അദൃശ്യ പടയാളികളായി വിലസുന്ന കോവിഡ് മഹാമാരിയെ ചെറുക്കാൻ അതിവേഗ വാക്സിനേഷൻ ഒന്നുമാത്രമാണ് പോംവഴി. എല്ലാവരും സുരക്ഷിതരാകാതെ ആരും ഒറ്റയ്‌ക്ക് സുരക്ഷിതരാവുകയില്ല. അപ്പോൾ, എവിടെയും വാക്സിൻ എത്തണമെന്നതിൽ സംശയമില്ല. ഇങ്ങനെയൊരു സാഹചര്യത്തിൽ, നിർത്തിവച്ച വാക്സിൻ കയറ്റുമതി പുനരാരംഭിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം അതീവ ജാഗ്രതയോടെയും സൂക്ഷ്മതയോടെയും കൈകാര്യം ചെയ്യണം. ഇല്ലെങ്കിൽ രാജ്യം പ്രയാസത്തിലാകും.
രാജ്യത്തെ വാക്സിനേഷന്റെ വേഗം വർധിപ്പിക്കുകയും അതിനാവശ്യമായ ഡോസ് ഉറപ്പാക്കുകയും ചെയ്യുക എന്നത് പരമപ്രധാനമാണ്. ഉൽപ്പാദനം വർധിപ്പിക്കുകയും വിതരണത്തിൽ താളപ്പിഴ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. ഇത് കേവലം അവകാശവാദംമാത്രം ആയിക്കൂടാ. മാനുഷിക പരിഗണനയിൽ കയറ്റുമതി ആകാമെങ്കിലും അതിൽ ഔഷധക്കമ്പനികളുടെ വാണിജ്യതാൽപ്പര്യങ്ങളോ മറ്റ് സമ്മർദങ്ങളോ കടന്നുകൂടാൻ പാടില്ല. ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ, അമേരിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ക്വാഡി'ന്റെ ഉച്ചകോടി തുടങ്ങാനിരിക്കെയാണ് ഇന്ത്യയുടെ കയറ്റുമതി തീരുമാനം എന്നതുകൊണ്ടാണ് ഇത് ചൂണ്ടിക്കാട്ടേണ്ടിവരുന്നത്. പ്രധാനമന്ത്രി മോദി അമേരിക്കയിലെത്തുന്നതിനു മുന്നോടിയായി തിരക്കിട്ട് തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. കേന്ദ്ര സർക്കാർ അമേരിക്കയുടെ സമ്മർദത്തിന് വഴങ്ങിയെന്ന് വ്യക്തം.
ജനുവരിയിൽ ആരംഭിച്ച വാക്സിനേഷൻ ഒമ്പതു മാസമെത്തുമ്പോൾ ഇന്ത്യയിൽ രണ്ടു ഡോസും കിട്ടിയത് 15 ശതമാനം പോർക്കുമാത്രം. ഇനിയും ഒരു ഡോസുപോലും കിട്ടാത്ത ജനകോടികളുണ്ട്. 18 വയസ്സ് കഴിഞ്ഞവർക്കെല്ലാം ഡിസംബറോടെ രണ്ടു ഡോസും പൂർത്തിയാക്കുമെന്ന കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം യാഥാർഥ്യമാകണമെങ്കിൽ ഈ വേഗം മതിയാകില്ല. അതിന് പ്രതിദിനം ഒരു കോടി 20 ലക്ഷം ഡോസെങ്കിലും നൽകേണ്ടിവരുമെന്ന് വിദഗ്ധർ പറയുന്നു. ദിവസം ഒരുകോടി കടന്നത് ആകെ നാലുനാൾ മാത്രം. ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ പരിപാടിയാണ് ഇന്ത്യയിലേതെന്ന് സർക്കാർ അവകാശപ്പെടുമ്പോഴാണ് ഈ സ്ഥിതി. ലോകത്തെ വാക്സിനേഷനെ മുൻനിർത്തി ‘ന്യൂയോർക്ക് ടൈംസ്’ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം സെപ്തംബർ 16ന് 113 രാജ്യം ഇന്ത്യയേക്കാൾ മുന്നിലാണ്. പ്രധാനമന്ത്രിയുടെ പിറന്നാൾ പ്രമാണിച്ച് രണ്ടു കോടി ഡോസ് നൽകി എന്ന് പറയുന്നുണ്ട്. അത് സാധ്യമെങ്കിൽ എന്തുകൊണ്ട് എല്ലാ ദിവസവും രണ്ടുകോടി ആയിക്കൂടാ. ഇപ്പോൾ, പ്രതിദിനം ഒരു കോടി ഡോസിൽ താഴെയാണ് മിക്ക ദിവസങ്ങളിലും വാക്സിനേഷൻ നടക്കുന്നത്.
ജനുവരിമുതൽ ഏപ്രിൽവരെയുള്ള കാലയളവിൽ ഇന്ത്യ ഏഴു കോടി ഡോസ് വാക്സിൻ കയറ്റി അയച്ചിരുന്നു. രാജ്യത്ത് കടുത്ത വാക്സിൻക്ഷാമം നിലനിൽക്കുമ്പോഴായിരുന്നു ഇത്. കടുത്ത വിമർശം ഉയരുകയും കോവിഡ് സ്ഥിതി വഷളാകുകയും ചെയ്തതോടെ ഏപ്രിലിൽ കയറ്റുമതി നിർത്തിവച്ചു. അടുത്ത മാസംമുതൽ വീണ്ടും കയറ്റുമതി ആരംഭിക്കുമ്പോൾ ഉൽപ്പാദനം വർധിക്കുമെന്നാന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം പറഞ്ഞത്. ഒക്ടോബർമുതൽ പ്രതിമാസം 30 കോടി ഡോസ് ഉൽപ്പാദിപ്പിക്കുമെന്ന് പറയുന്നു. ഇതോടൊപ്പം പുതിയ മരുന്നുകൾ കമ്പോളത്തിലെത്തുമെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്. ഇതെല്ലാം പ്രാവർത്തികമാകേണ്ടതുണ്ട്.
എവിടെയും കാരുണ്യവും മനുഷ്യസ്നേഹവും പ്രവഹിക്കേണ്ട കാലമാണ് ഇത്. എല്ലാവർക്കും പ്രതിരോധ കവചങ്ങൾ, രക്ഷാമാർഗങ്ങൾ അനിവാര്യം. അതുകൊണ്ടുതന്നെ, ഐക്യരാഷ്ട്ര സംഘടനയുടെയും ലോകാരോഗ്യ സംഘടനയുടെയുമെല്ലാം മേൽനോട്ടത്തിൽ ദരിദ്ര രാജ്യങ്ങൾക്ക് വാക്സിൻ നൽകാനുള്ള പരിപാടിയിൽ ഇന്ത്യ സഹകരിക്കുകയും വേണം. ആഫ്രിക്കയടക്കമുള്ള പിന്നോക്ക രാജ്യങ്ങളിൽ വാക്സിനേഷൻ പത്തു ശതമാനംപോലുമായിട്ടില്ല. ഈ രാജ്യങ്ങളെ സഹായിക്കാനാകണം കയറ്റുമതി. അല്ലാതെ, അമേരിക്കയുടെയോ ഔഷധക്കമ്പനികളുടെയോ വാണിജ്യതാൽപ്പര്യങ്ങൾ സംരക്ഷിക്കാനാകരുത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..