26 September Saturday

അന്തര്‍നാടകങ്ങളുടെ യുഡിഎഫ് ഭരണകാലം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 26, 2017


യുഡിഎഫ് ഭരണകാലം അധാര്‍മികതയുടെ വിളവെടുപ്പുകാലമായിരുന്നു. അധികാരദുര്‍വിനിയോഗവും അഴിമതിയും അനാശാസ്യപ്രവണതകളും കൊടികുത്തിവാണ ആ കാലത്തിന്റെ ശേഷിപ്പുകളാണ് ഇന്നും കേരളത്തിന്റെ സാമൂഹ്യപരിസരത്തെ മലീമസമാക്കുന്നത്.

കഴിഞ്ഞദിവസം ഒരു ചാനല്‍ചര്‍ച്ചയ്ക്കിടെ പി സി ജോര്‍ജ് എംഎല്‍എ വെളിപ്പെടുത്തിയത് കോണ്‍ഗ്രസ് കേരളരാഷ്ട്രീയത്തില്‍ അമ്പരപ്പിക്കുന്ന അശ്ളീലം കലര്‍ത്തിയതിന്റെ തെളിവുകളാണ്. ജനതാദള്‍ നേതാവ് ജോസ് തെറ്റയില്‍ മന്ത്രിയായിരിക്കെ അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഒരു യുവതിയെ കോണ്‍ഗ്രസ് നിയോഗിച്ചതിന്റെയും അവര്‍ക്ക് വന്‍തോതില്‍ പണം കൈമാറിയതിന്റെയും പുതിയ ചില വിവരങ്ങളാണ് ജോര്‍ജ് വെളിപ്പെടുത്തിയത്.

ആലുവ സ്വദേശിയായ യുവതി നല്‍കിയ പരാതിയില്‍ ജോസ് തെറ്റയിലിനെതിരെ പൊലീസ് കേസെടുത്തിരുന്നതാണ്. ആ കേസിലെ എഫ്ഐആര്‍—പിന്നീട് ഹൈക്കോടതി റദ്ദാക്കി. തെറ്റയില്‍ തെറ്റുചെയ്തതായി

വ്യക്തമാകുന്നില്ലെന്നും യുവതിയുടെ വാദം നിലനില്‍ക്കുന്നില്ല എന്നുമാണ് കോടതി വ്യക്തമാക്കിയത്. തെറ്റയിലിനെ കെണിയില്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് യുവതി പെരുമാറിയത് എന്ന നിരീക്ഷണവും കോടതി നടത്തി. സംസ്ഥാനത്തെ പ്രമുഖനായ രാഷ്ട്രീയനേതാവിനെ തേജോവധം ചെയ്ത് പുറത്താക്കാന്‍ കോണ്‍ഗ്രസിലെ ചിലര്‍ ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു അതെന്നാണ് ആ ഘട്ടത്തില്‍തന്നെ വ്യക്തമായത്. യുവതി അവരുടെ ഉപകരണമാക്കപ്പെടുകയായിരുന്നു. ആ യുവതിയുടെ അച്ഛന് 31 ലക്ഷം രൂപ കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് താന്‍ വാങ്ങിക്കൊടുത്തു എന്നാണ് ഇപ്പോള്‍ പി സി ജോര്‍ജ് പറയുന്നത്.

മൂന്നു കാര്യങ്ങളാണ് ഇവിടെ വ്യക്തമാകുന്നത്. ഒന്ന്: തെറ്റയിലിനെതിരായ കേസും വിവാദവും ഒരു ആസൂത്രിതനാടകത്തിന്റെ ഭാഗമായിരുന്നു. രണ്ട്: ആ നാടകം സംവിധാനം ചെയ്തത് കോണ്‍ഗ്രസിലെ രണ്ടു പ്രമുഖ നേതാക്കളാണ്. മൂന്ന്: കോണ്‍ഗ്രസ് നേതാക്കള്‍ ആ യുവതിയെയും ചതിക്കുകയും പി സി ജോര്‍ജ് ഇടപെട്ട് അവര്‍ക്ക്
പണം വാങ്ങിക്കൊടുക്കുകയും ചെയ്തു. യുവതിയുടെ

സ്വത്ത് ജപ്തി ചെയ്യുമെന്ന ഘട്ടത്തില്‍ പിതാവ് തന്നെ സമീപിച്ച് സഹായം തേടിയതുകൊണ്ടാണ് ഇടപെട്ടതെന്നും അന്ന് താന്‍ ഗവണ്‍മെന്റ് ചീഫ് വിപ്പായിരുന്നു എന്നുമാണ് ജോര്‍ജ് വിശദീകരിക്കുന്നത്. യുഡിഎഫ് സംവിധാനമാണ് ഒരു ഹീനമായ ക്രിമിനല്‍നാടകത്തില്‍ ദുരുപയോഗിക്കപ്പെട്ടത്. സ്ത്രീകളെയും സ്ത്രീത്വത്തെയും അവഹേളിക്കുന്നതടക്കം രാഷ്ട്രീയലാഭത്തിനുവേണ്ടി എന്തുചെയ്യാനും മടിക്കാത്ത നേതൃത്വമാണ് കോണ്‍ഗ്രസിനുള്ളത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും അറിയാതെ ഇത്തരമൊരു ഇടപെടല്‍ സാധ്യമല്ല.

ഉമ്മന്‍ചാണ്ടി പ്രതിസന്ധിയില്‍പ്പെട്ടപ്പോഴൊക്കെ ചാടിവീണ് ജുഡീഷ്യറിക്കെതിരെയും ഇതര രാഷ്ട്രീയകക്ഷികള്‍ക്കെതിരെയും സ്വന്തം പക്ഷത്തുള്ളവര്‍ക്കു
തന്നെ എതിരായും കടന്നാക്രമണം നടത്തി വാര്‍ത്ത സൃഷ്ടിച്ച വ്യക്തിയാണ് പി സി ജോര്‍ജ്. അതുകൊണ്ടുതന്നെയാണ് ആ ജോര്‍ജ് ആവശ്യപ്പെട്ടയുടനെ വന്‍ തുക വിവാദ കേസിലെ യുവതിയുടെ കുടുംബത്തിന് നല്‍കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായത്.

യുഡിഎഫ് ഭരണത്തില്‍ വലതുപക്ഷരാഷ്ട്രീയം വീണ അഴുക്കുചാലിലെ ദുര്‍ഗന്ധമാകെ പുറത്തുകൊണ്ടുവരുന്ന സംഭവമാണിത്. അധാര്‍മികതയാണ് കൊടികുത്തിവാണത്. തന്നെ ബലാത്സംഗം ചെയ്തു എന്ന് സരിത എസ് നായര്‍ കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന അബ്ദുള്ളക്കുട്ടിക്കെതിരെ പരാതി നല്‍കിയപ്പോള്‍, നിയമാനുസൃതം നടപടിയെടുക്കാന്‍ പൊലീസിനെ അനുവദിച്ചിരുന്നില്ല എന്നതും ഈ ഘട്ടത്തില്‍ ഓര്‍ക്കേണ്ടതാണ്. പരാതിക്കാരിയെ ആക്ഷേപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തിറങ്ങുകയായിരുന്നു അന്ന്. തെറ്റയിലിനെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്താനും ഇതേ കോണ്‍ഗ്രസ് മുന്‍നിരയില്‍ ഉണ്ടായിരുന്നു. ഇവരില്‍നിന്ന് ഏത് ഹീനകൃത്യവും പ്രതീക്ഷിക്കാം.

പി സി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍ ഗൌരവമായിത്തന്നെ കാണേണ്ടതുണ്ട്. താന്‍തന്നെ ഇടപെട്ട കേസിനെക്കുറിച്ചാണ് വിളിച്ചുപറഞ്ഞിരിക്കുന്നത്. നിയമത്തിനുമുന്നിലെത്തിയാല്‍ സാക്ഷിമാത്രമല്ല, അനധികൃത പണകൈമാറ്റത്തിനും അതിന്റെ മറവിലെ നിയമവിരുദ്ധ ഗൂഢാലോചനയ്ക്കും ഉത്തരം പറയേണ്ട ആള്‍കൂടിയാണ് പി സി ജോര്‍ജ്. ഗവണ്‍മെന്റ് ചീഫ് വിപ്പെന്ന ഔദ്യോഗികപദവി ദുരുപയോഗം ചെയ്തുകൊണ്ടാണ് കോണ്‍ഗ്രസിന്റെ പണമിടപാട് ഏജന്റായി ജോര്‍ജ് പ്രവര്‍ത്തിച്ചത്. തെറ്റയിലിനെതിരായ ഗൂഢാലോചനയെക്കുറിച്ചും അതിലെ പങ്കാളികളെക്കുറിച്ചും ജോര്‍ജിന് വ്യക്തമായ ധാരണയുണ്ട്.

നാട്ടിലെ നിയമവ്യവസ്ഥയെയും രാഷ്ട്രീയസദാചാരത്തെയും മാനിക്കുന്ന ഒരാളാണെങ്കില്‍ അന്നുതന്നെ ജോര്‍ജ് ഈ വിവരം പൊലീസിനെ ധരിപ്പിക്കുമായിരുന്നു. അതുണ്ടാകാത്ത സ്ഥിതിക്കും കുറ്റവാളികളുടെ പേരുവിവരം ഇപ്പോഴും മറച്ചുപിടിക്കുന്ന സ്ഥിതിക്കും ഈ വിഷയത്തില്‍
കൂടുതല്‍ നിയമനടപടികള്‍ ഉണ്ടാകേണ്ടത് പൊതുതാല്‍പ്പര്യത്തിന്റെ ഭാഗമായി മാറുന്നു.

കോണ്‍ഗ്രസിന്റെ നീചമായ രാഷ്ട്രീയ ദുര്‍വൃത്തികളിലേക്കുള്ള വാതിലാണ് ഈ കേസ് തുറന്നിടുന്നത്. സരിത നായരുടെ കോള്‍ലിസ്റ്റില്‍ ബെന്നി ബെഹനാന്റെയും തമ്പാനൂര്‍ രവിയുടെയും പേരുകള്‍ വന്നപ്പോള്‍ നേരിയ ലജ്ജപോലും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മുഖത്ത് തെളിഞ്ഞിട്ടില്ല. കളങ്കിതനെന്ന് വി എം സുധീരന്‍തന്നെ പ്രഖ്യാപിച്ച് സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് മാറ്റിനിര്‍ത്തിയ ബെന്നി ബെഹനാന്‍ ഇന്നും കോണ്‍ഗ്രസിന്റെ നേതാവാണ്. എല്ലാറ്റിനും മുകളില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഇന്നും ആ പാര്‍ടിയെ നയിക്കുന്നുണ്ട്.

ഇത്തരമൊരു അവസ്ഥയിലാണ് പി സി ജോര്‍ജിന്റെ വാക്കുകളിലൂടെ അനാവൃതമായ കോണ്‍ഗ്രസിന്റെ മലിനമുഖം കൂടുതല്‍ കൂടുതല്‍ പരിശോധിക്കപ്പെടേണ്ടത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top