20 March Monday

യവത്മലിലെ കര്‍ഷകകൂട്ടക്കൊല

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2017


കര്‍ഷക ആത്മഹത്യയുടെ കേന്ദ്രമായ മഹാരാഷ്ട്രയില്‍ വിഷാംശമുള്ള കീശനാശിനി ഉപയോഗവും കര്‍ഷകരെ കൂട്ടത്തോടെ മരണത്തിലേക്ക് നയിക്കുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടയ്ക്ക് വിദര്‍ഭ മേഖലയില്‍മാത്രം 35 കര്‍ഷകരാണ് കീടനാശിനി തളിക്കവെ വിഷാംശം ശരീരത്തിനകത്തുചെന്ന് മരിച്ചത്. ഇതില്‍ 18 പേരും യവത്മല്‍ ജില്ലയില്‍നിന്നുള്ളവരാണ്. എണ്ണൂറിലധികംപേര്‍ വിഷബാധയേറ്റ് ആശുപത്രികളിലാണ്. ഇതില്‍ പകുതിയും യവത്മല്‍ ജില്ലയിലാണ്. വിളനാശവും വിലക്കുറവുംകാരണം ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന മേഖലയിലാണ് കീടനാശിനിപ്രയോഗവും അവരുടെ ജീവനെടുക്കുന്നത്.

മുന്‍കരുതലുകളൊന്നുമില്ലാതെ, ആവശ്യത്തിന് പരിശോധനകളും നിയന്ത്രണസംവിധാനങ്ങളുമില്ലാതെ കീടനാശിനികള്‍ ലഭ്യമാക്കിയതാണ് കര്‍ഷകകൂട്ടക്കൊലയ്ക്ക് കാരണം. പ്രധാനമായും പരുത്തിച്ചെടികളിലാണ് ഈ കീടനാശിനികള്‍ ഉപയോഗിക്കുന്നത്. ആഗസ്ത്മുതല്‍ സെപ്തംബര്‍വരെയാണ് കീടനാശിനിപ്രയോഗം.  ഉപയോഗത്തിനായി കമ്പോളത്തില്‍ എത്തുന്ന കീടനാശിനികള്‍ കേന്ദ്ര ഇന്‍സെക്ടിസൈഡ് ബോര്‍ഡിന്റെയും രജിസ്ട്രേഷന്‍ കമ്മിറ്റിയുടെയും അനുവാദത്തോടെയായിരിക്കണമെന്ന് 1968ലെ നിയമം അനുശാസിക്കുന്നുണ്ട്. എന്നാല്‍, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പരുത്തിക്കൃഷിയുള്ള മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ ലൈസന്‍സില്ലാത്ത മാരകവിഷാംശമുള്ള കീടനാശിനികളാണ് കര്‍ഷകരുടെ ഉപയോഗത്തിന് എത്തുന്നത്. നേരത്തെ കീടനാശിനി കമ്പനികള്‍തന്നെ കയ്യുറകളും മുഖംമൂടികളും കര്‍ഷകര്‍ക്ക് നല്‍കുമായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ആ രീതിയും ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ ഉപേക്ഷിച്ചു. മോണോസില്‍ എന്ന ഫോസ്ഫറസ് അംശമുള്ള മോണോക്രോട്ടോഫോസ് എന്ന കീടനാശിനിയാണ് പ്രധാനമായും ഈ മേഖലകളില്‍ ഉപയോഗിക്കുന്നത്. മാത്രമല്ല, കൈകൊണ്ട് സ്പ്രേചെയ്യുന്നതിന് പകരം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചുയന്ത്രങ്ങളും ഇപ്പോള്‍ വ്യാപകമായി ഇതിന് ഉപയോഗിക്കുന്നു. ചൈനയില്‍നിന്നാണ് ഇവ പ്രധാനമായും വരുന്നത്. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമാണ് കീടനാശിനികള്‍ പ്രധാനമായും തളിക്കുന്നത്. കീടനാശിനി തളിച്ച് വീട്ടിലെത്തുന്ന പല കര്‍ഷകരും ഛര്‍ദിയും ക്ഷീണവും കാരണം ആശുപത്രിയിലേക്ക് മാറ്റപ്പെടുന്നു.

കര്‍ഷക ആത്മഹത്യ തടയാന്‍ ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കാത്ത ദേവേന്ദ്ര ഫദ്നാവിസ് സര്‍ക്കാര്‍, വിഷാംശമുള്ള കീടനാശിനി ഉപയോഗം മൂലമുള്ള കര്‍ഷക കൂട്ടക്കൊല തടയാനുംഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കര്‍ഷകരെ കുറ്റപ്പെടുത്തി കൈകഴുകുന്ന സമീപനമാണ് സര്‍ക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കൈക്കൊള്ളുന്നത്.  വേണ്ടത്ര സംരക്ഷണകവചങ്ങളില്ലാതെയും പരിശീലനമില്ലാതെയും സ്പ്രേ ചെയ്യുന്നതിനാലാണ് കര്‍ഷകര്‍ മരിക്കുന്നതെന്നാണ് വിശദീകരണം. എന്നാല്‍, യവത്മലില്‍ മരിച്ച 18 കര്‍ഷകരില്‍ ആറുപേര്‍ കൈകൊണ്ട് പരമ്പരാഗതരീതിയില്‍ കീടനാശിനി തളിച്ചവരാണ്. അതില്‍ മംഗേഷ് ശ്രാവണ്‍ ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ കൈയുറയും മുഖംമൂടിയും ഉപയോഗിച്ചവരുമായിരുന്നു. ഇതിനര്‍ഥം കീടനാശിനിയിലെ മാരക വിഷപദാര്‍ഥങ്ങളാണ് മരണകാരണമെന്നാണ്.  ഈ വര്‍ഷം ആദ്യമായല്ല വിഷാംശമുള്ള കീടനാശിനിപ്രയോഗം കര്‍ഷകരുടെ മരണത്തിന് ഇടയാക്കുന്നത്.  കഴിഞ്ഞവര്‍ഷവും യവത്മലില്‍ ആറ് കര്‍ഷകര്‍ ഇതേകാരണത്താല്‍ മരിച്ചിരുന്നു. 176 പേര്‍ ആശുപത്രിയിലാകുകയുംചെയ്തു. എന്നിട്ടും ഈ വര്‍ഷം ഒരു മുന്‍കരുതലും എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കൂടുതല്‍ വിഷാംശമുള്ള കീടനാശിനികള്‍ നിര്‍മിക്കുന്നതാരാണ്? ലൈസന്‍സില്ലാത്ത കീടനാശിനികള്‍ ഉല്‍പ്പാദിപ്പിക്കുന്നത് എങ്ങനെ? അവ വിറ്റഴിക്കുന്നത് തടയാന്‍ ശ്രമിക്കാത്തത് എന്തുകൊണ്ടാണ്? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഉത്തരം നല്‍കേണ്ടതുണ്ട്.

മറ്റൊരു പ്രധാന വിഷയംകൂടി ഇതോടൊപ്പം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. പതിനഞ്ച് വര്‍ഷം മുമ്പാണ് ജനിതക പരുത്തിക്കൃഷിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. അതിന് അനുകൂലമായി കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ച പ്രധാന വാദം ജനിതകവിത്തുകള്‍ ഉപയോഗിച്ചാല്‍ കീടങ്ങളുടെ ശല്യം അതിജീവിക്കാന്‍ കഴിയുമെന്നാണ്. എന്നാല്‍, ജനിതകവിത്തുകള്‍ക്ക് കീടങ്ങളെ അതിജീവിക്കാന്‍ കഴിയാത്തതുകൊണ്ടാണ് കര്‍ഷകര്‍ക്ക് മാരകവിഷാംശമുള്ള കീടനാശിനികള്‍ ഇപ്പോള്‍ തളിക്കേണ്ടി വന്നിട്ടുള്ളത്. കര്‍ഷകര്‍ക്കുണ്ടായ ഈ നഷ്ടം നികത്താനുള്ള ബാധ്യതയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും ബഹുരാഷ്ട്ര വിത്തുകമ്പനികള്‍ക്കുമുണ്ട്. 

ഏതായാലും പത്രവാര്‍ത്തയെ തുടര്‍ന്ന് ദേശീയ മനുഷ്യാവകാശ കമീഷന്‍ പ്രശ്നത്തില്‍ സ്വമേധയാ ഇടപെടുകയും സംസ്ഥാന ചീഫ് സെക്രട്ടറിയോടും കേന്ദ്ര കൃഷിമന്ത്രാലയത്തോടും വിശദീകരണം തേടുകയുംചെയ്തു. ആശുപത്രിയില്‍ കഴിയുന്ന കര്‍ഷകരുടെ മുഴുവന്‍ ചികിത്സാച്ചെലവും വഹിക്കാന്‍ കമീഷന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. അതിനിടെ അംബേദ്കറൈറ്റ് പാര്‍ടി ഓഫ് ഇന്ത്യയും രണ്ട് വ്യക്തികളും മുംബൈ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചില്‍ പൊതുതാല്‍പ്പര്യഹര്‍ജി സമര്‍പ്പിച്ചു. പുണെയിലെ കൃഷി കമീഷണര്‍ക്കും യവത്മല്‍ ജില്ലാ  കലക്ടര്‍ രാഹുല്‍ രഞ്ജന്‍ മഹിവാലിനും നോട്ടീസ് അയക്കാന്‍ കോടതി തീരുമാനിച്ചു.ഈ ഘട്ടത്തിലാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം)യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണത്തിന് ഉത്തരവിടാന്‍ ദേവേന്ദ്ര ഫദ്നാവിസ് സര്‍ക്കാര്‍ തയ്യാറായത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top