സ്‌ത്രീധനവും സമ്പത്തിനോടുള്ള ആർത്തിയും വ്യക്തികളുടെ വൈകല്യമെന്നതിലുപരി സാമൂഹ്യവിപത്തായി കാണുന്ന കേരളീയർക്ക് ആശ്വാസം പകരുന്ന വിധിയാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽനിന്നുണ്ടായത്. ജീവിതപങ്കാളിയും ഒരു കുഞ്ഞിന്റെ അമ്മയുമായ ഇരുപത്തഞ്ചുകാരിയെ വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ഭർത്താവ് സൂരജ് കുറ്റവാളിയാണെന്ന് നീതിപീഠം കണ്ടെത്തി. ശിക്ഷ ബുധനാഴ്‌ച വിധിക്കും. ഇന്ത്യൻ ശിക്ഷാനിയമം അനുശാസിക്കുന്ന പരമാവധിശിക്ഷ പ്രതിക്ക് നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.
മുമ്പുണ്ടായിട്ടില്ലാത്തതും അത്യസാധാരണവുമായ ഒരു കുറ്റകൃത്യം ശാസ്‌ത്രീയ മാർഗങ്ങളിലൂടെ തെളിയിച്ച കേരള പൊലീസിന്റെ അന്വേഷണമികവ് അഭിമാനാർഹമാണ്. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചത് എടുത്തുപറയേണ്ട കാര്യം. പാമ്പിനെ ഉപയോഗിച്ച് കൊലപാതകം നടത്തിയ രണ്ട് കേസാണ് ഇതിനുമുമ്പ് രാജ്യത്ത് അന്വേഷണ വിധേയമായിട്ടുള്ളത്. രണ്ടിലും തെളിവില്ലാതെ കുറ്റവാളികൾ രക്ഷപ്പെട്ടു. കുറ്റത്തിന്റെ അപൂർവതയും കുറ്റവാളിയുടെ ക്രൗര്യവും ഉത്രാവധത്തെ വ്യത്യസ്‌തമാക്കി. കൊല്ലം അഞ്ചൽ ഏറം വെള്ളാശ്ശേരി വീട്ടിൽ ഉത്രയെ ദാരുണമായി കൊലപ്പെടുത്തിയത് രണ്ട് വർഷത്തിലേറെ ഒപ്പം കഴിഞ്ഞ ഭർത്താവുതന്നെ. വിവാഹസമയത്ത് കനപ്പെട്ട സ്‌ത്രീധനം ലഭിച്ചിട്ടും തൃപ്‌തനാകാതെ ഭാര്യവീട്ടിലെ സ്വത്തിൽ കണ്ണുവച്ച് സൂരജ് കരുക്കൾ നീക്കുകയായിരുന്നു. കുഞ്ഞുപിറന്നതോടെ ഭാര്യയെ ഇല്ലാതാക്കി സ്വത്ത് സ്വന്തമാക്കാമെന്ന കണക്കുകൂട്ടലിലാണ് കൊലപാതകം ആസൂത്രണം ചെയ്‌തത്.
പാമ്പിനെ ഉപയോഗിച്ച് ഭാര്യയെ കൊന്നാൽ സംശയിക്കപ്പെടില്ലെന്നും കരുതി. ആദ്യം അണലിയെക്കൊണ്ട് കടിപ്പിച്ചു. ചികിത്സയിലൂടെ മരണത്തിൽനിന്ന് രക്ഷപ്പെട്ട് വിശ്രമിക്കവെയാണ് മാസങ്ങളുടെ വ്യത്യാസത്തിൽ വീണ്ടും ആക്രമണം. മൂർഖനായിരുന്നു രണ്ടാമത്തെ ആയുധം. പാമ്പിനേക്കാൾ ഉള്ളിൽ വിഷം പേറുന്ന മനുഷ്യനെയാണ് ഈ ഘട്ടത്തിൽ കാണാനാകുക. ഭാര്യക്ക് ശീതളപാനീയത്തിൽ മയക്കുമരുന്നു നൽകിയാണ് പാമ്പിന് കടിക്കാൻ അവസരമൊരുക്കിയത്. മയങ്ങിക്കിടക്കുന്ന ഉത്രയുടെ ദേഹത്തേക്ക് കുടഞ്ഞിട്ട പാമ്പ് കടിച്ചില്ല. തുടർന്ന്, മുർഖനെ പിടിച്ച് ഉത്രയുടെ കൈയിൽ കടിപ്പിച്ചു. മുറിക്കകത്തുള്ള പാമ്പിന്റെ കടിയേൽക്കാതിരിക്കാൻ കസേരയിൽ കാൽകയറ്റിവച്ച് നേരം വെളുക്കുംവരെ പ്രതി ഇരിക്കുമ്പോൾ ഉത്രയുടെ ശരീരത്തിൽ മൂർഖന്റെ വിഷം പടർന്നുകയറുകയായിരുന്നു. പണത്തോടും സുഖലോലുപതയോടുമുള്ള അത്യാർത്തി മനുഷ്യനെ എത്ര കിരാതനാക്കുമെന്നതിന് ഇതിലേറെ ഉദാഹരണമാവശ്യമില്ല.
ഉത്രയുടെ വീട്ടുകാരുടെ സംശയം ഇല്ലായിരുന്നുവെങ്കിൽ വീടിനകത്ത് ഇഴഞ്ഞുകയറിയ പാമ്പുവരുത്തിയ അപകടമായി ഇത് പരിണമിക്കുമായിരുന്നു. പ്രതി കുറ്റസമ്മതം നടത്തിയെങ്കിലും തെളിവ് എന്ന കടമ്പ പൊലീസിന് വലിയ വെല്ലുവിളിയായി. സാധാരണ പാമ്പുകടിയേൽക്കുമ്പോഴും പിടിച്ച് കടിപ്പിക്കുമ്പോഴും മുറിവിൽ ഉണ്ടാകുന്ന വ്യത്യാസം തെളിയിക്കാനായത് കേസിൽ നിർണായകമായി. ഇതിനായി പൊലീസ് നടത്തിയ ഡമ്മി പരീക്ഷണം കുറ്റാന്വേഷണ ചരിത്രത്തിലെ സുപ്രധാന രേഖയായിമാറും.
സ്‌ത്രീധനമരണം ഇന്നും നമ്മുടെ നാട്ടിൽ അസാധാരണ സംഭവമല്ല. നിയമങ്ങളുടെ അപര്യാപ്‌തതയല്ല ഈ ദുരവസ്ഥയ്‌ക്ക് കാരണം. വിവാഹം കഴിഞ്ഞ് ഏഴുവർഷത്തിനുള്ളിൽ സ്‌ത്രീകൾക്കുണ്ടാകുന്ന ഏത് അസ്വാഭാവിക മരണവും തലനാരിഴകീറി പരിശോധിക്കാൻ നിയമമുള്ള നാടാണിത്. എന്നിട്ടും എത്രയെത്ര പെൺകുട്ടികളാണ് അകാലത്തിൽ പൊലിഞ്ഞുപോകുന്നത്. നേരിട്ടു കൊലപ്പെടുത്തുന്നതിലും എത്രയോ ഏറെയാണ് മരണത്തിലേക്ക് തള്ളിവിടപ്പെടുന്നവരുടെ എണ്ണം. ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനങ്ങളിൽ സഹികെട്ട് ജീവനൊടുക്കുന്ന യുവതികളേറെയുണ്ടെങ്കിലും കുറ്റവാളികൾ നിയമത്തിന് മുന്നിലെത്താറില്ല. അടുത്ത കാലത്ത് കൊല്ലത്തെ വിസ്‌മയയുടെ മരണത്തോടെയാണ് വിഷയം സജീവചർച്ചയായത്. അഭ്യസ്‌തവിദ്യരായ യുവാക്കൾപോലും വിവാഹത്തിന് പെൺവീട്ടിലെ സമ്പത്തിന്റെ തൂക്കം നോക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ല. സ്ത്രീധനത്തിനും ഗാർഹിക പീഡനത്തിനും ലിംഗവിവേചനത്തിനുമെതിരെ സമീപകാലത്ത് പൊതുസമൂഹത്തിൽ ശക്തിപ്പെടുന്ന അവബോധം ആശാവഹമാണ്. ഉത്രമാരും വിസ്‌മയമാരും ഇനിയുണ്ടാകരുത്. അതിനുള്ള സന്ദേശമാകണം ഉത്രയുടെ കൊലയാളിക്കു ലഭിക്കുന്ന ശിക്ഷ.
അരങ്ങൊഴിഞ്ഞത് സമ്പൂർണ കലാകാരൻ
കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിൽ തുടർച്ചയായ നഷ്ടങ്ങളുണ്ടാകുകയാണ്. ആ അർഥത്തിൽ നെടുമുടി വേണുവിന്റെ വിയോഗം ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. അഞ്ഞൂറിലധികം ചിത്രത്തിൽ നായക, വില്ലൻ, ഹാസ്യ വേഷങ്ങൾ ചെയ്‌ത അദ്ദേഹം മലയാളത്തിലെ പകരംവയ്‌ക്കാനില്ലാത്ത നടനായിരുന്നു. കഥാപാത്രങ്ങളിലേക്ക് പരകായപ്രവേശം നടത്തി സ്വാഭാവികാഭിനയത്തിന്റെ ചാരുത കൊണ്ടുവന്നപ്പോൾ സിനിമയിൽ അനിവാര്യനായി. പലവിധ കലകൾ സ്വായത്തമാക്കി വിസ്മയിപ്പിച്ച മഹാപ്രതിഭയുടെ താളബോധം അത്ഭുതാവഹമായിരുന്നു. നാടകം, സിനിമ, നാടൻകല, കവിത, പാട്ട്, സംഗീതം, കൊട്ട് തുടങ്ങിയ മേഖലകളിലെല്ലാം അവഗാഹമുണ്ടായി. കൊടിയേറ്റം ഗോപി, ഭരത് മുരളി, തിലകൻ തുടങ്ങിയവർ മരിച്ചപ്പോൾ വലിയ ശൂന്യത അനുഭവപ്പെടാതിരുന്നത് നെടുമുടിയുടെ സാന്നിധ്യംകൊണ്ടായിരുന്നു. സീരിയൽ സംവിധായകൻ, പത്രപ്രവർത്തകൻ, അധ്യാപകൻ, കഥകളി കലാകാരൻ, മൃദംഗവിദ്വാൻ എന്നിങ്ങനെയും തിളങ്ങി. കാവാലത്തിന്റെ "അവനവൻ കടമ്പ’ നാടകത്തിലെ നെടുമുടിയുടെ പ്രകടനം മാതൃകകളില്ലാത്തതും ലോകനിലവാരം തൊട്ടതുമാണ്. അരവിന്ദന്റെ ‘തമ്പി’ൽ തുടങ്ങിയ സിനിമാജീവിതം തിരക്കഥാരചനയിലേക്കും സംവിധാനത്തിലേക്കും വളർന്നു. എട്ട് ചിത്രത്തിന് കഥയെഴുതി. ‘പൂരം' സംവിധാനം ചെയ്‌തു.
മർമരം, കള്ളൻ പവിത്രൻ, കോലങ്ങൾ, ചാമരം, തകര, രചന, ആരോരുമറിയാതെ, അപ്പുണ്ണി, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ആരണ്യകം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, മാർഗം എന്നിവയിലെ ശക്തമായ കഥാപാത്രങ്ങളിലൂടെ അഭിനയത്തിന്റെ കൊടിമുടിയേറി. ‘തകര'യിലെ ചെല്ലപ്പനാശാരി, ‘ചാമര'ത്തിലെ വിദ്യാർഥിയായ വൈദികൻ, ‘ഒരിടത്തൊരു ഫയൽവാനി'ലെ മേസ്‌ത്രി, ‘വിട പറയും മുമ്പേ’യിലെ സേവ്യർ തുടങ്ങി അഭിനയമികവും സംഭാഷണ വ്യത്യസ്‌തതയും കഥാപാത്രങ്ങൾക്ക് കരുത്തേകി. രണ്ടു പ്രധാന ചിത്രത്തിലൂടെ ആ വ്യത്യസ്‌തത തമിഴ് പ്രേക്ഷകരും അനുഭവിച്ചു. ദക്ഷിണേന്ത്യയിൽ ഏറ്റവും ആരാധന തോന്നിയ നടനാണ് നെടുമുടിയെന്നാണ് കമൽ ഹാസൻ പറഞ്ഞത്. മികച്ച സഹനടനുള്ള ദേശീയ അവാർഡും മൂന്നുവട്ടം നടനുള്ള സംസ്ഥാന അവാർഡും തേടിയെത്തി. മാർഗത്തിലെ അതുല്യ പ്രകടനത്തിന് ഹവാനാ ചലച്ചിത്രമേളയിലും പുരസ്‌കാരം നേടി. ആട്ടവിളക്കണഞ്ഞു, സമ്പൂർണ കലാകാരൻ രംഗമൊഴിഞ്ഞു; കാലം ഒരു കാലഘട്ടത്തിന് യവനിക താഴ്‌ത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..