07 July Tuesday

മല്യയെ രക്ഷിച്ചത‌് മോഡി സർക്കാർ

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018


പഞ്ചാബ‌്  നാഷണൽ ബാങ്ക് ഉൾപ്പെടെയുള്ള പൊതുമേഖലാ ബാങ്കുകളിൽനിന്ന‌് 9000 കോടി തട്ടിയെടുത്ത് രാജ്യംവിട്ട മദ്യരാജാവാണ് വിജയ് മല്യ. തട്ടിപ്പ് കേസിൽ മല്യയ‌്ക്കെതിരെ ‘ലുക്ക് ഔട്ട് നോട്ടീസ‌്’ നിലവിലിരിക്കെയാണ്  വിജയ് മല്യ ബ്രിട്ടനിലേക്ക് പറന്നത്. ഉന്നതരുടെ സഹായമില്ലാതെ ഇത് സാധ്യമാകുമായിരുന്നില്ല. ആരാണ് മല്യയെ സഹായിച്ചത് എന്ന കാര്യം മാത്രമായിരുന്നു അറിയേണ്ടിയിരുന്നത്. ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുബ്രഹ്മണ്യൻ സ്വാമി തന്നെ ജൂൺ 12നുള്ള ട്വീറ്റൽ ഈ ചോദ്യം ഉന്നയിച്ചിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് മറികടക്കാൻ മല്യയെ സഹായിച്ച സർക്കാരിലെ വമ്പനാരാണ് എന്ന ചോദ്യമാണ്  സുബ്രഹ്മണ്യൻ സ്വാമി ഉയർത്തിയത്. ഇപ്പോൾ വിജയ് മല്യ തന്നെ അതിന് ഉത്തരം നൽകിയിരിക്കുന്നു. രാജ്യം വിടുന്നതിന് തൊട്ടുമുമ്പ് താൻ ധനമന്ത്രി അരുൺ ജെയ‌്റ്റ‌്‌ലിയെ കണ്ടിരുന്നുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിട്ടുള്ളത്. മല്യയെ വിട്ടുകിട്ടുന്നതിനുള്ള കേസിൽ ലണ്ടനിലെ കോടതിയിൽ ഹാജരാകുന്നതിന് എത്തിയ വേളയിലാണ് മല്യ ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

രണ്ട് കാര്യങ്ങളാണ് മല്യ പറഞ്ഞത്. ഒന്ന് വായ്പാതട്ടിപ്പ് പ്രശ്‌നം പരിഹരിക്കാൻ തയ്യാറാണെന്നും രണ്ടാമതായി താൻ ലണ്ടനിലേക്ക് പോകുകയാണെന്നും അദ്ദേഹം ജെയ്റ്റ്‌ലിയെ അറിയിച്ചു. ഇക്കാര്യം അരുൺ ജെയ‌്റ്റ‌്‌ലി സ്ഥിരീകരിക്കുകയും ചെയ്തു. ഔദ്യോഗിക കൂടിക്കാഴ്ചയായിരുന്നില്ല അതെന്നും ഒരു വാക്ക് മാത്രമാണ് മല്യയുമായി കൈമാറിയതെന്നുമാണ് അരുൺ ജെയ്‌റ്റ‌്‌ലിയുടെ വാദം.  എന്നാൽ, ജെയ‌്റ്റ‌്‌ലിയും മല്യയും തമ്മിലുള്ള കുടിക്കാഴ്ചയ‌്ക്ക് ദൃക്‌സാക്ഷിയായ ഉത്തർപ്രദേശിൽനിന്നുള്ള കോൺഗ്രസ് രാജ്യസഭാംഗം എം എൽ പൂനിയ പറയുന്നത് പാർലമെന്റിന്റെ വരാന്തയിലും പിന്നീട‌് സെൻട്രൽ ഹാളിലുമായി നടന്ന കൂടിക്കാഴ്ച്ച 15 മിനിറ്റോളം നീണ്ടുനിന്നെന്നാണ്.  സിസിടിവി പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറയുന്നു. കോടികൾ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ കണ്ടെത്തി ശിക്ഷിക്കാൻ ബാധ്യതയുള്ള ധനമന്ത്രിയാണ് അതേ പ്രതിയുമായി കുടിക്കാഴ്ച നടത്താൻ തയ്യാറായത്.  ഇന്ത്യൻ നിയമവ്യവസ്ഥയോടുള്ള പരസ്യമായ വെല്ലുവിളിയാണിത്.  ധനമന്ത്രിയുടെതന്നെ കീഴിലുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയോ അതുമല്ലെങ്കിൽ കേസന്വേഷിക്കുന്ന സിബിഐയെയോ ഇക്കാര്യം അറിയിക്കേണ്ടതായിരുന്നു. എന്തുകൊണ്ട‌് അതുണ്ടായില്ലെന്നതാണ‌് ചോദ്യം.  മല്യയെ  രാജ്യം വിടാൻ മന്ത്രി സഹായിച്ചത‌് അതിലും ഗുരുതരമായ കുറ്റമാണ‌്. ആ സ്ഥാനത്ത് തുടരാൻ അദ്ദേഹത്തിന് എന്തവകാശമാണുള്ളത്?

ധനമന്ത്രി സബിഐയെ അറിയിച്ചില്ലെങ്കിലും മല്യ അന്തരാഷ്ട്രയാത്ര നടത്താനുള്ള ശ്രമത്തെക്കുറിച്ച് ഇമിഗ്രേഷൻ ബ്യൂറോ സിബിഐക്ക് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, അറസ്റ്റ് വാറണ്ട് ഇല്ലാത്തതിനാലാണ് മല്യയെ അറസ്റ്റ‌് ചെയ്യാതിരുന്നതെന്നാണ് സിബിഐയുടെ വിശദീകരണം. സിബിഐ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള അന്വേഷണ ഏജൻസിയാണ്. ഇതിൽ നിന്ന‌് വ്യക്തമാകുന്നത് പ്രധാനമന്ത്രിയും മന്ത്രിസഭയിലെ രണ്ടാമനായ ധനമന്ത്രിയും അറിഞ്ഞുകൊണ്ടാണ് വിജയ് മല്യ രാജ്യം വിട്ടതെന്നാണ്.  മല്യ രാജ്യം വിട്ട് ഒരുമാസം കഴിഞ്ഞാണ് അദ്ദേഹത്തിന്റെ ഡിപ്ലോമാറ്റിക‌് പാസ്‌പോർട്ടും സാധാരണ പാസ്‌പോർട്ടും റദ്ദാക്കുന്നത‌്.

വിജയ് മല്യയെ മാത്രമല്ല മോഡി﹣ജെയ‌്റ്റ‌്‌ലി കൂട്ടുകെട്ട് രക്ഷിച്ചിട്ടുള്ളത്. 13000 കോടി രൂപയുടെ ബാങ്ക് തടിപ്പ് നടത്തിയ രത്‌നവ്യാപാരിയും പ്രധാനമന്ത്രിയുടെ  ‘ഹമാരേ മെഹുൽ ഭായി’യുമായ മെഹുൽ ചോക്‌സിയും അദ്ദേഹത്തിന്റെ ബിസിനസ് പാർട്ണറും മരുമകനുമായ നീരവ് മോഡിയും ഈ വർഷം ജനുവരിയിലാണ് ഇന്ത്യ വിട്ടത്.  മെഹുൽ ചോക‌്സിക്കെതിരെ 2015‐16 വർഷങ്ങളിലായി കോർപറേറ്റ്കാര്യ മന്ത്രാലയത്തിനും മുംബൈ പൊലീസ് ഡെപ്യൂട്ടി കമീഷണർക്കും പ്രധാനമന്ത്രി കാര്യാലയത്തിനും സെബിക്കുതന്നെയും പരാതി ലഭിച്ചിട്ടും ആന്റിഗ്വ പൗരത്വം ലഭിക്കുന്നതിന് ക്ലീൻ ചിറ്റ് നൽകിയത് വിദേശമന്ത്രാലയമായിരുന്നു. ബിസിസിഐ കുംഭകോണത്തിൽ ഉൾപ്പെട്ട ലളിത് മോഡിക്ക് രാജ്യം വിടാൻ അവസരമൊരുക്കിയത് വിദേശമന്ത്രി സുഷ‌്മ സ്വരാജിന്റെയും രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യയുടെയും ഇടപെടലിന്റെ ഫലമായാണ്.

കോർപറേറ്റുകൾക്ക് കൊള്ളയടിക്കാൻ അവസരം നൽകുകയും എന്നിട്ട് അവരെ രാജ്യം വിടാൻ സഹായിക്കുന്നതും മോഡി സർക്കാരും ബിജെപിയുംതന്നെയാണെന്ന് ആവർത്തിച്ച് തെളിയുകയാണ്. കോൺഗ്രസും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. വിജയ് മല്യ കർണാടകത്തിൽനിന്ന് ആദ്യം രാജ്യസഭയിലെത്തിയത് കോൺഗ്രസിന്റെ പിന്തുണയോടെയാണെങ്കിൽ രണ്ടാമത് രാജ്യസഭാംഗമാകുന്നത് ബിജെപിയുടെ പിന്തുണയോടെയാണ്. മാത്രമല്ല, വിജയ് മല്യക്ക് ബാങ്ക് വായ്പ നൽകുന്നതിന് യുപിഎ സർക്കാരിലെ ധനമന്ത്രിയായ പി ചിദംബരവും ഇടപെട്ടെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.  നവ ഉദാരവൽക്കരണ നയത്തെ ഉയർത്തിപ്പിടിക്കുന്ന ബിജെപിയും കോൺഗ്രസും ഒരുപോലെ കോർപറേറ്റ് കൊള്ളയ‌്ക്ക് കൂട്ടുനിൽക്കുകയാണ്. പെട്രോൾവില ഉയർത്തിയും സബ്‌സിഡികൾ റദ്ദാക്കിയും ജനങ്ങളെ പിഴിഞ്ഞ‌്‌ സ്വരൂപിക്കുന്ന  പണമത്രയും വൻകിട കോർപറേറ്റുകൾക്ക് കൊള്ളയടിക്കാൻ നൽകുന്ന നയത്തിനെതിരെയാണ് പോരാട്ടം ശക്തമാകേണ്ടത്.


പ്രധാന വാർത്തകൾ
 Top