03 October Tuesday

അഭിപ്രായസ്വാതന്ത്ര്യത്തിന്‌ വിലങ്ങിട്ട്‌ മോദി സർക്കാർ

വെബ് ഡെസ്‌ക്‌Updated: Friday May 5, 2023


തെരഞ്ഞെടുപ്പും നിയമനിർമാണ, ഭരണനിർവഹണ സംവിധാനങ്ങളും നീതിന്യായ വ്യവസ്ഥയുമാണ്‌ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകം. എന്നാൽ, ജനാധിപത്യ പ്രക്രിയയെ നിലനിർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നതിലെ പ്രധാന ഘടകം മാധ്യമങ്ങളാണ്‌. ബാഹ്യ ഇടപെടൽ ഇല്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമങ്ങൾ ഉണ്ടെങ്കിലേ ജനാധിപത്യം നിലനിൽക്കുകയുള്ളൂ. അതുകൊണ്ടാണ്‌ ജനാധിപത്യത്തിന്റെ നാലാംതൂണായി മാധ്യമങ്ങളെ കാണുന്നത്‌. ഇന്ത്യയെ ഇതുവരെ വ്യത്യസ്തമാക്കി നിലനിർത്തിയിരുന്നത്‌ ശക്തമായ മാധ്യമ സാന്നിധ്യമാണ്‌. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന്‌ അഭിമാനിക്കുന്ന ഇന്ത്യയിൽ ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും പല രീതിയിൽ വിലങ്ങുവീണിരിക്കുകയാണ്‌. ആർഎസ്‌എസ്‌ നിയന്ത്രണത്തിലുള്ള ഇന്ത്യൻ ഭരണാധികാരികൾ അഭിപ്രായ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുംനേരെ നിന്ദ്യമായ കടന്നാക്രമണമാണ്‌ നടത്തുന്നത്‌. തങ്ങൾക്ക്‌ എതിരുനിൽക്കുന്നവരെ, തുറന്നുകാട്ടുന്നവരെ, വിമർശിക്കുന്നവരെ ഇല്ലാതാക്കുമെന്ന സ്വേച്ഛാധിപത്യ നിലപാടാണ്‌ മോദി സർക്കാരിന്റേത്‌. അതിരുവിട്ട അമിതാധികാര പ്രയോഗങ്ങളാണ്‌ എല്ലായിടത്തും. മോദി ഭരണത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിന്റെ ചിറകരിയുന്നതും അഭിപ്രായസ്വാതന്ത്ര്യവും രാഷ്ടീയ സ്വാതന്ത്ര്യവും പരിമിതപ്പെടുത്തുന്നതിന്റെയും നിരവധി ഉദാഹരണങ്ങളുണ്ട്‌. ലോക മാധ്യമസ്വാതന്ത്ര്യ സൂചികയിൽ 180 രാജ്യത്തിൽ ഇന്ത്യ 161–-ാം സ്ഥാനത്തേക്ക്‌ താഴ്‌ന്നതും കേരളത്തെ അധിക്ഷേപിച്ച്‌ പ്രസംഗിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമർശിച്ച്‌ ലേഖനം എഴുതിയ രാജ്യസഭാംഗമായ ജോൺ ബ്രിട്ടാസിനോട്‌  രാജ്യസഭാ ചെയർമാൻ ജഗ്‌ദീ‌പ് ധൻഖർ വിശദീകരണം തേടിയതും ഇതിന്റെ തുടർച്ചയാണ്‌.

മോദി ഭരണത്തിൽ മൗനമാക്കപ്പെടുന്ന ഇന്ത്യൻ മാധ്യമങ്ങളുടെ ദുരവസ്ഥയാണ്‌ കഴിഞ്ഞദിവസം പുറത്തുവിട്ട ലോക മാധ്യമസ്വാതന്ത്ര്യ സൂചികയിലൂടെ പുറത്തുവന്നത്‌. 2022ലെ 150–-ാം സ്ഥാനത്തുനിന്ന്‌ ഈവർഷം 11 സ്ഥാനം പിറകിലേക്കാണ്‌ പോയത്‌. മതതീവ്രവാദ സംഘടനയായ താലിബാൻ ഭരിക്കുന്ന അഫ്‌ഗാനിസ്ഥാൻപോലും മാധ്യമസ്വാതന്ത്ര്യത്തിലും മാധ്യമപ്രവർത്തകരുടെ സുരക്ഷയിലും മുന്നിലാണെന്ന്‌ അറിയുമ്പോഴാണ്‌ ഇന്ത്യയിലെ ദയനീയാവസ്ഥ മനസ്സിലാകുന്നത്‌. മാധ്യമപ്രവർത്തകർക്കുനേരെ കൂടിവരുന്ന ആക്രമണം, രാഷ്ട്രീയപരമായ പക്ഷംപിടിക്കുന്ന മാധ്യമങ്ങൾ, മാധ്യമങ്ങളുടെ ഉടമസ്ഥതയുടെ കേന്ദ്രീകരണങ്ങൾ തുടങ്ങിയവയാണ്‌ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ മാധ്യമ സ്വാതന്ത്ര്യം പ്രതിസന്ധിയിലാകാൻ കാരണം. മാധ്യമ പ്രവർത്തകർക്ക്‌ സ്വതന്ത്രമായും നിർഭയമായും വാർത്ത ശേഖരിക്കാനും റിപ്പോർട്ട്‌ ചെയ്യാനും സാഹചര്യം ലഭിക്കുന്നില്ല. മോദി സർക്കാർ അധികാരത്തിൽ എത്തിയശേഷമാണ്‌ മാധ്യമപ്രവർത്തനം ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്ന രാജ്യമായി ഇന്ത്യ മാറിയത്‌. അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുന്നു എന്നതിന്റെ തെളിവാണ്‌ ഇത്‌. 

കേരളത്തെ അധിക്ഷേപിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമർശിച്ചു ലേഖനം എഴുതിയ സിപിഐ എം എംപി ജോൺ ബ്രിട്ടാസിനോട്‌ വിശദീകരണം തേടിയ രാജ്യസഭാ ചെയർമാൻ ജഗ്‌ദീ‌പ് ധൻഖറിന്റെ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റമാണ്‌. ഓരോ പൗരനും ചെയ്യുന്നതുപോലെ, സർക്കാരിനെയും മന്ത്രിമാരെയും വിമർശിക്കാനും അവർക്കെതിരെ സംസാരിക്കാനും എഴുതാനും രാജ്യസഭാംഗത്തിനും അവകാശമുണ്ട്‌. 

കർണാടകത്തിൽവച്ച്‌ അമിത് ഷാ കേരളത്തെ ആക്ഷേപിച്ചതിനെയാണ്‌ ബ്രിട്ടാസ്‌ വിമർശിച്ചത്‌. അമിത്‌ ഷായെ വിമർശിച്ചാൽ അത്‌ രാജ്യദ്രോഹക്കുറ്റമാണെന്ന ബിജെപി നേതാവിന്റെ പരാതിയിലാണ്‌ രാജ്യസഭാ ചെയർമാന്റെ നടപടി. കേരളത്തെ അപമാനിച്ച അമിത്‌ ഷായെ വിമർശിച്ചാൽ അത്‌ എങ്ങനെയാണ്‌ രാജ്യദ്രോഹമാകുകയെന്ന്‌ വ്യക്തമാക്കാൻ ഭരണഘടനാ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്നവർക്ക്‌ ബാധ്യതയുണ്ട്‌. രാജ്യസഭാ ചെയർമാന്റെ  നടപടി അഭിപ്രായസ്വാതന്ത്ര്യം തടയാനുള്ള നീക്കമാണെന്നാണ്‌ ഡെക്കാൻ ഹെറാൾഡ്‌, ഇന്ത്യൻ എക്‌സ്‌പ്രസ്‌, ഫ്രീ പ്രസ്‌ ജേർണൽ എന്നീ മാധ്യമങ്ങൾ മുഖപ്രസം​ഗത്തിൽ വ്യക്തമാക്കിയത്‌. എംപിമാർക്ക് സഭയ്‌ക്കകത്തും പുറത്തും തങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യം വിനിയോഗിക്കാൻ കഴിയുന്നില്ലെങ്കിൽ സാധാരണ പൗരന്റെ സ്ഥിതി എന്തായിരിക്കുമെന്ന ചോദ്യമാണ്‌ ഉയർന്നുവരുന്നത്‌. ആഭ്യന്തര മന്ത്രിക്കെതിരെ അപകീർത്തികരമായ എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ, നിയമപ്രകാരം നടപടിയെടുക്കുന്നതിനു പകരം രാജ്യദ്രോഹക്കുറ്റം ആരോപിച്ച്‌ വിദശീകരണം തേടുന്നത്‌ ജനാധിപത്യ വിശ്വാസികളെയാകെ ഭയപ്പെടുത്തുന്നതാണ്‌.

മാധ്യമസ്വാതന്ത്ര്യത്തെ ആശ്രയിച്ചാണ്‌ മറ്റെല്ലാ സ്വാതന്ത്ര്യവും നിലകൊള്ളുന്നത്‌. കീഴ്‌പ്പെടാത്ത മാധ്യമങ്ങളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്‌ നിയന്ത്രണത്തിലാക്കിയും വഴങ്ങാതെ സ്വന്തം ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകരെ കേസിൽ കുടുക്കി ജയിലിൽ അടച്ചും മോദി സർക്കാർ മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുകയാണ്‌. അടിയന്തരാവസ്ഥക്കാലത്തേക്കാൾ വലിയ കടന്നാക്രമണമാണ്‌ ഇപ്പോൾ നടത്തുന്നത്‌. അഭിപ്രായ സ്വാതന്ത്ര്യത്തിനും സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനും വിലങ്ങിട്ട്‌  ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രത്തെ ഹിന്ദുരാഷ്ട്രമാക്കാനുള്ള മോദി സർക്കാരിന്റെ നീക്കങ്ങൾക്കെതിരെ മുഴുവൻ ജനാധിപത്യ, മതനിരപേക്ഷ വിശ്വാസികളും ഒറ്റക്കെട്ടായി  രംഗത്തിറങ്ങേണ്ടത്‌ അനിവാര്യമാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top