27 January Friday

ഉത്തർപ്രദേശിലെ സഖ്യം നൽകുന്ന സന്ദേശം

വെബ് ഡെസ്‌ക്‌Updated: Monday Jan 14, 2019

പൊതുതെരഞ്ഞെടുപ്പിനുള്ള കാഹളം മുഴക്കി ഉത്തർപ്രദേശിൽ ബിഎസ‌്പിയും എസ‌്‌പിയുംതമ്മിൽ സഖ്യം സ്ഥാപിച്ചു. കാൽനൂറ്റാണ്ടിന് ശേഷമാണ് ഇരുകക്ഷികളുംതമ്മിൽ വീണ്ടും സഖ്യം സ്ഥാപിച്ചത്. ഹിന്ദുത്വശക്തികൾ ബാബ്റി മസ്ജിദ് തകർത്ത വേളയിലായിരുന്നു ഇരു കക്ഷികളും തമ്മിലുള്ള ആദ്യസഖ്യമെങ്കിൽ (1993–-95ൽ )കഴിഞ്ഞ ലോക‌്സഭാ–-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി ഉത്തർപ്രദേശിൽ വൻ വിജയംകൊയ്ത സാഹചര്യത്തിലാണ‌്, അവരുടെ മുന്നേറ്റം തടയുക ലക്ഷ്യമാക്കി രണ്ടാമത്തെ സഖ്യം നിലവിൽ വന്നത്. അഖിലേഷ് യാദവുമായി ലഖ്നൗവിൽ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ മായാവതി പറഞ്ഞതുപോലെ മോഡിയുടെയും അമിത‌്‌‌ ഷായുടെയും ഉറക്കം കെടുത്തുന്നതാണ് ഇരു കക്ഷികളും തമ്മിലുള്ള സഖ്യം.

കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന മൂന്ന് ലോക‌്സഭാ ഉപതെരഞ്ഞെടുപ്പിലും (ഗൊരഖ‌്പുർ, ഫുൽപുർ, കൈരാന) ഇത്തരമൊരു സഖ്യം വൻ വിജയം കൊയ്തത് ഈ പ്രസ്താവനയ‌്ക്ക് അടിവരയിടുന്നു. 

ദളിത്, യാദവ വോട്ടുബാങ്കിൽനിന്ന‌് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ മോഡിക്ക് അനുകൂലമായി ഉണ്ടായ ഒഴുക്ക് തടയുന്നതിന് പര്യാപ്തമായ സഖ്യമാണ് ഇപ്പോൾ രൂപംകൊണ്ടിട്ടുള്ളത്. മാത്രമല്ല,  ഭിന്നിച്ചുനിന്ന ഇരുകക്ഷികളും യോജിച്ചാൽമാത്രം അമ്പതോളം ലോക‌്സഭാ സീറ്റിൽ സഖ്യത്തിന് വിജയിക്കാൻ കഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്. മാത്രമല്ല, ഇരു കക്ഷികളും അവരുടെ വോട്ടുകൾ പൂർണമായുംതന്നെ സഖ്യകക്ഷിക്ക് മാറ്റിചെയ്യാൻ കഴിയുന്നവരുമാണ്.

കോൺഗ്രസിന് അവരുടെ വോട്ടുകൾ സഖ്യത്തിന് അനുകൂലമായി പോൾചെയ്യിക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് അവരെ സഖ്യത്തിന്റെ ഭാഗമാക്കാത്തതെന്ന് മായാവതി പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യമില്ല. 1996ൽ ബിഎസ‌്‌പിയും 2017ൽ എസ‌്പിയും കോൺഗ്രസുമായി സഖ്യത്തിലാണ് മത്സരിച്ചത്. പക്ഷേ കോൺഗ്രസ് സഖ്യം അവർക്ക് ഗുണകരമായില്ല. കോൺഗ്രസ് യുപിയിൽ വിജയം ആവർത്തിച്ചത് ബ്രാഹ്മണ–-മുസ്ലിം–- ദളിത് വോട്ടുകൾ അവർക്ക് നേടാൻ കഴിഞ്ഞപ്പോഴായിരുന്നു. അയോധ്യ മുദ്രാവാക്യം ഉയർത്തി ബിജെപി പ്രധാന രാഷ്ട്രീയശക്തിയായി ഉയർന്നപ്പോൾ ഭൂരിപക്ഷം സവർണവോട്ടുകളും കോൺഗ്രസിന് നഷ്ടമായി. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ ബാബ്റി മസ്ജിദ്  തകർക്കപ്പെട്ടപ്പോൾ മുസ്ലിങ്ങളും മണ്ഡൽ രാഷ്ട്രീയം ശക്തമാകുകയും ബിഎസ‌്പി പ്രധാന ശക്തിയായി ഉയരുകയും ചെയ്തപ്പോൾ ദളിതരും കോൺഗ്രസ് വിട്ടു. വി പി സിങ‌് സർക്കാരിനെ ബിജെപിക്കൊപ്പംചേർന്ന് വോട്ട് ചെയ്ത‌് വീഴ്ത്തിയതും ജനങ്ങളിൽനിന്ന‌് കോൺഗ്രസിനെ അകറ്റി. സ്വാഭാവികമായും പഴയ കോൺഗ്രസിന്റെ ഒരു നിഴൽമാത്രമാണ് ഉത്തർപ്രദേശിലെ കോൺഗ്രസിന്ന‌്. കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് മാത്രമാണ് അവർക്ക‌് ലഭിച്ചത‌്.

നിയമസഭാതെരഞ്ഞെടുപ്പിൽ ഏഴ് സീറ്റും ഏഴ് ശതമാനത്തിൽ കുറവ് വോട്ടുമാണ് കോൺഗ്രസിന് നേടാനായത്. സ്വാഭാവികമായും അവർക്ക് രണ്ട് സീറ്റ് നീക്കിവെക്കാ ൻ ബിഎസ‌്പി–-എസ‌്പി സഖ്യം തയ്യാറായിട്ടുണ്ട്. നിലവിലുള്ള സംഘടനാശേഷിയും ജനസ്വാധീനവും വച്ച് കോൺഗ്രസിന് ഇതിലധികം ഒരു സഖ്യവും നൽകില്ല. മധ്യപ്രദേശിൽ ഇതേ മാനദണ്ഡമുപയോഗിച്ചാണ് ബിഎസ‌്പിയെ കോൺഗ്രസ് സഖ്യത്തിൽ ഉൾപ്പെടുത്താതിരുന്നത്. സ്വാഭാവികമായും ഉത്തർപ്രദേശിൽ അവർ കോൺഗ്രസിനെയും ഒഴിവാക്കി.

ബിജെപിയെ അധികാരത്തിൽനിന്ന‌് പുറത്താക്കുകയും മതനിരപേക്ഷ സർക്കാരിനെ‌ കേന്ദ്രത്തിൽ അധികാരത്തിലെത്തിക്കുകയുമാണ് കോൺഗ്രസിന്റെ ലക്ഷ്യമെങ്കിൽ ഈ സഖ്യത്തിനൊപ്പം നിൽക്കുന്നതാണ് ലക്ഷ്യം കൈവരിക്കാൻ സഹായിക്കുക. ഉത്തർപ്രദേശിൽ ബിജെപിക്ക് അടിതെറ്റിയാൽ ഇന്ദ്രപ്രസ്ഥത്തിൽ അവർക്ക് കാലുറപ്പിക്കുക വിഷമമായിരിക്കും. എന്നാൽ വിശാലമായ ഈ രാഷ്ട്രീയ ലക്ഷ്യത്തിനൊപ്പം നിൽക്കാതെ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തി  മതനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിയെ സഹായിക്കാനാണ‌് കോൺഗ്രസ‌് ഒരുങ്ങുന്നത‌്.

ഉത്തർപ്രദേശിലെ സഖ്യം മറ്റൊരു വസ്തുതകൂടി മുന്നോട്ടുവയ‌്ക്കുന്നുണ്ട്. ബിജെപിയെ കേന്ദ്രത്തിൽനിന്ന‌് പുറത്താക്കാൻ ദേശീയതലത്തിലുള്ള സഖ്യത്തേക്കാൾ ഫലപ്രദം ഉത്തർപ്രദേശിൽ രൂപംകൊണ്ടതുപോലെ സംസ്ഥാന അടിസ്ഥാനത്തിലുള്ള ശക്തമായ സഖ്യങ്ങളും നീക്കുപോക്കുകളും ആയിരിക്കും എന്നതാണത്.  ദേശീയതലത്തിൽ സഖ്യത്തിന് ശ്രമിക്കുമ്പോൾ പല കക്ഷികൾക്കും കോൺഗ്രസുമായി കൈകോർക്കാൻ താൽപ്പര്യമില്ല എന്നതാണ് വസ്തുത.ബിഎസ‌്പിയും ടിആർഎസും ബിജു ജനതാദളും മറ്റുംതന്നെ ഉദാഹരണം. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നുവെന്ന് ഡിഎംകെ നേതാവ് പറഞ്ഞപ്പോൾ മറ്റു രാഷ്ട്രീയകക്ഷികൾക്ക‌് ഈ നിർദേശത്തോട് തണുത്ത പ്രതികരണമായിരുന്നു ഉണ്ടായിരുന്നത്.  മാത്രമല്ല, ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിൽ രൂപംകൊണ്ട സഖ്യകക്ഷി സർക്കാരുകളെല്ലാംതന്നെ ലോക‌്സഭാ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ ചർച്ചകളിലുടെയും രാഷ്ട്രീയനീക്കങ്ങളിലൂടെയുമാണ് ഉരുത്തിരിഞ്ഞുവന്നിട്ടുള്ളത്. അത്തരമൊരു നീക്കത്തിന് ശക്തിപകരുന്ന രാഷ്ട്രീയതീരുമാനമാണ് ജനുവരി 12ന് ഉത്തർപ്രദേശിൽനിന്ന‌് ഉണ്ടായിട്ടുള്ളത്. 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top