25 March Saturday

കേരളത്തെ കരയിച്ച ദുരന്തം

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2022


ഓരോ യാത്രയും തിരിച്ചുവരാനുള്ളതാണ്. സ്വന്തം വീട്ടിലേക്കും പ്രിയപ്പെട്ടവർക്കടുത്തേക്കും മടങ്ങിയെത്താനുള്ള യാത്ര. പക്ഷേ, വഴിയിലുണ്ടാകുന്ന അപകടങ്ങളിൽ എത്രയോ പേർക്ക്, അത്  അവസാനയാത്രയായി മാറുന്നു. അത്തരം ദുരന്തങ്ങൾ അന്തമില്ലാതെ തുടരുകയും ചെയ്യുന്നു. പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലത്ത്‌ ബുധനാഴ്ച അർധരാത്രിയുണ്ടായ ദുരന്തം കേരളക്കരയെ കണ്ണീരിലാഴ്‌ത്തി. ദുരന്തത്തിൽ അഞ്ച്‌ വിദ്യാർഥികളും ഒരു അധ്യാപകനുമടക്കം ഒമ്പതുപേരുടെ  ജീവൻ നഷ്ടമായി. എത്രയെത്ര ജാഗ്രതപ്പെടുത്തലുകൾ ഉണ്ടായാലും സമാനമായ ദുരന്തങ്ങൾ നിരത്തിൽ ആവർത്തിക്കുന്നു.  ഇത്തരം വലിയ അപകടങ്ങൾ രാത്രിയോ പുലർച്ചെയോ ആണ് സംഭവിക്കുന്നതെന്നതും പ്രത്യേകതയാണ്. ആർത്തുല്ലസിച്ച്‌ വിനോദയാത്രയ്‌ക്ക് പോയ കുഞ്ഞുങ്ങളുടെ ചേതനയറ്റ ശരീരം കാണേണ്ടിവരുന്നത് ആർക്ക് സഹിക്കാനാകും.

എറണാകുളം മുളന്തുരുത്തിക്കടുത്ത് വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽനിന്ന് ഊട്ടിയിലേക്ക് വിനോദയാത്രപോയ ടൂറിസ്റ്റ് ബസ് കൊട്ടാരക്കരയിൽനിന്ന് കോയമ്പത്തൂരിലേക്ക് പോയ കെഎസ്ആർടിസി ബസിനുപിന്നിൽ ഇടിച്ചുകയറുകയായിരുന്നു. പ്ലസ്‌വൺ, പ്ലസ്‌ടു വിദ്യാർഥികളാണ്‌ മരിച്ച കുട്ടികൾ. മരിച്ചവരിൽ മൂന്നുപേർ കെഎസ്ആർടിസി ബസിലെ യാത്രക്കാർ. ടൂറിസ്റ്റ് ബസിൽ 42 വിദ്യാർഥികളും അഞ്ച് അധ്യാപകരുമുണ്ടായിരുന്നു. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇടിച്ചുകയറിയശേഷം ബസ് മറിയുകയും ചെയ്തു. ടൂറിസ്റ്റ് ബസിന്റെ അമിതവേഗമാണ് ദുരന്തത്തിനിടയാക്കിയതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രിയും അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടതായി ഗതാഗതമന്ത്രിയും അറിയിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ  മന്ത്രി വി ശിവൻകുട്ടി  പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. പുറപ്പെട്ട സമയംമുതൽ ടൂറിസ്റ്റ് ബസ് അമിതവേഗത്തിലായിരുന്നുവെന്ന് ബസിലുണ്ടായിരുന്ന വിദ്യാർഥികൾതന്നെ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. വണ്ടിക്ക് സ്പീഡ് കൂടുതലാണെന്ന് പറഞ്ഞപ്പോൾ പരിചയമുള്ള ഡ്രൈവറായതിനാൽ കുഴപ്പമില്ലെന്നായിരുന്നത്രേ മറുപടി. 120 കിലോമീറ്റർ വേഗത്തിൽവരെ വണ്ടി ഓടിയതായി റിപ്പോർട്ടുകളിൽ പറയുന്നു.

അപകടവിവരമറിഞ്ഞയുടനെ സർക്കാർ സംവിധാനങ്ങളാകെ ഉണർന്നു പ്രവർത്തിച്ചു.  മൃതദേഹങ്ങൾ സ്‌കൂളിലും  വീടുകളിലുമെത്തിക്കാനും  പരിക്കേറ്റവർക്ക് എല്ലാ ചികിത്സാസഹായവും ഉറപ്പാക്കാനും ത്വരിത നടപടികളുണ്ടായി. ആശ്വാസ പ്രവർത്തനങ്ങൾക്ക് മന്ത്രിമാർ നേരിട്ട് നേതൃത്വം നൽകി. ദുരന്തമുണ്ടായ ഉടനെ പാഞ്ഞെത്തിയ നാട്ടുകാരും പൊലീസും മറ്റു രക്ഷാപ്രവർത്തകരും വിലപ്പെട്ട ഓരോ ജീവനും രക്ഷിക്കാൻ ആകുന്നത്ര ശ്രമിച്ചു. പരിക്കേറ്റവർ വിവിധ ആശുപത്രികളിലാണ്. എല്ലായിടത്തും എല്ലാ സൗകര്യവുമൊരുക്കാൻ മിന്നൽവേഗത്തിൽ നടപടികളുണ്ടായി.

റോഡിൽ അപകടം നിത്യവും സംഭവിക്കുന്നപോലെ സ്കൂളുകളിൽനിന്ന് വിനോദയാത്രയ്‌ക്ക് പോകുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും ഏതാണ്ട് അടിക്കടി സംഭവിക്കുന്നുണ്ട്.  കുട്ടികളെ വിനോദയാത്രകൾക്ക് വിടാൻതന്നെ രക്ഷിതാക്കൾക്ക് പേടിയാണ്. യാത്രാസുരക്ഷ പരമപ്രധാനമാണെന്നും ജീവൻ വിലപ്പെട്ടതാണെന്നും വലിയതോതിൽ ബോധവൽക്കരണം ആവശ്യമാണ്. അമിതവേഗത്തിൽ പായുന്ന വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹനവകുപ്പ്‌ നടപടിയെടുക്കുകയും പിഴ ചുമത്തുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും  അപകടങ്ങൾ ആവർത്തിക്കുന്നു. കൂടുതൽ കർശന നിയമനടപടികൾ  വേണം. ടൂറിസ്റ്റ് ബസുകൾ വാടകയ്‌ക്കെടുക്കുമ്പോൾ സ്കൂളുകൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞത് പ്രധാനമാണ്‌.  സ്കൂളുകളിൽനിന്ന് വിനോദയാത്ര പോകുന്ന  ബസുകളുടെ ഡ്രൈവർമാരുടെ നമ്പരുകൾ ആർടി ഓഫീസിൽ അറിയിക്കണം. ഡ്രൈവർമാരുടെ പശ്ചാത്തലവും പരിശോധിക്കും. ഇതോടൊപ്പം ടൂറിസ്റ്റ് ബസ് ഡ്രൈവർമാർക്ക് ശാസ്ത്രീയപരിശീലനവും അവരുടെ ഡ്യൂട്ടി സംബന്ധിച്ച നിബന്ധനയും ഉറപ്പാക്കണം. അർധരാത്രി കഴിഞ്ഞുള്ള വിനോദയാത്രകൾ കഴിവതും ഒഴിവാക്കുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കണം.  വടക്കഞ്ചേരി അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് മോട്ടോർ വാഹനവകുപ്പിന്റെ കരിമ്പട്ടികയിൽ പെട്ടതാണെന്ന വിവരവും  ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

വടക്കഞ്ചേരി അപകടം സമാനമായ മറ്റ് ദുരന്തങ്ങളെയും ഓർമിപ്പിക്കുന്നുണ്ട്. 1994 ഫെബ്രുവരി അഞ്ചിന് ചേർത്തലയ്‌ക്കടുത്ത് ചമ്മനാടുണ്ടായ അപകടത്തിന്റെ നടുക്കം ഇനിയും മാറിയിട്ടില്ല. തിരുവനന്തപുരം ബാലമന്ദിരത്തിലെയും ബാലികാ മന്ദിരത്തിലെയും കുട്ടികളടക്കം 103 യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസും ചകിരി കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 37 പേരുടെ ജീവൻ പൊലിഞ്ഞു. 2007 ഫെബ്രുവരി 20ന് തട്ടേക്കാട് തടാകത്തിൽ ബോട്ടുമുങ്ങി 15 വിദ്യാർഥികളും മൂന്ന് അധ്യാപകരും മരിച്ചു. അങ്കമാലിക്കടുത്ത് എളവൂർ യുപി സ്കൂളിലെ കുട്ടികളും അധ്യാപകരുമാണ് ദുരന്തത്തിനിരയായത്. എളവൂർ ഇന്നും തേങ്ങുകയാണ്. 2008 ൽ കണ്ണൂരിലെ പെരുമണ്ണിൽ വാഹനമിടിച്ച് 10 സ്കൂൾകുട്ടികൾ മരിച്ചു. ഇനിയും ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ മുൻകരുതലും എല്ലാവരുടെയും ഭാഗത്തു നിന്നുണ്ടാകണം. റോഡിലെ നിയമലംഘനങ്ങൾ തടഞ്ഞേ പറ്റൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top