01 June Thursday

യുപി പ്രചാരണം നൽകുന്ന സന്ദേശം

വെബ് ഡെസ്‌ക്‌Updated: Monday Mar 7, 2022


‘ഹിന്ദുക്കളെ സംരക്ഷിക്കാൻ യോഗിയും മോദിയും അധികാരത്തിൽ തുടരണം. നമ്മൾ ഹിന്ദുക്കളാണ്‌; രാമനെക്കുറിച്ചുമാത്രം സംസാരിക്കുക’. ഉത്തർപ്രദേശ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽ ബിജെപിയുടെ പ്രധാന മുദ്രാവാക്യം ഇതായിരുന്നു. ഏഴാം ഘട്ട വോട്ടെടുപ്പ്‌ നടക്കുന്ന വാരാണസി അടക്കമുള്ള പ്രദേശങ്ങളിൽ അവർ ഈ മുദ്രാവാക്യങ്ങൾ കൂടുതൽ തീവ്രമായി ഉയർത്തി. ഹിന്ദി ഹൃദയഭൂമിയിലെ പ്രധാന സംസ്ഥാനമായ യുപിയെ ഹിന്ദുത്വത്തിന്റെ പുതിയ പരീക്ഷണശാലയാക്കാനാണ്‌ യോഗി ആദിത്യനാഥിനെ ബിജെപി മുഖ്യമന്ത്രിയാക്കിയത്‌. വർഗീയവിദ്വേഷ പരാമർശക്കേസുകളിൽ പ്രതിയായിരുന്ന യോഗി തന്റെ വേഷം കൃത്യമായി കെട്ടിയാടി. ജനാധിപത്യസംവിധാനത്തോട്‌ പൊരുത്തപ്പെടാൻ കഴിയാത്ത മുഖമായി യോഗി തുടരുകയും ചെയ്‌തു. വിമർശകരെ പീഡിപ്പിക്കുക, ന്യൂനപക്ഷത്തെ ഭയപ്പെടുത്തുക, ഭൂരിപക്ഷമതത്തിന്റെ സംരക്ഷണമാണ്‌ സർക്കാരിന്റെ കടമയെന്ന്‌ ആവർത്തിക്കുക എന്ന ശൈലി മുറുകെപ്പിടിച്ച്‌ യോഗി സംഘപരിവാറിന്റെ മാതൃകാപുരുഷനായി. ഭരണപരമായ കാര്യങ്ങളിൽ യോഗി പരാജയമാണെന്ന്‌ ബിജെപിക്കുള്ളിൽനിന്നുപോലും അഭിപ്രായം ഉയരുകയും ചെയ്‌തു.

വികസനത്തിന്റെ ഇരട്ട എൻജിൻ–- അതായത്‌ കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി ഭരണം–- എന്ന വാദമാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻകാലങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങളിൽ ഉയർത്തിയിരുന്നത്‌. യുപിയിൽ യോഗിസർക്കാർ അഞ്ച്‌ വർഷം പിന്നിട്ടശേഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ വികസനമുദ്രാവാക്യമൊക്കെ ബിജെപി അലമാരയിൽവച്ച്‌ പൂട്ടി. തൊഴിലില്ലായ്‌മ, വിലക്കയറ്റം, ദാരിദ്ര്യം, കർഷകദ്രോഹം തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷം ഉയർത്തുമ്പോൾ ബിജെപി പ്രതിരോധകവചമായി ഉപയോഗിക്കുന്നത്‌ വർഗീയധ്രുവീകരണ മുദ്രാവാക്യങ്ങളാണ്‌. രാജ്യത്ത്‌ തൊഴിൽനിരക്ക്‌ ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിൽ ഒന്നായി മാറിയ യുപിയിൽ യോഗിക്കും മോദിക്കും വികസനഅജൻഡ മുന്നോട്ടുവയ്‌ക്കാൻ കഴിയില്ല. യുപിയിൽ തൊഴിൽ 2016 സെപ്‌തംബർ–-ഡിസംബർ കാലത്തേക്കാൾ കുറവായിരുന്നു  2020 സെപ്‌തംബർ–-ഡിസംബറിൽ. രാജ്യത്ത്‌ ഏറ്റവും കൂടുതൽ അവിദഗ്‌ധ കുടിയേറ്റത്തൊഴിലാളികളെ സൃഷ്‌ടിക്കുന്ന സംസ്ഥാനമാണ്‌ യുപി. കോവിഡ്‌ വ്യാപനം രൂക്ഷമായ കാലത്ത്‌ മുംബൈ, ഡൽഹി മഹാനഗരങ്ങളിൽനിന്ന്‌ യുപിയിലേക്ക്‌ തൊഴിലാളികൾ കൂട്ടപ്പലായനം ചെയ്‌തതോടെ ഈ സ്ഥിതി മറച്ചുവയ്‌ക്കാൻ കഴിയാതെവന്നു. വിവിധ സംസ്ഥാനങ്ങളിൽ തൊഴിൽ തേടി പോകുന്ന യുപിക്കാരായ തൊഴിലാളികൾ സ്വന്തം നാടിനെയും ജോലി ചെയ്യുന്ന പ്രദേശങ്ങളെയും താരതമ്യം ചെയ്യാൻ തുടങ്ങിയതും ബിജെപിക്ക്‌ തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ്‌ അധികാരം നിലനിർത്താൻ ബിജെപി ഹീനമായ തന്ത്രം പയറ്റുന്നത്‌.

  യുപിയിൽ പരാജയപ്പെടുന്നത്‌ അവിടെമാത്രം ഒതുങ്ങിനിൽക്കുന്ന തകർച്ചയായി ബിജെപിക്ക്‌ കരുതാനുമാകില്ല. 2022ലെ തെരഞ്ഞെടുപ്പ്‌ 2024ലേക്കുള്ള വഴിയാണെന്ന്‌ അമിത്‌ ഷാ മാസങ്ങൾക്കുമുമ്പേ പറഞ്ഞിട്ടുണ്ട്‌. 2013ലെ മുസഫർനഗർ കലാപം വഴിയുണ്ടായ വർഗീയധ്രുവീകരണത്തിന്റെ കൂടി പശ്‌ചാത്തലത്തിലാണ്‌ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുമുതൽ യുപിയിൽ ബിജെപി സമ്പൂർണ ആധിപത്യം ഉറപ്പിച്ചത്‌. കർഷകപ്രക്ഷോഭം സൃഷ്ടിച്ച മതനിരപേക്ഷ അന്തരീക്ഷം മുസഫർനഗർ ഉൾപ്പെടുന്ന പടിഞ്ഞാറൻ യുപിയിൽ ബിജെപിയെ ദുർബലപ്പെടുത്തി. കിഴക്കൻ യുപിയിലാകട്ടെ യാദവേതര ഒബിസി വിഭാഗങ്ങളിലെ നേതാക്കൾ കൂട്ടമായി സമാജ്‌വാദി പാർടിയിലേക്കെത്തി. ബിജെപിക്കെതിരെ ജനാധിപത്യപരമായ ചെറുത്തുനിൽപ്പ്‌ സാധ്യമാകുന്ന സാഹചര്യം യുപിയിൽ സംജാതമായതോടെ ഇതിനെ അട്ടിമറിക്കാനും നീക്കങ്ങളുണ്ടായി. കിഴക്കൻ യുപിയിൽ ബിജെപി സ്ഥാനാർഥികളടക്കം തീവ്രമായ വർഗീയവിദ്വേഷപ്രസംഗങ്ങൾ ആവർത്തിച്ചു. ബിജെപി ഭരിക്കുന്ന കർണാടകത്തിൽ ഹിജാബ്‌ ധരിക്കുന്ന പെൺകുട്ടികൾക്കുനേരെ എതിർപ്പ്‌ ഉയർന്നതും ആകസ്‌മികമായി കാണാനാകില്ല. മുസ്ലിങ്ങൾക്ക്‌ വോട്ടവകാശം നിഷേധിക്കണമെന്ന്‌ ബിഹാറിലെ ബിജെപി എംഎൽഎ ഹരിഭൂഷൺ താക്കൂർ ആവശ്യപ്പെട്ടതും കേവലം യാദൃഛികമല്ല. മതനിരപേക്ഷ ഭരണഘടന നിലനിൽക്കുന്ന രാജ്യത്ത്‌ ഒരിക്കലും അനുവദിച്ചുകൂടാത്ത രീതിയിലുള്ള പ്രചാരണത്തോട്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ മൗനം പാലിച്ചുവെന്നത്‌ ആശങ്ക വർധിപ്പിക്കുന്നു. മതനിരപേക്ഷകക്ഷികളും ജനാധിപത്യവിശ്വാസികളും അത്യന്തം ജാഗ്രതയോടെ നീങ്ങണമെന്ന സന്ദേശമാണ്‌ യുപി തെരഞ്ഞെടുപ്പ്‌ പ്രചാരണം നൽകുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top