01 October Sunday

പരാജയഭീതിയിൽ ഡോണൾഡ്‌ ട്രംപ്

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020


അമേരിക്കയിൽ തെരഞ്ഞെടുപ്പ്‌ നീട്ടിവയ്‌ക്കണമെന്ന നിർദേശം പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ മുന്നോട്ടുവച്ചിരിക്കുന്നു. കോവിഡ്‌–-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തപാൽ വഴിയുള്ള വോട്ടിന്‌ കൂടുതൽ സൗകര്യമൊരുക്കാൻ അമേരിക്കയിലെ 50 സംസ്ഥാനവും തയ്യാറെടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ്‌ ഈ ആവശ്യം പ്രസിഡന്റ്‌ മുന്നോട്ടുവച്ചിട്ടുള്ളത്‌. കഴിഞ്ഞദിവസം തന്റെ ഇഷ്ട മാധ്യമമായ ട്വിറ്ററിലൂടെയാണ്‌ ഇക്കാര്യം പ്രസിഡന്റ്‌ അറിയിച്ചത്‌. തപാൽ വോട്ടിങ് കൃത്യതയില്ലാത്തതും കൃത്രിമം നിറഞ്ഞതുമാണെന്നും അതിനാൽ ജനങ്ങൾക്ക്‌ വ്യക്തമായി സുരക്ഷിതമായി വോട്ട്‌ ചെയ്യാൻ കഴിയുന്നതുവരെ തെരഞ്ഞെടുപ്പ്‌ നീട്ടിവയ്‌ക്കണമെന്നുമാണ്‌ ട്രംപ്‌ നിർദേശിച്ചത്‌. എന്നാൽ, പ്രതിപക്ഷം മാത്രമല്ല ട്രംപിന്റെ സ്വന്തം പാർടിക്കാർ പോലും ഇത്‌ അംഗീകരിക്കാൻ തയ്യാറായിട്ടില്ല.

തപാൽ വോട്ടിങ് കൃത്രിമത്തിന്‌ വഴിയൊരുക്കുമെന്ന ട്രംപിന്റെ പ്രസ്‌താവന വാസ്‌തവ വിരുദ്ധമാണെന്ന്‌ വിവിധ തെരഞ്ഞെടുപ്പ്‌ ഏജൻസികളും മാധ്യമങ്ങളും പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തലസ്ഥാനമായ വാഷിങ്‌ടണിൽ ഉൾപ്പെടെ തപാൽ വോട്ട്‌ ഉപയോഗിച്ചാണ്‌ ഭൂരിപക്ഷം പേരും വോട്ട്‌ ചെയ്‌തതെന്നും അതിൽ തിരിമറിക്കുള്ള സാധ്യത വിരളമാണെന്നുമാണ്‌ മാധ്യമ ഭാഷ്യം. മാത്രമല്ല, കോവിഡിന്റെ പശ്ചാത്തലത്തിൽ ഭൂരിപക്ഷംപേരും ഇക്കുറി ‘മെയിൽ ഇൻ വോട്ട്’‌ തന്നെയാണ്‌ തെരഞ്ഞെടുക്കാൻ സാധ്യത. തപാൽ വോട്ട്‌ വിപുലപ്പെടുത്തണമെന്ന സമ്മർദം ജനങ്ങൾ സംസ്ഥാന അധികൃതരിൽ ചെലുത്തുന്നുമുണ്ട്‌. ട്രംപിന്റെ പാർടിക്കാരായ റിപ്പബ്ലിക്കന്മാരിൽ 49 ശതമാനവും തപാൽ വോട്ടിനെ അനുകൂലിക്കുകയാണെന്ന്‌ അടുത്തിടെ ഒരു സർവേ വ്യക്തമാക്കുകയുണ്ടായി. ഡെമോക്രാറ്റിക് പാർടി പൊതുവെ തപാൽ വോട്ടിനെ സ്വാഗതം ചെയ്‌തിട്ടുണ്ട്‌.


 

നവംബർ മൂന്നിനാണ്‌ യുഎസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ നടക്കേണ്ടത്‌. ആ തീയതി മാറ്റാൻ ഭരണഘടന അനുസരിച്ച്‌ പ്രസിഡന്റിന്‌ കഴിയില്ല. കാരണം ഫെഡറൽ നിയമം അനുസരിച്ചാണ്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. തീയതിയിൽ മാറ്റംവരുത്തണമെങ്കിൽ അതിനുള്ള അധികാരം പാർലമെന്റായ കോൺഗ്രസിനാണ്‌. 1845 ജനുവരി 25ന്‌ അമേരിക്കൻ കോൺഗ്രസ്‌ അംഗീകരിച്ച ഫെഡറൽ നിയമം അനുസരിച്ചാണ്‌ ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പ്.‌ നാലുവർഷം കൂടുമ്പോൾ നവംബറിലെ ആദ്യ തിങ്കളാഴ്‌ച കഴിഞ്ഞുള്ള ചൊവ്വാഴ്‌ചയാണ്‌ വോട്ടെടുപ്പ്‌ നടക്കേണ്ടത്‌. ഇതനുസരിച്ച്‌ ഈവർഷം നവംബർ മൂന്നിനാണ്‌ തെരഞ്ഞെടുപ്പ്. ‌‌ നീട്ടിവയ്‌ക്കണമെങ്കിൽ കോൺഗ്രസ്‌ പുതിയ നിയമ നിർമാണം നടത്തണം. എന്നാൽ, ട്രംപിന്‌ അതിനു കഴിയില്ല. കാരണം അധോസഭയായ കോൺഗ്രസിൽ പ്രതിപക്ഷ പാർടിയായ ഡെമോക്രാറ്റുകൾക്കാണ്‌ ഭൂരിപക്ഷം. ഉപരിസഭയായ സെനറ്റിൽ മാത്രമാണ്‌ റിപ്പബ്ലിക്കൻ പാർടിക്ക്‌ മേൽക്കൈയുള്ളത്‌. തെരഞ്ഞെടുപ്പ്‌ നീട്ടിവയ്‌ക്കുന്നതിനെ ഡെമോക്രാറ്റുകൾ എതിർക്കുന്നതുകൊണ്ടുതന്നെ പുതിയ നിയമനിർമാണത്തിന്‌  സാധ്യത വിരളമാണ്‌.

തെരഞ്ഞെടുപ്പുതീയതി നീട്ടുക അസാധ്യമാണെന്ന്‌ അറിയാമായിരുന്നിട്ടും ട്രംപ്‌ അത്തരമൊരു ചർച്ചയ്‌ക്ക്‌ തുടക്കംകുറിച്ചത്‌ എന്തിനാണ്‌?  പ്രധാനമായും രണ്ടു കാരണമാണ്‌ ഇതിനു പിന്നിലുള്ളത്‌. ഒന്നാമതായി അടുത്ത തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള സാധ്യത വിരളമാണെന്ന്‌ ട്രംപിന്‌ അറിയാം. അടുത്തിടെ പുറത്തിറങ്ങിയ അഭിപ്രായ സർവേയിലെല്ലാം ട്രംപിനേക്കാൾ ഏറെ മുന്നിലാണ്‌ ഡെമോക്രാറ്റിക് പാർടി സ്ഥാനാർഥി ജോ ബൈഡൻ. ജനപിന്തുണയിൽ ഇരുവരും തമ്മിലുള്ള വ്യത്യാസം 10 ശതമാനമായി ഉയർന്നിരിക്കുകയാണ്‌ ഇപ്പോൾ. കോവിഡ്‌ –-19 എന്ന മഹാമാരിയെ തടയുന്നതിൽ സമ്പൂർണ പരാജയമാണ്‌ ട്രംപിന്റെ ഭരണം. മാത്രമല്ല, സമ്പദ്‌വ്യവസ്ഥയും തകർന്നടിഞ്ഞു. മാർച്ച്‌ മുതൽ ജൂൺ വരെയുള്ള നാലുമാസം സമ്പദ്‌വ്യവസ്ഥ രണ്ടാം ലോക യുദ്ധാനന്തര കാലത്തെന്നതുപോലെ, 32.9 ശതമാനം തകർച്ചയാണ്‌ അനുഭവപ്പെട്ടത്‌. ബ്യൂറോ ഓഫ്‌ ഇക്കോണമിക് അനലിസിസ്‌ ഈ കണക്ക്‌ പുറത്തുവിട്ടതിനു തൊട്ടുപിറകെയാണ്‌ തെരഞ്ഞെടുപ്പ്‌ നീട്ടിവയ്‌ക്കണമെന്ന ആവശ്യം ട്വിറ്ററിലൂടെ ട്രംപ്‌ പങ്കുവച്ചത്‌. പരാജയഭീതിയാണ്‌ തെരഞ്ഞെടുപ്പ്‌ നീട്ടിവയ്‌ക്കാനുള്ള ആലോചനയിലേക്ക്‌ ട്രംപിനെ നയിച്ചതെന്ന്‌ ഇത്‌ സൂചിപ്പിക്കുന്നു. തന്നേക്കാൾ ജനപിന്തുണ കോവിഡ്‌ പ്രതിരോധ പ്രവർത്തനത്തിന്‌ നേതൃത്വം നൽകുന്ന ആന്തണി ഫൗച്ചിക്കാണെന്ന ട്രംപിന്റെ പരാമർശം പരാജയഭീതി ട്രംപിനെ കാര്യമായി അലട്ടാൻ തുടങ്ങിയിരിക്കുന്നുവെന്നതിന്റെ ലക്ഷണമാണ്‌.

തെരഞ്ഞെടുപ്പ്‌ നീട്ടിവയ്‌ക്കണമെന്ന നിർദേശത്തിനു പിന്നിലുള്ള രണ്ടാമത്തെ കാര്യം പരാജയപ്പെട്ടാലും ജയിക്കുന്ന സ്ഥാനാർഥി ബൈഡന്റെ  വിജയത്തെ സംശയത്തിന്റെ നിഴലിൽ നിർത്തുകയെന്നതാണ്‌. തപാൽ വോട്ടിൽ കൃത്രിമം നടന്നതിന്റെ ഭാഗമായാണ്‌ ബൈഡൻ വിജയിച്ചതെന്ന്‌ പ്രചരിപ്പിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനാണ്‌ വോട്ടിങ്‌ ‌രീതിയിൽ  സംശയം പ്രകടിപ്പിക്കാൻ ട്രംപ്‌ ‌ തയ്യാറായിട്ടുള്ളത്‌. എതായാലും രണ്ടാംമൂഴം ട്രംപിന്‌ വിഷമകരമാണെന്ന്‌ കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top