09 December Friday

ഉദയകുമാര്‍മാര്‍ ഇനിയും ഉണ്ടാകാതിരിക്കാന്‍

വെബ് ഡെസ്‌ക്‌Updated: Thursday Jul 26, 2018

 

പതിമൂന്നുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ഉദയകുമാർ കേസിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടു. ഒരു യുവാവിനെ ലോക്കപ്പിൽ ക്രൂരമായി പീഡിപ്പിച്ചുകൊന്ന കേസിൽ സാധ്യമായ പരമാവധി ശിക്ഷതന്നെ മുഖ്യപ്രതികൾക്ക് ലഭിച്ചു. ജീവന്റെ വില മറ്റൊന്നുംകൊണ്ട് പകരംവയ്ക്കാനാകില്ലെങ്കിലും  ഇത്തരം കേസുകളിൽ പ്രതികൾക്ക് കിട്ടുന്ന കടുത്തശിക്ഷ ഒരു പരിധിവരെയെങ്കിലും സമാനചെയ്തികളിൽ ഏർപ്പെടുന്നവർക്ക് താക്കീതാകും.

ആരുടെയും ജീവനും സ്വാതന്ത്യ്രവും കവർന്നെടുക്കാൻ പാടില്ലെന്നത് യഥാർഥത്തിൽ ഭരണഘടനയ്ക്കും മേലെ നില്ക്കുന്ന സംഹിതയാണെന്ന‌് ഓർമിപ്പിച്ചത്  ജസ്റ്റിസ് എച്ച് ആർ ഖന്നയാണ്. ‘‘ഭരണഘടന ഉണ്ടാകുന്നതിനുമുമ്പുതന്നെ നിലവിലുള്ളതാണ്  ജീവനും സ്വാതന്ത്ര്യത്തിനും പവിത്രത നൽകുന്ന കാഴ്ചപ്പാട്. അതിന്റെ തുടർച്ചയെന്നോണം സ്വാഭാവികമായി  ഭരണഘടനയിൽ അത് ഉൾപ്പെടുത്തുകയായിരുന്നു'' എന്ന് അദ്ദേഹം എഴുതി.

അടിയന്തരാവസ്ഥക്കാലത്തെ അന്യായതടവുകൾക്കെതിരെ ഉണ്ടായ വിഖ്യാതമായ ഹേബിയസ് കോർപസ് കേസിൽ ഭൂരിപക്ഷാഭിപ്രായത്തോട്  വിയോജിച്ച വിധിയിലായിരുന്നു ജസ്റ്റിസ‌് ഖന്നയുടെ ഈ വാക്കുകൾ. ആ ഒറ്റവിധിയിലൂടെ, അടുത്ത ചീഫ് ജസ്റ്റിസ് ആകേണ്ട അദ്ദേഹത്തിന് ആ പദവി നഷ്ടമായി. അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ഇടപെടലുകൾക്കൊടുവിൽ അദ്ദേഹം ജഡ്ജി പദംതന്നെ രാജിവച്ചു. മനുഷ്യാവകാശം പരമപ്രധാനമായി ഉയർത്തിപ്പിടിച്ച പരമോന്നത നീതിപീഠത്തിലെ പ്രമുഖനായ ജഡ്ജിക്ക് നേരിടേണ്ടിവന്നത് ഇതാണ്.

മനുഷ്യാവകാശങ്ങൾക്ക് പുല്ലുവില കൽപ്പിക്കുന്ന ഭരണ രാഷ്ട്രീയ നടപടികൾ പലതരത്തിൽ വരാം. ഭരണാധികാരികൾതന്നെ അമിതാധികാര പ്രവണതയിലേക്ക് തിരിയുമ്പോൾ പൊലീസ് സേന അക്രമാസക്തമാകാം. ആരും ചോദിക്കില്ലെന്നുറപ്പാകുമ്പോൾ ആരെയും അവർക്ക് കൊന്നുതള്ളാം. അത് ലോക്കപ്പിലാകാം, നടുറോഡിലാകാം, അജ്ഞാതകേന്ദ്രങ്ങളിലെ ഏറ്റുമുട്ടൽ കൊലകളിലാകാം. അടിയന്തരാവസ്ഥ ഇത്തരം കെട്ടകാലമായിരുന്നു. ഇന്ദിര സ്വയം ഇന്ത്യയെന്നു കരുതിയയോടെ ഒാരോ പൊലീസുകാരനും സ്വയം ആരാച്ചാരാകുന്ന സ്ഥിതിവന്നു.  ഉരുട്ടിക്കൊല എന്ന പ്രാകൃത പീഡനരൂപം ജനശ്രദ്ധയിൽ വന്നത് ഇതേ അടിയന്തരാവസ്ഥക്കാലത്താണ്. എൻജിനിയറിങ‌് വിദ്യാർഥി രാജനെ കണ്ടെത്താൻ അച്ഛൻ ടി വി ഈച്ചരവാരിയർ നൽകിയ ഹേബിയസ് കോർപസ് ഹർജിയുടെ തുടർച്ചയായി ഈ ലോക്കപ‌് ഭീകരത കേരളം ആദ്യമായി കേട്ടു.

ഇത്തരത്തിൽ അധികാരികൾ അമിതാധികാരത്തിലേക്ക് തിരിയുമ്പോൾമാത്രമല്ല പൊലീസ് മനുഷ്യാവകാശ ലംഘകരാകുന്നത്. ഭരണത്തിലുള്ളവർ കൂടെ നിൽക്കുമെന്ന് ധാരണയുള്ളപ്പോഴും പൊലീസ് ആളെ തല്ലിയും ഉരുട്ടിയും കൊല്ലും. ആദ്യത്തെ അമിതാധികാര പ്രവണതയ്ക്ക് രാഷ്ട്രീയപരിഹാരമേയുള്ളൂ. അത്തരം അധികാരികളെ ഭരണത്തിൽനിന്ന് തൂത്തെറിയുക. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യ അത‌് ചെയ്തു. രണ്ടാമത്തെ വിഭാഗത്തിൽപ്പെട്ട അതിക്രമം തടയേണ്ടത് ഭരിക്കുന്ന സർക്കാരിന്റെ ഉത്തരവാദിത്തമാണ്. അതിക്രമങ്ങൾക്ക് മുതിരുന്നവർക്ക് സംരക്ഷണം ഉണ്ടാകില്ലെന്ന ഉറപ്പുണ്ടായാൽ അത്തരം ചെയ്തികൾ കുറയും.

ഉദയകുമാർ വധക്കേസിന്റെ നാൾവഴികൾ പരിശോധിച്ചാൽ അന്ന് ഭരിച്ച യുഡിഎഫ് സർക്കാർ ഈ ജാഗ്രത പുലർത്തിയില്ലെന്നു കാണാം. പ്രതികളെ രക്ഷിക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചു. സർക്കാർ അവർക്ക് സംരക്ഷണം നൽകി. 2006ൽ എൽഡിഎഫ് സർക്കാർ വന്നശേഷമാണ് ഉദയകുമാറിന്റെ അമ്മയ്ക്ക് നഷ്ടപരിഹാരവും വീടും ലഭിച്ചത്. വീണ്ടും യുഡിഎഫ് ഭരണത്തിൽ നെയ്യാറ്റിൻകരയിലെ ശ്രീജിവിന്റെ കസ്റ്റഡിമരണമുണ്ടായി. ഇപ്പോഴത്തെ എൽഡിഎഫ് സർക്കാർ അധികാരമേറ്റശേഷമാണ് ഈ കേസ് അന്വേഷണം സിബിഐക്ക‌് വിട്ടത്.

മനുഷ്യാവകാശ ലംഘനത്തിനെതിരെ കർശന നിലപാട് എടുക്കുന്ന ഭരണം വന്നാലും പൊലീസിലെ ചിലർ ഒറ്റപ്പെട്ട അക്രമങ്ങൾക്ക് മുതിർന്നെന്നുവരാം.  എൽഡിഎഫ് സർക്കാർ വന്നശേഷവും ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. പക്ഷേ, അതിശക്തമായ നടപടിയാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് കുറ്റക്കാരായ പൊലീസുകാർക്കെതിരെ സ്വീകരിച്ചത്. വരാപ്പുഴയിലെ ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഈ ഇച്ഛാശക്തി പ്രകടമായി. ഉത്തരവാദികളായ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരെയും കേസിൽ പ്രതികളാക്കി പിടികൂടിക്കഴിഞ്ഞു. സർക്കാരിന്റെ ഈ ശരിയായ നിലപാട് സ്വീകാര്യമായതിനാലാണ് കേസ് സിബിഐക്ക‌് വിടണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയത്.

ഉദയകുമാർ കേസിലെ വിധിയുടെ കൂടെ പശ്ചാത്തലത്തിൽ പിണറായി വിജയൻ സർക്കാർ നിലപാട് ബുധനാഴ്ച ഒരിക്കൽക്കൂടി വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യാവകാശ ലംഘനവും അഴിമതിയും പൊലീസിൽ അനുവദിക്കില്ലെന്ന് കർക്കശമായ താക്കീതുതന്നെയാണ് അദ്ദേഹം നൽകിയത്. വെറുതെ പറയുക മാത്രമല്ല ഈ ദിശയിൽ നടപടികളും നീങ്ങുന്നതായി വ്യക്തമാക്കുന്ന വാർത്തകളും പുറത്തുവരുന്നു. ഗൗരവമുള്ള കേസുകളിൽ പ്രതികളായ 59 പൊലീസ് ഉദ്യോഗസ്ഥരുടെ വിശദവിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് സർക്കാർ തയ്യാറാക്കിയ വാർത്ത വന്നിട്ടുണ്ട്. ഇവർക്കെതിരെ കർശന നടപടിക്ക‌് തുടക്കമായതായാണ് സൂചന. സർക്കാർ ഇക്കാര്യത്തിൽ പ്രതിജ്ഞാബദ്ധമായി നീങ്ങുകയാണ്. ഒരു ജനകീയ സർക്കാരിൽനിന്ന് ഇതാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ഉദയകുമാർമാർ ഇനിയും ഉണ്ടാകാതിരിക്കാൻ ഈ ജാഗ്രത വഴിയൊരുക്കുമെന്ന് പ്രത്യാശിക്കാം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top