ഇടതുപക്ഷം ബദൽനയങ്ങളെപ്പറ്റി പറയുമ്പോൾ ഏറ്റവുമധികം കേൾക്കാറുള്ളത് ‘എങ്കിൽ ചെയ്‌തു കാണിക്കൂ’ എന്ന വെല്ലുവിളിയാണ്. കോട്ടയം ജില്ലയിലെ വെള്ളൂരിൽ കേരള പേപ്പർ പ്രോഡക്ട് ലിമിറ്റഡി (കെപിപിഎൽ)ൽനിന്ന് ചൊവ്വാഴ്‌ച പുറത്തുവന്ന അച്ചടിക്കടലാസ് ഈ വെല്ലുവിളിക്കുള്ള മറുപടിയാണ്. കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ നയത്തിന്റെ ഭാഗമായി വിൽക്കാൻ തീരുമാനിച്ച ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ഏറ്റെടുത്ത് പുനഃസംഘടിപ്പിച്ചാണ് സംസ്ഥാന സർക്കാർ കെപിപിഎൽ ആരംഭിച്ചത്. ഏറ്റെടുത്തതുപോലും പോരാട്ടത്തിലൂടെയാണ്. പൂട്ടാൻ തീരുമാനിച്ചിട്ടും സ്ഥാപനം സംസ്ഥാന സർക്കാരിന് കൈമാറാൻ കേന്ദ്രം തയ്യാറായില്ല. നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ മുമ്പാകെ പൊതുലേലത്തിൽ സ്വകാര്യസ്ഥാപനങ്ങൾക്കൊപ്പം പങ്കെടുത്താണ് സംസ്ഥാനസർക്കാർ കമ്പനിയുടെ ഉടമസ്ഥത നേടിയെടുത്തത്. കേന്ദ്രസർക്കാരിനുകീഴിൽ പൂട്ടിക്കിടന്ന കമ്പനി ഒരു സംസ്ഥാനസർക്കാർ ഏറ്റെടുത്ത് പുതുജീവൻ നൽകുന്ന അത്യപൂർവ ചരിത്രമാണ് അങ്ങനെ കേരളപ്പിറവി ദിനത്തിൽ വെള്ളൂരിൽ എഴുതപ്പെട്ടത്.
പൊതുമേഖലയെന്നാൽ ‘ഖജനാവ് തീനികൾ’ എന്ന പ്രതീതി സൃഷ്‌ടിക്കാൻ തീവ്രപ്രചാരണം നടക്കുന്ന കാലമാണ്. എൽഡിഎഫിന് അങ്ങനെയൊരു കാഴ്‌ചപ്പാടില്ല. എല്ലാ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെയും സംരക്ഷിക്കുമെന്ന് എൽഡിഎഫ് പ്രകടനപത്രികയിൽത്തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഈ മേഖലയിലെല്ലാം ഇപ്പോഴത്തെപ്പോലെ നടന്നാൽ മതിയെന്നുമുള്ള അഭിപ്രായം സർക്കാരിനില്ല. ജീവനക്കാരുടെ സേവന‐ വേതന വിഷയങ്ങളിൽ എന്നതുപോലെ സ്ഥാപനത്തിന്റെ നിലനിൽപ്പിനും വളർച്ചയ്‌ക്കും പ്രാധാന്യം നൽകുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. പൊതുമേഖലാ ഭരണസമിതികളിൽ മൂന്നിലൊന്നുപേരെങ്കിലും സ്ഥാപനത്തിന്റെ പ്രവർത്തനമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ വിദഗ്ധരായിരിക്കണം എന്നതടക്കമുള്ള സമീപനം സർക്കാർ സ്വീകരിക്കുന്നു. കെപിപിഎല്ലിനെയും ഈ കാഴ്‌ചപ്പാടിന് അനുസൃതമായി മുന്നോട്ടുകൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്ന് ഉദ്‌ഘാടനത്തിനുമുമ്പ് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യവസായമന്ത്രി പി രാജീവ് വ്യക്തമാക്കിയിരുന്നു. മത്സരക്ഷമവും ലാഭകരവുമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായിരിക്കും കെപിപിഎൽ. അടിമുടി പ്രൊഫഷണലായ മാനേജ്മെന്റായിരിക്കും അവിടെ. സർക്കാർ ഇടപെടൽ നയപരമായ കാര്യങ്ങളിൽ മാത്രമായിരിക്കും. അങ്ങനെ പൊതുമേഖലയിലെതന്നെ ബദലായി കെപിപിഎല്ലിനെ ഉയർത്താനാണ് സർക്കാർ ആഗ്രഹിക്കുന്നത്.
നാല് ഘട്ടമായുള്ള വികസനമാണ് ലക്ഷ്യം. 3000 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി കെപിപിഎല്ലിനെ വികസിപ്പിക്കും. ദിനപത്രങ്ങൾ അച്ചടിക്കാൻ ഉപയോഗിക്കുന്ന ഉന്നത ഗുണമേന്മയുള്ള 45 ജിഎസ്എം ന്യൂസ് പ്രിന്റാണ് ഇപ്പോൾ നിർമിക്കുന്നത്. ദിവസം 320 ടൺ ന്യൂസ്‌പ്രിന്റ് ഉൽപ്പാദിപ്പിക്കാൻ ശേഷി ഇപ്പോഴുണ്ട്. നാലുഘട്ടവും പൂർത്തിയാകുമ്പോൾ മൂവായിരത്തോളം പേർക്ക് തൊഴിൽ നൽകാൻ സാധിക്കുന്ന, പ്രതിവർഷം അഞ്ച് ലക്ഷം മെട്രിക് ടൺ ഉൽപ്പാദനശേഷിയുള്ള സ്ഥാപനമായി ഇതു മാറും. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയുന്നതോടെ പേപ്പർ ഉൽപ്പന്നങ്ങൾക്ക് വലിയ സാധ്യതയുണ്ട്. അതുകൂടി മുന്നിൽക്കണ്ടാണ് സർക്കാർ നീങ്ങുന്നത്. മാധ്യമരംഗത്തെ ഡിജിറ്റലൈസേഷൻ ഏറിവരുമ്പോൾ പത്രക്കടലാസ് മാത്രമായി നിലനിൽക്കാനാകില്ല. ഉൽപ്പന്ന വൈവിധ്യവൽക്കരണത്തിലൂടെയും ശേഷിവർധനയിലൂടെയും പുതിയ സാധ്യതകൾ ഉപയോഗപ്പെടുത്താനാണ് തീരുമാനം.
ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് തോന്നിപ്പിച്ച സ്ഥാപനമാണ് ഇങ്ങനെയൊരു മാറ്റത്തിലൂടെ സംസ്ഥാനത്തിന്റെ മാതൃകാസ്ഥാപനമായി പുതുജീവൻ കൈവരിക്കുന്നത്. കടലാസിനുള്ള അസംസ്‌കൃതവസ്തുവായ മുളയും മറ്റും ഉറപ്പാക്കാൻ നടപടി വേണ്ടതുണ്ട്. മുളക്കൃഷി വ്യാപകമാക്കാൻ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലും അസംസ്‌കൃത വസ്‌തുക്കൾ ഉറപ്പാക്കാൻ വനനയത്തിൽ മാറ്റം വരുത്തുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രനും ഉദ്‌ഘാടനസമ്മേളനത്തിൽ നൽകിയ ഉറപ്പ് ഈ പ്രശ്‌നത്തിനും പരിഹാരം കാണും.
നാടിന്റെ സമഗ്രവികസനം ലക്ഷ്യമാക്കി ഒരു പ്രകടനപത്രിക മുന്നോട്ടുവച്ച്, അത് നടപ്പാക്കാൻ കഴിവുള്ള ഒരു ഭരണനേതൃത്വത്തെ സജ്ജമാക്കി, വാഗ്‌ദാനങ്ങൾ ഒന്നൊന്നായി പാലിച്ച് മുന്നോട്ടുപോകുകയാണ് എൽഡിഎഫ് സർക്കാർ. ആ പാതയിൽ നയപരമായി ഏറെ പ്രാധാന്യമുള്ള ഒരു വ്യവസായക്കുതിപ്പാണ് വെള്ളൂരിലെ പേപ്പർ കമ്പനിയുടെ രണ്ടാംവരവ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..