29 May Monday

വ്യാപാരയുദ്ധം: അമേരിക്കയ്‌ക്ക‌് തിരിച്ചടി നൽകണം

വെബ് ഡെസ്‌ക്‌Updated: Friday Mar 8, 2019


അമേരിക്ക ചൈനയ‌്ക്കെതിരെ തുടങ്ങിവച്ച വ്യാപാരയുദ്ധം ഇന്ത്യക്കെതിരെയും ആരംഭിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി പ്രത്യേക മുൻഗണനാപദവി ആനുകൂല്യത്തിൽനിന്ന‌് ഇന്ത്യയെ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. അടുത്ത 60 ദിവസത്തിനകം ചർച്ചയിലൂടെ അമേരിക്കയുമായി ഒരു ധാരണയിലെത്താത്തപക്ഷം വ്യാപാര മുൻഗണനാപദവി (ജിപിഎസ്) അനുസരിച്ച് വികസ്വര രാഷ്ട്രങ്ങൾക്ക് 1976 മുതൽ നൽകിവരുന്ന പ്രത്യേക മുൻഗണനാപദവി പിൻവലിക്കുമെന്നാണ് അമേരിക്കയുടെ ഭീഷണി. ഇന്ത്യയുടെ വ്യാപാരതാൽപ്പര്യങ്ങളെ ദോഷകരമായി ബാധിക്കുന്നതാണ് അമേരിക്കയുടെ തീരുമാനം. 1900 ഉൽപ്പന്നങ്ങൾക്കാണ് ഈ പദ്ധതിവഴി നികുതിസൗജന്യം ലഭിക്കുന്നത്. അമേരിക്കയുമായുള്ള വാർഷികവ്യാപാരം 566 കോടി ഡോളറിന്റേതാണ്. അതിൽ 19 കോടി ഡോളറിന്റേത് അഥവാ 1400 കോടി രൂപയാണ് ഈ പദ്ധതിയിലൂടെയുള്ള കയറ്റുമതിവഴി ഇന്ത്യക്ക് ലഭിക്കുന്ന നികുതിലാഭം.  അമേരിക്ക വ്യാപാരയുദ്ധം ആരംഭിച്ചാൽ ഈ വ്യാപാരം ഇന്ത്യക്ക് നഷ്ടമാകും. രാസവസ‌്തുക്കൾ, ആഭരണങ്ങൾ, എൻജിനിയറിങ‌്, ടെക‌്സ‌്റ്റൈൽ ഉൽപ്പന്നങ്ങൾ എന്നിവയാണ് ജിപിഎസ് വഴി പ്രധാനമായും വ്യാപാരം ചെയ്യപ്പെടുന്നത്. നികുതി ആനുകൂല്യം പിൻവലിക്കുന്നതോടെ ഈ ഉൽപ്പന്നങ്ങളുടെ കയറ്റുമതി സ്വാഭാവികമായും കുറയും. ഈ മേഖലയിൽ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യത്തെ ചെറുകിട–-ഇടത്തരം സംരംഭങ്ങൾക്കാണ് ഇത് ഏറ്റവും വലിയ നഷ്ടം ഉണ്ടാക്കുക. നോട്ട് നിരോധനവും ജിഎസ്ടിയും ഏറ്റവും ദോഷകരമായി ബാധിച്ച മേഖലയാണിത്. ട്രംപിന്റെ തീരുമാനവും അവരുടെ നട്ടെല്ലാണ‌് ഒടിക്കാൻപോകുന്നത‌്.

പ്രധാനമായും മൂന്ന് കാരണങ്ങളാലാണ് അമേരിക്ക ഇന്ത്യക്കെതിരെ തിരിയുന്നത്. ഒന്നാമതായി ഇന്ത്യയുടെ വർധിച്ച ഇറക്കുമതിച്ചുങ്കം കുറയ‌്ക്കണമെന്നതാണ് അമേരിക്കയുടെ ആവശ്യം. 10 മുതൽ 14 ശതമാനംവരെയാണ് ഇന്ത്യയുടെ ഇറക്കുമതിത്തീരുവ.  അമേരിക്കയുടേതാകട്ടെ നാല് ശതമാനവും. ഇന്ത്യൻ ഇറക്കുമതിത്തീരുവ കുറയ‌്ക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം.  ഉഭയകക്ഷി വ്യാപാരം ഇന്ത്യക്ക് അനുകൂലമാകുന്നത് തടയുകയാണ് ട്രംപിന്റെ ലക്ഷ്യം. നിലവിൽ 230 കോടി ഡോളറാണ് അമേരിക്കയുടെ വ്യാപാര കമ്മി. ഇത‌് കുറച്ചുകൊണ്ടുവരുന്നതിനാണ് ഇന്ത്യ ഇറക്കുമതിത്തീരുവ കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നത്.  അമേരിക്കയുടെ ഇറക്കുമതി ച്ചുങ്കത്തിന് ഇന്ത്യയുടെ ഇറക്കുമതിച്ചുങ്കവും സമാനമാക്കുക എന്ന് പറഞ്ഞാൽ ഇന്ത്യ ചുങ്കം കുറയ‌്ക്കണമെന്നർഥം. അങ്ങനെ വന്നാൽ അമേരിക്കയുടെ ഭക്ഷ്യ കാർഷിക ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്കൊഴുകും. മാത്രമല്ല, ചികിത്സയ‌്ക്കാവശ്യമുള്ള സാമഗ്രികൾ, കാർഷിക–-ക്ഷീര ഉൽപ്പന്നങ്ങളുടെ സാങ്കേതിക സാമഗ്രികളും വൻതോതിൽ ഇന്ത്യയിലെത്തും.  ഇന്ത്യൻ കാർഷിക പ്രതിസന്ധി രൂക്ഷമാകുകയും ചെയ്യും. 

രണ്ടാമതായി ഓൺലൈൻ ബിസിനസ്സിൽ ഇന്ത്യ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ആമസോണിനും വാൾമാർട്ടിനും ചില മരുന്ന‌്‌ കമ്പനികൾക്കുംമറ്റും ദോഷകരമായി ബാധിച്ചതാണ് അമേരിക്കയുടെ അമർഷത്തിന് കാരണം. മാസ്റ്റർ കാർഡ്, വിസ കാർഡ് എന്നിവ ഉപയോഗിച്ച് ഓൺലൈൻ സാമ്പത്തിക ഇടപാടും വിനിമയങ്ങളും നടത്തുമ്പോൾ ഉപയോക്താക്കളുടെ വസ്തുതാവിവരങ്ങൾ പുറത്തേക്ക് കടത്തുന്നതിന് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് അമേരിക്കയെ ചൊടിപ്പിച്ചത്.

രാസവസ‌്തുക്കൾ, ആഭരണങ്ങൾ, എൻജിനിയറിങ‌്, ടെക‌്സ‌്റ്റൈൽഉൽപ്പന്നങ്ങൾ എന്നിവയാണ് ജിപിഎസ് വഴി പ്രധാനമായും വ്യാപാരം ചെയ്യപ്പെടുന്നത്. നികുതി ആനുകൂല്യം പിൻവലിക്കുന്നതോടെ ഈ ഉൽപ്പന്നങ്ങളുടെ കയറ്റുമതി സ്വാഭാവികമായും കുറയും. ഈ മേഖലയിൽ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യത്തെ ചെറുകിട–-ഇടത്തരം സംരംഭങ്ങൾക്കാണ് ഇത് ഏറ്റവും വലിയ നഷ്ടം ഉണ്ടാക്കുക

മൂന്നാമതായി കഴിഞ്ഞ വർഷം അലുമിനിയത്തിനും സ്റ്റീലിനും ഇറക്കുമതിച്ചുങ്കം വർധിപ്പിച്ചപ്പോൾത്തന്നെ ചൈനയുടേതുപോലെ ശക്തമായ പ്രതികരണത്തിന് ഇന്ത്യ തയ്യാറാകാത്തതും അമേരിക്കയ‌്ക്ക് കൂടുതൽ ശിക്ഷാനടപടികൾ സ്വീകരിക്കാൻ പ്രേരണയായി. അമേരിക്കൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ വർധിപ്പിച്ചുകൊണ്ട് ചൈന തിരിച്ചടിച്ചപ്പോൾ ഇന്ത്യ അതിന് തയ്യാറായില്ല. തീരുവ വർധിപ്പിക്കുമെന്ന് ഇന്ത്യയും പ്രഖ്യാപിച്ചെങ്കിലും ആറുതവണ ഇന്ത്യ തീരുമാനം മാറ്റിവയ‌്ക്കുകയായിരുന്നു.  മാത്രമല്ല, അമേരിക്കൻ പ്രസിഡന്റ് ട്രംപ് ടെലിഫോണിൽ മോഡിയോട് ആവശ്യപ്പെട്ടപ്പോൾത്തന്നെ ഹാർലി ഡേവിഡ്സൺ എന്ന ആഡംബര സൂപ്പർ ബൈക്കുകൾക്കുള്ള ഇറക്കുമതിത്തീരുവ കുറയ‌്ക്കാനും ഇന്ത്യ തയ്യാറായി. അമേരിക്ക വ്യാപാര കമ്മി കുറയ‌്ക്കാൻ ഇന്ത്യയോട‌് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി കുറച്ച് അമേരിക്കയിൽനിന്ന‌് എണ്ണയും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യാൻ ഇന്ത്യ തയ്യാറായത്.  കണ്ണുരുട്ടിയാൽ പേടിക്കുമെന്ന് ബോധ്യപ്പെട്ടതോടെയാണ് ട്രംപ് കൂടുതൽ ശിക്ഷാനടപടികളുമായി രംഗത്തുവന്നത്. ബാലാകോട്ട് വിഷയത്തിലുംമറ്റും അമേരിക്ക തങ്ങളുടെ കൂടെയാണെന്നും പാകിസ്ഥാന് എതിരാണെന്നും മോഡിയും കൂട്ടരും ആവർത്തിക്കുമ്പോൾത്തന്നെയാണ് വ്യാപാരരംഗത്ത് ഇന്ത്യക്കെതിരെ തിരിയാൻ അമേരിക്ക തയ്യാറായിട്ടുള്ളത്.

അമേരിക്കയിൽനിന്ന‌് ഇറക്കുമതിചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് കൂടുതൽ തീരുവ പ്രഖ്യാപിച്ച് തിരിച്ചടിക്കാൻ ഇന്ത്യ തയ്യാറാകണം.  വെള്ളക്കടല, പയർ, ബോറിക് ആസിഡ്, രോഗനിർണയത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ തുടങ്ങിയ സാധനങ്ങൾക്ക് ഇറക്കുമതിച്ചുങ്കം വർധിപ്പിച്ചാൽ അത് അമേരിക്കയെ ദോഷകരമായി ബാധിക്കും. ഭീകരവാദികളെ തോൽപ്പിക്കാൻ പാകിസ്ഥാനെതിരെ ശക്തമായ നടപടി കൈക്കൊണ്ട  ഇന്ത്യ വ്യാപാരരംഗത്ത് ഇന്ത്യയെ അനാവശ്യമായി ശിക്ഷിക്കുന്ന അമേരിക്കയ‌്ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കാൻ തയ്യാറാകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top