09 June Friday

വാക്സിന്‍ വിരുദ്ധതയും നേരിടണം

വെബ് ഡെസ്‌ക്‌Updated: Saturday Jun 24, 2017


പനിക്കാലമാണ് വീണ്ടും. സര്‍ക്കാരിന്റെ തീവ്രപരിശ്രമങ്ങളെ വെല്ലുവിളിച്ച് പനി പടരുന്നുണ്ട്. ഭീതിജനകമായ സ്ഥിതി സംസ്ഥാനത്തില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും  പ്രശ്നത്തിന്റെ ഗൌരവം ഉള്‍ക്കൊണ്ട് പകര്‍ച്ചപ്പനിയെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ജനകീയയജ്ഞമാക്കിത്തന്നെ സ്വീകരിച്ചിരിക്കുന്നു. എന്നാല്‍, ശക്തമായ ഈ സര്‍ക്കാര്‍നീക്കങ്ങളെ അപകടത്തിലാക്കുംവിധം ചില പ്രചാരണങ്ങള്‍ വ്യാപകമാകുന്നുണ്ട്. സമൂഹത്തില്‍ ഏറെ സ്വാധീനം നേടിക്കഴിഞ്ഞ സോഷ്യല്‍ മീഡിയ മാധ്യമമാക്കിയാണ് ഈ നീക്കങ്ങള്‍ ശക്തമാകുന്നത്. ഒരു വശത്ത് പ്രതിരോധകുത്തിവയ്പിനെതിരെയുള്ള വ്യാജപ്രചാരണവും മറുവശത്ത് വ്യാജമരുന്നുകള്‍ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളുമാണ് ഇങ്ങനെ നടക്കുന്നത്.

വാക്സിനേഷന്‍ പുതിയ കാര്യമല്ല. വാക്സിനേഷനെതിരായ  പ്രചാരണങ്ങളും പുതുതല്ല. 1798ല്‍ എഡ്വേഡ് ജന്നര്‍ വസൂരിക്കുള്ള പ്രതിരോധകുത്തിവയ്പ് കണ്ടുപിടിച്ചതുമുതല്‍തന്നെ വാക്സിന്‍വിരുദ്ധ പ്രക്ഷോഭങ്ങളും ആരംഭിച്ചതായി ചരിത്രത്തിലുണ്ട്. കേരളവും ഇത്തരം പ്രചാരണങ്ങളെ നേരിട്ടുതന്നെയാണ് പ്രതിരോധ കുത്തിവയ്പുകളുടെ രംഗത്ത് മുന്നോട്ടുപോയത്. കുത്തിവയ്പെടുക്കാനെത്തിയിരുന്ന ആരോഗ്യപ്രവര്‍ത്തകരില്‍നിന്ന് ആളുകള്‍ ഓടിയൊളിച്ചിരുന്ന കാലം അത്ര പഴയതല്ല. പുരോഗമന ചിന്തകള്‍ക്കൊപ്പം വളര്‍ന്ന ശാസ്ത്രചിന്തയും സാമൂഹ്യബോധവും ജനങ്ങളുടെ ഭീതിയകറ്റി. ആരോഗ്യരംഗത്ത് കേരളം നേടിയ മികച്ച നേട്ടങ്ങള്‍ക്കു പിന്നില്‍ പ്രതിരോധകുത്തിവയ്പുകളെപ്പറ്റിയുള്ള ഈ അവബോധവുമുണ്ട്. ഏറ്റവും ഒടുവില്‍ പുറത്തുവന്ന 2015-16ലെ ദേശീയ കുടുംബാരോഗ്യസര്‍വേ (എന്‍എഫ് എച്ച്എസ്-4) യിലും ആരോഗ്യസൂചകങ്ങളില്‍ കേരളം വളരെ ഉയര്‍ന്ന നിലയിലാണ്.

ശാസ്ത്രം തള്ളിയതും തീര്‍ത്തും അശാസ്ത്രീയവുമായ വാദങ്ങള്‍ ഉയര്‍ത്തിയാണ് ചിലര്‍ വാക്സിനേഷനെ എതിര്‍ക്കുന്നത്. ചിലയിടങ്ങളില്‍ മതത്തിന്റെ മറവിലും ഈ പ്രചാരണങ്ങള്‍ നടക്കുന്നു.വര്‍ഷങ്ങള്‍ക്കുമുമ്പ് പരീക്ഷണങ്ങളിലൂടെ തെറ്റെന്ന് തെളിഞ്ഞ വാദങ്ങള്‍പോലും പുതുമാധ്യമങ്ങളിലൂടെ 'പുത്തന്‍ അറിവാ'യി പ്രചരിപ്പിക്കുന്നു. നൂറും ആയിരവുമായി പറക്കുന്ന ഈ വ്യാജസന്ദേശങ്ങള്‍ കുറെപ്പേര്‍ക്കെങ്കിലും 'ആധികാരിക ജ്ഞാന'മാകുന്നു.

ലക്ഷക്കണക്കിനു കുട്ടികള്‍ കുത്തിവയ്പെടുക്കുന്നതില്‍ ഒന്നോ രണ്ടോ പേര്‍ക്ക് മറ്റെന്തെങ്കിലും കാരണംകൊണ്ടുണ്ടാകുന്ന അസ്വസ്ഥതകള്‍പോലും വാക്സിനേഷന്റെ പേരില്‍ ആരോപിച്ച് വന്‍ വിവാദമാക്കുന്ന പതിവുണ്ട്.

ഈ പ്രചാരണങ്ങളെല്ലാം ചേര്‍ന്ന് കുറെ കുട്ടികളെയെങ്കിലും പ്രതിരോധകുത്തിവയ്പില്‍നിന്ന് അകറ്റിയിട്ടുണ്ട്. സംസ്ഥാനത്ത് അടുത്തിടെ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഡിഫ്ത്തീരിയയും വില്ലന്‍ ചുമയും ഈ ആപത്തിന്റെ സൂചനയാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കുത്തിവയ്പെടുക്കാത്ത കുട്ടികളിലാണ് ഇത് കണ്ടുതുടങ്ങിയതെങ്കിലും ഇത് പകരാം. അതിനാല്‍, മുമ്പ് എടുത്തവരും എടുക്കാത്തവരുമായ എല്ലാ ആളുകളും പ്രായഭേദമില്ലാതെ പുതിയ വാക്സിന്‍ മൂന്നുതവണ എടുക്കേണ്ടി വരുന്നു.
ഈ വാക്സിന്‍ വിരുദ്ധതയ്ക്കൊപ്പം കാണേണ്ടതാണ് പനിയെ മുന്‍നിര്‍ത്തിയുള്ള ചില കുപ്രചാരണങ്ങള്‍. ഒരു കൂട്ടര്‍ പനി ചികിത്സിക്കരുതെന്നും ശരീരത്തിന്റെ രക്ഷാമാര്‍ഗമാണെന്നും വാദിച്ച് അപകടകരമായ പകര്‍ച്ചപ്പനി ബാധിച്ചവരെപ്പോലും മരണത്തിലേക്ക് തള്ളാനുള്ള ശ്രമം നടത്തുന്നു. സാക്ഷരകേരളത്തിന് നാണക്കേടുണ്ടാക്കി ഏതാനും വര്‍ഷംമുമ്പ് സംസ്ഥാനത്ത് ചിലയിടങ്ങളില്‍ 'പനി മഹോത്സവം' സംഘടിപ്പിക്കാനും ഇവര്‍ ധൈര്യപ്പെട്ടു.

മറ്റൊരു കൂട്ടര്‍ ഡെങ്കിപ്പനിക്ക് അടക്കം മരുന്ന് കണ്ടെത്തിയതായി അവകാശപ്പെട്ട് വ്യാജസന്ദേശങ്ങളുമായാണ് രംഗത്തുവരുന്നത്.  അംഗീകൃത ചികിത്സാശാഖകളുടെയൊന്നും ആധികാരിക പിന്തുണയില്ലാതെ വ്യാജമരുന്നുകള്‍ വിറ്റഴിക്കാനാണ് ഈ വിഭാഗത്തിന്റെ പരിശ്രമം. ഒരേ മരുന്നുതന്നെ ഒന്നിലേറെ ചികിത്സാശാഖകളുടെ മരുന്നാക്കി പ്രചാരണം നടക്കുന്നു. വില്‍പ്പനകേന്ദ്രങ്ങള്‍ അറിയിച്ച് ഫോണ്‍ നമ്പരും നല്‍കിയുള്ള ഈ തട്ടിപ്പിനും ഇരയാകുന്നവര്‍ തീരെ കുറവല്ലെന്നാണ് സൂചനകള്‍. പ്ളേറ്റ്ലെറ്റ് കൂട്ടാനുള്ള മരുന്ന് കണ്ടെത്തിയെന്ന മട്ടിലുള്ള ഇത്തരം അവകാശവാദങ്ങള്‍ നിയമപ്രകാരം കുറ്റകൃത്യമാണെങ്കിലും ചിലര്‍ പണമുണ്ടാക്കാന്‍ ആ വഴി നീങ്ങുന്നു.

വികസിതരാജ്യങ്ങളുടെ നിലവാരത്തില്‍ കേരളത്തിലെ ആരോഗ്യമേഖല എത്തിയതില്‍ പ്രതിരോധ കുത്തിവയ്പുകള്‍ക്കും ഉയര്‍ന്ന ആരോഗ്യ അവബോധത്തിനും വലിയ പങ്കുണ്ട്. വ്യാജപ്രചാരണങ്ങളും കച്ചവടതാല്‍പ്പര്യങ്ങളും ഇതിന് തുരങ്കംവയ്ക്കാന്‍ ഇടയാക്കരുത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍തന്നെ ഈ വിഷയത്തില്‍ മുന്‍ഗണന നല്‍കി ഇടപെട്ടു. സ്കൂള്‍പ്രവേശനത്തിന് വാക്സിനേഷന്‍ രേഖകള്‍ നിര്‍ബന്ധമാക്കുമെന്നും വാക്സിനേഷനെതിരെ പ്രചാരണം നടത്തുന്നവരെ നിയമപരമായി നേരിടുമെന്നും അധികാരമേറ്റയുടന്‍തന്നെ ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ സര്‍ക്കാരിനു മാത്രമല്ല ഉത്തരവാദിത്തമുള്ളത്. പനി ചെറുക്കാനും മാലിന്യനിര്‍മാര്‍ജനത്തിനും നടത്തുന്ന പൊതുനീക്കങ്ങള്‍ക്കൊപ്പം ഇത്തരം 'മാലിന്യ'ങ്ങള്‍ക്കെതിരായ പോരാട്ടംകൂടി ആവശ്യമായിത്തീരുന്നു. ഈ പ്രശ്നം പൊതുസമൂഹം അതീവ ഗൌരവത്തില്‍ കാണേണ്ടതുണ്ട്
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top