02 December Monday

യുഡിഎഫിന്റെ മനുഷ്യത്വമില്ലായ്മ

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024


മുന്നൂറോളം പേരുടെ ജീവനപഹരിച്ച മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ആഘാതത്തിൽനിന്ന് നാട് ഇതുവരെ മുക്തമായിട്ടില്ല. ഉറ്റവരും വീടും ഭൂമിയുമെല്ലാം നഷ്ടപ്പെട്ട് ദുരിതജീവിതം നയിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാനുള്ള തീവ്രശ്രമത്തിലാണ് സംസ്ഥാന സർക്കാർ. എന്നാൽ, ദുരന്തത്തെയും രാഷ്ട്രീയലാഭത്തിന് ഉപയോഗിക്കാൻ പറ്റുമോയെന്ന് ശ്രമിക്കുന്ന യുഡിഎഫിന്റെ നികൃഷ്ട രാഷ്ട്രീയപ്രവർത്തനത്തിന്റെ സൂചനകളാണ് വയനാട്ടിൽനിന്ന് പുറത്തുവരുന്നത്. പ്രകൃതിദുരന്തം കടുത്ത ആഘാതം ഏൽപ്പിച്ച ജനങ്ങൾക്കുമേൽ മറ്റൊരു ദുരന്തം അടിച്ചേൽപ്പിക്കാനുള്ള ഗൂഢശ്രമമാണ് യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്ത് നടത്തുന്നതെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ സർക്കാർവിരുദ്ധ വികാരം സൃഷ്ടിക്കാനുള്ള രാഷ്ട്രീയക്കളിയാണ് വയനാട്ടിലുണ്ടായത്. നാല്‌ വോട്ടിനുവേണ്ടി മനുഷ്യജീവൻ അപകടത്തിലാക്കാനുള്ള ദുഷ്ടലാക്ക് അങ്ങേയറ്റം അപലപനീയമാണെന്ന് പറയാതിരിക്കാനാകില്ല.

കോൺഗ്രസ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്ത് പുഴുവരിച്ച ഭക്ഷണസാധനങ്ങൾ വിതരണം ചെയ്ത് അത് സർക്കാരിന്റെമേൽ ചുമത്താനുള്ള ശ്രമമാണ് നടന്നതെന്ന് ഇതിനകം വ്യക്തമായി. പഞ്ചായത്ത് നൽകിയ മോശം സാധനങ്ങൾ കഴിച്ച മൂന്ന് കുട്ടികൾ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലാണ്. പഞ്ചായത്തിൽനിന്ന് കിട്ടിയ റവയിലും സോയാബീനിലും ചെള്ള് ഉണ്ടായിരുന്നെങ്കിലും അത് വൃത്തിയാക്കി പാകം ചെയ്യുകയായിരുന്നെന്ന് വീട്ടുകാർ പറഞ്ഞിട്ടുണ്ട്.

മോശമായ സാധനങ്ങൾ എങ്ങനെ വിതരണം ചെയ്തെന്ന് അന്വേഷിക്കേണ്ട വിഷയമാണ്. പ്രതിപക്ഷനേതാവ് ഉൾപ്പെടെ യുഡിഎഫ് പ്രചരിപ്പിക്കുന്നത് അത് സർക്കാർ നൽകിയതാണെന്നാണ്. എന്നാൽ, പഞ്ചായത്തുകൾക്ക് മോശം സാധനം സർക്കാർ നൽകിയിട്ടില്ലെന്ന് പകൽപോലെ സത്യമാണ്. കഴിഞ്ഞ ഓണത്തിനാണ് സർക്കാർ ദുരിതബാധിതർക്ക് നൽകാൻ അരിയടക്കം സാധനങ്ങൾ എത്തിച്ചത്. മേപ്പാടി, മുപ്പൈനാട്, വൈത്തിരി, മുട്ടിൽ, കണിയാമ്പറ്റ, അമ്പലവയൽ എന്നീ പഞ്ചായത്തുകളും കൽപ്പറ്റ മുനിസിപ്പാലിറ്റിയുമാണ് സർക്കാർ നൽകുന്ന ഭക്ഷണസാധനങ്ങൾ ദുരിതബാധിതർക്ക് നൽകേണ്ടത്. മേപ്പാടിയിലൊഴികെ മറ്റെവിടെയും പ്രശ്നം ഉണ്ടായിട്ടില്ല. മേപ്പാടിയിൽ സാധനങ്ങൾ വിതരണം ചെയ്യാതെ രണ്ടു മാസത്തോളം  പൂഴ്ത്തി  വയ്‌ക്കുകയും മോശമായ സാധനങ്ങൾ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ നൽകുകയുമായിരുന്നു. ഓണത്തിനുമുമ്പ് കൊടുത്ത സാധനങ്ങൾ ഇപ്പോൾ വിതരണം ചെയ്തതിനു പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്ന ആരോപണം ശരിവയ്‌ക്കുന്നതാണ് യുഡിഎഫ് നേതാക്കളുടെ പ്രതികരണങ്ങൾ. ഇതുസംബന്ധിച്ച് സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ സത്യം പുറത്തുവരും. എന്നാൽ, താൽക്കാലികമായി സർക്കാരിനെ അപകീർത്തിപ്പെടുത്താൻ കഴിയുമെന്ന മിഥ്യാധാരണയിലാണ് യുഡിഎഫ്.

ദുരിതബാധിതരെ താമസിപ്പിച്ചിട്ടുള്ള പഞ്ചായത്തുകളിൽ അരിയാണ് ഒടുവിൽ സർക്കാർ നൽകിയത്. അതും ചാക്കുകളിലാണ്. ഒക്ടോബർ 30, നവംബർ ഒന്ന് തീയതികളിലായി നൽകിയ അരി പൊട്ടിച്ച് കിറ്റുകളാക്കി വേണം വിതരണം ചെയ്യാൻ. മോശമാണെങ്കിൽ ചാക്ക് പൊട്ടിക്കുമ്പോൾത്തന്നെ മനസ്സിലാകും. എന്നാൽ, മേപ്പാടി പഞ്ചായത്ത് ഈ അരിച്ചാക്ക് ഇതുവരെ പൊട്ടിച്ചിട്ടുപോലുമില്ല. അതുകൊണ്ടുതന്നെ മുമ്പ് സ്റ്റോക്കുണ്ടായിരുന്ന പഴകിയ സാധനങ്ങൾ ബോധപൂർവം വിതരണം ചെയ്‌തെന്നുവേണം മനസ്സിലാക്കാൻ. ഇത് പൊറുക്കാനാകാത്ത തെറ്റാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം.

ദുരിതബാധിതരെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനും സംസ്ഥാന സർക്കാർ എല്ലാ നടപടികളും സ്വീകരിച്ചു വരുന്ന ഘട്ടത്തിലാണ് ഇത്തരം സംഭവങ്ങളുണ്ടാക്കി ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാൻ യുഡിഎഫ് ശ്രമിക്കുന്നത്. വയനാടിന് പ്രത്യേക സഹായം അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തോട് പുറംതിരിഞ്ഞ് നിൽക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ഒരക്ഷരം മിണ്ടാത്തവരാണ് യുഡിഎഫ്. സർക്കാർ ജീവനക്കാരുടെ സംഭാവനകൂടി മുടക്കി ദുരിതാശ്വാസ പ്രവർത്തനം തടയാൻ മുന്നിട്ടിറങ്ങുന്ന യുഡിഎഫും ബിജെപിയും കേരളവിരുദ്ധ നിലപാട് സ്വീകരിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിന് അടിവരയിടുന്നതാണ് മേപ്പാടി പഞ്ചായത്തിലെ സംഭവങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top