10 June Saturday

അടിത്തറ ശക്തം; ത്രിപുര മുന്നോട്ട്

വെബ് ഡെസ്‌ക്‌Updated: Thursday Feb 8, 2018


ത്രിപുരയിൽ എട്ടാമത് വിജയമെന്ന ഉറച്ച ആത്മവിശ്വാസത്തോടെ മുന്നേറുന്ന ഇടതുമുന്നണി കേന്ദ്രഭരണത്തിന്റെ അട്ടിമറിനീക്കങ്ങളെ അതിജീവിക്കുന്നതിൽ നിർണായകഘട്ടം പിന്നിട്ടിരിക്കുന്നു. വോട്ടെടുപ്പിന് പത്തുനാൾ അവശേഷിക്കെ ത്രിപുരയിലെങ്ങും ദൃശ്യമാകുന്ന ജനകീയമുന്നേറ്റം സിപിഐ എം നേതൃത്വംനൽകുന്ന ഇടതുമുന്നണിയുടെ അടിത്തറ ശക്തമെന്ന് വിളിച്ചോതുന്നു. ജനങ്ങൾക്കിടയിൽ വംശീയവും മതപരവുമായ വിഭാഗീയത തുടച്ചുനീക്കി തീവ്രവാദത്തിന്റെ അടിവേരറുത്തു എന്നതാണ് മണിക് സർക്കാർ ഗവൺമെന്റിന്റെ സുപ്രധാനനേട്ടം. ദുർബലമായ കോൺഗ്രസിനെ മൂലയ്ക്കിരുത്തി അവരുടെ പഴയ ആയുധങ്ങൾ കൈവശപ്പെടുത്തിയാണ് ബിജെപി ത്രിപുരഭരണം പിടിക്കാൻ കരുക്കൾ നീക്കിയത്. 1988ൽ തീവ്രവാദശക്തികളെ ഒപ്പംകൂട്ടിയും പട്ടാളത്തെ ഉപയോഗിച്ചും കോൺഗ്രസ് ഭരണം പിടിച്ചത് സംസ്ഥാന ചരിത്രത്തിലെ തീരാക്കളങ്കമാണ്. ഈ അമിതാധികാരപ്രകടനം ഒരിക്കൽകൂടി ബിജെപി ഭരണത്തിൽ ആവർത്തിക്കപ്പെടുമെന്ന ആശങ്കയ്ക്ക് ഇപ്പോൾ അയവുവന്നിരിക്കുന്നു.

വംശ‐മത വൈജാത്യങ്ങൾക്കപ്പുറം വിവിധ ജനവിഭാഗങ്ങൾ സൗഹാർദത്തോടെ കഴിയുന്ന സംസ്ഥാനമെന്ന ഖ്യാതി ഇന്ന്  ത്രിപുരയ്ക്കുണ്ട്. മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് അവകാശപ്പെടാൻ കഴിയാത്ത ഈ സമാധാനാന്തരീക്ഷം തകർത്ത് വംശീയവും സാമുദായികവുമായ സംഘർഷം സൃഷ്ടിക്കാൻ ആർഎസ്എസും ബിജെപിയും നടത്തുന്ന ശ്രമങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. വിഭാഗീയശക്തികളായ ടിഎൻവി, എടിടിഎഫ്, എൻഎൽഎഫ്ടി, ഐപിഎഫ്ടി എന്നവയ്ക്കെതിരെ സിപിഐ എമ്മും ഇടതുപക്ഷവും നടത്തിയ നിരന്തര ആശയപ്രചാരണത്തിലൂടെയാണ് ജനങ്ങളിൽ പരസ്പരവിശ്വാസവും ഐക്യവും വീണ്ടെടുക്കാനായത്. ഈ പോരാട്ടത്തിൽ നൂറുകണക്കിന് പ്രവർത്തകരുടെയും നേതാക്കളുടെയും ജീവൻ ബലിനൽകേണ്ടിവന്നു. ആദിവാസികളും ആദിവാസിയിതര ജനങ്ങളും വ്യത്യസ്ത മതവിഭാഗങ്ങളിൽപെട്ടവരും തമ്മിലുള്ള സൗഹൃദമാണ് ഇടതുപക്ഷ മുന്നണി സർക്കാരിന്റെയും സുസ്ഥിരവികസനത്തിന്റെയും അടിത്തറ.

ഈ അനുകൂലാന്തരീക്ഷത്തിൽ നാനാവിധത്തിലുള്ള വികസന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ സർക്കാരിന് സാധിച്ചു. റോഡ്, റെയിൽ, വിമാന ഗതാഗത സൗകര്യങ്ങളിൽ ഗണ്യമായ പുരോഗതി കൈവരിക്കാനായി. ടെലികോം മേഖലയിലും  നല്ല മുന്നേറ്റമുണ്ടായി. വൈദ്യുതിമിച്ചമുള്ള അപൂർവം സംസ്ഥാനങ്ങളിലൊന്നാണ് ത്രിപുര. പ്രതിശീർഷ വരുമാനത്തിലുണ്ടായ വർധന ജനങ്ങളുടെ ജീവിതഗുണമേന്മ വ്യക്തമാക്കുന്നു. 1988ൽ 11,000 രൂപയിൽ താഴെയായിരുന്ന പ്രതിശീർഷവരുമാനം ഇപ്പോൾ 80,000 രൂപയായി. വരുമാനത്തിലെ അന്തരവും നല്ലനിലയിൽ കുറച്ചുകൊണ്ടുവരാനായി. ഭക്ഷ്യധാന്യ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തതയിലേക്ക് നീങ്ങുന്നു. സാക്ഷരതാനിരക്കിൽ കേരളത്തിനൊപ്പമാണ്. വനിതാസാക്ഷരതയിൽ മികച്ച സംസ്ഥാനത്തിനുള്ള അവാർഡും കരസ്ഥമാക്കി. ആരോഗ്യസൂചികകളിലും മുന്നേറ്റം സുവ്യക്തം.

വിഭവപരിമിതികൾ നേരിടുന്ന സംസ്ഥാനത്തെ വികസനവഴിയിൽ എങ്ങനെ മുന്നോട്ടുനയിക്കണമെന്ന സുചിന്തിതവും വ്യക്തവുമായ കാഴ്ചപ്പാട് ഈ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി മുന്നോട്ടുവയ്ക്കുന്നുണ്ട്. പ്രകൃതിയുടെയും കാലാവസ്ഥയുടെയും കനിവുകളെ പ്രയോജനപ്പെടുത്തി വിനോദസഞ്ചാരസാധ്യതകളെ  വിഭവസമാഹരണ മാർഗമാക്കി വികസിപ്പിക്കാനുള്ള കർമപദ്ധതിയാണ് ഇതിൽ പ്രധാനം. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള 25 വിനോദസഞ്ചാരമേഖലകളെ പ്രധാന കേന്ദ്രങ്ങളാക്കി വികസിപ്പിച്ചെടുക്കും. ചെറുകിട, ഇടത്തരം വ്യവസായം, റബർ, ഹോർടികൾചർ, ഔഷധച്ചെടികളുടെ കൃഷി, ബാംബൂ എന്നിവയാണ് മറ്റ് മുൻഗണനാമേഖലകൾ. ഇത്തരത്തിൽ സാധ്യതകളും പരിമിതികളും  ഉൾക്കൊള്ളുന്ന സമഗ്രവികസനരേഖയെ മുൻനിർത്തി മണിക് സർക്കാരിന്റെ നേതൃത്വത്തിൽ ഇടതുമുന്നണി വീണ്ടും ജനവിധി തേടുമ്പോൾ ആശാവഹമായ പ്രതികരണമാണ് ജനങ്ങളിൽനിന്ന് ഉണ്ടാകുന്നത്.

രാഷ്ട്രീയ കുതന്ത്രങ്ങളിലും ചേരിമാറ്റത്തിലും പ്രതീക്ഷയർപ്പിച്ച ബിജെപി യാഥാർഥ്യങ്ങളെ മുഖാമുഖം കാണുമ്പോൾ വല്ലാതെ വിയർക്കുകയാണ്. സിപിഐ എം കഴിഞ്ഞാൽ ഏറ്റവും ജനപിന്തുണയുണ്ടായിരുന്ന കോൺഗ്രസാകട്ടെ നാൾക്കുനാൾ ക്ഷയിക്കുകയാണ്. കഴിഞ്ഞതവണ വിജയിപ്പിച്ച പത്ത് എംഎൽഎമാരിൽ  എട്ടുപേരും ബിജെപി പാളയത്തിലെത്തി. ഏറ്റവുമൊടുവിൽ സംസ്ഥാന വർക്കിങ് പ്രസിഡന്റും  രാജകുടുംബാംഗവുമായ പ്രദ്യോത് കിഷോർ ദേവബർമനും ബിജെപിയുടെ തെരഞ്ഞെടുപ്പുചുമതലയുള്ള ഹിമാന്ത ബിശ്വാസ് ശർമയും തമ്മിൽ നടത്തിയ കൂടിക്കാഴ്ച ഇരുപാർടികളും തമ്മിലുള്ള കൊടുക്കൽവാങ്ങലുകളുടെ സൂചനയാണ്.

വർഗീയ‐ വംശീയ സംഘർഷങ്ങളുണ്ടാക്കാൻ നടത്തിയ ശ്രമങ്ങളിൽ വിജയംകാണാതെ വീണ്ടും വിഭജനവാദശക്തികളിൽ അഭയം പ്രാപിക്കുകയാണ് ബിജെപി. നരേന്ദ്ര ദേബ്ബർമയുടെ നേതൃത്വത്തിലുള്ള നിരോധിത എൻഎൽഎഫ്ടിക്ക് 'ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട്' എന്ന പേരിൽ രാഷ്ട്രീയമുഖം നൽകി സ്വതന്ത്ര ത്രിപുര അല്ലെങ്കിൽ ത്വിപ്രലാൻഡ് സംസ്ഥാനം എന്ന ആവശ്യം ഉന്നയിപ്പിക്കുകയാണ്. ത്വിപ്രലാൻഡ് രൂപീകരിക്കുന്നതിനോട് പ്രധാനമന്ത്രികാര്യാലയം അനുകൂലമാണെന്ന് ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്ടി ലഘുലേഖയിൽ പ്രചരിപ്പിക്കുന്നുമുണ്ട്. ഇതിനിടെയാണ് ത്രിപുരയിലെ ജനാധിപത്യപ്രക്രിയ അട്ടിമറിക്കുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്ങിന്റെ വസതിയിൽ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനെ പങ്കെടുപ്പിച്ച്് രഹസ്യയോഗം നടന്നത്. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിലും  വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ദീർഘകാല പ്രവർത്തനപരിചയമുള്ള ദേശീയസുരക്ഷാ ഉപദേഷ്ടാവിനെ രാഷ്ട്രീയ ഗൂഢാലോചനയിൽ പങ്കാളിയാക്കിയ ബിജെപി ഏത് വഴിവിട്ട നടപടിക്കും മടിക്കില്ലെന്ന് വ്യക്തമാണ്. ഈ പ്രതികൂല സാഹചര്യങ്ങളിലും ഗവൺമെന്റ്വിരുദ്ധവികാരം ഒട്ടുമില്ലാതെ സാമാന്യജനങ്ങൾ സിപിഐ എമ്മിനും ഇടതുമുന്നണിക്കുമൊപ്പം അടിയുറച്ചുനിൽക്കുകയാണെന്ന ചൂണ്ടുപലകയാണ് ത്രിപുരയിലെ തെരഞ്ഞെടുപ്പുറാലികൾ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top