19 September Thursday

അസാധാരണം ആശങ്കാജനകം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023


ഹീനമായ വിദ്വേഷപ്രസംഗം നടത്തിയെന്ന ആരോപണം നേരിടുന്ന ഒരാൾ, അസാധാരണമായ നിയമനടപടികൾക്കിടയിൽ മദ്രാസ്‌ ഹൈക്കോടതി ജഡ്‌ജിയായി ചുമതലയേറ്റു. സത്യപ്രതിജ്ഞ തടയണമെന്ന ആവശ്യം അവസാനനിമിഷം സുപ്രീംകോടതിയിൽ എത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. ബിജെപി മഹിളാമോർച്ചാ നേതാവ്‌ കൂടിയായിരുന്ന വിക്‌ടോറിയ ഗൗരിയുടെ സത്യപ്രതിജ്ഞ ഒട്ടേറെ നൈതിക‐ ഭരണഘടനാ പ്രശ്‌നങ്ങൾ ഉയർത്തുന്നുണ്ട്‌. ഇന്ത്യൻ നീതിന്യായവ്യവസ്ഥ നേരിടുന്ന അത്യാപൽക്കരമായ ചില പ്രവണതകളിലേക്ക്‌ വെളിച്ചംവീശുന്നതുകൂടിയാണ്‌ ആ സ്ഥാനാരോഹണം.

രാഷ്‌ട്രീയപ്രവർത്തകരും നേതാക്കളും ആയിരുന്നവർ മുമ്പും ജഡ്‌ജിമാരായിട്ടുണ്ട്‌. ജസ്റ്റിസ്‌ വി ആർ കൃഷ്‌ണയ്യർ മുതൽ പലരുടെയും പേരുകൾ നിരത്താം. വിക്‌ടോറിയ ഗൗരി ബിജെപിക്കാരിയാണ് എന്നതല്ല മുഖ്യപ്രശ്നം. അവർ മുസ്ലിം ‐ ക്രിസ്‌ത്യൻ വിഭാഗങ്ങൾക്കെതിരെ വിദ്വേഷപ്രചാരണം നടത്തിയ വ്യക്തിയാണ്‌ എന്നതാണ്‌. വിദ്വേഷപ്രചാരണങ്ങൾക്കെതിരെ സുപ്രീംകോടതി തന്നെ പലവട്ടം മുന്നറിയിപ്പുകൾ നൽകിക്കഴിഞ്ഞു. മതനിരപേക്ഷത അടിസ്ഥാന തത്വങ്ങളിൽ ഒന്നായ ഒരുരാജ്യത്ത്‌ മതവിദ്വേഷ പ്രസംഗങ്ങൾ അനുവദിക്കാനാകില്ലെന്ന്‌ കോടതി ആവർത്തിക്കുന്നു. വിദ്വേഷ പ്രചാരണങ്ങളുടെ  കാര്യത്തിൽ ഒരു വിട്ടുവീഴ്‌ചയും പാടില്ലെന്ന്‌ രണ്ടംഗ സുപ്രീംകോടതി ബെഞ്ച്‌ വിക്‌ടോറിയ ഗൗരിയുടെ നിയമന ഉത്തരവിറങ്ങിയ തിങ്കളാഴ്‌ചയും സർക്കാരുകൾക്ക്‌ താക്കീതുനൽകിയിരുന്നു. ഇത്തരത്തിൽ ഭരണഘടനാവിരുദ്ധമെന്ന്‌ കോടതി തന്നെ അടിവരയിട്ടിട്ടുള്ള ഒരു കൃത്യം ചെയ്‌തതായി ആരോപണം നേരിടുന്ന വ്യക്തിയാണ്‌ ഭരണഘടന തൊട്ട്‌ സത്യപ്രതിജ്ഞ ചെയ്‌ത്‌ ജഡ്‌ജി പദവി ഏറ്റെടുത്തിരിക്കുന്നത്‌  എന്നതാണ്‌ പ്രശ്‌നം.

അവരെ കൊളീജിയം നിയമിച്ചതല്ലേ എന്ന ചോദ്യമുയരുന്നുണ്ട്‌. മദ്രാസ്‌ ഹൈക്കോടതി കൊളീജിയം നിർദേശിച്ച ഇവരുടെ പേര്‌ സുപ്രീംകോടതി കൊളീജിയം പരിഗണിക്കുമ്പോൾ ഈ ആരോപണം ശ്രദ്ധയിൽ വന്നിരുന്നില്ല എന്നാണ്‌ തിങ്കളാഴ്‌ച ഇന്ത്യയുടെ ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ വ്യക്തമാക്കിയത്‌. അങ്ങനെയാണ്‌ കേസ്‌ സുപ്രീംകോടതിയിൽ എത്തിയത്‌. എന്നാൽ, രാജ്യത്തെ  പരോമന്നത കോടതി കേസ്‌ പരിഗണിക്കുന്നതുപോലും കൂസാതെ അതേസമയം തന്നെ ചെന്നൈയിൽ വിവാദ ജഡ്‌ജിയുടെ സത്യപ്രതിജ്ഞ നടക്കുകയും ചെയ്‌തു. ഒരാളെ ജഡ്‌ജിയായി നിയമിക്കാനുള്ള നിയമപരമായ യോഗ്യത പരിശോധിക്കുമ്പോലെ ധാർമികമായ അർഹത വിലയിരുത്താനാകില്ലെന്ന നിലപാടാണ്‌ കേസ്‌ കേട്ട സുപ്രീംകോടതി ജഡ്‌ജിമാർ സ്വീകരിച്ചത്‌. ‘ഇപ്പോൾ അഡീഷണൽ ജഡ്‌ജിയായാണല്ലോ നിയമനം; സ്ഥിരപ്പെടുത്തുംമുമ്പ്‌ പരാതികൾ പരിഗണിക്കാം’ എന്ന നിലപാടും കോടതി സ്വീകരിച്ചു. 1992ൽ ഗുവാഹത്തി  ഹൈക്കോടതിയിൽ കൊളീജിയം നിർദേശിച്ച കെ എൻ ശ്രീവാസ്‌തവയുടെ നിയമനം പിന്നീട്‌ റദ്ദാക്കിയത്‌ ചൂണ്ടിക്കാട്ടപ്പെട്ടെങ്കിലും അതിലെ നിയമപ്രശ്‌നം ഇതായിരുന്നില്ലെന്ന്‌ കോടതി പറഞ്ഞു. നിലവിലെ കൊളീജിയം നിയമനരീതി കുറ്റമറ്റതല്ല. ജഡ്‌ജിമാരെ ജഡ്‌ജിമാർ തന്നെ നിയമിക്കുന്നത്‌ ഒട്ടും സുതാര്യമോ ജനാധിപത്യപരമോ അല്ല. എന്നാൽ, ബിജെപി സർക്കാർ വന്നപ്പോൾ മുതൽ ശ്രമിക്കുന്നത്‌ കൊളീജിയത്തിനു പകരം ഭരണസംവിധാനത്തിന്‌ മുൻതൂക്കമുള്ള ഒരു ജഡ്‌ജിനിയമന വ്യവസ്ഥ കൊണ്ടുവരാനാണ്‌. ഇത്‌ സുപ്രീംകോടതിയുമായുള്ള പരസ്യമായ ഏറ്റുമുട്ടലിനും ഇടയാക്കി.

കൊളീജിയം നിർദേശങ്ങൾ പലതും പരിഗണിച്ച്‌ ഉത്തരവിറക്കുന്നതിൽ കേന്ദ്ര സർക്കാർ അന്യായമായ കാലതാമസം വരുത്തി. രണ്ടുവർഷത്തിലേറെയായ ശുപാർശപോലും അംഗീകരിക്കാൻ ബാക്കിയുണ്ട്‌. മദ്രാസ്‌ ഹൈക്കോടതിയിലേക്ക്‌ കഴിഞ്ഞവർഷം ഫെബ്രുവരി 16ന്‌ കൊളീജിയം നിർദേശിച്ച അഡ്വ. ആർ ജോൺ സത്യനെ ഇപ്പോഴും നിയമിച്ചിട്ടില്ല. മോഡിക്കെതിരെ വിമർശം വന്ന ലേഖനം ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ചെന്ന ‘കുറ്റം’ കണ്ടെത്തിയാണ്‌ വൈകിപ്പിക്കുന്നത്‌. ഈ നിലപാട്‌ അസംബന്ധമാണെന്ന്‌ സുപ്രീംകോടതി വ്യക്തമാക്കിയിട്ടും നിയമന ഉത്തരവ്‌ ഇറങ്ങിയിട്ടില്ല. എന്നാൽ, 20 ദിവസം മുമ്പുമാത്രമാണ്‌ വിക്‌ടോറിയ ഗൗരിയുടെ നിയമന ശുപാർശ കൊളീജിയം അംഗീകരിച്ചത്‌. വിവാദങ്ങൾ ഉയരുന്നതിനിടയിൽത്തന്നെ നിർദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചു. നീതിന്യായ സംവിധാനത്തിനും ഭരണസംവിധാനത്തിനും മുൻകൈ കിട്ടാത്ത ഒരു തെരഞ്ഞെടുപ്പുരീതിയാണ്‌ ജഡ്‌ജി നിയമനത്തിൽ വേണ്ടതെന്ന സിപിഐ എം നിലപാട്‌  കൂടുതൽ പ്രസക്തമാക്കുന്നതാണ്‌ ഇതെല്ലാം.

ജഡ്‌ജി നിയമന രീതിക്കെതിരെ ബിജെപി  ഉയർത്തുന്ന കോലാഹലത്തിന്റെ യഥാർഥ ലക്ഷ്യം വ്യക്തമാണ്‌. ഭരണഘടനയുടെ അടിസ്ഥാനശിലകൾ ഒന്നൊന്നായി തകർക്കുന്ന അവർക്ക്‌ കോടതികൾ ഇടയ്‌ക്കിടെ അലോസരം സൃഷ്ടിക്കുന്നു. അവിടംകൂടി പിടിച്ചെടുക്കുക അടിയന്തരലക്ഷ്യമായി അവർ കാണുന്നു. ബിജെപിയുടെ രാഷ്‌ട്രീയവും സംഘപരിവാറിന്റെ വിദ്വേഷ അജൻഡയും നടപ്പാക്കാൻ കഴിയുന്നവരെ നീതിപീഠത്തിലും പ്രതിഷ്‌ഠിക്കണം. മദ്രാസ്‌ ഹൈക്കോടതിയിലെ സംഭവവികാസം വിരൽചൂണ്ടുന്നതും അവിടേക്കാണ്‌. ഇത്‌ രാജ്യത്തെ അത്യന്തം അപായകരമായ നിലയിലെത്തിക്കും. ശക്തമായ ജനകീയ പ്രതിരോധമുയരേണ്ട വിഷയമാണ്‌ ഇത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top