23 July Tuesday

വിധികൾക്ക് പിന്നിലെ മുൻവിധികൾ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 31, 2022


ജഡ്‌ജിമാർ സർവജ്ഞരോ തെറ്റ്‌ പറ്റാത്തവരോ അതിമാനുഷ സിദ്ധികളുള്ളവരോ അല്ല. പക്ഷേ, നിയമസംഹിതകളിൽ ‘പാണ്ഡിത്യ’വും നീതിന്യായ സംവിധാനത്തിൽ അനുഭവസമ്പത്തും ഉള്ളവരായി കണക്കാക്കപ്പെടുന്ന അവരെ, വിശേഷിച്ച്‌ പരമോന്നത നീതിപീഠത്തിന്റെ ഭാഗമായവരെ, സവിശേഷ മഹിമയുള്ളവരായാണ്‌ പൊതുസമൂഹം കാണുന്നത്‌. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെപ്പോലും നേർവഴിക്ക്‌ നയിക്കാൻ അധികാരമുള്ളവരായാണ്‌ കോടതികളെയും ജഡ്‌ജിമാരെയും ജനങ്ങൾ കാണുന്നത്‌. ജനാധിപത്യ വ്യവസ്ഥയിൽ നീതിക്കുവേണ്ടി സമീപിക്കാൻ പൗരരുടെ അവസാന ആശ്രയമാണല്ലോ കോടതികൾ. എന്നാൽ, സമീപകാലത്ത്‌ പല കോടതിവിധികളും കോടതിമുറികൾക്കകത്തും പുറത്തും ജഡ്‌ജിമാർ നടത്തുന്ന അഭിപ്രായപ്രകടനങ്ങളും നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസം ചോർത്തിക്കളയുന്നതാണ്‌. അന്ധമായ മുൻവിധികളും രാഷ്‌ട്രീയ വിരോധങ്ങളും ഭരണാധികാരികളോടുള്ള ലജ്ജാകരമായ വിധേയത്വവും അവരെ എത്രമാത്രം അധഃപതിപ്പിക്കുന്നു എന്നതിന്‌ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ സുപ്രീംകോടതിയിലെ മുൻ ജഡ്‌ജി ഇന്ദു മൽഹോത്ര കഴിഞ്ഞദിവസം തിരുവനന്തപുരത്ത്‌ വന്നപ്പോൾ നടത്തിയ പ്രസ്‌താവന.

കമ്യൂണിസ്റ്റ്‌ സർക്കാരുകൾ എല്ലായിടത്തും ഹിന്ദുക്ഷേത്രങ്ങൾ പിടിച്ചെടുക്കുകയാണെന്നും വരുമാനംമാത്രം ലക്ഷ്യമിട്ടാണ്‌ ഇത്‌ ചെയ്യുന്നതെന്നുമാണ്‌ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ അവരെ സ്വീകരിച്ച സംഘപരിവാറുകാരോട്‌  പറഞ്ഞത്‌. ഹിന്ദുക്ഷേത്രങ്ങൾ മാത്രമാണ്‌ ഇത്തരത്തിൽ ഏറ്റെടുക്കുന്നതെന്നും ഇത്‌ തങ്ങൾ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ച അവർ ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഇത്തരമൊരു ശ്രമം താനും ജസ്റ്റിസ്‌ യു യു ലളിതും ചേർന്ന്‌ തടഞ്ഞതായും അവകാശപ്പെട്ടു. ഇപ്പോൾ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസായിരിക്കുന്ന ലളിതിനെക്കൂടി തന്റെ കമ്യൂണിസ്റ്റ്‌ വിരുദ്ധ ഗൂഢാലോചനയിൽ പങ്കാളിയാക്കി എന്നാണ്‌ അവർ പറഞ്ഞുവച്ചത്‌. കേരളത്തിൽ സംഘപരിവാറുകാർ പതിറ്റാണ്ടുകളായി പ്രചരിപ്പിക്കുന്ന പച്ചക്കള്ളമാണ്‌ ക്ഷേത്രങ്ങളുടെ സ്വത്ത്‌ സംബന്ധിച്ച്‌ ഇന്ദു മൽഹോത്ര പറഞ്ഞത്‌. നവമാധ്യമങ്ങൾ അതിശക്തമായ ഇക്കാലത്ത്‌ ഫാസിസ്റ്റുകളുടെ പ്രധാന ആയുധമാണ്‌ ‘വാട്‌സാപ്‌ സർവകലാശാലകൾ’. അവ പടച്ചുവിടുന്ന ഇത്തരം നുണകളാണ്‌ സുപ്രീംകോടതി ജഡ്‌ജിയായിരുന്ന ഇവരെപ്പോലുള്ളവരെ നയിക്കുന്നത്‌ എന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ രാജകുടുംബത്തിനുകൂടി പങ്കുള്ള ഭരണസംവിധാനം എന്ന ആശയത്തെ കേരളത്തിൽ എൽഡിഎഫ്‌ അധികാരത്തിലിരുന്ന ഒരുഘട്ടത്തിലും സർക്കാർ എതിർത്തിട്ടില്ല. ദേവസ്വങ്ങൾക്ക്‌ എൽഡിഎഫ്‌ സർക്കാർ നാലു വർഷത്തിനിടെ 449 കോടി രൂപ നൽകിയതായി ദേവസ്വംമന്ത്രി കെ രാധാകൃഷ്‌ണൻ വ്യക്തമാക്കിയതും ഇന്ദു മൽഹോത്ര പറഞ്ഞത്‌ പച്ചക്കള്ളമാണെന്ന്‌ തെളിയിക്കുന്നതാണ്‌.

ഇതൊക്കെ അറിയാവുന്നതുകൊണ്ടാകാം, പൊതുവെ കമ്യൂണിസ്റ്റ്‌ വിരുദ്ധ നിലപാടുള്ള കേരളത്തിലെ ‘മുഖ്യധാരാ’ പത്രങ്ങൾപോലും മുൻ ജഡ്‌ജിയുടെ ‘സ്‌ഫോടനാത്മകമായ’ പ്രസ്‌താവന അപ്രധാനമായാണ്‌ നൽകിയത്‌. എങ്കിലും കേരളത്തിനും ഇടതുപക്ഷത്തിനുമെതിരെ പുറത്ത്‌ സംഘപരിവാർ നടത്തുന്ന ദുഷ്‌പ്രചാരണങ്ങൾക്ക്‌ എരിവ്‌ പകരാൻ ഉദ്ദേശിച്ചുള്ളതാണ്‌ അവരുടെ പ്രസ്‌താവന എന്നു കാണാൻ പ്രയാസമില്ല. കേരളത്തിലെ ക്ഷേത്രങ്ങളെ ആയുധപ്പുരകളും ആയുധപരിശീലനകേന്ദ്രങ്ങളുമായി മാറ്റാനുള്ള ആർഎസ്‌എസ്‌ അജൻഡ നടപ്പാക്കുന്നതിന്‌ പ്രധാന തടസ്സം ഇടതുപക്ഷമാണ്‌ എന്ന തിരിച്ചറിവിലാണ്‌ കമ്യൂണിസ്റ്റുകാർക്കെതിരെ ഇത്തരം പച്ചക്കള്ളങ്ങൾ ഉന്നതസ്ഥാനങ്ങളിൽ ഇരുന്നവരെക്കൊണ്ടുപോലും സംഘപരിവാർ പറയിക്കുന്നത്‌.

കേരളത്തിലെ ക്ഷേത്രങ്ങളുടെയും വിശ്വാസികളുടെയും കാര്യത്തിൽ കമ്യൂണിസ്റ്റുകാർ വഹിച്ച പങ്ക്‌ ചരിത്രത്തിന്റെ ഭാഗമാണ്‌. ക്ഷേത്രങ്ങളുടെ നാലയലത്തുപോലും പ്രവേശനം ഇല്ലാതിരുന്ന ജനലക്ഷങ്ങൾക്ക്‌ അവയ്‌ക്കകത്തുകടന്ന്‌ പ്രാർഥിക്കുന്നതിനും ആരാധിക്കുന്നതിനുമുള്ള അവകാശത്തിനുവേണ്ടി കേരളത്തിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ആദ്യനായകരായ പി കൃഷ്‌ണപിള്ളയും എ കെ ജിയും അടക്കമുള്ളവരാണ്‌ പോരാടിയത്‌. അതുവരെ അകറ്റിനിർത്തപ്പെട്ടവർക്ക്‌ പ്രവേശനം ലഭിച്ചതോടെയാണ്‌ പല ക്ഷേത്രങ്ങളിലും വരുമാനമുയർന്നത്‌. കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം ജനങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യത്തിനുവേണ്ടി നടത്തിയ പോരാട്ടത്തിന്റെ തുടർച്ചയിലാണ്‌ ദളിത്‌ വിഭാഗക്കാരെയും ദേവസ്വംബോർഡ്‌ ക്ഷേത്രങ്ങളിൽ പൂജാരിയാക്കി ഒന്നാം പിണറായി സർക്കാർ വിപ്ലവകരമായ തീരുമാനമെടുത്തത്‌. ഇത്തരം നടപടികളുടെ ഫലമായി യഥാർഥ ഈശ്വരവിശ്വാസികളുടെയാകെ പിന്തുണ ഇടതുപക്ഷത്തിനായതിനാലാണ്‌ സംഘപരിവാറിന്റെ ഹീന അജൻഡകൾ കേരളത്തിൽ വിലപ്പോകാത്തത്‌.

ഇതിന്‌ മാറ്റം വരുത്തുന്നതിനാണ്‌ സംഘപരിവാറിന്റെ ശ്രമം. ഭരണഘടനയേക്കാൾ വർഗീയ രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ നയിക്കപ്പെടുന്ന ഇത്തരം മുൻ ജഡ്‌ജിമാരെ രംഗത്തിറക്കുന്നത്‌ അതിന്റെ ഭാഗമാണ്‌. ഉന്നത നീതിപീഠത്തെതന്നെയാണ്‌ ഇത്തരക്കാർ സംശയത്തിലാക്കുന്നത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top