01 October Sunday

തൊഴിലില്ലായ‌്മ അതിരൂക്ഷം

വെബ് ഡെസ്‌ക്‌Updated: Friday Sep 28, 2018കഴിഞ്ഞ ദിവസം റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് ഒഴിവുള്ള 1.9 ലക്ഷം പോസ്റ്റിലേക്ക് ഉദ്യോഗാർഥികളെ കണ്ടെത്താനായി പരീക്ഷ നടത്തി. 4.25 കോടി പേരാണ് അപേക്ഷ നൽകിയത്. അതായത്, ഒരു പോസ്റ്റിന് 225 അപേക്ഷകർ. ഗവേഷണബിരുദമുള്ളവർവരെയാണ് ഗ്രൂപ്പ് ഡി പോസ്റ്റിന് അപേക്ഷ നൽകിയത്. അതുപോലെ ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം 62 പൊലീസ് മെസഞ്ചർ പോസ്റ്റിലേക്ക് ഒരു ലക്ഷത്തോളം പേരാണ് അപേക്ഷ നൽകിയത്. രാജസ്ഥാനിൽ വെറും അഞ്ച് പ്യൂൺ പോസ്റ്റിന് അപേക്ഷിച്ചത് 23,000 പേർ. സ്വകാര്യവൽക്കരണത്തിനുശേഷവും തൊഴിൽസുരക്ഷ പൊതുമേഖലയിലാണെന്ന വസ‌്തുതമാത്രമല്ല ഇത് തെളിയിക്കുന്നത്. രാജ്യത്തെ അതിരൂക്ഷമായ തൊഴിലില്ലായ‌്മയിലേക്കും ഈ കണക്കുകൾ വിരൽചൂണ്ടുന്നു.

സാമ്പത്തികവളർച്ചയ‌്ക്കൊത്ത് തൊഴിലില്ലായ‌്മ കുറയുകയല്ല വർധിക്കുകയാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ബംഗളൂരു ആസ്ഥാനമാക്കിയുള്ള അസിം പ്രേംജി സർവകലാശാല നടത്തിയ പഠനത്തിലാണ് രാജ്യത്തെ തൊഴിലില്ലായ‌്മയുടെ  ചിത്രം വരച്ചിടുന്നത്. ഉയർന്ന സാമ്പത്തികവളർച്ച നേടിയാലേ പട്ടിണിയും തൊഴിലില്ലായ‌്മയും മാറ്റാൻ കഴിയൂ എന്ന നവ ഉദാരവൽക്കരണവാദം തെറ്റാണെന്നും ഈ പഠനം സൂചിപ്പിക്കുന്നു. രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളും ട്രേഡ് യൂണിയനുകളും വർഷങ്ങളായി പറയുന്ന കാര്യങ്ങളാണ് അസിം പ്രേംജി സർവകലാശാലയിലെ സെന്റർ ഫോർ സസ്‌റ്റെയിനബിൾ എംപ്ലോയ്‌മെന്റ് വിഭാഗം പഠനത്തിലൂടെ കണ്ടെത്തിയിട്ടുള്ളത്.

പഠനം മുന്നോട്ടുവയ‌്ക്കുന്ന ഏറ്റവും പ്രധാന കാര്യം തൊഴിൽരഹിതവളർച്ചയാണ് രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നാണ്. സാമ്പത്തിക ഉദാരവൽക്കരണനയം രാജ്യത്ത് ഉദ്ഘാടനം ചെയ്യുന്നത് 1991 ലാണ്. അതിനുമുമ്പ് സാമ്പത്തികവളർച്ചയ‌്ക്ക് അനുപാതമായി തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടെങ്കിൽ ഉദാരവൽക്കരണനയം സ്വീകരിച്ചതോടെ സാമ്പത്തികവളർച്ച കൂടുന്നതിന് അനുസരിച്ച് തൊഴിലവസരങ്ങൾ കുറയാനും തുടങ്ങി. ഉദാഹരണത്തിന് 1972 മുതൽ 77 വരെ സാമ്പത്തികവളർച്ച ശരാശരി 4.6 ശതമാനമായിരുന്നു. അക്കാലത്ത് തൊഴിൽനിരക്ക‌്  2.6 ശതമാനം വളർച്ച രേഖപ്പെടുത്തി.

1986 മുതൽ 1993 വരെയുള്ള വർഷങ്ങളിൽ സാമ്പത്തികവളർച്ച 5.6 ശതമാനവും തൊഴിൽനിരക്ക് 2.4 ശതമാനവും വളർച്ച രേഖപ്പെടുത്തി.  എന്നാൽ, സാമ്പത്തിക ഉദാരവൽക്കരണം നടപ്പാക്കിയതോടെ സാമ്പത്തികവളർച്ചയ‌്ക്കൊപ്പം തൊഴിൽനിരക്ക് വർധന ഉണ്ടായില്ലെന്നു മാത്രമല്ല കുത്തനെ കുറയാനും തുടങ്ങി. ഉദാഹരണത്തിന് 1993 മുതൽ 99 വരെയുള്ള വർഷങ്ങളിൽ സാമ്പത്തികവളർച്ച 6.8 ശതമാനമായപ്പോൾ തൊഴിൽനിരക്ക് ഒരു ശതമാനംമാത്രമാണ‌് വളർന്നത‌്.  2011 മുതൽ 15 വരെയുള്ള കാലത്ത് സാമ്പത്തിക വളർച്ച നിരക്ക് 6.8 ശതമാനമായി തുടർന്നപ്പോൾ തൊഴിൽനിരക്ക് വീണ്ടും ഇടിഞ്ഞ് 0.6 ശതമാനത്തിലെത്തി. 

കറൻസി നിരോധനവും ജിഎസ്ടിയും നടപ്പാക്കിയതിനുശേഷം തൊഴിൽനിരക്കിൽ വൻ കുറവ‌് വന്നുവെന്ന് സെന്റർ ഫോർ മോണിറ്ററിങ്‌ ഇന്ത്യൻ ഇക്കോണമി (സിഎംഐഇ) പഠനം വ്യക്തമാക്കുന്നു. 2017 ജൂലൈയ‌്ക്കും 2018 ഏപ്രിലിനുമിടയിൽ തൊഴിലില്ലായ‌്മ നിരക്ക് ഇരട്ടിയായി വർധിച്ചുവെന്നാണ് സിഎംഐഇ പഠനം പറയുന്നത്. അതായത്, 0.1 ശതമാനമായി തൊഴിൽനിരക്ക് വളർച്ച ഇടിഞ്ഞിട്ടുണ്ടാകുമെന്ന് അസിം പ്രേംജി സർവകാലാശാലാ പഠനത്തിന് നേതൃത്വം നൽകിയ ഡോ. അമിത് ബസോലെയും ചൂണ്ടിക്കാട്ടുന്നത‌്.   2013നും 2015നും ഇടയിൽമാത്രം 70 ലക്ഷം തൊഴിലുകളാണ് ഇല്ലാതായതെന്നും ഈ പഠനം വ്യക്തമാക്കുന്നു. ഈ കാലയളവിൽ തൊഴിലില്ലായ‌്മ നിരക്ക് അഞ്ചു ശതമാനം കുറഞ്ഞെന്നും യുവജനങ്ങളിലെ തൊഴിലില്ലായ‌്മ നിരക്ക് 20 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 16 ശതമാനമായെന്നും റിപ്പോർട്ട‌് പറയുന്നു.  

തൊഴിൽ സുരക്ഷിതത്വം ഇല്ലാതാക്കി കരാർവൽക്കരണം വൻതോതിൽ വർധിക്കുകയാണെന്നും പഠനം അടിവരയിടുന്നു.   ഉൽപ്പാദനക്ഷമത 30 വർഷംകൊണ്ട് ആറിരട്ടി വർധിച്ചപ്പോൾ മാനേജീരിയൽ ജീവനക്കരുടെ ശമ്പളവർധന അതിന്റെ പത്തിലൊന്ന് മാത്രമാണത്രേ. മാത്രമല്ല, സംഘടിതമേഖലയിൽപ്പോലും 90 ശതമാനം തൊഴിലാളികൾക്കും ഏഴാം ശമ്പളകമീഷൻ ശുപാർശ ചെയ്ത മിനിമം വേതനം (18,000 രൂപ) നൽകുന്നില്ലെന്ന് റിപ്പോർട്ട് വിളിച്ച‌ുപറയുന്നു. തൊഴിലാളികളിൽ 82 ശതമാനം പുരുഷന്മാർക്കും 92 ശതമാനം സ‌്ത്രീകൾക്കുമുള്ള മാസവരുമാനം 10,000 രൂപയിലും താഴെയാണെന്ന ഞെട്ടിപ്പിക്കുന്ന വസ‌്തുതയും റിപ്പോർട്ടിലുണ്ട‌്. 5000 രൂപയിലും താഴെയാണ് 42.73 ശതമാനം പുരുഷന്മാരുടെയും 71.22 ശതമാനം സ‌്ത്രീകളുടെയും വേതനം. തൊഴിലെടുക്കുന്ന 80 ശതമാനം പേരും അസംഘടിതമേഖലയിലാണ് ജോലിചെയ്യുന്നതെന്ന കാര്യവും ഇതോടൊപ്പം കൂട്ടിവായിക്കണം. തൊഴിലുള്ളവരിൽ 17 ശതമാനത്തിന‌ു മാത്രമാണ് കൃത്യമായ ശമ്പളവും 21.6 ശതമാനം പേർക്ക‌ുമാത്രമാണ് സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങളും ലഭിക്കുന്നതെന്ന‌് അഞ്ചാമത് വാർഷിക എംപ്ലോയ‌്മന്റ‌് അൺ എംപ്ലോയ്‌മെന്റ് സർവേ പറയുന്നു. യന്ത്രവൽക്കരണം നിലവിലുള്ള 69 ശതമാനം തൊഴിലും ഇല്ലാതാക്കുമെന്ന വസ‌്തുതകൂടി കണക്കിലെടുത്താൽ തൊഴിലാലില്ലായ‌്മ വരുംദിവസങ്ങളിൽ കൂടുതൽ രൂക്ഷമാകുമെന്ന് ഉറപ്പ്. മോഡി സർക്കാരിന്റെ അഞ്ചുവർഷത്തെ ഭരണകാലം വാഗ‌്ദാന ലംഘനങ്ങളുടെയും തൊഴിൽനാശത്തിന്റെയും  കാലംകൂടിയാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top