24 September Sunday

ദാവോസ്‌ സമ്മേളനവും ഇന്ത്യയിലെ അസമത്വവും

വെബ് ഡെസ്‌ക്‌Updated: Friday Jan 20, 2023


ആഗോള സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിന്റെ പിടിയിലമരുമെന്ന വിവിധ റിപ്പോർട്ടുകൾക്കിടെയാണ്‌ ആഗോള സാമ്പത്തിക ഫോറം വാർഷികസമ്മേളനം സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്നത്‌. കാലാവസ്ഥാ വ്യതിയാനം, റഷ്യ–- ഉക്രയ്‌ൻ യുദ്ധം,  സാമ്പത്തിക–- ഊർജ–- ഭക്ഷ്യമേഖലകളിലെ പ്രതിസന്ധികൾ, ലോകത്താകെ വർധിച്ചുവരുന്ന അസമത്വം തുടങ്ങിയ പ്രശ്‌നങ്ങളാണ്‌ ഉച്ചകോടിയിൽ ചർച്ച ചെയ്‌തത്‌. രാഷ്ട്രത്തലവന്മാരും മന്ത്രിമാരും ധനം, ഊർജം, ലോഹം, അടിസ്ഥാനസൗകര്യം, ഐടി തുടങ്ങിയ മേഖലകളിലെ  വൻകിട കമ്പനികളുടെ മേധാവിമാരും പങ്കെടുക്കുന്ന സാമ്പത്തിക ഫോറത്തിൽ മൂർത്തമായ തീരുമാനങ്ങൾക്കൊന്നും സാധ്യതയില്ല. ലോകം ഇന്ന്‌ പ്രധാനമായും അഭിമുഖീകരിക്കുന്ന പ്രശ്‌നം കാലാവസ്ഥാ വ്യതിയാനവും അസമത്വവുമാണെന്ന്‌ സമ്മേളനത്തിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സാമ്പത്തികമാന്ദ്യം ആസന്നമാണെന്നാണ്‌ വിദഗ്‌ധരുടെ സർവേ റിപ്പോർട്ട്‌.  കമ്പനി മേധാവികളുടെ സർവേ പ്രകാരം അടുത്ത 12 മാസം ലോക സമ്പദ്‌‌വ്യവസ്ഥ പിന്നോട്ടുപോകും. വർധിച്ചുവരുന്ന അസമത്വത്തെപ്പറ്റി വിശദീകരിക്കുന്ന ഓക്‌സ്ഫാം റിപ്പോര്‍ട്ട് പ്രകാരം   2020നു ശേഷം സൃഷ്ടിച്ച സമ്പത്തിന്റെ മൂന്നിൽരണ്ടുഭാഗവും ലോകത്തെ ഒരു ശതമാനം സമ്പന്നർ കരസ്ഥമാക്കി. 42 ലക്ഷം കോടി ഡോളറിൽ 28 ലക്ഷം കോടി ഡോളറും ഈ ഒരു ശതമാനം സ്വന്തമാക്കി. ലോകത്തെ 99 ശതമാനവും നേടുന്ന വരുമാനത്തിന്റെ ഇരട്ടിയാണ്‌ ഇത്‌. 

ലോകത്തെ അസമത്വ തോതിനേക്കാൾ രൂക്ഷമാണ്‌ ഇന്ത്യയിലെ സ്ഥിതിയെന്നാണ്‌ ഓക്‌സ്‌ഫാമിന്റെ വാർഷിക അസമത്വ റിപ്പോർട്ടിൽ വിശദീകരിക്കുന്നത്‌. ഇന്ത്യ 6.4 ശതമാനം വളർച്ച കൈവരിക്കുമെന്നു പറയുമ്പോഴും മാന്ദ്യമല്ല പ്രശ്‌നം, മറിച്ച്‌ ദാരിദ്ര്യവും വർധിച്ചുവരുന്ന അസമത്വവുമാണ്‌. ഇന്ത്യയിലെ അസമത്വം കുറയ്‌ക്കാൻ സമ്പന്നരുടെ വരുമാനത്തിനും സ്വത്തിനും കൂടിയ നികുതി ചുമത്തണമെന്നും  നിർദേശിക്കുന്നു. അതിസമ്പന്നർക്ക് നികുതി ചുമത്തുന്നത് അസമത്വം കുറയ്ക്കുന്നതിനും ജനാധിപത്യത്തെ പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള തന്ത്രപരമായ മുൻവ്യവസ്ഥയാണെന്നും ശക്തമായ പൊതുസേവനങ്ങൾക്കും സന്തുഷ്ടവും ആരോഗ്യകരവുമായ സമൂഹനിർമിതിക്കും ഇത്‌ അനിവാര്യമാണെന്നുമുള്ള ഓക്സ്ഫാം ഇന്റർനാഷണലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഗബ്രിയേല ബുച്ചറിന്റെ വാക്കുകൾ പ്രസക്തമാണ്‌. 2021ൽ  സൃഷ്ടിച്ച ആകെ സമ്പത്തിന്റെ 40.5 ശതമാനവും  രാജ്യത്തെ ധനികരായ ഒരു ശതമാനത്തിന്റെ കൈകളിലായിരുന്നു. ജനസംഖ്യയിലെ  50 ശതമാനത്തിനു ലഭിച്ചത്‌ മൂന്നു ശതമാനംമാത്രവും. രണ്ടു വർഷത്തിനിടെ ശതകോടീശ്വരന്മാരുടെ എണ്ണം 62 ശതമാനം വർധിച്ചു. 2020ൽ 102 ശതകോടീശ്വരൻമാർ  ഉണ്ടായിരുന്നത്‌ 2022ൽ 166 ആയി. കോവിഡ്‌ മഹാമാരി ആരംഭിച്ചതുമുതൽ  2022 നവംബർവരെ ശതകോടീശ്വരന്മാർ അവരുടെ സമ്പത്ത് 121 ശതമാനം വർധിപ്പിച്ചു. പ്രതിദിനം 3608 കോടി രൂപയാണ്‌ വർധന.  മറുവശത്താകട്ടെ 2021–-22 സാമ്പത്തികവർഷം ആകെ സ്വരൂപിച്ച (14.83 ലക്ഷം കോടി) ചരക്കുസേവന നികുതിയുടെ 64 ശതമാനവും താഴെത്തട്ടിലുള്ള 50 ശതമാനത്തിൽനിന്നാണ്.  ജിഎസ്ടിയുടെ മൂന്നു ശതമാനം മാത്രമാണ് സാമ്പത്തികമായി മുന്നിൽനിൽക്കുന്ന 10 ശതമാനത്തിൽനിന്ന്‌ ലഭിച്ചത്‌.

ഇന്ത്യയിലെ 10 സമ്പന്നർക്ക് അഞ്ചു ശതമാനം നികുതി ചുമത്തിയാൽ മുഴുവൻ കുട്ടികളെയും സ്‌കൂളിൽ എത്തിക്കാനുള്ള ഫണ്ട്‌ ശേഖരിക്കാനാകും. ഗൗതം അദാനിയുടെ 2017-–-2021ലെ സമ്പാദ്യത്തിന്‌ ഒറ്റത്തവണ നികുതി ഈടാക്കിയാൽ 1.79 ലക്ഷം കോടി രൂപ സമാഹരിക്കാമായിരുന്നു. ശതകോടീശ്വരന്മാർക്ക് അവരുടെ മുഴുവൻ സ്വത്തിനും രണ്ടു ശതമാനം നികുതി ചുമത്തിയാൽ, അടുത്ത മൂന്നു വർഷത്തേക്ക്  മുഴുവനാളുകൾക്കും പോഷകാഹാരം ഉറപ്പുവരുത്താനാകും. സമ്പന്നരായ 10 ശതകോടീശ്വരന്മാർക്ക്‌  ഒറ്റത്തവണ അഞ്ചു ശതമാനം നികുതി ചുമത്തിയാൽ 1.37 ലക്ഷം കോടി രൂപ സ്വരൂപിക്കാനാകും. ഇത്‌ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‌ ഈവർഷം നീക്കിവച്ച ബജറ്റ്‌ വിഹിതത്തിന്റെ ഒന്നര മടങ്ങാണെന്നും റിപ്പോർട്ടിൽ എടുത്തുപറയുന്നു. അസമത്വം പരിഹരിക്കുന്നതിൽ ചരിത്രപരമായിത്തന്നെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള സ്വത്ത്‌ നികുതി, പിന്തുടർച്ചാവകാശ നികുതി തുടങ്ങിയ പുരോഗമന നികുതി നടപടികൾ നടപ്പാക്കണമെന്നും റിപ്പോർട്ട്‌ കേന്ദ്രസർക്കാരിനോട്‌  ആവശ്യപ്പെട്ടു. അതിസമ്പന്നരുടെ നിലനിൽപ്പ് ഉറപ്പാക്കുന്ന ഒരു സംവിധാനത്തിൽ  പാർശ്വവൽക്കരിക്കപ്പെട്ട ദളിതർ, ആദിവാസികൾ, മുസ്ലിങ്ങൾ, സ്ത്രീകൾ, അസംഘടിത മേഖലയിലെ തൊഴിലാളികൾ എന്നിവർ കടുത്ത ദുരിതമനുഭവിക്കുകയാണ്‌. പാവപ്പെട്ടവരെ കൂടുതൽ ദാരിദ്ര്യത്തിലേക്ക്‌ തള്ളിവിട്ട്‌ സമ്പന്നരുടെ അതിജീവനത്തിനുവേണ്ടിയാണ്‌ മോദിസർക്കാർ നിലകൊള്ളുന്നതെന്നാണ്‌ ലോക സാമ്പത്തിക ഫോറത്തിൽ അവതരിപ്പിച്ച റിപ്പോർട്ടുകൾതന്നെ വ്യക്തമാക്കുന്നത്‌. ലോകത്തെ സാമ്പത്തിക മാന്ദ്യത്തിൽനിന്നും കരകയറ്റാൻ ഇന്ത്യൻ വിപണിക്കാകുമെന്ന്‌ സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധി സംഘത്തിലെ മന്ത്രിമാർ പ്രസംഗിക്കുമ്പോഴും അസമത്വം പരിഹരിക്കുന്നതിനെപ്പറ്റി മൗനം പാലിക്കുകയാണ്‌. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top