19 September Thursday

ഇറാൻ വിദേശമന്ത്രിക്കെതിരെയും ഉപരോധം

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2019


ഇറാനുമായുള്ള ബന്ധം കുടുതൽ വഷളാക്കി വിദേശമന്ത്രി മുഹമ്മദ് ജാവദ് സരീഫിനെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി. ഇറാനിലെ മതനേതാവ് അലി ഖമനേയിക്കും സൈന്യം റവലൂഷണറി ഗാർഡിനും എതിരെ ജൂണിൽ ഏർപ്പെടുത്തിയ ഉപരോധത്തിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ വിദേശമന്ത്രിക്കെതിരെയും അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞവർഷം ഇറാനുമായുള്ള ആണവകരാറിൽനിന്ന്‌ പിന്മാറിയതിനുശേഷം അമേരിക്ക കൈക്കൊള്ളുന്ന പ്രതികാരനടപടിയുടെ തുടർച്ചയായാണിത്‌. 2015ൽ ആറ് രാഷ്ട്രങ്ങളും യുറോപ്യൻ യൂണിയനും ഇറാനുമായി ഒപ്പിട്ട ആണവകരാറിൽനിന്ന്‌ അമേരിക്ക ഏകപക്ഷീയമായി പിന്മാറിയിരുന്നു.  തുറന്ന ചർച്ചയ്‌ക്ക് തുടക്കംകുറിക്കാനാണ് ഈ പിന്മാറ്റം എന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞത്.  എന്നാൽ, ഇറാന്റെ സാർവദേശീയമുഖമായി കരുതുന്ന നയതന്ത്രജ്ഞൻ സരീഫിനെതിരെ ഉപരോധം പ്രഖ്യാപിച്ചതോടെ ചർച്ചയ്‌ക്കുള്ള വാതിലാണ് അമേരിക്ക കൊട്ടിയടച്ചത്. അമേരിക്കയുടെ ലക്ഷ്യം ചർച്ചയിലൂടെ പുതിയ കരാറിലെത്തുകയല്ല, മറിച്ച് ഇറാനെ ഭീഷണിപ്പെടുത്തി കീഴ്പ്പെടുത്തുകയാണെന്ന് ഇതോടെ വ്യക്തമായി.

ആണവകരാറിന്റെ ശിൽപ്പികളിൽ ഒരാളായിരുന്നു സരീഫ്. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണത്തിന് അന്ത്യമിട്ട് അമേരിക്കൻ അനുകൂല സർക്കാരിനെ അവരോധിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച  നയതന്ത്രജ്ഞൻകൂടിയായിരുന്നു അദ്ദേഹം. അത്തരമൊരാൾക്കെതിരെയാണ് അമേരിക്ക ഇപ്പോൾ ഉപരോധം ഏർപ്പെടുത്തിയിട്ടുള്ളത്. വ്യക്തിപരമായി സരീഫിനെ പ്രതികൂലമായി ബാധിക്കുന്നതല്ല അമേരിക്കയുടെ ഉപരോധം.
ആണവകരാറിൽനിന്ന്‌ പിന്മാറിയശേഷവും  ലോകരാഷ്ട്രീയത്തിൽ ഇറാന്റെ സ്വാധീനത്തിന് ഒട്ടും മങ്ങലേറ്റിരുന്നില്ല. ഉപരോധം ഏർപ്പെടുത്തുകവഴി സാമ്പത്തികമായി ഇറാൻ വിഷമവൃത്തത്തിലായെങ്കിലും അമേരിക്കയ്‌ക്ക് വഴങ്ങി നിൽക്കാൻ അവർ തയ്യാറായിരുന്നില്ല.

അമേരിക്കയിൽപോലും വലിയ വിഭാഗത്തിന് ഇറാനുമായുള്ള ആണവകരാറിൽനിന്ന്‌ പിന്മാറിയ നടപടി ശരിയല്ലെന്ന അഭിപ്രായമാണുണ്ടായിരുന്നത്.  റഷ്യയും ചൈനയും പോലുള്ള രാഷ്ട്രങ്ങളും യുറോപ്യൻ യൂണിയനും ഇതേ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. ഏറ്റവും അവസാനമായി സരീഫിനെതിരെ ഉപരോധം ഏർപ്പെടുത്തിയ നടപടിയെ അംഗീകരിക്കാനാകില്ലെന്ന് യൂറോപ്യൻ യൂണിയൻ പ്രസ്‌താവിച്ചത്‌ അമേരിക്കയ്‌ക്ക് നയതന്ത്ര തിരിച്ചടിയായി.  തുടർന്നും സരീഫുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നാണ് യുറോപ്യൻ യൂണിയൻ വ്യക്തമാക്കിയിട്ടുള്ളത്. 

നയതന്ത്രലോകത്ത് അമേരിക്കയ്‌ക്കുള്ള തിരിച്ചടിക്ക് പ്രധാന കാരണം ജാവദ് സരീഫിന്റെ ഇടപെടലാണെന്നതാണ് അദ്ദേഹത്തിനെതിരെ ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയെ പ്രേരിപ്പിച്ചത്.  അമേരിക്കയിൽ വിദ്യാഭ്യാസം നേടിയ സരീഫിന് അമേരിക്കയിലെ രാഷ്ട്രീയ, ബൗദ്ധിക, മാധ്യമനേതൃത്വവുമായി അടുത്ത ബന്ധം ഉണ്ട്. 2002 മുതൽ അഞ്ച് വർഷം ഇറാന്റെ യുഎൻ പ്രതിനിധിയായി സരീഫ് ന്യൂയോർക്കിൽ താമസിക്കുകയും ചെയ്‌തിരുന്നു.  അമേരിക്കയുടെ മുൻ വിദേശ  സെക്രട്ടറി ജോൺ കെറി, ഡെമോക്രാറ്റിക്‌ പാർടി നേതാവ് ജോൺ ബിഡേൻ, സ്‌പീക്കർ നാൻസി പെലോസി തുടങ്ങിയവരുമായി അടുത്ത സൗഹൃദബന്ധവും സരീഫിനുണ്ട്.  സരീഫിന്റെ ഒരോ അമേരിക്കൻ യാത്രയും ട്രംപ് ഭരണകൂടത്തെ അസ്വസ്ഥമാക്കിയിരുന്നു.  രണ്ടാഴ്‌ചമുമ്പ് പോലും അമേരിക്ക സന്ദർശിച്ച വേളയിൽ സരീഫ് അമേരിക്കൻ മാധ്യമങ്ങളോട് സംസാരിക്കുകയുണ്ടായി. ഈ മുഖാമുഖം അമേരിക്കൻ വിദേശ സെക്രട്ടറി  മൈക്ക് പോംപിയോയെ പ്രകോപിതനാക്കുകയും ചെയ്‌തു.  യുഎൻ ആസ്ഥാനത്ത് സന്ദർശനം നടത്തുന്നതിനായാണ് സരീഫിന് വിസ നൽകിയതെന്നും മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയത് വിസ ചട്ടങ്ങളുടെ ലംഘനമാണെന്നും പോംപിയോ ആരോപിക്കുകയുണ്ടായി. അതിനാൽ യുഎൻ സന്ദർശനത്തിന് പോലും സരീഫിനെ അനുവദിക്കാതിരിക്കാനുള്ള നീക്കങ്ങൾ അമേരിക്കയുടെ ഭാഗത്തുനിന്ന്‌ ഉണ്ടായാൽ അത്ഭുതപ്പെടാനില്ല.

സൗദി അറേബ്യയും ഇസ്രയേലും അമേരിക്കയുംചേർന്ന് മധ്യപൗരസ്‌ത്യദേശത്ത്‌ ഇറാനെ ഒറ്റപ്പെടുത്താൻ നടത്തുന്ന നീക്കങ്ങൾ ഫലം കാണാത്തത് അമേരിക്കയെ ഒട്ടൊന്നുമല്ല വിഷമിപ്പിക്കുന്നത്. നേരത്തേ ഇറാനെതിരെ ആക്രമണത്തിന് ഒരുങ്ങിയെങ്കിലും അവസാനം ട്രംപ് അതിൽനിന്ന്‌ പിൻവാങ്ങുകയായിരുന്നു.  അമേരിക്കയുടെ ആളില്ലാ വിമാനം വെടിവച്ചിട്ടെന്ന് ആരോപിച്ചായിരുന്നു യുദ്ധനീക്കം.  ബ്രിട്ടന്റെ എണ്ണക്കപ്പൽ ഇറാൻ പിടിച്ചെടുത്തപ്പോഴും ശക്തമായ തിരിച്ചടി നൽകാൻ അമേരിക്കയ്‌ക്ക് കഴിഞ്ഞിരുന്നില്ല.  മധ്യദൂര ബാലിസ്റ്റിക്‌ മിസൈൽ ഇറാൻ പരീക്ഷിച്ചപ്പോഴും അപ്രധാനമെന്നുപറഞ്ഞ് തള്ളിക്കളയാൻ മാത്രമേ അമേരിക്കയ്‌ക്ക് കഴിഞ്ഞുള്ളൂ. ഇറാനെതിരെയുള്ള അമേരിക്കൻ നീക്കങ്ങൾ ഒന്നൊന്നായി പരാജയപ്പെടുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top