05 June Monday

വേങ്ങരയില്‍ നേരും നെറികേടും മുഖാമുഖം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 19, 2017


പതിനാലാം കേരള നിയമസഭയിലേക്ക് ആദ്യ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയില്‍ മുഖാമുഖം ഏറ്റുമുട്ടുന്ന സ്ഥാനാര്‍ഥികള്‍ ആരൊക്കെയെന്ന് വ്യക്തമായി. എല്‍ഡിഎഫിനുവേണ്ടി സിപിഐ എം തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗം അഡ്വ. പി പി ബഷീര്‍ വീണ്ടും ജനവിധി തേടുമെന്ന് നേരത്തെതന്നെ പ്രഖ്യാപിച്ചു. യുഡിഎഫില്‍ സ്ഥാനാര്‍ഥിയെക്കുറിച്ച് മുസ്ളിംലീഗില്‍ കടുത്ത ഭിന്നത രൂപപ്പെട്ടുവെങ്കിലും ഒടുവില്‍ പാണക്കാട് തങ്ങളുടെ തീരുമാനമെന്ന നിലയില്‍ കെ എന്‍ എ ഖാദറിന് നറുക്കുവീണു. യുവജന, വിദ്യാര്‍ഥി വിഭാഗങ്ങളുടെയും കുഞ്ഞാലിക്കുട്ടിയുടെയും എതിര്‍പ്പുകളെ മറികടന്നാണ് ഖാദറിന്റെ സ്ഥാനാര്‍ഥിത്വം. ബിജെപി സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച മുസ്ളിംലീഗിന്റെ മുതിര്‍ന്ന നേതാവ് പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറം മണ്ഡലത്തില്‍നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെതുടര്‍ന്നാണ് വേങ്ങരയില്‍ ഒഴിവുവന്നത്. ഒക്ടോബര്‍ 11ന് ഇവിടെ വോട്ടെടുപ്പ് നടക്കുമ്പോള്‍ മുന്‍ തെരഞ്ഞെടുപ്പില്‍നിന്ന് തികച്ചും വ്യത്യസ്തമായ രാഷ്ട്രീയ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനം മലപ്പുറത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന മനസ്സുതന്നെയാണ്.

പരമ്പരാഗതമായി മുസ്ളിംലീഗിനെ പിന്തുണച്ചുകൊണ്ടിരുന്ന വോട്ടര്‍മാരില്‍ പ്രകടമായ മാറ്റം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദൃശ്യമായതാണ്. മണ്ഡല പുനര്‍നിര്‍ണയം നടന്ന 2011ലെ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 16ല്‍ രണ്ടെണ്ണമായിരുന്നു ഇടതുപക്ഷത്ത്. അന്ന് യുഡിഎഫിന് ലഭിച്ച സംസ്ഥാനഭരണത്തിന്റെ നെടുംതൂണായിരുന്നു മുസ്ളിംലീഗ്. കോണ്‍ഗ്രസിനോട് യുദ്ധം ചെയ്ത് നേടിയ അഞ്ചാംമന്ത്രി ഉള്‍പ്പെടെ മൂന്നു മന്ത്രിമാരും മലപ്പുറത്തുനിന്നായിരുന്നു. ലീഗില്‍ വിശ്വാസമര്‍പ്പിച്ചിരുന്ന സാധാരണ ജനങ്ങളുടെ ഒഴിഞ്ഞുപോക്ക് ശക്തിപ്പെട്ടതും ഇതേകാലയളവില്‍. 2015 അവസാനം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗിന്റെ അടിത്തറ ഇളകുന്നതിനാണ് മലപ്പുറം സാക്ഷ്യംവഹിച്ചത്. എല്‍ഡിഎഫിന്റെ ശക്തമായ മുന്നേറ്റം മുനിസിപ്പല്‍, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ പ്രകടമായി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങളിലെ മാറ്റം കൂറെക്കൂടി വ്യക്തമായി. കോണ്‍ഗ്രസില്‍നിന്ന് നിലമ്പൂരും ലീഗില്‍നിന്ന് താനൂരും എല്‍ഡിഎഫ് പിടിച്ചെടുത്തു. നിലവിലുണ്ടായിരുന്ന തവനൂരും പൊന്നാനിയും നിലനിര്‍ത്തുകയും ചെയ്തു. ഇ അഹമ്മദിന്റെ നിര്യാണത്തെതുടര്‍ന്ന് പകരക്കാരനെ കണ്ടെത്താനാകാതെ, പി കെ കുഞ്ഞാലിക്കുട്ടിയെ നിയമസഭയില്‍നിന്ന് രാജിവയ്പിക്കാന്‍ ലീഗ് നേതൃത്വം നിര്‍ബന്ധിതമായി. ഏഴു നിയമസഭാ മണ്ഡലങ്ങളിലും ലീഗ് പ്രതിനിധികളുള്ള മലപ്പുറം ലോക്സഭാ സീറ്റില്‍ കുഞ്ഞാലിക്കുട്ടിയെന്ന ലീഗ് ഉന്നതന് ഭൂരിപക്ഷം ഇടിയുന്നത് അമ്പരപ്പോടെയാണ് നേതൃത്വം കണ്ടത്. മറുവശത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകട്ടെ മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ ഒരുലക്ഷത്തില്‍പ്പരം വോട്ട് ഉയര്‍ത്തി.

ഈ വോട്ടുവ്യത്യാസം കേവലം യാദൃച്ഛികമോ ആനുകാലിക സംഭവങ്ങള്‍ക്കനുസരിച്ചുള്ള ചാഞ്ചാട്ടമോ ആയി കാണാനാകില്ല. യുഡിഎഫിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും മറ്റു ഘടകകക്ഷികളും നേരിടുന്ന വിശ്വാസരാഹിത്യത്തിന്റെ പ്രതിഫലനമാണ് അവര്‍ തെരഞ്ഞെടുപ്പില്‍ തുടരെ നേരിട്ടുകൊണ്ടിരിക്കുന്ന പിറകോട്ടടി. മുസ്ളിം ജനസാമാന്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന പാര്‍ടിയെന്ന് അവകാശപ്പെടുന്ന ലീഗ്്, സ്വന്തം തട്ടകത്തില്‍ നേരിടുന്ന വെല്ലുവിളിയുടെ ആഴം ചെറുതല്ല. ന്യൂനപക്ഷങ്ങളുടെ മതവിശ്വാസങ്ങള്‍ക്കും ആരാധനാ സ്വാതന്ത്യ്രത്തിനും എന്തിന് പരമ്പരാഗത ഭക്ഷണശീലങ്ങള്‍ക്കുപോലും കേന്ദ്രഭരണം വിലങ്ങുതടി തീര്‍ക്കുമ്പോള്‍ നേരെചൊവ്വേ അഭിപ്രായം പറയാന്‍പോലും ശേഷിയില്ലാത്ത കോണ്‍ഗ്രസിനെ വിശ്വസിച്ച് എങ്ങനെ മുന്നോട്ടുപോകുമെന്ന ചോദ്യമാണ് ഈ പ്രതിസന്ധിയുടെ കാതല്‍. മതനിരപേക്ഷതയ്ക്കും വിശ്വാസസ്വാതന്ത്യ്രത്തിനുംവേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടുന്നത് ഇടതുപക്ഷമാണെന്ന ബോധ്യം ന്യൂനപക്ഷങ്ങളില്‍ രൂഢമൂലമായിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ തെളിവാണ് മുസ്ളിംലീഗിന് രാഷ്ട്രീയസ്വാധീനമുള്ള മലപ്പുറംപോലുള്ള പ്രദേശങ്ങളിലെ തെരഞ്ഞെടുപ്പുചിത്രം.

ഗോവധ നിരോധനത്തിന്റെ പേരില്‍ കാലിക്കച്ചവടക്കാരായ മുസ്ളിങ്ങളെയും ദളിതരെയും വ്യാപകമായി വേട്ടയാടുകയും കൊന്നുകെട്ടിത്തൂക്കുകയും ചെയ്യുന്ന ഘട്ടത്തിലായിരുന്നു മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ്. ഭയത്തിന്റെയും ഭീഷണിയുടെയും നിഴലില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളെ തളച്ചിടുന്ന സംഘപരിവാറിനെതിരെ ചെറുവിരലനക്കാന്‍ സാധിക്കാത്ത കോണ്‍ഗ്രസ്- മുസ്ളിംലീഗ് നേതൃത്വങ്ങള്‍ കടുത്ത ജനകീയവിചാരണയാണ് ആ തെരഞ്ഞെടുപ്പില്‍ നേരിട്ടത്. ഈ ഘട്ടങ്ങളിലെല്ലാം നിലപാടുകളിലുള്ള വ്യക്തതയും പ്രതിരോധത്തിനുള്ള ഫലപ്രദമായ കര്‍മപരിപാടികളും മുന്നോട്ടുവച്ച് ഇടതുപക്ഷം ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിച്ചു.

ഇപ്പോള്‍ വേങ്ങര വീണ്ടുമൊരു തെരഞ്ഞെടുപ്പിന് വേദിയാകുമ്പോള്‍, രാജ്യത്തിന്റെയും വിവിധ വിഭാഗം ജനങ്ങളുടെയും ജീവിതത്തെയും നിലനില്‍പ്പിനെയും ബാധിക്കുന്ന ഒട്ടനവധി പ്രശ്നങ്ങള്‍ മുന്‍നിരയിലേക്ക് വരുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങളുടെ നിലയെന്തെന്ന് ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫ് സ്വാഭാവികമായും മുന്‍കൈയെടുക്കും. ജനജീവിതത്തില്‍ തൊട്ടറിയാവുന്ന എന്തെല്ലാം മാറ്റങ്ങളാണ് ഈ ഒന്നേകാല്‍വര്‍ഷത്തിനുള്ളില്‍ സാധ്യമായത്. രാജ്യത്തിന്റെ പൊതുസ്ഥിതിയില്‍നിന്ന് വ്യത്യസ്തമായി ന്യൂനപക്ഷങ്ങള്‍ക്ക് ഭയംകൂടാതെ ജീവിക്കാവുന്ന ഏക സംസ്ഥാനം കേരളമാണെന്ന് എല്ലാവരും തിരിച്ചറിയുന്നു. മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷിന്റെ ചോരയ്ക്ക് ഉത്തരം പറയാന്‍ സംഘപരിവാറിനെപ്പോലെ കര്‍ണാടകംഭരിക്കുന്ന കോണ്‍ഗ്രസിനും ഉത്തരവാദിത്തമുണ്ട്. നോട്ട് നിരോധനം, ജിഎസ്ടി, പെട്രോള്‍ വിലവര്‍ധന, രോഹിന്‍ഗ്യന്‍ അഭയാര്‍ഥികളോട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന വിവേചനം എന്നിവയെല്ലാം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. ഏത് വിഷയം ചര്‍ച്ച ചെയ്യപ്പെട്ടാലും എല്‍ഡിഎഫ് പക്ഷത്തിന്റെ തിളക്കം വര്‍ധിക്കുകയേ ഉള്ളൂ. അതുകൊണ്ടുതന്നെ കണക്കുകളല്ല, കണ്‍മുന്നിലുള്ള യാഥാര്‍ഥ്യങ്ങളാണ് വേങ്ങരയില്‍ വിധി നിര്‍ണയിക്കുക


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top