറുഗ്വേ, സുരിനാം കഴിഞ്ഞാൽ തെക്കനമേരിക്കയിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ രാജ്യമാണ്‌. മതിയായ കാരണമില്ലെങ്കിൽ എല്ലാവരും നിർബന്ധമായും വോട്ട്‌ ചെയ്യണമെന്ന്‌ വ്യവസ്ഥയുള്ള ഇവിടെ 89 ശതമാനം പേരാണ്‌ വോട്ട്‌ ചെയ്‌തത്‌. ഒക്‌ടോബറിൽ ഒന്നാംവട്ട പോളിങ്ങിനൊപ്പം പാർലമെന്റിന്റെ ഇരുസഭകളിലേക്കും തെരഞ്ഞെടുപ്പ്‌ നടന്നിരുന്നു. 99 അംഗ അധോസഭയായ പ്രതിനിധിസഭയിൽ 48 സീറ്റോടെ ഇടതുസഖ്യം ഒന്നാമതെത്തിയിരുന്നു. നാഷണൽ പാർടിക്ക്‌ 29 സീറ്റും കൊളറാഡോയ്‌ക്ക്‌ 17 സീറ്റുമാണ്‌ ലഭിച്ചത്‌. ഉപരിസഭയായ 30 അംഗ സെനറ്റിൽ വിശാലമുന്നണി 16 സീറ്റ്‌ നേടിയത്‌ ഓർസിക്ക്‌ കരുത്തു പകരും. ഓർസിയും വൈസ്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കരോലിനി കോസ്സെയും വരുന്ന മാർച്ചിൽ അധികാരമേൽക്കും. രാജ്യം അമേരിക്ക പിന്തുണച്ചിരുന്ന പട്ടാളവാഴ്‌ചയിൽനിന്ന്‌ മോചനം നേടിയിട്ട്‌ 40 വർഷം പിന്നിടുന്ന വേളയിലാണ്‌ അതിനെതിരെ പോരാടിയ ഇടതുപക്ഷം വീണ്ടും ഭരണത്തിലെത്തുന്നത്‌. ഒരാൾക്ക്‌ തുടർച്ചയായി രണ്ടുതവണ പ്രസിഡന്റാകാൻ വിലക്കുള്ള ഇവിടെ 2005ൽ പ്രസിഡന്റായ  തബാരെ വാസ്‌കസിലൂടെയാണ്‌ ഇടതുപക്ഷം ആദ്യമായി അധികാരത്തിലെത്തിയത്‌. തുടർന്ന്‌ രണ്ടുതവണ തുടർച്ചയായി ഇടതുപക്ഷം വിജയിച്ചെങ്കിലും 2019ൽ അമേരിക്കൻ പിന്തുണയോടെ വലതുപക്ഷം അധികാരം പിടിച്ചിരുന്നു.

മേഖലയിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ സർക്കാരുകളെ അട്ടിമറിക്കുന്ന അമേരിക്കൻ ഇടപെടലിന്‌ 1953ൽ ഗയാനയിൽ ചെദ്ദി ജഗനെ പുറത്താക്കിയതുമുതലുള്ള ചരിത്രമുണ്ട്‌. ചിലിയിൽ ജനകീയ പ്രസിഡന്റ്‌ സാൽവദോർ അലെൻഡയുടെ രക്തസാക്ഷിത്വത്തിനും വിശ്വമഹാകവി പാബ്ലോ നെരുദയുടെ മരണത്തിനും ഇടയാക്കിയ അട്ടിമറിയാണ്‌ ഏറ്റവും കുപ്രസിദ്ധം. ആധുനികകാലത്തും ഇടതുപക്ഷ സർക്കാരുകളെ ഉപരോധങ്ങൾ അടിച്ചേൽപ്പിച്ച്‌ ശ്വാസംമുട്ടിക്കുന്നതിനും അട്ടിമറിക്കുന്നതിനും ബ്രസീൽ, വെനസ്വേല, ബൊളീവിയ തുടങ്ങിയ രാജ്യങ്ങളിൽ നടത്തിയ ഇടപെടലുകൾ ഉദാഹരണങ്ങളാണ്‌. വെനസ്വേലയിൽ പ്രസിഡന്റ്‌ നിക്കോളാസ്‌ മഡൂറോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്‌ അമേരിക്ക ഇതുവരെ അംഗീകരിച്ചിട്ടില്ല. വിപ്ലവ ക്യൂബയെ ഒറ്റപ്പെടുത്തി തകർക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ്‌ ജനാധിപത്യവിരുദ്ധമായ അമേരിക്കൻ നീക്കങ്ങളെങ്കിലും അതിനെ ചെറുത്ത്‌ മേഖലയിൽ ഇടതുപക്ഷചേരി വളരുകയാണ്‌. അതിന്റെ ഏറ്റവും പുതിയ ദൃഷ്‌ടാന്തമാണ്‌ ഉറുഗ്വേ യാങ്കി സാമ്രാജ്യത്വത്തിനെതിരായ ചേരിയിൽ തിരിച്ചെത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top