20 July Saturday

ചെന്നിത്തലയ‌്ക്കെതിരെ വിജിലൻസ് അന്വേഷണം

വെബ് ഡെസ്‌ക്‌Updated: Monday Oct 8, 2018


ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരിക്കെ പ്രതിപക്ഷ നേതാവ് ഒരു സ്വകാര്യ ട്രസ്റ്റിന് നിയമവിരുദ്ധമായി ഭൂമി പതിച്ച് നൽകിയതിനെക്കുറിച്ച് വിജിലൻസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിലെ നെട്ടുകാൽത്തേരി തുറന്ന ജയിലിന്റെ അഞ്ചേക്കർ ഭൂമി 30 വർഷത്തേക്ക് ചിന്താലയ ആശ്രമ ട്രസ്റ്റിന് പാട്ടത്തിന് നൽകിയ നടപടിയാണ് അന്വേഷിക്കുന്നത്.  കോൺഗ്രസ് പാർടിയുമായി അടുത്ത ബന്ധമുണ്ട് എന്ന ഏക കാരണത്താലാണ് ഈ ട്രസ്റ്റിന് ഭൂമി നൽകിയിട്ടുള്ളത്. ധന, റവന്യൂ, നിയമവകുപ്പിന്റെയും ജയിൽ ഡജിപിയുടെയും എതിർപ്പിനെ അവഗണിച്ചാണ് ഒരു സ്വകാര്യ ട്രസ്റ്റിന് ജയിൽഭൂമി പതിച്ചുനൽകാൻ യുഡിഎഫ് സർക്കാർ തയ്യാറായത്.

അതും ഒരുതവണയല്ല, രണ്ട് തവണ.  2006ലും ഉമ്മൻചാണ്ടി സർക്കാർ ഇതേ ട്രസ്റ്റിന് ഇതേ ഭൂമി പതിച്ചുനൽകിയിരുന്നു. പിന്നീട് വന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരാണ് ആ ഉത്തരവ് റദ്ദാക്കിയത്. എന്നാൽ, 2011ൽ യുഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽവന്നപ്പോൾ ഇതേ ട്രസ്റ്റ‌്‌ഭൂമിക്കുവേണ്ടി അപേക്ഷ നൽകിയെങ്കിലും അവർക്ക് സ്വന്തമായി 2.88 ഏക്കർ ഭൂമിയുള്ളതിനാൽ അത് നിഷേധിക്കുകയായിരുന്നു.  തുടർന്ന‌് ആഭ്യന്തരമന്ത്രിയായ രമേശ് ചെന്നിത്തല നേരിട്ട് ഇടപെട്ടാണ് ഈ  അപേക്ഷ ജയിൽ ഡിജിപിയുടെയും  പിന്നീട് നിയമവകുപ്പിന്റെയും പരിഗണനയ‌്ക്ക് വിടുന്നത്.  ഭൂമി പതിച്ചുനൽകുന്നത് ശരിയല്ലെന്ന് കാണിച്ചാണ് ജയിൽ ഡിജിപി സർക്കാരിന് കത്ത് നൽകിയത്. സ്വകാര്യ ട്രസ്റ്റിന് ഭൂമി നൽകുന്നത് വിജിലൻസ് കേസിന് സാധ്യത തുറക്കുമെന്നും ജയിൽ ഡിജിപി മുന്നറിയിപ്പ് നൽകിയിരുന്നു.  നിയമവകുപ്പും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നെന്ന് മാത്രമല്ല, അക്കാര്യം അന്നത്തെ ചീഫ് സെക്രട്ടറി മന്ത്രിസഭായോഗ കുറിപ്പിൽ ഉൾപ്പെടുത്തുകയുംചെയ്തു. ഇതെല്ലാം മറികടന്നാണ് ആഭ്യന്തരമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ വഴി ഭൂമി പതിച്ചുനൽകിയത്. 

1964ലെ ഭൂമി പതിവുനിയമത്തിലെ ചട്ടം 24നെ ദുർവ്യാഖ്യാനിച്ചാണ് യുഡിഎഫ് സർക്കാർ  ഭൂമി പാട്ടത്തിന് നൽകിയതും രണ്ടുലക്ഷം രൂപയോളം പാട്ടത്തുക കൈപ്പറ്റിയതും.  ചട്ടം 24 അനുസരിച്ച് പൊതുതാൽപ്പര്യത്തിനാണെങ്കിൽ നിബന്ധനകളിൽ ഇളവ് നൽകി ഭൂമി പതിച്ച് നൽകാമെന്നാണ് പറയുന്നത്. എന്നാൽ, ഒരു സ്വകാര്യ ട്രസ്റ്റിന് അൺ എയ്ഡഡ് സ‌്കൂൾ തുടങ്ങാൻ ഭൂമി അനുവദിച്ചുനൽകുന്നത് എങ്ങനെയാണ് പൊതുതാൽപ്പര്യമാകുന്നത്? ഭരണഘടനയിൽ തൊട്ട് സത്യംചെയ്യുന്ന മന്ത്രിക്ക് എങ്ങനെയാണ് സ്വകാര്യതാൽപ്പര്യമാണ് പൊതുതാൽപ്പര്യമെന്ന് വ്യാഖ്യാനിക്കാൻ കഴിയുന്നത്?

സാധാരണ നിലയിൽ ഒരു മന്ത്രിയും ചെയ്യാൻ ധൈര്യംകാണിക്കാത്ത നടപടിയാണ് ചെന്നിത്തലയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. കാരണം ഈ ഫയലുമായി ബന്ധപ്പെട്ട ഒരു വകുപ്പും ഉദ്യേഗസ്ഥനും ഈ ഭൂമി അനുവദിച്ചുനൽകാമെന്ന് പറഞ്ഞിട്ടില്ല.  ലാൻഡ് റവന്യൂ കമീഷണറും  കലക്ടറും ചിന്താലയ ആശ്രമ ട്രസ്റ്റിന‌് ഭൂമി നൽകണമെന്ന് ശുപാർശ ചെയ്തിട്ടില്ല.  അനധികൃതമായി ഭൂമി പതിച്ചുനൽകിയപ്പോൾ ആ നടപടി പുനഃപരിശോധിക്കണമെന്നുകാട്ടി ജയിൽ ഡജിപി ആഭ്യന്തര സെക്രട്ടറി വഴി സർക്കാരിന് കത്തയച്ചിരുന്നു.  ഈ പശ്ചാത്തലത്തിൽ ഭൂമി പതിച്ചു നൽകുന്നത് സംബന്ധിച്ച തുടർനടപടികൾ നിർത്തിവയ‌്ക്കണമെന്ന് കാട്ടി നെട്ടുകാൽത്തേരി തുറന്ന ജയിൽ സൂപ്രണ്ടും തഹസിൽദാർക്ക് കത്ത് നൽകിയിരുന്നു. ഈ മുന്നറിയിപ്പുകളെല്ലാം അവഗണിച്ച് ഒരു സ്വകാര്യസ്ഥാപനത്തിന് ഭൂമി പതിച്ചുനൽകിയെങ്കിൽ അത് അഴിമതിയല്ലാതെ മറ്റെന്താണ്?  അഴിമതിക്ക് നേതൃത്വംനൽകിയ രമേശ് ചെന്നിത്തലയ‌്ക്ക് പ്രതിപക്ഷനേതൃസ്ഥാനത്ത് തുടരാൻ എന്തർഹതയാണുള്ളത്?

ഇന്ത്യ–റഷ്യ കരാർ
റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ദ്വിദിന ഇന്ത്യാസന്ദർശന വേളയിൽ റഷ്യയിൽനിന്ന‌് എസ് 400ട്രയംഫ് മിസൈൽ രക്ഷാകവചം വാങ്ങുന്നതിനുള്ള കരാർ ഒപ്പിട്ടു.  40,000 കോടി രൂപയുടേതാണ് കരാർ. ഇതനുസരിച്ച് അഞ്ച് യൂണിറ്റ് എസ് 400 മിസൈൽ കവചമാണ് റഷ്യ ഇന്ത്യക്ക് നൽകുക.  1000 മിസൈലും. എട്ട് വീതം മിസൈൽ വിക്ഷേപണികൾ ഉള്ള അഞ്ച് യൂണിറ്റാണ് ഇന്ത്യക്ക് ലഭിക്കുക. 600 കിലോമീറ്റർ ദൂരെയുള്ള യുദ്ധവിമാനങ്ങളെയും ബാലിസ്റ്റിക‌് മിസൈലുകളെ പോലും കണ്ടെത്തി നശിപ്പിക്കാൻകഴിയുന്ന റഡാറുകൾ ഉൾക്കൊള്ളുന്ന അത്യന്ത്യാധുനിക മിസൈൽ രക്ഷാകവചമാണിത്.

രണ്ടുവർഷം മുമ്പുതന്നെ ഈ കരാറിലെത്തിയിരുന്നെങ്കിലും അമേരിക്കയുടെ ഉപരോധം ഭയന്നാണ് ഇതുവരെയും ഒപ്പിടാതിരുന്നത്. ഉപരോധം ഏർപ്പെടുത്തുന്നതിൽ ഇളവ് നൽകണമെന്ന ഇന്ത്യൻ അഭ്യർഥനയോട് അമേരിക്ക ഇതുവരെയും അനുകൂലമായി പ്രതികരിച്ചിട്ടില്ല.  അമേരിക്കയിൽനിന്ന‌് കോടിക്കണക്കിന് ഡോളറിന്റെ ആയുധങ്ങൾ വാങ്ങാമെന്ന് ഉറപ്പ് നൽകിയിട്ടും‘ചുങ്ക  രാജാവ്' എന്ന അധിക്ഷേപമാണ് അമേരിക്കൻ പ്രസിഡന്റിൽനിന്ന‌് കേൾക്കേണ്ടിവരുന്നത്. ഈ ഘട്ടത്തിലാണ് ഇന്ത്യയുടെ പരമ്പരാഗത പ്രതിരോധപങ്കാളിയായ റഷ്യയിൽനിന്ന‌് എസ് 400 മിസൈൽ സംവിധാനം വാങ്ങാൻ ഇന്ത്യ തയ്യാറായിട്ടുള്ളത്. അമേരിക്കൻ ഭീഷണിക്ക‌് വഴങ്ങാതെ ഈ കരാറുമായി മുന്നോട്ടുപേകാനുള്ള ആർജവം മോഡി സർക്കാർ കാട്ടണം. അമേരിക്കൻ കേന്ദ്രീകൃത വിദേശ നയത്തിൽനിന്ന‌് ഇന്ത്യ പിന്മാറുകയും വേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top