30 March Thursday

യുഎസിന്‌ സുഹൃത്തുക്കളില്ല, കരുക്കൾമാത്രം

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022


അമേരിക്കൻ നേതൃത്വത്തിൽ ഇന്ത്യയുൾപ്പെട്ട ചതുർരാഷ്‌ട്ര സഖ്യമായ ക്വാഡിന്റെ ഉച്ചകോടി കഴിഞ്ഞദിവസം ജപ്പാൻ തലസ്ഥാനത്ത്‌ ചേർന്നു. മറ്റ്‌ ഒമ്പത്‌ രാജ്യത്തെക്കൂടി ഉൾപ്പെടുത്തി അമേരിക്ക വിഭാവനംചെയ്‌ത ഇന്തോ–- പസഫിക്‌ സാമ്പത്തിക ചട്ടക്കൂടിനുള്ള(ഐപിഇഎഫ്‌) പ്രഖ്യാപനവും അവിടെ നടന്നു. ശാന്തസമുദ്ര മേഖലാ രാജ്യങ്ങൾ തമ്മിൽ സഹകരണം ശക്തിപ്പെടുത്താനാണ്‌ ഇത്തരം കൂട്ടായ്‌മകൾ എന്നാണ്‌ അവകാശവാദങ്ങളെങ്കിലും ആത്യന്തികമായി ചൈനയെ ലക്ഷ്യമിട്ടാണ്‌ ഈ സഖ്യങ്ങൾ അമേരിക്ക തട്ടിക്കൂട്ടുന്നതെന്ന്‌ വ്യക്തമാക്കുന്നതാണ്‌ ഇന്ത്യയുടെ പങ്കാളിത്തം. ഫലത്തിൽ അയൽരാജ്യങ്ങളായ ചൈനയ്‌ക്കും ഇന്ത്യക്കുമിടയിൽ സംശയവും അവിശ്വാസവും വളർത്തുന്ന ഈ കൂട്ടായ്‌മകളുടെ ഗുണഭോക്താവ്‌ അമേരിക്ക മാത്രമാണ്‌.

ഓസ്‌ട്രേലിയയും ജപ്പാനുമാണ്‌ ക്വാഡ്‌ സഖ്യത്തിലെ മറ്റ്‌ രാജ്യങ്ങൾ. 2007ൽ ജോർജ്‌ ബുഷ്‌ അമേരിക്കൻ പ്രസിഡന്റായിരുന്ന കാലത്താണ്‌ ക്വാഡ്‌  രൂപീകരിക്കപ്പെട്ടത്‌. എന്നാൽ, പിന്നാലെ ഓസ്‌ട്രേലിയയിൽ ഇടതുപക്ഷക്കാരൻ കെവിൻ റഡ്ഡിന്റെ നേതൃത്വത്തിൽ ലേബർ പാർടി അധികാരത്തിലെത്തിയതോടെ സഖ്യം പൊളിഞ്ഞു. ചൈനാവിരുദ്ധ സഖ്യത്തിൽനിന്ന്‌ റഡ്ഡ്‌ ഓസ്‌ട്രേലിയയെ പിൻവലിച്ചു. അമേരിക്കൻ കുത്തിത്തിരിപ്പിൽ റഡ്ഡ്‌ ലേബർപാർടി നേതൃത്വത്തിൽനിന്ന്‌ പുറത്തായ ശേഷമാണ്‌ ഓസ്‌ട്രേലിയ വീണ്ടും പ്രകടമായി അമേരിക്കൻ പക്ഷത്തായത്‌. പിന്നീട്‌ ഡോണൾഡ്‌ ട്രംപിന്റെ ഭരണകാലത്ത്‌ 2017ലാണ്‌ അമേരിക്ക ക്വാഡ്‌ പുനരുജ്ജീവിപ്പിച്ചത്‌. ഇത്തവണ ഓസ്‌ട്രേലിയയിൽ ഭരണമാറ്റമുണ്ടായി ലേബർ നേതാവ്‌ ആന്തണി ആൽബനീസ്‌ പ്രധാനമന്ത്രിയായി അധികാരമേറ്റ്‌ തൊട്ടടുത്ത ദിവസമാണ്‌ ക്വാഡ്‌ ഉച്ചകോടി നടന്നത്‌. കെവിൻ റഡ്ഡിനെപ്പോലെ സാമ്രാജ്യത്വവിരുദ്ധ നിലപാട്‌ ആൽബനീസ്‌ സ്വീകരിക്കുമോയെന്നത്‌ കാത്തിരുന്നു കാണേണ്ടതാണ്‌.

സാർവദേശീയ തലത്തിൽ ദുർബലമായിവരുന്ന അമേരിക്കയ്‌ക്ക്‌ ആഗോള ആധിപത്യം തുടരാനാണ്‌ ക്വാഡും വിവിധ മേഖലാ സഖ്യങ്ങളും ഉണ്ടാക്കുന്നത്‌. ‘നല്ലതിനുവേണ്ടിയുള്ള ശക്തി’ എന്നാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്വാഡിനെ ഉച്ചകോടിയിൽ വിശേഷിപ്പിച്ചത്‌. ക്രിയാത്മകമായ അജൻഡയാണ്‌ ഉച്ചകോടി അംഗീകരിച്ചതെന്നും അവകാശപ്പെട്ടു. ക്വാഡിലെ തങ്ങളുടെ സഹകരണം എല്ലാവരെയും ഉൾക്കൊള്ളുന്ന ഇന്തോ–-പസഫിക്‌ മേഖല ലക്ഷ്യമിട്ടുള്ളതാണെന്നും മോദി അവകാശപ്പെട്ടെങ്കിലും അമേരിക്കൻ താൽപ്പര്യങ്ങൾക്കപ്പുറം ക്വാഡിന്‌ ചലിക്കാനാകില്ലെന്ന്‌ വ്യക്തമാണ്‌. ഇന്തോ–-പസഫിക്‌ സാമ്പത്തിക ചട്ടക്കൂടും പ്രധാനമായും അമേരിക്കൻ തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമാക്കിയാണെന്ന്‌ ബൈഡൻ സർക്കാർ വ്യക്തമാക്കിയിരിക്കെ മറ്റ്‌ രാജ്യങ്ങളുടെ താൽപ്പര്യങ്ങൾ എത്രമാത്രം സംരക്ഷിക്കപ്പെടുമെന്ന കാര്യത്തിൽ അവ്യക്തതയുണ്ട്‌. പല പസഫിക്‌ രാജ്യങ്ങൾക്കും ചൈനയുമായി അടുത്ത വ്യാപാരബന്ധം ഉണ്ടെന്നിരിക്കെ അവ ഈ സഖ്യം അംഗീകരിക്കുമോയെന്നതും വ്യക്തമായിട്ടില്ല. മുമ്പ്‌ പസഫിക്‌ രാഷ്‌ട്രങ്ങളുടെ പങ്കാളിത്ത സഖ്യത്തിൽനിന്ന്‌(ടിപിപി) അമേരിക്ക പിൻവാങ്ങിയ അനുഭവവുമുണ്ട്‌.

പസഫിക്‌ രാജ്യങ്ങളുടെ പിന്തുണ നേടാൻ ചൈന ആരംഭിച്ച ശ്രമങ്ങളും ഈ സാഹചര്യത്തിൽ ശ്രദ്ധേയമാണ്‌. പസഫിക്‌ രാജ്യങ്ങൾക്കായി ‘പൊതുവികസന കാഴ്‌ചപ്പാട്‌’ ചൈന അവതരിപ്പിച്ചിട്ടുണ്ട്‌. ചൈന ലക്ഷ്യമിടുന്ന 10 പസഫിക്‌ ദ്വീപുരാഷ്‌ട്രങ്ങളിൽ ഏഴിടത്ത്‌ ചൈനയുടെ വിദേശമന്ത്രി വാങ്‌ യി പര്യടനം ആരംഭിച്ചിരിക്കുകയാണ്‌. മറ്റ്‌ മൂന്നിടത്തെ നേതാക്കളുമായി വിർച്വൽ കൂടിക്കാഴ്‌ചയും നടത്തും. ഇതിൽ, ഏത്‌ വിഷയത്തിലും അമേരിക്കൻ നിലപാട്‌ അനുസരിച്ചുപോകുന്ന മൈക്രോനേഷ്യയും ഉൾപ്പെടുന്നു. ചൈനയുടെ കരടുരേഖ അംഗീകരിക്കരുതെന്നാവശ്യപ്പെട്ട്‌ മൈക്രോനേഷ്യയുടെ പ്രസിഡന്റ്‌ മറ്റ്‌ രാജ്യങ്ങൾക്ക്‌ എഴുതിയിട്ടുണ്ട്‌.

പസഫിക്‌ കേന്ദ്രമാക്കി അമേരിക്ക ലക്ഷ്യമിടുന്ന സഖ്യം മേഖലയിൽ സഹകരണത്തിനല്ല ഭിന്നതയ്‌ക്കും സംഘർഷത്തിനുമായിരിക്കും വഴിതുറക്കുക എന്നാണ്‌ ഇതിൽനിന്ന്‌ തെളിയുന്നത്‌. അമേരിക്കയ്‌ക്ക്‌ ലോകാധിപത്യം പഴയതുപോലെ നിലനിർത്താനാകില്ല എന്നും വ്യക്തമാകുകയാണ്‌. ചൈനയെ നേരിടാൻ പലവിധ സഖ്യങ്ങൾ ഉണ്ടാക്കേണ്ടിവരുന്നത്‌ അമേരിക്കയുടെ ദൗർബല്യവും വ്യക്തമാക്കുന്നുണ്ട്‌. സാർവദേശീയ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിൽ ഭിന്നിപ്പുണ്ടാക്കാൻ സോവിയറ്റ്‌ യൂണിയനെതിരെ 1960കളിൽ ചൈനയെ പ്രോത്സാഹിപ്പിച്ച രാജ്യമാണ്‌ അമേരിക്ക. സോവിയറ്റ്‌ യൂണിയന്റെ പതനത്തിനുശേഷം ഇനി എന്നും ലോകാധിപത്യം തങ്ങൾക്ക്‌ എന്നഹങ്കരിച്ചിരിക്കുമ്പോഴാണ്‌ ചൈന വെല്ലുവിളിയായി മാറിയത്‌. അത്‌ നേരിടാൻ അമേരിക്ക ഇന്ത്യയെയാണ്‌ കരുവാക്കുന്നത്‌. ചൈനയും ഇന്ത്യയും ഒന്നിച്ചുനീങ്ങിയാൽ ഇത്‌ ഏഷ്യൻ നൂറ്റാണ്ടായിരിക്കുമെന്ന്‌ മറ്റാരേക്കാളും അമേരിക്കയ്‌ക്ക്‌ അറിയാം. അത്‌ തടയുകയും അവരുടെ ലക്ഷ്യമാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top