29 March Wednesday

റെയിൽവേ പണിമുടക്ക്‌ : സ്തംഭിച്ച്‌ ബ്രിട്ടൻ

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022


ന്യായമായ വേതനവർധനയും തൊഴിൽസ്ഥിരതയും സാമൂഹ്യസുരക്ഷാ പദ്ധതികളും ആവശ്യപ്പെട്ട്‌ റെയിൽവേ  ജീവനക്കാർ പ്രഖ്യാപിച്ച ത്രിദിന ദേശീയ പണിമുടക്കിൽ ബ്രിട്ടൻ സ്‌തംഭിച്ചു. ഭൂഗർഭ സർവീസായ ട്യൂബും നിശ്ചലമായി.  1989നുശേഷം രാജ്യം സാക്ഷിയായ ഏറ്റവും വലിയ തൊഴിൽ പ്രക്ഷോഭത്തിൽ പൊതുമേഖലാ സ്ഥാപനമായ നാഷണൽ റെയിൽ ഉൾപ്പെടെ 14 ഓപ്പറേറ്റിങ്‌ കമ്പനിയിലെ അരലക്ഷം ജീവനക്കാരാണ്‌ പങ്കെടുത്തത്‌. ഇടവിട്ട ദിവസങ്ങളിലെ  സമരം ഒരാഴ്ച ഗതാഗതം താറുമാറാക്കി. ഏഴു ശതമാനം വേതനവർധന അനുവദിക്കുക, ആരോഗ്യകരമായ തൊഴിൽസാഹചര്യം ഉറപ്പാക്കുക, കൂട്ടപ്പിരിച്ചുവിടൽ നീക്കം ഉപേക്ഷിക്കുക, പെൻഷൻ മാനദണ്ഡങ്ങളിൽ തൊഴിലാളിവിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ടുവച്ചത്. ഇതര ആനുകൂല്യങ്ങളിലെ വെട്ടിക്കുറവ്‌, യാത്രക്കാരുടെ ആവശ്യങ്ങൾ മാനിക്കാതെ ടിക്കറ്റ് ഓഫീസുകൾ അകാരണമായി അടച്ചിടൽ, അമിത സ്വകാര്യവൽക്കരണം തുടങ്ങിയ - നടപടികൾക്കെതിരെയും മുദ്രാവാക്യമുയർന്നു.

ബ്രിട്ടനിൽ റെയിൽ ജീവനക്കാരുടെ ശമ്പളപരിഷ്കരണം നടന്നിട്ട്‌ ഏറെ വർഷങ്ങളായി. കോവിഡ്‌ പ്രതിസന്ധിക്കൊപ്പം നാലു ദശാബ്ദത്തിലെ ഏറ്റവും വലിയ വിലക്കയറ്റം ദുരിതം വിതച്ചിട്ടും സർക്കാർ അനങ്ങിയില്ല. ജീവിതഭാരം താങ്ങാനാകാത്ത സാഹചര്യത്തിലാണ്‌ തെരുവിലിറങ്ങാൻ  നിർബന്ധിതമായതെന്ന്‌ ആർഎംടി ജനറൽ സെക്രട്ടറി മിക്ക്‌ ലിഞ്ച്‌ പറഞ്ഞു. നിലവിൽ ഒമ്പത്‌ ശതമാനത്തിനു മുകളിലാണ്‌ വിലക്കയറ്റം. 2022ലും ശമ്പളവർധനയില്ലെന്ന്‌ റെയിൽ കമ്പനികൾ പ്രഖ്യാപിച്ചതോടെയാണ്‌ പണിമുടക്ക്‌ പ്രഖ്യാപിച്ചതും. ബ്രിട്ടനു പുറമെ സ്കോട്ട്‌ലൻഡ്‌, വെയ്‌ൽസ്‌ എന്നിവിടങ്ങളിലെയും സർവീസുകൾ  താറുമാറായി. നിരവധി ട്രെയിനുകൾ റദ്ദാക്കി. ചരക്കുനീക്കവും തടസ്സപ്പെട്ടു.  പ്രശ്‌നപരിഹാരത്തിന്‌ റെയിൽവേ കമ്പനികളും സർക്കാരും തയ്യാറാകാത്തതിൽ മറ്റു മേഖലകളിലെ തൊഴിലാളികളും പ്രതിഷേധത്തിലാണ്‌. വരുംദിവസങ്ങളിൽ ആ  വിഭാഗങ്ങളും സമരരംഗത്തിറങ്ങും. അഭിഭാഷകർ കോടതി ബഹിഷ്കരണവും പ്രഖ്യാപിച്ചിട്ടുണ്ട്‌.

വേതനം മൂന്നു ശതമാനം കൂട്ടാമെങ്കിലും  ആനുപാതിക വർധന സാധ്യമല്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രി ബോറിസ്‌ ജോൺസൻ. ആ നിർദേശം തൊഴിലാളികൾ തള്ളി. കൂടുതൽ കരാർ ജോലിക്കാരെ തിരുകിക്കയറ്റാൻ പ്രത്യേക നിയമനിർമാണം നടത്തി പ്രക്ഷോഭത്തെ തകർക്കാനും സർക്കാർ ശ്രമിച്ചു. റെയിൽവേക്കായുള്ള ഫണ്ടിൽനിന്ന്‌ 38,345 കോടി രൂപ വെട്ടിക്കുറയ്‌ക്കുകയുമുണ്ടായി.  സമരക്കാർക്കു മുന്നിൽ  തലകുനിക്കില്ലെന്നും  ശക്തമായി നേരിടാൻ സജ്ജമാണെന്നുമുള്ള ബോറിസ് ജോൺസന്റെ മുന്നറിയിപ്പിനെയും വെല്ലുവിളിച്ച്‌  ട്രെയിൻ ഡ്രൈവർമാരുടെ യൂണിയനും പണിമുടക്ക് പ്രഖ്യാപിച്ചു.

അവന്റി വെസ്റ്റ് കോസ്റ്റിലെ ജീവനക്കാരുടെ സംഘടനയായ ടിഎസ്എസ്എയും സമരം മുൻനിർത്തി  അംഗങ്ങൾക്കിടയിൽ ഹിതപരിശോധന  പ്രഖ്യാപിച്ചിരിക്കുകയാണ്. അംഗീകാരം ലഭിച്ചാൽ ജൂലൈ പകുതിക്കുശേഷം ബ്രിട്ടനിലെ റെയിൽ ഗതാഗതം പൂർണമായും സ്തംഭിക്കും. 1970കളിൽ തൊഴിലാളി യൂണിയനുകൾക്കുണ്ടായിരുന്ന ശേഷിയും   മേധാവിത്വവും തിരിച്ചുവരുന്നതിന്റെ  സൂചനയാണ് ഇപ്പോൾ. ആർഎംടി, അസ്ലെഫ്, ടിഎസ്എസ്എ എന്നീ പ്രധാന യൂണിയനുകൾ ഐക്യത്തോടെ മുന്നോട്ടുപോകാൻ തീരുമാനിച്ചത്‌ അതിന്റെ തെളിവാണ്‌. ആർഎംടിയുടെ പ്രക്ഷോഭംമാത്രം റെയിൽ മേഖലയിൽ 15 കോടി പൗണ്ടിന്റെ നഷ്ടം വരുത്തി.  അഞ്ചു ശതമാനം വേതനവർധനയ്‌ക്ക്‌  തുല്യമാണിത്‌. ബ്രിട്ടനിലെ വ്യോമയാനരംഗവും കടുത്ത  പ്രതിസന്ധിയിലാണ്. കോവിഡ്‌ വേളയിൽ സർവീസ് തടസ്സപ്പെട്ടതിനാൽ കമ്പനികൾ കൂട്ടത്തോടെ പിരിച്ചുവിടൽ നടത്തി. മതിയായ ജീവനക്കാരില്ലാതെ സർവീസ്‌  വെട്ടിച്ചുരുക്കേണ്ടിയുംവന്നു.

പിരിച്ചുവിടൽ ഭീഷണി മറികടന്ന്‌ ശക്തിതെളിയിച്ച  ബ്രിട്ടനിലെ റെയിൽ തൊഴിലാളി സമരത്തിന്‌ വേൾഡ്‌ ഫെഡറേഷൻ ഓഫ്‌ ട്രേഡ്‌ യൂണിയൻസ്‌ (ഡബ്ല്യുഎഫ്ടിയു) ഐക്യദാർഢ്യം പ്രഖ്യാപിച്ചത്‌ ആവേശകരമാണ്‌. വിലക്കയറ്റവും കോവിഡ് പ്രതിസന്ധിയും കാരണം ബ്രിട്ടനിലെ ജനങ്ങൾ കൊടിയ ദുരിതമാണ് അനുഭവിക്കുന്നത്. ജീവിക്കാനുള്ള സാഹചര്യം ഒരുക്കുംവരെ സമരത്തിൽനിന്ന്‌ പിന്നോട്ടില്ലെന്ന അവരുടെ പ്രഖ്യാപനം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ പൊരുതുന്ന ജനകോടികൾക്ക്‌ വഴികാട്ടുമെന്ന്‌ തീർച്ച; കൊളംബിയയുടെ ചുവന്ന ചുവടുവയ്‌പിന്റെ പശ്‌ചാത്തലത്തിൽ പ്രത്യേകിച്ചും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top