27 September Wednesday

കോർപറേറ്റുകളെ പുണർന്നു ജനങ്ങളെ മറന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 2, 2022


കോവിഡ്‌ മഹാമാരിമൂലം തകർന്നടിഞ്ഞ സാധാരണക്കാരുടെ ജീവിതം തിരികെ പിടിക്കാനോ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനോ നിർദേശങ്ങളില്ലാത്ത കേന്ദ്ര ബജറ്റ്‌ ഊന്നൽനൽകുന്നത്‌ കോർപറേറ്റുവൽക്കരണത്തിനും ദേശീയ ആസ്‌തികൾ വിറ്റഴിക്കുന്നതിനും. രൂക്ഷമായ തൊഴിലില്ലായ്‌മയും വിലക്കയറ്റവും അസമത്വവും സമ്പദ്‌ഘടനയുടെ മൊത്തത്തിലുള്ള മാന്ദ്യവും പരിഹരിക്കാൻ ഫലപ്രദമായ പദ്ധതിയൊന്നും ബജറ്റിൽ ഇല്ല. സമ്പദ്‌വ്യവസ്ഥയെയും ജനങ്ങളെയും രക്ഷപ്പെടുത്തണമെങ്കിൽ അടിസ്ഥാനഘടക മേഖലയിലും സാമൂഹ്യ മേഖലകളിലുമെല്ലാം സർക്കാരിന്റെ പൊതുമുതൽമുടക്ക്‌ വർധിപ്പിക്കേണ്ടത്‌ അനിവാര്യമായിരുന്നു. എന്നാൽ, പൊതുമുതൽമുടക്കിൽനിന്ന്‌ സർക്കാർ പൂർണമായും പിന്മാറുകയാണെന്ന പ്രഖ്യാപനമാണ്‌ ബജറ്റ്‌ നിർദേശങ്ങൾ. നിയന്ത്രണമില്ലാത്ത സ്വകാര്യവൽക്കരണമെന്ന നയം ഒന്നുകൂടി ഊട്ടിയുറപ്പിച്ച്‌ എയർ ഇന്ത്യക്ക്‌ പിന്നാലെ ലൈഫ്‌ ഇൻഷുറൻസ്‌ കോർപറേഷനെയും ഉടൻ സ്വകാര്യവൽക്കരിക്കുമെന്ന്‌ പ്രഖ്യാപിച്ചു. കർഷകർ, പാവപ്പെട്ടവർ, തൊഴിലാളികൾ, തൊഴിൽരഹിതർ, യുവാക്കൾ, സ്‌ത്രീകൾ തുടങ്ങി സമൂഹത്തിൽ പിന്നണിയിൽ നിൽക്കുന്നവരുടെ പ്രശ്‌നങ്ങൾ കണക്കിലെടുത്തില്ല. കോവിഡിനുശേഷം എന്തായിരിക്കണം സാമ്പത്തിക കാഴ്‌ചപ്പാട്‌ എന്ന തിരിച്ചറിവുപോലും ബജറ്റിൽ ഇല്ല. ഇതുവരെയുള്ളതുപോലെ ഇനി സമ്പദ്‌‌വ്യവസ്ഥയ്‌ക്ക്‌ മുന്നോട്ടുപോകാനാകില്ലെന്ന്‌ ലോകത്തെ മുൻനിര രാഷ്ട്രങ്ങൾ തിരിച്ചറിഞ്ഞ്‌ ഉദാരവൽക്കരണനയങ്ങളിൽനിന്ന്‌ പിന്തിരിയുകയാണ്‌. എന്നാൽ, നവഉദാരവൽക്കരണ, സ്വകാര്യവൽക്കരണ സാമ്പത്തികനയം മോദി സർക്കാർ തീവ്രതയോടെ നടപ്പാക്കുകയാണ്‌. അതുകൊണ്ടുതന്നെ കോർപറേറ്റുകൾക്ക്‌ വൻ ഇളവും സ്വകാര്യവൽക്കരണവും പൊതുആസ്‌തികളുടെ വിൽപ്പനയ്‌ക്കുമാണ്‌ ഊന്നൽനൽകിയത്‌. 25 വർഷത്തെ വികസന കാഴ്‌ചപ്പാടുള്ള ബജറ്റെന്ന അവകാശവാദം മോദി സർക്കാരിന്റെ വെറും വികസന വായാടിത്തം മാത്രമാണ്‌.

ദേശീയ, ആഗോള സാമ്പത്തിക സ്ഥിതിയും സാമ്പത്തിക സർവേയിലെ സൂചനകൾപോലും ബജറ്റിൽ ഉൾക്കൊള്ളാനായില്ല. വർധിച്ചുവരുന്ന ദാരിദ്ര്യം, അസമത്വം എന്നിവ കുറയ്‌ക്കാനുള്ള നിർദേശമൊന്നും മുന്നോട്ടുവയ്‌ക്കാനായില്ല. കാർഷികമേഖലയ്ക്ക്‌ പ്രോത്സാഹനം നൽകുന്ന പുതിയ പദ്ധതിയൊന്നും ഇല്ലെന്നു മാത്രമല്ല, മുൻ ബജറ്റിനേക്കാൾ വിഹിതം കുറച്ചു. കർഷകരോട്‌ പ്രതികാരസമീപനമാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. കടാശ്വാസമോ, മറ്റ്‌ ഇളവുകളോ കർഷകർക്ക്‌ നൽകിയിട്ടില്ല. കാർഷികമേഖലയ്‌ക്ക്‌ മുൻ ബജറ്റിൽ 5.74 ലക്ഷം കോടി രൂപ നീക്കിവച്ചപ്പോൾ ഈ ബജറ്റിൽ 4.63 ലക്ഷം കോടി രൂപ മാത്രം, 20 ശതമാനത്തിന്റെ കുറവാണ്‌. മിനിമം താങ്ങുവിലയായി ബജറ്റ്‌ വർഷം 2.37 ലക്ഷം കോടി രൂപ നൽകുമെന്ന പ്രഖ്യാപനം തട്ടിപ്പാണ്‌. നടപ്പുവർഷം 2.48 ലക്ഷം കോടി രൂപ മിനിമം താങ്ങുവില പ്രഖ്യാപിച്ച ഭക്ഷ്യധാന്യങ്ങൾ സംഭരിച്ച വകയിൽ കർഷകർക്ക്‌ നൽകിയിരുന്നു. വളം സബ്‌സിഡിക്കുള്ള വിഹിതം 25 ശതമാനവും ഭക്ഷ്യസബ്‌സിഡിയിൽ 28 ശതമാനവും വെട്ടിക്കുറച്ചു. കാർഷിക ഇൻഷുറൻസിനുള്ള പിഎം ഫസൽ ബീമാ യോജനയ്‌ക്കുള്ള വിഹിതവും കുറച്ചു. മറ്റു കാർഷികാനുബന്ധ പ്രവർത്തനങ്ങൾക്കുള്ള തുകയും കുറച്ചിട്ടുണ്ട്‌. മഹാമാരിക്കാലത്തും ആരോഗ്യമേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ആവശ്യമായ തുക വകയിരുത്തിയിട്ടില്ല.

സമ്പദ്‌‌വ്യവസ്ഥ വളരണമെങ്കിൽ ജനങ്ങളുടെ വാങ്ങൽശേഷി വർധിക്കണം. സാമ്പത്തിക സർവേയിലൂടെ വ്യക്തമായത് മൂന്നു പതിറ്റാണ്ടുകാലത്തെ ഏറ്റവും വലിയ വിലക്കയറ്റത്തിലാണ്‌ രാജ്യമെന്നാണ്‌. മാന്ദ്യത്തിലായ സമ്പദ്‌വ്യവസ്ഥയെ ചലനാത്മകമാക്കാൻ സാധാരണ ജനങ്ങളുടെ കൈകളിലേക്ക്‌ പണം എത്തിക്കുകയാണ്‌ വേണ്ടത്‌. ക്ഷേമ പെൻഷൻ വിഹിതം വർധിപ്പിക്കണമെന്ന ആവശ്യം പരിഗണിച്ചില്ല. 60–-70നും ഇടയിൽ പ്രായമുള്ളവർക്ക്‌ 200 രൂപയും 70 വയസ്സിനുമുകളിലുള്ളവർക്ക്‌ 500 രൂപയുമാണ്‌ ക്ഷേമ പെൻഷനുള്ള പ്രതിമാസ കേന്ദ്രവിഹിതം. ഒന്നരപ്പതിറ്റാണ്ടായി വർധിപ്പിച്ചിട്ടില്ല. ഗ്രാമീണ സമ്പദ്‌‌വ്യവസ്ഥയ്‌ക്ക്‌ കരുത്താകേണ്ട തൊഴിലുറപ്പുപദ്ധതിക്ക്‌ കൂടുതൽ പണം വകയിരുത്തിയില്ല. പുതുക്കിയ ബജറ്റ്‌ എസ്റ്റിമേറ്റ്‌ പ്രകാരം 2021–-22 ധനവർഷം 98,000 കോടി രൂപയാണ്‌ തൊഴിലുറപ്പുപദ്ധതിക്ക്‌ വേണ്ടത്‌. ഈ ബജറ്റിലാകട്ടെ 73,000 കോടിയാണ്‌ നീക്കിവച്ചത്‌. കൂലിയും തൊഴിൽ ദിനങ്ങളും വർധിപ്പിച്ചില്ല. ഇപിഎഫ്‌ പെൻഷൻ വർധിപ്പിക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ആദായനികുതിയിൽ ഏറ്റവും താഴെത്തട്ടിലുള്ള സ്ലാബിൽപ്പെട്ടവർക്ക്‌ ഇളവുകൾ നൽകാനും തയ്യാറായിട്ടില്ല.

ഒരുവശത്ത്‌ സാമ്പത്തിക അച്ചടക്കത്തിന്റെയും ധനകമ്മിയുടെയും പേരിൽ പാവങ്ങളെ പിഴിയുമ്പോൾ മറുവശത്ത്‌ കോർപറേറ്റുകൾക്കുള്ള സൗജന്യങ്ങൾ വർധിപ്പിക്കുന്നു. സമ്പന്നരുടെമേൽ പുതിയ നികുതി ചുമത്താനോ, നിലവിലുള്ളത്‌ കൂട്ടി നികുതിവരുമാനം വർധിപ്പിക്കാനോ മുതിർന്നില്ല. നിലവിലുള്ള കോർപറേറ്റ്‌ സർചാർജ്‌ 17 ൽ നിന്ന്‌ 12 ശതമാനമാക്കി. കോർപറേറ്റുകൾക്ക്‌ അനുകൂലമായി പ്രത്യേക സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ കുറെക്കൂടി ഇളവുകൾ നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്‌. രാജ്യത്തെ സമ്പത്തിന്റെ 75 ശതമാനവും കൈകാര്യം ചെയ്യുന്ന 10 ശതമാനത്തിനുവേണ്ടിയുള്ള ബജറ്റാണ്‌ ഇത്‌. 5ജി സ്‌പെക്ട്രം ലേലം ഈവർഷം തുടങ്ങുന്നതും റിലയൻസ്‌ ഉൾപ്പെടെയുള്ള കോർപറേറ്റുകളെ സഹായിക്കാനാണ്‌. 4ജി സംവിധാനംപോലും പൂർണമായും സജ്ജമാകാത്ത പൊതുമേഖലാ സ്ഥാപനമായ ബിഎസ്‌എൻഎല്ലിന്‌ ഇതിലൂടെ നേട്ടമുണ്ടാകില്ല. സ്വകാര്യവൽക്കരണത്തിന്‌ ഊന്നൽ നൽകിക്കൊണ്ടുള്ള ഡിജിറ്റലൈസേഷനാണ്‌ പ്രാമുഖ്യം നൽകിയത്‌. ഡിജിറ്റൽ സംവിധാനം ഉപയോഗിക്കുന്നതിനായി ഗ്രാമീണമേഖലയിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ പദ്ധതികളില്ല. റെയിൽവേ, വ്യോമഗതാഗതം എന്നിവയടക്കമുള്ള അടിസ്ഥാനമേഖലകളിലെ സ്വകാര്യവൽക്കരണം കൂടുതൽ ശക്തമായി തുടരുമെന്ന് ബജറ്റ് വ്യക്തമാക്കുന്നു.

കേരളം ഉന്നയിച്ച പല ആവശ്യവും അംഗീകരിച്ചില്ലെങ്കിലും സംസ്ഥാനം നടപ്പാക്കിയ പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തി രാജ്യത്തിനു മാതൃകയാക്കുമെന്ന്‌ പ്രഖ്യാപിച്ചു. ഡിജിറ്റൽ യൂണിവേഴ്‌സിറ്റി, എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ പഠനം സാധ്യമാക്കാൻ പ്രാദേശിക ഭാഷകളിൽ പ്രത്യേക ചാനലുകൾ, എം സേവനം, ഒപ്റ്റിക്കൽ ഫൈബർ വ്യാപനം എന്നിവയാണ്‌ കേരളത്തിന്റെ പദ്ധതികളായി ബജറ്റിൽ സ്ഥാനംപിടിച്ചത്‌. ജിഎസ്‌ടി നഷ്ടപരിഹാരം അഞ്ചു വർഷംകൂടി നൽകുക, കേന്ദ്രം പിരിക്കുന്ന ആദായനികുതി അടക്കമുള്ളവയിൽനിന്ന്‌ കേരളത്തിനുള്ള വിഹിതം കൂട്ടുക, സെസ്‌ സർചാർജ്‌ ഒഴിവാക്കുക, കടമെടുപ്പുപരിധി ജിഡിപിയുടെ നാലരശതമാനമാക്കി നിലനിർത്തുക, കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്ക്‌ വിഹിതം കൂട്ടുക, സിൽവർലൈൻ പദ്ധതിക്ക്‌ അംഗീകാരം നൽകുക തുടങ്ങിയ ആവശ്യമൊന്നും അംഗീകരിച്ചില്ല. സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള ധനസഹായത്തിലും കാലാനുസൃതമായ വർധന വരുത്തിയില്ല.ജനങ്ങൾക്കും രാജ്യത്തിനും ഒരുപോലെ വിനാശകരമായ സാമ്പത്തികനയങ്ങളുമായി മോദി സർക്കാർ ശക്തമായി മുന്നോട്ടുപോകുമെന്ന്‌ ബജറ്റിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്‌. മൂലധനശക്തികളുടെമേലുള്ള എല്ലാവിധ നിയന്ത്രണവും നീക്കുകയും സ്വകാര്യവൽക്കരണം അടിസ്ഥാന നയമാക്കി പ്രഖ്യാപിക്കുകയും തൊഴിലും ജീവിതസുരക്ഷയും ഉറപ്പുനൽകുന്ന പൊതുനിക്ഷേപം ഗണ്യമായി വെട്ടിച്ചുരുക്കുന്ന നയത്തിന്റെ തുടർച്ച മാത്രമാണ്‌ ഇത്‌. പാവപ്പെട്ടവരുടെ തൊഴിലും വരുമാനവും മെച്ചപ്പെടുത്തുനുതകുന്ന പ്രഖ്യാപനങ്ങളില്ല. സമ്പന്നനെ അതിസമ്പന്നനാക്കുകയും ദരിദ്രനെ കൂടുതൽ ദരിദ്രനുമാക്കുന്ന ബജറ്റാണ്‌ ഇത്‌. വർധിച്ചുവരുന്ന അസമത്വവും കൊടിയ ദാരിദ്ര്യവും രൂക്ഷമായ തൊഴിലില്ലായ്‌മയും വിലക്കയറ്റവും പരിഹരിക്കാൻ നിർദേശങ്ങളില്ലാത്ത ബജറ്റിലൂടെ കേന്ദ്ര സർക്കാർ സാധാരണക്കാരോടും അടിസ്ഥാന ജനവിഭാഗങ്ങളോടും മനുഷ്യത്വരഹിതമായ സമീപനമാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. ഇത്തരം സമീപനങ്ങൾക്കെതിരെ കേന്ദ്രസർക്കാരിനെതിരെ ശക്തമായ ജനകീയപ്രതിഷേധം ഉയർന്നുവരണം.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top