06 June Tuesday

സിറിയയിൽ പുതിയ യുദ്ധമുഖം തുറക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Dec 21, 2018


സിറിയയിൽനിന്ന‌് സൈന്യത്തെ പിൻവലിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു.  രണ്ടുമൂന്ന് മാസത്തിനകം സിറിയയിലുള്ള 2000 സൈനികരെയും പിൻവലിക്കുമെന്നാണ് വൈറ്റ്ഹൗസ് വക്താവ് അറിയിച്ചത്.  പെന്റഗണും പിന്മാറ്റം സ്ഥിരീകരിച്ചു. സിറിയയിൽ ഇസ്ലാമിക സ്റ്റേറ്റിനെ(ഐഎസ്) പരാജയപ്പെടുത്തിയെന്നും അതിനുവേണ്ടി മാത്രമാണ് സൈന്യത്തെ അയച്ചതെന്നുമാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാദം. ഐഎസിനെ തുടക്കംമുതൽ സ്വന്തം നിലയിലും പിന്നീട് റഷ്യൻ സഹായത്തോടെയും നേരിട്ട സിറിയയിലെ ബഷർ അൽ അസദ് സർക്കാരിനെ, അൽഖായ്ദയുമായി ബന്ധമുള്ള ജബാത്ത് അൽ നൂസ്ര ഫ്രണ്ടുമായി ചേർന്ന് അട്ടിമറിക്കാനുള്ള നീക്കം പരാജയപ്പെട്ടപ്പോഴാണ് ഐഎസിനെതിരെ തിരിയാൻ അമേരിക്ക തയ്യാറായത്.

ഐക്യരാഷ്ട്ര സംഘടനയുടെയോ സിറിയൻ സർക്കാരിന്റെയോ അനുമതിയില്ലാതെ തീർത്തും നിയമവിരുദ്ധമായാണ് അമേരിക്കൻ സൈന്യം സിറിയയിൽ കാലുകുത്തിയത്. മാത്രമല്ല, ഐഎസിനെ പരാജയപ്പെടുത്തുന്നതിൽ അമേരിക്കയേക്കാൾ പങ്കുവഹിച്ചത് റഷ്യയും ബഷർ അൽ അസദിന്റെ സൈന്യവുമാണെന്നതാണ് വസ്തുത.

ഐഎസിനെതിരെ അമേരിക്ക സിറിയയിൽ യുദ്ധം ചെയ്തത് സിറിയൻ ഡെമോക്രാറ്റിക്ക് ഫോഴ്സിന്റെ(എസ്ഡിഎഫ്) സഹായത്തോടെയാണ്. എസ്ഡിഎഫിന്റെ ന്യൂക്ലിയസ് ജനകീയസംരക്ഷണ യൂണിറ്റ് അഥവാ വൈപിജി സൈനികരാണ്. കുർദിഷ് വംശജരാണ് ഇവർ.  വൈപിജി തുർക്കിയിലെ കുർദിഷ് വർക്കേഴ്സ് പാർടി (പികെകെ)യുമായി അടുത്ത ബന്ധം പുലർത്തുന്നുവെന്നാണ് തുർക്കിയുടെ ആരോപണം.  തുർക്കി ഭീകരവാദികളായി മുദ്രകുത്തി പികെകെയെ വേട്ടയാടുകയാണ്. ഐഎസിനെതിരെ അമേരിക്ക ഇവരുമായി ബന്ധമുള്ള വൈപിജിയുമായി സഹകരിക്കുന്നത് തുർക്കിക്ക് ഇഷ്ടമായിരുന്നില്ല.

തുർക്കിക്ക് പുതിയ യുദ്ധമുഖം തുറക്കാൻ അമേരിക്ക നടത്തുന്ന പിൻമാറ്റത്തിന് പിന്നിലും ചില കൊടുക്കൽ വാങ്ങലുകളുണ്ട്.  അമേരിക്കയിൽനിന്ന‌് 3.5 ബില്യൺ ഡോളറിന്റെ മിസൈൽ സംവിധാനം വാങ്ങാൻ തുർക്കി സമ്മതിച്ചതാണ് അതിൽ പ്രധാനം.  അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റാണ് ഇക്കാര്യം കോൺഗ്രസിനെ അറിയിച്ചത്

സിറിയ–-തുർക്കി അതിർത്തിയിൽനിന്ന‌് വൈപിജിയെ തുരത്താനാണ് ഇപ്പോൾ തുർക്കി ശ്രമിക്കുന്നത്. നേരത്തെ രണ്ടുതവണ തുർക്കി ഇവർക്കെതിരെ സൈനികനീക്കം നടത്തിയിരുന്നു. 2016 ആഗസ്തിലെ ഓപ്പറേഷൻ യൂഫ്രട്ടീസ് ഷീൽഡും 2018 ജനുവരിയിൽ ഓപ്പറേഷൻ ഒലീവ് ബ്രാഞ്ചും. ഐഎസ് ഭീഷണി അവസാനിച്ച പശ്ചാത്തലത്തിൽ വൈപിജിയെ പൂർണമായും അതിർത്തിയിൽനിന്ന് തുരത്തുകയാണ് തുർക്കിയുടെ ലക്ഷ്യം. അതിർത്തിയിൽ തുർക്കി സൈനികസന്നാഹം തുടങ്ങിയെന്നാണ് വാർത്ത. ഡിസംബർ 12ന് അങ്കാറയിൽ നടന്ന തുർക്കി പ്രതിരോധ വ്യവസായ ഉച്ചകോടിയിൽ സംസാരിക്കവെ വടക്കൻ സിറിയക്കെതിരെ ആക്രമണം ഉടൻ ആരംഭിക്കുമെന്ന്  തുർക്കി പ്രസിഡന്റ് എർദോഗൻ പ്രസ്താവിച്ചിരുന്നു. അമേരിക്കയിൽനിന്ന് അനുകൂലമായ പ്രതികരണമാണ് ലഭിച്ചതെന്നും എർദോഗൻ വെളിപ്പെടുത്തുകയുണ്ടായി.  അമേരിക്കൻ സൈനിക പിന്മാറ്റം ഇതിന് വഴിയൊരുക്കാനാണെന്ന് വിലയിരുത്തപ്പെടുന്നു. അതായത്, ഐഎസിനെ തോൽപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വൈപിജിയെ ശിക്ഷിക്കാനാണ് അമേരിക്ക കൂട്ടുനിൽകുന്നതെന്നർഥം.

തുർക്കിക്ക് പുതിയ യുദ്ധമുഖം തുറക്കാൻ അമേരിക്ക നടത്തുന്ന പിൻമാറ്റത്തിന് പിന്നിലും ചില കൊടുക്കൽ വാങ്ങലുകളുണ്ട്.  അമേരിക്കയിൽനിന്ന‌് 3.5 ബില്യൺ ഡോളറിന്റെ മിസൈൽ സംവിധാനം വാങ്ങാൻ തുർക്കി സമ്മതിച്ചതാണ് അതിൽ പ്രധാനം.  അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റാണ് ഇക്കാര്യം കോൺഗ്രസിനെ അറിയിച്ചത്. പാട്രിയട്ട് മിസൈൽ വേധ സംവിധാനമാണ് അമേരിക്കൻ കമ്പനിയായ റായ്ത്തണിൽനിന്ന‌് തുർക്കി വാങ്ങാൻ സമ്മതിച്ചിട്ടുള്ളത്. നേരത്തെ റഷ്യയിൽനിന്ന‌് എസ് 400 മിസൈൽ സംവിധാനം വാങ്ങാൻ തുർക്കി കരാറിലെത്തിയിരുന്നു. നാറ്റോ അംഗരാഷ്ട്രമായിട്ടും റഷ്യയിൽനിന്ന‌് മിസൈൽ വാങ്ങുന്ന തുർക്കിയുടെ നടപടിയെ അമേരിക്ക വിമർശിച്ചിരുന്നു.

വൈപിജിയുമായി സഹകരിക്കുന്ന അമേരിക്കൻ നടപടിയെ തുർക്കിയും വിമർശിച്ചു. എന്നാൽ, അമേരിക്കയിൽനിന്ന‌് ആയുധങ്ങൾ വാങ്ങാൻ തുർക്കി സമ്മതിച്ചതോടെ വൈപിജിയെ കൈയൊഴിയാൻ അമേരിക്കയും തയ്യാറായി. സൗദി അറേബ്യൻ മാധ്യമപ്രവർത്തകനായ ഖഷോഗിയെ ക്രൂരമായി വധിച്ച സൗദി അറേബ്യയെ വിമർശിക്കാൻ അമേരിക്ക തയ്യാറാകാതിരുന്നതും ആയുധക്കച്ചവടത്തിന്റെ ചുവടുപിടിച്ചായിരുന്നു. 110 ബില്യൺ ഡോളറിന്റെ ആയുധം വാങ്ങാൻ കരാറിലെത്തിയാണ് സൗദി ട്രംപിന്റെ  വായടപ്പിച്ചത്.

എന്നാൽ, അമേരിക്കൻസൈന്യം സിറിയയിൽനിന്ന‌് പിന്മാറുന്നതുകൊണ്ട് മധ്യ–-പൗരസ്ത്യ മേഖലയിൽനിന്ന‌് അമേരിക്കയുടെ സൈനികസാന്നിധ്യം ഇല്ലാതാകുന്നില്ല. ഒമ്പതിനായിരത്തോളം സൈനികർ ഇപ്പോഴും ഈ മേഖലയിലുണ്ട്. തുർക്കി, വടക്കൻ സിറിയയിൽ ആക്രമണം നടത്തുന്ന പക്ഷം സിറിയയിലെ രാഷ്ട്രീയ ബലാബലത്തിൽ മാറ്റംവരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. 

ബഷർ അൽ അസദുമായി ബന്ധം സ്ഥാപിച്ച് വൈപിജി സേന തുർക്കിയെ നേരിടാനും വഴി ഒരുങ്ങിയേക്കാം. റഷ്യയുടെയും ഇറാന്റെയും പിന്തുണയും ഇവർക്കുണ്ടാകും. ഐഎസ് പരാജയത്തോടെ സമാധനത്തിലേക്കും പുനർനിർമാണത്തിലേക്കും ശ്രദ്ധകേന്ദ്രീകരിക്കുന്ന സിറിയയെ വീണ്ടും യുദ്ധകലുഷിതമാക്കാനാണ് അമേരിക്കയും തുർക്കിയും തയ്യാറാകുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top