01 February Wednesday

ഡബ്ല്യുടിഒ സമ്മേളനം: നിലപാട്‌ പറയാതെ മോദിസർക്കാർ

വെബ് ഡെസ്‌ക്‌Updated: Monday Jun 13, 2022

 കോവിഡ്‌ സൃഷ്ടിച്ച സാമ്പത്തികമാന്ദ്യവും ഭക്ഷ്യപ്രതിസന്ധിയും വിലക്കയറ്റവും രൂക്ഷമായിരിക്കെ നാലര വർഷത്തിനുശേഷം ലോക വ്യാപാരസംഘടനയുടെ (ഡബ്ല്യുടിഒ) മന്ത്രിതലസമ്മേളനം  ജനീവയിൽ ഞായറാഴ്‌ച തുടങ്ങി. നാലുദിവസം നീളുന്ന 12–-ാമത്‌ മന്ത്രിതല സമ്മേളനത്തിലെ പ്രധാന അജൻഡകൾ വികസ്വര, അവികസിത രാജ്യങ്ങൾക്ക് കടുത്ത ഭീഷണിയാണ്‌. പ്രത്യേകിച്ച്‌  കാർഷിക, മത്സ്യബന്ധന, ഇ–-കൊമേഴ്‌സ്‌ മേഖലകളുമായി ബന്ധപ്പെട്ട നിർദേശങ്ങൾ. പലതിനെപ്പറ്റിയും ഇതുവരെ മോദി സർക്കാർ  നിലപാട്‌ വ്യക്തമാക്കിയിട്ടില്ല. 2017 ഡിസംബറിൽ അർജന്റീനയിലെ ബ്യൂണസ്‌അയേഴ്‌സിലാണ്‌ 11–-ാം സമ്മേളനം നടന്നത്‌. രണ്ടു വർഷത്തിലൊരിക്കൽ ചേരേണ്ട മന്ത്രിതല സമ്മേളനം കോവിഡ്‌ വ്യാപനംമൂലമാണ്‌ നീണ്ടത്‌. ലോക വ്യാപാരത്തിന്റെ 92 ശതമാനവും കൈകാര്യം ചെയ്യുന്ന സംഘടനയിലെ 164 അംഗരാജ്യങ്ങൾ പങ്കെടുക്കുന്ന സമ്മേളനം ശക്തമായ വാദപ്രതിവാദങ്ങൾക്ക്‌ വേദിയാകും. വികസിത രാഷ്ട്രങ്ങളുടെ സമ്മർദത്താൽ കരടുനിർദേശങ്ങൾ ഔദ്യോഗിക പ്രഖ്യാപനമായാൽ അത്‌ ഇന്ത്യയിലെ ചെറുകിട, ഇടത്തരം കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ചില്ലറ വ്യാപാരികൾക്കും കടുത്ത ആഘാതമായിരിക്കും.  

വികസ്വര, അവികസിത രാജ്യങ്ങൾ കാർഷിക, ക്ഷീര, മത്സ്യബന്ധന മേഖലകളിൽ സബ്‌സിഡി നയം തുടരാൻ പാടില്ലെന്ന തർക്കം നിലനിൽക്കെ വികസിത രാജ്യങ്ങൾ നിക്ഷേപ പരിരക്ഷയും ഇ-–-കൊമേഴ്‌സും പോലുള്ള പുതിയ പ്രശ്‌നങ്ങൾ മുന്നോട്ടുവച്ചു. ഇ–കൊമേഴ്‌സിന്‌ അനുവദിച്ച കസ്റ്റംസ്‌ ഡ്യൂട്ടി ഇളവ്‌ തുടരണമെന്നും ചട്ടങ്ങളിൽ തങ്ങൾക്ക്‌ അനുകൂലമായ രീതിയിൽ മാറ്റംവരുത്തണമെന്നുമാണ്‌ വികസിത രാജ്യങ്ങളുടെ ആവശ്യം. കസ്റ്റംസ്‌ ഇളവിലൂടെ അവികസിത രാഷ്ട്രങ്ങൾക്ക്‌ വർഷം 1000–- 1500 കോടി ഡോളറിന്റെ നഷ്ടമുണ്ടാകുന്നു.  -ഇ–- വാണിജ്യം വ്യാപകമായതോടെ വലിയതോതിലുള്ള അസമത്വവും നിലനിൽക്കുന്നു. ഇ–--കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും ഡിജിറ്റൽ ടെക്‌നോളജി കമ്പനികളും ആദ്യം ഡാറ്റയും പിന്നീട്, ഉൽപ്പാദന, വിൽപ്പന, ഗവേഷണ, വിപുലീകരണ സേവനങ്ങളും കുത്തകയാക്കി നിയന്ത്രിക്കുന്നു. കാർഷിക സബ്‌സിഡിയാണ്‌ ഇപ്പോഴും പ്രധാന ചർച്ച.  ഇന്ത്യ ലോക വ്യാപാരസംഘടനയിൽ അംഗമാകുമ്പോൾ വിപണി ലഭ്യത വർധിക്കുന്നത് കാർഷികോൽപ്പന്ന കയറ്റുമതി കൂട്ടുമെന്നും കർഷകർക്ക്‌ അധിക വരുമാനം ഉറപ്പാക്കുമെന്നുമായിരുന്നു അവകാശവാദം. ഇപ്പോൾ സബ്‌സിഡി നിർത്തലാക്കണമെന്നാണ്‌ ആവശ്യം. ഡബ്ല്യുടിഒ നിർദേശമനുസരിച്ച് സബ്‌സിഡി കുറച്ചാൽ ഗോതമ്പിനും അരിക്കും താങ്ങുവില ലഭിക്കില്ല, ഭക്ഷ്യസുരക്ഷയും അപകടത്തിലാകും.
മറ്റൊരു പ്രധാന വിഷയം ഫിഷറീസ് സബ്‌സിഡിയാണ്‌. |

ഫിഷറീസ്‌ സബ്‌സിഡി ഇല്ലാതാക്കാനുള്ള കരടുകരാർ ഇന്ത്യയിലെ ഒരു കോടിയിലേറെ വരുന്ന മത്സ്യത്തൊഴിലാളികളുടെ താൽപ്പര്യങ്ങൾക്കു വിരുദ്ധമാണ്‌. ചെറുകിട മത്സ്യത്തൊഴിലാളികൾക്കുള്ള എല്ലാ ഇളവും ഇല്ലാതാക്കണമെന്ന്‌ ആവശ്യപ്പെടുമ്പോൾത്തന്നെ വികസിത രാഷ്ട്രങ്ങളിലെ കോർപറേറ്റുകളുടെ ട്രോളറുകൾക്ക്‌ എല്ലാ ആനുകൂല്യവും തുടരുകയും ചെയ്യും. കഴിഞ്ഞവർഷം പ്രഖ്യാപിച്ച ഇന്ത്യയുടെ ബ്ലൂ ഇക്കോണമി നയരേഖയും അവതരിപ്പിക്കാൻ പോകുന്ന കേന്ദ്ര ഫിഷറീസ്‌ ബില്ലും ലോക വ്യാപാരസംഘടനാ നിർദേശങ്ങൾക്ക്‌ അനുസരിച്ചാണോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്‌. കോവിഡ്‌ വാക്‌സിനും മറ്റ്‌ മെഡിക്കൽ ഉൽപ്പന്നങ്ങൾക്കും വ്യാപാരവുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശം  (ട്രിപ്‌സ്‌) താൽക്കാലികമായി ഒഴിവാക്കണമെന്നുള്ള  ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും നിർദേശത്തിൽ ഇതുവരെ സമവായത്തിൽ എത്താനായിട്ടില്ല. ദരിദ്ര രാജ്യങ്ങൾക്ക് മാത്രമല്ല, വികസിത രാജ്യങ്ങളിലെ ദുർബല വിഭാഗങ്ങൾക്കും നിർണായകമായ മരുന്നുകൾ, വാക്സിനുകൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവ കുറഞ്ഞവിലയ്‌ക്ക്‌ ലഭ്യമാക്കാൻ എങ്ങനെ  ബൗദ്ധിക സ്വത്തവകാശം പരിമിതപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള  നിർദേശങ്ങളെ എതിർക്കുന്നത്‌ അമേരിക്ക ഉൾപ്പെടെയുള്ള  രാജ്യങ്ങളാണ്‌. ലോകത്തെ വാണിജ്യ, വ്യാപാര മേഖലയിലെ നിലവിലെ മറ്റു പ്രതിസന്ധികൾ,  ഐടി മേഖലയിലെ പുതിയ സാധ്യതകൾ,  കാർഷികമേഖലയിൽ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രത്യാഘാതം, ഭക്ഷ്യസുരക്ഷ തുടങ്ങിയ ഒട്ടേറെ നിർദേശവും അജൻഡയിലുണ്ട്‌.

വികസിത രാജ്യങ്ങളെയും അവരുടെ നിക്ഷിപ്ത താൽപ്പര്യങ്ങളെയും ശക്തമായി എതിർത്താൽ മാത്രമേ,  വികസ്വര രാജ്യങ്ങളുടെയും അവികസിത രാജ്യങ്ങളുടെയും ഹിതം സംരക്ഷിക്കാനാകൂ. വികസ്വര രാജ്യങ്ങളെയും അവികസിത രാജ്യങ്ങളെയും ഒന്നിച്ച്‌ അണിനിരത്താനുള്ള അവസരമായി  മന്ത്രിതലസമ്മേളനത്തെ ഉപയോഗിക്കേണ്ടത്‌ ഇന്ത്യയാണ്‌. രാജ്യത്തെ കർഷകരെയും ചെറുകിട വ്യാപാരികളെയും മത്സ്യത്തൊഴിലാളികളെയും രക്ഷിക്കാനുള്ള ഒരേയൊരു മാർഗമാണ്‌ ഇത്. ഇന്ത്യയുടെ നീക്കം മറ്റു ദരിദ്രരാജ്യങ്ങൾക്കും ധൈര്യം പകരും. എന്നാൽ, ഇതിന്‌ മോദി സർക്കാർ തയ്യാറാകുമോ എന്നാണ്‌ അറിയേണ്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top