21 September Saturday

കൈകോർത്ത്‌ കേരളം ഐക്യത്തോടെ മുന്നോട്ട്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024


ഇരുട്ടിന്റെ അഗാധതയിൽ ഇരമ്പിയാർത്തെത്തിയ ടൺകണക്കിന്‌ മണ്ണും മൂർച്ചയുള്ള കല്ലുകളുമടക്കമുള്ള ഉരുൾപൊട്ടൽ നേരിടാൻ വയനാടൻ മേഖലകളിൽ കേരളം ഒറ്റമനുഷ്യനെപ്പോലെ പിടഞ്ഞെണീറ്റു. തുടർന്ന്‌ എല്ലാ വ്യത്യാസവും മറന്ന്‌ യുദ്ധകാലാടിസ്ഥാനത്തിൽ ദുരിതബാധിതരെ നാട്‌ നെഞ്ചോടു ചേർത്തു. ദുരിതാശ്വാസ നിധിയിലേക്ക് കഴിയുംവിധം സഹായം എത്തിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർഥന ലോകമെങ്ങുമുള്ള മലയാളികൾ ഹൃദയത്തിലേറ്റുവാങ്ങി. എല്ലാ കോണിൽനിന്നും സവിശേഷമായ പ്രതികരണമുണ്ടായി. ശേഷിയുള്ളവരുടെ കോടികൾ മുതൽ രാജ്യത്താകെയുള്ള കലാകാരന്മാരുടെ ലക്ഷങ്ങൾ തൊട്ട്‌ ജീവനക്കാരുടെ ആയിരങ്ങളടക്കം ദരിദ്ര കുരുന്നുകളുടെ കുടുക്കവരെ ഒരു സമ്മർദവുമില്ലാതെ ഒഴുകാൻ തുടങ്ങി. സിഎംഡിആർഎഫ്‌ മുഖേനയാണ്‌ ആ ധനസമാഹരണം. നിസ്സഹായരായ നൂറുകണക്കിന്‌ മനുഷ്യരുടെ ജീവൻ കവർന്ന ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഏകോപിതവും വിപുലവുമായ പരിശ്രമങ്ങൾ ജീവനുകൾ കരയ്‌ക്കടുപ്പിച്ചു. താൽക്കാലിക പാലം സജ്ജമായത്‌ രക്ഷാപ്രവർത്തനത്തിന്റെ വേഗംകൂട്ടി. വ്യോമസേനാ ഹെലികോപ്റ്റർ ഉപയോഗിച്ചും ആളുകളെ ആശുപത്രിയിലേക്കു മാറ്റി. ഇന്റലിജന്റ്‌ ബറീഡ് ഒബ്ജക്ട് ഡിറ്റക്ഷൻ സിസ്റ്റം മണ്ണിൽപൂണ്ടുപോയ മനുഷ്യസാന്നിധ്യം കണ്ടെത്താൻ ഉപയോഗപ്പെട്ടു.

കൂട്ടായ്‌മയുടെ അത്യസാധാരണമായ ഉദാഹരണമാണ്‌ തെളിഞ്ഞത്‌. ഒരാൾക്കും മുഖംതിരിഞ്ഞു നിൽക്കാൻ സാധിക്കാത്ത അന്തരീക്ഷം. എന്നിട്ടും സമൂഹമാധ്യമങ്ങളിൽ ചുരുക്കം ചില വ്യാജപ്രചാരണങ്ങളുണ്ടായി. കനത്ത പേമാരിയെത്തുടർന്നുള്ള പ്രകൃതിക്ഷോഭ സാധ്യതയെക്കുറിച്ച്‌ സംസ്ഥാനത്തിന് ഒരാഴ്‌ച മുമ്പ്‌ സൂചന കൊടുത്തിരുന്നെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ പാർലമെന്റിലും അവകാശപ്പെട്ടു. സമാനവാദങ്ങൾ രാജ്യസഭയിലും ഉയർത്തി. എന്നാൽ, മുഖ്യമന്ത്രി അത് വസ്തുതയല്ലെന്ന് വ്യക്തമാക്കി. കേന്ദ്രത്തിന്റേത്‌ കാലാവസ്ഥാ മുന്നറിയിപ്പ്‌ മാത്രമാണെങ്കിലും അതീവ ഗൗരവത്തോടെയാണ്‌ കണ്ടതെന്നും പറഞ്ഞു. ദുരന്തമുണ്ടായിടത്ത്‌ ഓറഞ്ച് അലർട്ടായിരുന്നു. 115–- 204 മില്ലിമീറ്റർ മഴ എന്നായിരുന്നു മുന്നറിയിപ്പ്‌. ആദ്യ 48 മണിക്കൂറിൽ 572 മില്ലിമീറ്റർ മഴ തിമിർത്തുപെയ്തു. ദുരന്തശേഷമായിരുന്നു കേന്ദ്രം റെഡ്‌ അലർട്ട്‌ നൽകിയത്‌.

ജിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യ ജൂലൈ 29നു നൽകിയ മണ്ണിടിച്ചിൽ/ഉരുൾപൊട്ടൽ മുന്നറിയിപ്പിൽ ഗ്രീൻ അലർട്ടായിരുന്നു. ഉരുൾപൊട്ടലിനുള്ള സാധ്യതയുണ്ടായില്ല. ജലകമീഷൻ ജൂലൈ 23–-29 വരെ ഒറ്റദിവസം ഇരുവഴഞ്ഞിപ്പുഴയിലോ ചാലിയാറിലോ പ്രളയമുന്നറിയിപ്പും നൽകിയില്ല. ആ വസ്‌തുതകൾ മറച്ചുവച്ച മാധ്യമങ്ങൾതന്നെ ഇപ്പോൾ സത്യം റിപ്പോർട്ടു ചെയ്തു. വയനാടിന്‌ ചുവപ്പുജാഗ്രത നൽകിയത് 30-നു പുലർച്ചെയെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പി (ഐഎംഡി)നെ ഉദ്ധരിച്ച്‌ സമ്മതിക്കേണ്ടിവന്നു. ഐഎംഡി മേധാവി മൃത്യുഞ്ജയ് മഹാപത്ര വിശദാംശം വെളിപ്പെടുത്തുകയും ചെയ്‌തു. മുന്നറിയിപ്പ് 30-നു രാവിലെയാണ് ലഭിച്ചതെന്ന മുഖ്യമന്ത്രിയുടെ നിലപാട്‌ ശരിവയ്‌ക്കുന്നതാണ്‌ ഇത്‌.

ദുരിതം അനുഭവിക്കുന്നവർക്ക് സഹായം നൽകണമെന്ന അഭ്യർഥനയെ കഴിഞ്ഞ പ്രളയവേളയിൽ തുരങ്കംവയ്‌ക്കാൻ ചിലർ ശ്രമിച്ചിരുന്നെന്നങ്കിലും ഇക്കുറി സർവ മേഖലയിൽനിന്നുള്ളവരും ഐക്യത്തോടെ നിന്നു. എല്ലാവരും വയനാട്ടിലേക്ക്‌ കണ്ണും കാതും പകുത്തുനൽകി. ചില്ലിക്കാശുകൾ ഒറ്റച്ചരടിൽ കോർത്തുവച്ചു. ഒറ്റപ്പെട്ട അസംബന്ധ നിലപാടുകാരെ പൊതുസമൂഹം അകറ്റിനിർത്തി. സർക്കാർ സംവിധാനങ്ങൾക്കു പുറമെ വിവിധ സംഘടനകളും സ്ഥാപനങ്ങളും സഹായഹസ്തവുമായി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ സംഘടിത പ്രചാരണം ഇളക്കിവിട്ട ഒട്ടേറെ പേർക്കെതിരെ കേസെടുത്തത്‌ മറ്റൊരുതലം. ദുരിതാശ്വാസം തടസ്സപ്പെടുത്തുകയെന്ന ദുരുദ്ദേശ്യത്തോടെ പോസ്‌റ്റിട്ടതിനും പ്രചരിപ്പിച്ചതിനുമാണ് വയനാട് സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. സമൂഹമാധ്യമമായ എക്സിൽ ‘കോയിക്കോടൻസ് 2.0 ’എന്ന പ്രൊഫൈലിൽനിന്നായിരുന്നു പ്രകോപനപരമായ ആഹ്വാനം. സമൂഹമാധ്യമങ്ങളിൽ സൈബർ നിരീക്ഷണം ശക്തമാക്കിയിരിക്കയാണ്‌.

അതിനിടയിലും മലയാളികൾ ചരിത്രബോധവും നവോത്ഥാന ചിന്തകളും സഹജീവി സ്‌നേഹവും കൊടിയടയാളമാക്കി മാതൃകയാകുകയാണ്‌. ശുഷ്‌ക സമ്പാദ്യമാണെങ്കിലും അതും പങ്കുവയ്‌ക്കാൻ ഭൂരിപക്ഷവും മുന്നോട്ടുവന്നു. എല്ലാം കൈമോശംവന്ന്‌ അനാഥരായ കുരുന്നുകളുടെ മുഴുവൻ വിദ്യാഭ്യാസച്ചെലവും ഏറ്റെടുക്കാൻ ഉറപ്പുനൽകിയവർ. അമ്മയ്‌ക്ക്‌ മൊബൈൽ ഫോൺ വാങ്ങാൻ ശേഖരിച്ച നാണയത്തുട്ടുകൾ ഇരുകൈയും കൂപ്പിനൽകിയ കുഞ്ഞ്‌. ഇത്രയും സാധനങ്ങൾ ധാരാളമെന്ന്‌ മറുപടി കൊടുത്ത വളന്റിയർമാരോട്‌ എത്രയായാലും തികയില്ലെന്ന്‌ പ്രതികരിച്ച പെട്ടിപ്പീടികക്കാരൻ. പിഞ്ചുകുട്ടികൾക്ക് മുലപ്പാൽ കൊടുക്കാൻ സന്നദ്ധരായ അമ്മമാർ. ദുഷ്‌കരസാഹചര്യത്തിൽ ജീവൻ പണയംവച്ച്‌ വിലാപക്കടലുകളിൽ ഇറങ്ങിയ സൈനികർ. വൈദ്യുതി പുനഃസ്ഥാപിക്കാൻ ഭക്ഷണംപോലും ഉപേക്ഷിച്ച്‌ രാപകൽ കഷ്ടപ്പെട്ട വൈദ്യുതി ജീവനക്കാർ. ജീവൻ പണയംവച്ച്‌ രക്ഷാപ്രവർത്തനത്തിനായി ഓടിയ അഗ്നിശമനസേന. അങ്ങനെ നിശ്ശബ്ദ ത്യാഗങ്ങളുടെയും സഹനങ്ങളുടെയും ആയിരക്കണക്കിന്‌ കൈത്താങ്ങുകളും കൈത്തിരികളും. അതെ, ദുരന്തഭൂമിയിലേക്ക് കാരുണ്യം പ്രവഹിക്കുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top