23 March Thursday

ദക്ഷിണേഷ്യയെ അസ്വസ്ഥമാക്കുന്ന അമേരിക്കന്‍ നയതന്ത്രം

വെബ് ഡെസ്‌ക്‌Updated: Monday Jan 8, 2018

പാകിസ്ഥാന് അമേരിക്ക നല്‍കിവരുന്ന എല്ലാ സുരക്ഷാ ധനസഹായവും നിര്‍ത്തിവയ്ക്കുന്നതായി അമേരിക്ക പ്രഖ്യാപിച്ചു.  അഫ്ഗാനിസ്ഥാനിലെ ഭീകരവാദസംഘടനകളെ തകര്‍ക്കുന്നതിന് അമേരിക്കയൊപ്പം പ്രവര്‍ത്തിക്കുന്നതിനാണ് വര്‍ഷംതോറും 100 കോടി ഡോളര്‍ വരുന്ന സഹായം അമേരിക്ക പാകിസ്ഥാന് നല്‍കിയിരുന്നത്. പതിനഞ്ച് വര്‍ഷം മുമ്പാണ് അഫ്ഗാനിസ്ഥാനിലെ താലിബാനെതിരെ അമേരിക്ക യുദ്ധം പ്രഖ്യാപിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ട്വീറ്റനുസരിച്ച് 15 വര്‍ഷത്തിനകം 3300 കോടി ഡോളറാണ് അമേരിക്ക പാകിസ്ഥാന് ഈയിനത്തില്‍ സഹായം നല്‍കിയത്. എന്നിട്ടും താലിബാനുമായും അവരുമായി ബന്ധമുള്ള ഹഖാനി വിഭാഗവുമായും അടുത്ത ബന്ധം പാകിസ്ഥാന്‍ തുടരുന്നുവെന്നാരോപിച്ചാണിപ്പോള്‍ സഹായം നിര്‍ത്തിവയ്ക്കുമെന്ന പ്രഖ്യാപനം അമേരിക്ക നടത്തിയിട്ടുള്ളത്. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്‍നയത്തിനുള്ള തിരിച്ചടിയായാണ് ഇന്ത്യ അമേരിക്കന്‍ തീരുമാനത്തെ വിലയിരുത്തിയത്. 

ഭീകരവാദത്തിനെതിരായ അമേരിക്കന്‍ പോരാട്ടത്തിന്റെ ഭാഗമായാണ് പാകിസ്ഥാന് സാമ്പത്തികസഹായം നിഷേധിച്ചത് എന്നു കരുതുന്നത് മൌഢ്യമായിരിക്കും. കാരണം അമേരിക്കയുടെ ചരിത്രം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതുകൂടിയാണ്. അഫ്ഗാനിസ്ഥാനില്‍ത്തന്നെ ഭീകരവാദികള്‍ക്ക് ഇടം നല്‍കിയതും അവര്‍ക്ക് പണവും ആയുധവും നല്‍കി പ്രോത്സാഹിപ്പിച്ചതും അമേരിക്കതന്നെയാണ്. സോവിയറ്റ് യൂണിയന്റെ പിന്തുണയുള്ള നജീബുള്ള സര്‍ക്കാരിനെ അട്ടിമറിക്കാനാണ് 1980കളില്‍ അമേരിക്ക മുജാഹിദ്ദീന്‍ ഗ്രൂപ്പുകളെ വളര്‍ത്തിയതും  അവരെ ആയുധമണിയിച്ചതും. പാകിസ്ഥാന്റെ ഇസ്ളാമികവല്‍ക്കരണത്തെയും കണ്ണടച്ച് പിന്തുണച്ചത് അമേരിക്കയായിരുന്നു. പ്രത്യേകിച്ചും സിയാ ഉല്‍ ഹഖിന്റെ ഭരണത്തെ. ലിബിയയിലും സിറിയയിലും അധികാരത്തിലുണ്ടായിരുന്ന മതനിരപേക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ഭീകരവാദപ്രസ്ഥാനങ്ങളെ പാലൂട്ടി വളര്‍ത്തിയതും ഇതേ അമേരിക്കയാണ്. അതുകൊണ്ടുതന്നെ പാകിസ്ഥാന് സാമ്പത്തികസഹായം നിര്‍ത്തലാക്കുന്നത് ഭീകരവാദത്തിനെതിരായ അമേരിക്കന്‍ പോരാട്ടത്തിന്റെ ഭാഗമാണെന്ന് വിലയിരുത്താനാകില്ല.

അമേരിക്കയുടെ പുതിയ (ആഗസ്തില്‍ പ്രഖ്യാപിച്ചത്) അഫ്ഗാന്‍ നയത്തിന്റെയും ദക്ഷിണേഷ്യന്‍ നയതന്ത്രത്തിന്റെയും ഭാഗമാണ് ഈ നീക്കം എന്നു കരുതുന്നതായിരിക്കും കൂടുതല്‍ വസ്തുതാപരം. സോവിയറ്റ് യൂണിയനെതിരെ പാകിസ്ഥാനെ കൂടെ നിര്‍ത്തിയാണ് അമേരിക്ക കരുക്കള്‍ നീക്കിയിരുന്നത്. അന്ന് സോവിയറ്റ് യൂണിയനുമായി അടുത്ത ബന്ധം വച്ചുപുലര്‍ത്തിയിരുന്ന രാജ്യമായിരുന്നു ഇന്ത്യ. എന്നാല്‍, സോവിയറ്റ് യൂണിയന്റെ തിരോധാനത്തോടെ ഈ മേഖലയില്‍ അമേരിക്കയുടെ പ്രധാന എതിരാളി ചൈനയായി. ചൈനയുമായി അടുത്ത ബന്ധമുള്ള രാജ്യമാണ് പാകിസ്ഥാന്‍. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും വലിയ സാമ്പത്തികശേഷിയായി ചൈന മാറിയിരിക്കുന്നു. അവരുടെ സാമ്പത്തികസ്വാധീനം യൂറോപ്പിലേക്കും പശ്ചിമേഷ്യയിലേക്കും ആഫ്രിക്കയിലേക്കും വ്യാപിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് 'ഒരു മേഖല ഒരു പാത പദ്ധതി (ഒബിഒആര്‍)'. ഈ പദ്ധതി മധ്യേഷ്യയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും വ്യാപിക്കുമെന്ന് ഡിസംബര്‍ 26നാണ് പ്രഖ്യാപനമുണ്ടായത്.

ഇത് അഫ്ഗാനിലെ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമാകുമെന്നാണ് വാഷിങ്ടന്റെ വിലയിരുത്തല്‍.  ഇതിന്റെ ഭാഗമായുള്ള ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി(സിപിഇസി)യില്‍ 5700 കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് അടുത്തയിടെയാണ് ചൈന പ്രഖ്യാപിച്ചത്. അമേരിക്കന്‍ സഹായമില്ലെങ്കിലും പാകിസ്ഥാന് പിടിച്ചുനില്‍ക്കാനുള്ള പിടിവള്ളിയാണ് ഈ പദ്ധതിയെന്നര്‍ഥം.  മാത്രമല്ല, ഈ പദ്ധതിയുടെ ഭാഗമായുള്ള കയറ്റുമതിയും ഇറക്കുമതിയും ധനപരമായ ഇടപാടുകളും അമേരിക്കന്‍ ഡോളറിന് പകരം ചൈനീസ് യുവാനില്‍ നടത്തുമെന്ന് പാകിസ്ഥാന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍  അറിയിച്ചു. അമേരിക്കന്‍ സാമ്പത്തികമേധാവിത്വത്തിന്റെ നട്ടെല്ല് തകര്‍ക്കുന്ന നടപടിയാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ബിസിനസ്സുകാരനായ അമേരിക്കന്‍ പ്രസിഡന്റിന് ഇത് സഹിക്കാന്‍ കഴിയില്ലെന്നുറപ്പ്. അമേരിക്കയുടെ സാമ്പത്തിക സൈനികമേധാവിത്വത്തെ തളര്‍ത്തുന്ന സമീപനം സ്വീകരിക്കുന്ന പാകിസ്ഥാനുമായി സ്വാഭാവികമായും അവര്‍ ഇടഞ്ഞു.

അതുപോലെതന്നെ ചൈനയുടെ എതിര്‍പക്ഷത്ത് നില്‍ക്കുന്ന ഇന്ത്യയുമായി സൌഹൃദബന്ധം ഉറപ്പിക്കാനും അമേരിക്ക തയ്യാറായി. തുറമുഖങ്ങളും സൈനികത്താവളങ്ങളും വിമാനത്താവളങ്ങളും അമേരിക്കന്‍ സൈനികാവശ്യത്തിനായി തുറന്നുകൊടുക്കാന്‍പോലും ഇന്ത്യ സന്നദ്ധത പ്രകടിപ്പിച്ചു. ഇന്ത്യയും  ജപ്പാനും ഓസ്ട്രേലിയയുമായി ചേര്‍ന്ന് അമേരിക്ക ക്വാഡിന് രൂപം നല്‍കിയതും ചൈനയെ വളഞ്ഞിടുക എന്ന ലക്ഷ്യംവച്ചാണ്. അതായത് അമേരിക്ക അവരുടെ തന്ത്രപ്രധാന താല്‍പ്പര്യമനുസരിച്ചാണ് രാഷ്ട്രങ്ങളുമായി സഖ്യം സ്ഥാപിക്കുന്നതും അകലുന്നതും എന്നര്‍ഥം. നിലവില്‍ അവരുടെ ലക്ഷ്യം ചൈനയെ തളയ്ക്കുകയാണ്. ചൈനയെ സാമ്പത്തികമായും സൈനികമായും പാകിസ്ഥാനേക്കാള്‍ നേരിടാന്‍ കഴിയുക ഇന്ത്യക്കാണെന്നതിനാലാണ് അമേരിക്ക ഇന്ത്യയോട് അടുക്കുന്നത്. അതല്ലാതെ ഭീകരവാദത്തെ ഈ മേഖലയില്‍നിന്ന് തുടച്ചുനീക്കുകയല്ല ലക്ഷ്യമെന്നര്‍ഥം. അമേരിക്കയുടെ പുതിയ ദക്ഷിണേഷ്യന്‍ നയതന്ത്രനീക്കം പാകിസ്ഥാനുമായും ചൈനയുമായും ഇന്ത്യയുടെ ബന്ധം വഷളാക്കാനേ ഉപകരിക്കൂ.  ആണവരാഷ്ട്രങ്ങള്‍ തമ്മിലുള്ള ഈ സംഘര്‍ഷത്തിന് മാനങ്ങള്‍ ഏറെയാണുതാനും. മേഖലയെ അസ്വസ്ഥമാക്കുന്ന അമേരിക്കന്‍ നയതന്ത്ര നീക്കങ്ങള്‍ ഇനിയെങ്കിലും തിരിച്ചറിയാന്‍ മോഡി സര്‍ക്കാര്‍ തയ്യാറാകണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top