19 January Sunday

ആവര്‍ത്തിച്ചുകൂടാ പഴയ വീഴ്ചകള്‍

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2017


കേരളത്തില്‍ കുറ്റകൃത്യങ്ങളും ലൈംഗികാതിക്രമങ്ങളും വര്‍ധിച്ചുവെന്നും പൊലീസ് നിഷ്ക്രിയമാണെന്നും വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വവും സംഘടിതവുമായ ശ്രമങ്ങള്‍ ചില കേന്ദ്ര ങ്ങള്‍ ആരംഭിച്ചിട്ടുണ്ട്്. പ്രതിപക്ഷകക്ഷികളിലെ നേതാക്കള്‍ രാഷ്ട്രീയമായി ഉന്നയിക്കുന്ന ഈ വിമര്‍ശത്തിന്, വസ്തുതകളുടെ പിന്‍ബലമില്ലാതെ ചില മാധ്യമങ്ങള്‍ പിന്തുണ നല്‍കുന്നുമുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിനെ തല്ലാന്‍ കിട്ടുന്ന ഏത് വടിയും പ്രയോഗിക്കുക എന്ന ലക്ഷ്യം ഇതില്‍ തെളിഞ്ഞുകാണാനാകും. ചില ദൃശ്യ-പത്ര മാധ്യമങ്ങളുടെ ഈ ശത്രുതാസമീപനത്തിന്റെ അനുരണനങ്ങള്‍ നവമാധ്യമങ്ങളിലുമുണ്ടെങ്കിലും, കുറെക്കൂടി യാഥാര്‍ഥ്യബോധത്തോടെയാണ് ആ മേഖലയിലെ പ്രതികരണങ്ങള്‍.

സമീപകാലത്തായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടന്ന ലൈംഗികാതിക്രമങ്ങളില്‍ കുറ്റവാളികളെ താമസംവിനാ നിയമത്തിനുമുന്നില്‍ എത്തിക്കാനായി എന്ന ആശ്വാസകരമായ പ്രവര്‍ത്തനത്തിനിടയില്‍വച്ചാണ് പൊലീസിനെയും സര്‍ക്കാരിനെയും കരിതേക്കാനൊരുങ്ങുന്നത്. അക്രമവും കുറ്റകൃത്യവും തടയുന്നതില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന പ്രഖ്യാപനത്തോട് പൂര്‍ണമായും നീതിപുലര്‍ത്താന്‍ സര്‍ക്കാരിന് സാധിച്ചുവെന്നത് നിസ്തര്‍ക്കമാണ്. എന്നാല്‍, കൃത്യവിലോപം കാട്ടുന്നവരും വിമര്‍ശവും നടപടിയും അര്‍ഹിക്കുന്നവരും പൊലീസ്സേനയില്‍ നിരവധിയുണ്ടെന്ന വസ്തുതയും കാണാതിരിക്കാനാകില്ല. എല്‍ഡിഎഫ് ഭരണം നിലവില്‍വന്ന നിമിഷംതൊട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ഒന്നൊഴിയാതെ നീതിനിഷ്ഠയുള്ളവരായി മാറിക്കൊള്ളുമെന്ന വിശ്വാസത്തിലാണോ വിമര്‍ശകര്‍ സര്‍ക്കാരിനെതിരെ കോപ്പുകൂട്ടുന്നത്... അതോ വെറും രാഷ്ട്രീയലക്ഷ്യമോ?  

ഇവിടെയാണ് എല്‍ഡിഎഫ്, യുഡിഎഫ് പൊലീസ് ഭരണത്തിലെ വ്യതിരിക്തത പരിശോധിക്കേണ്ടത്. ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത്  പൊലീസിന്റെ ചുമതലയ്ക്ക് പ്രത്യേക മന്ത്രിമാരുണ്ടായിരുന്നു. ആദ്യം തിരുവഞ്ചൂരും പിന്നെ ചെന്നിത്തലയും. അന്ന് പൊലീസ് ഭരണമില്ലാതിരുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് ക്രിമിനലുകളുടെ താവളമായിരുന്നു എന്നുപറഞ്ഞാല്‍ അധികമാകില്ല. മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്നു ഒരു പൊലീസുകാരന്റെ നേതൃത്വത്തിലാണ് തലസ്ഥാനത്തും കൊച്ചിയിലും ഞെട്ടിപ്പിക്കുന്ന ഭൂമിവെട്ടിപ്പുകള്‍ നടന്നത്. സൌരോര്‍ജത്തിന്റെ ബിസിനസുമായി ഇറങ്ങിയ ഒരു യുവതിക്ക് കേരളം മുഴുവന്‍ ആളുകളെ പണം വാങ്ങി പറ്റിക്കാന്‍ അവസരം ഒരുക്കിക്കൊടുത്തത് ഇതേ മുഖ്യമന്ത്രിയും ഓഫീസുമാണ്. മുഖ്യമന്ത്രിയും സഹമന്ത്രിമാരും കേന്ദ്രമന്ത്രിമാരുമടക്കം ഉള്‍പ്പെട്ട സോളാര്‍ കേസില്‍ യുവതിയെ ജയിലുകള്‍മാറ്റി കൊണ്ടുനടന്ന് മൊഴിമാറ്റിയെഴുതിക്കുന്ന ജോലിയും അന്ന് പൊലീസിനായിരുന്നില്ലേ? ഒടുവില്‍ സഹികെട്ട യുവതി പറഞ്ഞതൊന്നും കേരളം മറന്നിട്ടില്ല. വ്യവസായസംരംഭവുമായി ഇറങ്ങിയ തന്നെ ക്രൂരമായ ലൈംഗികചൂഷണത്തിന് ഇരയാക്കിയ മന്ത്രിമാര്‍, രാത്രിയില്‍ ഉറങ്ങാന്‍പോലും സമ്മതിച്ചിരുന്നില്ലെന്ന്. ഇതായിരുന്നു മന്ത്രിമാരെങ്കില്‍ അന്നത്തെ പൊലീസിനെക്കുറിച്ച് പറയേണ്ടതുണ്ടോ? പൊലീസിന്റെ രാഷ്ട്രീയദുരുപയോഗത്തിന് കൈയും കണക്കും ഉണ്ടായിരുന്നില്ല. ജില്ലാ സെക്രട്ടറിമാരെയും എംഎല്‍എമാരെയുമടക്കം സിപിഐ എമ്മിന്റെ അസംഖ്യം പ്രവര്‍ത്തകരെ കേസില്‍ കുടുക്കി ജയിലിലടച്ചത് കേരളം കണ്ട ഏറ്റവുംനാണംകെട്ട രാഷ്ട്രീയ പകപോക്കലായിരുന്നു.

ലൈംഗിക കുറ്റകൃത്യങ്ങളുടെ കുത്തൊഴുക്കായിരുന്നു യുഡിഎഫ് ഭരണത്തില്‍. പക്ഷേ, ബഹുഭൂരിപക്ഷവും ഒതുക്കുകയോ പുറത്തുവരാതിരിക്കുകയോ ചെയ്തു. ഭരണതലത്തില്‍നിന്ന് ഇടപെട്ടും പൊലീസിനെ സ്വാധീനിച്ചും തേച്ചുമായ്ച്ച സ്ത്രീപീഡനക്കേസുകള്‍ എത്രയെത്ര. കോണ്‍ഗ്രസ്് ഓഫീസില്‍വച്ച് കൊന്ന് ചാക്കില്‍ കെട്ടിയ രാധയുടെ യഥാര്‍ഥ കൊലയാളികള്‍ നിയമത്തിനുമുന്നില്‍ എത്തിയില്ലെന്ന് കുടുംബവും നാട്ടുകാരും ഉറപ്പിച്ചുപറയുന്നു. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമാണ് കോന്നിയിലെ മൂന്ന് സ്കൂള്‍ വിദ്യാര്‍ഥിനികളുടെ തിരോധാനവും തുടര്‍ന്നുള്ള ദുരൂഹമരണവും. കുട്ടികളെത്തിയ സ്ഥലത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും അന്വേഷണം വ്യാപിപ്പിക്കാന്‍ പൊലീസ് തയ്യാറായില്ല. റെയില്‍ ട്രാക്കില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതുമുതല്‍ ആത്മഹത്യയാക്കി കേസ് അവസാനിപ്പിക്കാനായിരുന്നു പൊലീസിന് വെമ്പല്‍. നാദാപുരത്ത് കൊച്ചുകുട്ടിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് വേട്ടക്കാരനൊപ്പമായിരുന്നു. കൊണ്ടോട്ടിയില്‍ ഭര്‍ത്താവിനെ കെട്ടിയിട്ട് അസം യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതികളെ രക്ഷിക്കാന്‍ സിഐ നടത്തിയ ശ്രമം വിവാദമായി. അടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലും പ്രതികളും പൊലീസും ഒത്തുകളിച്ചു. ചെന്നിത്തലയുടെ മണ്ഡലത്തിലെ ചേപ്പാട് പട്ടാപ്പകല്‍ വീട്ടമ്മ കിടപ്പുമുറിയില്‍ വെട്ടേറ്റു മരിച്ചിട്ട് മാസങ്ങളോളം കേസിന് തുമ്പുണ്ടായില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അന്വേഷണം സിബിഐക്ക് വിട്ടുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ് ആഭ്യന്തരമന്ത്രി തലയൂരി. ഏറ്റവുമൊടുവില്‍ ജിഷ കേസ്. കുറ്റവാളികള്‍ക്ക് തണലൊരുക്കുന്നവര്‍ യുഡിഎഫ് ഭരണത്തില്‍ സുരക്ഷിതരായിരുന്നു. അറിഞ്ഞും അറിയാതെയും സംഭവിച്ച ഒരു വീഴ്ചയ്ക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉത്തരം പറയേണ്ടി വന്നില്ല; ഒരുനാള്‍പോലും പുറത്തുനില്‍ക്കേണ്ടി വന്നില്ല.

അതിഗുരുതരമായ ഈ അലംഭാവത്തോട് വിട്ടുവീഴ്ച ചെയ്യാന്‍ എല്‍ഡിഎഫ് സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും സന്നദ്ധമായിരുന്നില്ല. കുറ്റകൃത്യങ്ങളില്‍ മുഖംനോക്കാതെയുള്ള കര്‍ശന നടപടി സ്വീകരിച്ചുവെന്നതിന്റെ തെളിവായി വേണം രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളിലെ വര്‍ധനയെ കാണാന്‍. സിപിഐ എം പ്രവര്‍ത്തകരായ ചിലര്‍ക്കെതിരെ പൊലീസ് നടപടിയുണ്ടായപ്പോള്‍ പാര്‍ടി മാഫിയവല്‍ക്കരിക്കപ്പെട്ടുവെന്നായിരുന്നു ചിലരുടെ ആക്ഷേപം. ഇപ്പോഴാകട്ടെ കുറ്റകൃത്യങ്ങള്‍ കൂടിയെന്ന് ആരോപിച്ചും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെതിരെ നടന്ന എല്ലാ അക്രമങ്ങളിലും കര്‍ശനമായ നടപടിക്ക് സര്‍ക്കാര്‍ മുന്‍കൈ എടുത്തു. എന്നാല്‍, യുഡിഎഫ് കാലത്തിന്റെ അവശിഷ്ടങ്ങള്‍ പേറുന്ന ചില പൊലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴുമുണ്ട്. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമ്പോള്‍ സര്‍ക്കാരിനെതിരെ തിരിയുന്നവര്‍ ആരെയാണ് പിന്തുണയ്ക്കുന്നത്.

ലൈംഗികപീഡനങ്ങള്‍ ഉള്‍പ്പെടെ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന  കേസുകളുടെ എണ്ണം കൂടിയെന്നത്, ജനങ്ങള്‍ക്ക് നിയമവാഴ്ചയിലുള്ള വിശ്വാസത്തെയാണ് അടിവരയിടുന്നത്. ഉറ്റബന്ധുക്കളും ഉന്നതരുമടക്കം ഉള്‍പ്പെടാറുള്ള ലൈംഗികപീഡനങ്ങളില്‍ കേസ് ഒതുക്കിക്കൊടുക്കലാകരുത് എല്‍ഡിഎഫ് ഭരണത്തില്‍ പൊലീസിന്റെ ചുമതല

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top