ആവർത്തിക്കരുത് ഈ ക്രൂരത

വയനാട് മാനന്തവാടിയിൽ ആദിവാസി യുവാവ് മാതനെ കാറിൽ കുടുക്കി റോഡിലൂടെ വലിച്ചിഴച്ച ക്രൂരത നവോത്ഥാന കേരളത്തിനേറ്റ കളങ്കമാണ്. പയ്യപ്പള്ളി കൂടൽക്കടവിലെ ചെക്ക് ഡാം കാണാനെത്തിയ സഞ്ചാരികൾ തമ്മിലുണ്ടായ സംഘർഷം അന്വേഷിക്കാനെത്തിയ പ്രദേശവാസിയായ മാതൻ നേരിട്ട അനുഭവം ചിലരുടെ മനസ്സിൽനിന്ന് ഇപ്പോഴും മാടമ്പിത്തരം വിട്ടുപോയിട്ടില്ലെന്നതിന്റെ സൂചനയാണ്. അഭിജാതഗർവും ആക്രമണോത്സുകതയും ഒന്നുചേർന്നാണ് ഏകനും നിസ്സഹായനുമായ ഒരാളെ കേട്ടുകേൾവിയില്ലാത്തവിധം കാറിൽ കെട്ടിവലിക്കാനുള്ള മനോനില പ്രതികൾക്കുണ്ടായതെന്നു വേണം കരുതാൻ.
കർക്കശനടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപിക്ക് നിർദേശം നൽകുകയും മന്ത്രി ഒ ആർ കേളു പ്രശ്നത്തിൽ ഇടപെടുകയും ചെയ്തു. സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുംവിധം പ്രതികൾക്ക് ശിക്ഷ ലഭിക്കാനുള്ള നടപടികൾ തുടർന്നുണ്ടാകുമെന്നും സർക്കാർ ഉറപ്പാക്കി. രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
ഞായർ വൈകിട്ട് കൂടൽക്കടവ് ചെക്ക്പോസ്റ്റിലെത്തിയ സഞ്ചാരിസംഘങ്ങൾ തമ്മിൽ വാക്കുതർക്കമുണ്ടായതാണ് തുടക്കം. അത് അസഭ്യവർഷത്തിലേക്കെത്തിയപ്പോഴാണ് കൂടൽക്കടവ് ചെമ്മാട് ഉന്നതിയിൽ താമസിക്കുന്ന മാതൻ വിവരം അന്വേഷിക്കാനെത്തിയത്. അതോടെ മാതനുനേരേ തിരിഞ്ഞ ഒരുസംഘം കാറിന് സമീപം നിൽക്കുകയായിരുന്ന മാതന്റെ കൈപിടിച്ചുവച്ച് വേഗതയിൽ കാറോടിച്ച് പോവുകയായിരുന്നു. 200 മീറ്ററ്റോളം വലിച്ചിഴച്ചപ്പോഴേക്കും നാട്ടുകാർ ബഹളം വച്ച് പിറകെ എത്തിയതുകൊണ്ടുമാത്രം മാതനെ ഉപേക്ഷിച്ച് അവർ കടന്നുകളഞ്ഞു. നാട്ടുകാർ പകർത്തിയ ദൃശ്യങ്ങളിലൂടെയാണ് പുറംലോകമറിഞ്ഞത്. റോഡിലുരഞ്ഞ് മാതന്റെ ശരീരത്തിന്റെ പുറംഭാഗത്തും കാലിലും ഉപ്പൂറ്റിയിലും തൊലിയുരിഞ്ഞുപോയി. മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ മാതൻ.
അട്ടപ്പാടിയിൽ മധുവെന്ന ആദിവാസി യുവാവിനെ കള്ളനെന്നാരോപിച്ച് ആൾക്കൂട്ടം മർദിച്ചുകൊന്ന സംഭവം കേരള മനഃസാക്ഷിയെ ഞെട്ടിച്ചു. 2018 ഫെബ്രുവരി 22 ന് നടന്ന ആക്രമണത്തിൽ 13 പ്രതികൾക്ക് 2023 ഏപ്രിൽ നാലിന് മണ്ണാർക്കാട് എസ്‌സി–- എസ്ടി പ്രത്യേകകോടതി കഠിനതടവ് വിധിച്ചു. ആദിവാസി ദളിത് പീഡനങ്ങൾക്കെതിരെ സർക്കാർ കർക്കശനിലപാട് സ്വീകരിച്ചിട്ടും അവ ആവർത്തിക്കുന്നത് സാമൂഹ്യമായ അവബോധത്തിലുണ്ടാകേണ്ട മാറ്റത്തെ വെളിപ്പെടുത്തുന്നു.
സമഭാവനയിലൂന്നിയ രാഷ്ട്രീയബോധ്യത്തിലൂടെയും മാനവികതയിലും ശാസ്ത്രീയവീക്ഷണത്തിലും അധിഷ്ഠിതമായ ആധുനിക വിദ്യാഭ്യാസത്തിലൂടെയും മാത്രമേ സമത്വബോധമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാനാകൂ എന്നതിന് കേരളചരിത്രം ഉദാഹരണമാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനവും ശ്രീനാരായണഗുരുവും അയ്യൻകാളിയും വാഗ്‌ഭടാനന്ദനും അടക്കമുള്ള നവോത്ഥാന നായകരും നയിച്ച സാമൂഹികപരിഷ്കരണം സൃഷ്ടിച്ച മാനവികബോധമാണ് മലയാളിയുടെ മനുഷ്യത്വത്തിൽ ഊന്നിയ സാമൂഹ്യ അവബോധത്തിന് രൂപം നൽകിയത്. ഇന്ത്യയുടെ ഇതരഭാഗങ്ങളിൽ മാത്രമല്ല ലോകത്തിൽ തന്നെ പലയിടത്തും മതത്തിന്റെയും വംശീയതയുടെയും ജാതീയതയുടെയും ദേശീയതയുടെയും പേരിൽ ഉച്ചനീചത്വങ്ങൾ സൃഷ്ടിച്ച് നേട്ടം കൊയ്യുന്നവർ പ്രബലമാകുമ്പോൾ കേരളം പ്രതിരോധിക്കുന്നത് നവോത്ഥാനം സൃഷ്ടിച്ച സാമൂഹ്യഅവബോധത്താലാണ്.
തുല്യത എന്ന അതുല്യപദവി ഓരോ ഇന്ത്യൻ പൗരനും കൽപ്പിച്ചു നൽകിയ ഇന്ത്യൻ ഭരണഘടന സവർണ വരേണ്യരാഷ്ട്രീയത്തിൽനിന്ന് വലിയ വെല്ലുവിളി നേരിടുന്ന കാലത്തിലൂടെ രാജ്യം കടന്നുപോകുമ്പോൾ പ്രതീക്ഷയുടെ ശേഷിപ്പായ കേരളത്തിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ് മാനന്തവാടിയിൽ സംഭവിച്ചത്. അതിന് ഉത്തരവാദികളായവർക്ക് എതിരെ കർശന നടപടിയുണ്ടാകണം. അതോടൊപ്പം നവോത്ഥാന മാനവികമൂല്യങ്ങൾക്ക് ശോഷണം സംഭവിക്കാതെ കാത്തുസൂക്ഷിക്കാൻ കേരളസമൂഹം നിതാന്ത ജാഗ്രത പുലർത്തേണ്ടതുണ്ട്. നവോത്ഥാന ആശയങ്ങൾ സാമൂഹ്യാവബോധമായി രൂപപ്പെടുത്തുന്നതിനുള്ള നിരന്തരയജ്ഞം തുടരുക എന്നതു മാത്രമാണ് ഏകമാർഗം.
Related News

0 comments