പുനരധിവാസത്തിന്റെ മഹത്തായ മാതൃക

wayanad rehabilitation
വെബ് ഡെസ്ക്

Published on Mar 28, 2025, 12:00 AM | 2 min read


പല കാര്യങ്ങളിലും ലോകത്തിന്‌ മാതൃകയായ കേരളം മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിലും മറ്റൊരു മാതൃക സൃഷ്ടിക്കുകയാണ്‌. കൽപ്പറ്റ മേപ്പാടിയിൽ ദുരന്ത ബാധിതർക്കുള്ള ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ വലിയൊരു ജനാവലിയെ സാക്ഷിനിർത്തി വ്യാഴാഴ്‌ച കല്ലിട്ടതോടെ പുനരധിവാസത്തിന്റെ സുപ്രധാനഘട്ടത്തിലേക്ക്‌ കടന്നു. 2024 ജൂലൈ 30ന് ദുരന്തമുണ്ടായതുമുതൽ സംസ്ഥാന സർക്കാർ നടത്തിയ ഓരോ ഇടപെടലുകളും പ്രവർത്തനങ്ങളും ദുരന്തബാധിതരെയും നാടിനെയും ചേർത്തുപിടിച്ചുള്ളതായിരുന്നു. ജാതി, മത, രാഷ്ട്രീയ, വർണ, വർഗ, ലിംഗ വ്യത്യാസമില്ലാതെ മുഴുവൻ മനുഷ്യരെയും ദൗത്യ സംഘങ്ങളാക്കി അണിനിരത്തിയാണ് ദുരന്ത നിവാരണ പ്രക്രിയയിലെ കേരള മോഡൽ സർക്കാർ പൂർത്തിയാക്കിയത്. ഒറ്റരാത്രികൊണ്ട്‌ അനാഥമായ ജീവിതങ്ങൾക്കും, സ്വന്തമായതും സ്വരുക്കൂട്ടിയതും നഷ്ടപ്പെട്ടവർക്കും ഒപ്പമായിരുന്നു സർക്കാർ. അതുകൊണ്ടുതന്നെയാണ്‌ ദുരന്തബാധിതരുടെ ജീവിതം സുരക്ഷിതമാക്കുന്ന ടൗൺഷിപ് നിർമാണത്തിന്‌ തുടക്കമിടാൻ സാധിച്ചത്‌. ജനങ്ങൾക്ക്‌ നൽകിയ വാഗ്‌ദാനം എന്തായാലും, അത്‌ നിറവേറ്റുമെന്നതാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ രീതി. അതിന്റെ മറ്റൊരു ഉദാഹരണമാണ്‌ മേപ്പാടിയിലെ ടൗൺഷിപ് നിർമാണവും.


ദുരന്തത്തിന്റെ ആദ്യനാളുകളിൽ കാണാതായവരെ കണ്ടെത്തൽ, മരിച്ചവരെ തിരിച്ചറിയുക, അവരെ സംസ്കരിക്കുക, അവരുടെ കുടുംബങ്ങളെ കണ്ടെത്തുക, ഒറ്റപ്പെട്ടുപോയവരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കുക തുടങ്ങിയ ശ്രമകരമായ ദൗത്യമാണ്‌ ഏറ്റെടുത്തത്‌. തുടർന്ന്‌ ക്യാമ്പുകളിൽ കഴിഞ്ഞിരുന്നവരെ വാടകവീടുകളിലേക്കും സർക്കാർ ക്വാർട്ടേഴ്സുകളിലേക്കും മാറ്റിപ്പാർപ്പിച്ചു. ഇവർക്കെല്ലാം നിശ്‌ചിത വാടകയും മാസം തോറും പ്രത്യേക സഹായവും നൽകുന്നു. എല്ലാവരുടെയും അഭിപ്രായങ്ങൾ തേടിയശേഷമാണ്‌ സ്ഥിരമായി പുനരധിവസിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയത്‌. നിർമിക്കുന്ന കെട്ടിടങ്ങൾ, അതിന്റെ പൊതുസ്വഭാവം, അതിലെ മറ്റു നിർമിതികൾ, നിർവഹണ ഏജൻസികൾ ഏത് എന്നടക്കം കൃത്യമായ രൂപരേഖയാണ് തയ്യാറാക്കിയത്‌. ഒപ്പം തകർന്നുപോയ മുഴുവൻ റോഡുകളും പാലങ്ങളും, വെള്ളാർമല, മുണ്ടക്കൈ സ്കൂളുകൾ, സർക്കാർ ഓഫീസുകൾ, ടൗണിന്റെ പുനർനിർമാണം തുടങ്ങി എല്ലാകാര്യത്തിലും സമഗ്രമായ നടപടികളും സ്വീകരിച്ചു. ഭൂമി കണ്ടെത്തി ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ എസ്‌റ്റേറ്റ്‌ ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. ഇത്‌ അൽപ്പം കാലതാമസം വരുത്തി. രണ്ടരമാസത്തിനുശേഷം സർക്കാർ തീരുമാനം കോടതി ശരിവച്ചു. സർക്കാർ പ്രഖ്യാപിച്ചതുപോലെ നിർമാണം ആരംഭിച്ച്‌ ഒരുവർഷത്തിനകം തന്നെ പുനരധിവാസം പൂർത്തിയാക്കാനുള്ള നടപടിയാണ്‌ സ്വീകരിക്കുന്നത്‌. ഇതിന്‌ പണം ഒരു തടസ്സമായിരിക്കില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ടുണ്ട്‌.


സംസ്ഥാന സർക്കാർ എല്ലാതലത്തിലും സഹായങ്ങൾ നൽകി ദുരന്തബാധിതരെ ചേർത്തുനിർത്തിയപ്പോൾ കേന്ദ്രസർക്കാർ അവരെ പാടെ അവഗണിക്കുകയായിരുന്നു. മുണ്ടക്കൈ, ചൂരൽമല മേഖലയിലെ മഹാദുരന്ത വേളയിൽ ക്രൂരമായ സമീപനമാണ്‌ കേന്ദ്രത്തിൽനിന്നുണ്ടായത്‌. കുടുംബാംഗങ്ങളെ ഉൾപ്പെടെ എല്ലാം നഷ്ടപ്പെട്ട്‌ വേദനയുടെ തീക്കനലുകളുമായി ജീവിതാവസാനംവരെ കഴിയേണ്ടി വരുന്നവരോട് അങ്ങേയറ്റം മനുഷ്യത്വഹീനമായ നിലപാടാണ്‌ ഓരോ കാര്യങ്ങളിലും കേന്ദ്രസർക്കാർ കൈക്കൊണ്ടത്‌. ദുരന്തം മറികടന്ന്‌ ഇരകൾക്ക്‌ എല്ലാസഹായവും ലഭ്യമാക്കുന്നതിനുപകരം കേരളത്തെ പൂർണമായും കൈയൊഴിയുകയായിരുന്നു. രാജ്യത്ത് ഇതുവരെ സംഭവിച്ചതിൽ ഏറ്റവും വലിയ ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്നും അധിക സഹായം നൽകാനാകില്ലെന്നുമുള്ള നിലപാട്‌ സ്വീകരിച്ചു. അഞ്ച്‌ മാസത്തിനുശേഷം അതിതീവ്ര ദുരന്തമാണെന്ന്‌ പ്രഖ്യാപിച്ചെങ്കിലും പ്രത്യേക സഹായം നൽകിയില്ല. ഒടുവിൽ ഹൈക്കോടതി തുടർച്ചയായി ഇടപെടാൻ തുടങ്ങിയതോടെ ഫെബ്രുവരി രണ്ടാംവാരം 529.8 കോടി രൂപ മൂലധന വായ്‌പയായി അനുവദിച്ച്‌ മാർച്ച്‌ 31 നകം ചെലവഴിക്കണമെന്ന നിബന്ധനവച്ചു. എൽഡിഎഫിന്റെ പ്രതിഷേധവും കോടതി ഇടപെടലും ഉണ്ടായപ്പോൾ ഈ വ്യവസ്ഥ കേന്ദ്രസർക്കാരിന്‌ മാറ്റേണ്ടിവന്നു.


ദുരന്ത നിവാരണ നിയമത്തിന്റെ 13–--ാം വകുപ്പ് പ്രകാരം ദുരന്തബാധിതരുടെ എല്ലാ വായ്പകളും എഴുതിത്തള്ളണമെന്ന്‌ സംസ്ഥാന സർക്കാർ തുടക്കംമുതലേ ആവശ്യപ്പെട്ടിരുന്നു. എന്നാൽ എഴുതിത്തള്ളില്ലെന്ന നിലപാടാണ്‌ കേന്ദ്രം സ്വീകരിച്ചത്‌. ബാങ്ക് വായ്പ എഴുതിത്തള്ളാനാകില്ലെന്ന് കേന്ദ്ര സർക്കാർ ഹെെക്കോടതിയെ അറിയിച്ചു. വായ്പകൾ പുനക്രമീകരിക്കാമെന്നും പലിശയിളവ് നൽകുന്നത് പരിഗണിക്കാനാകില്ലെന്നുമാണ്‌ അറിയിച്ചത്‌. ദുരിതബാധിതരുടെ ദുരവസ്ഥ ആര് പരിഗണിക്കുമെന്ന് ആരാഞ്ഞ കോടതിയോട് ഒരു വർഷം കഴിയുമ്പോൾ അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുമെന്നും അപ്പോൾ തിരിച്ചടവിന് ശേഷി കൈവരുമെന്നുമുള്ള വിചിത്രമായ വാദമാണ്‌ കേന്ദ്രം ഉയർത്തിയത്‌. വൻകിട കോർപറേറ്റുകളുടെ ലക്ഷക്കണക്കിന്‌ കോടി രൂപയുടെ വായ്‌പ എഴുതിത്തള്ളുന്ന മോദി സർക്കാർ വയനാട്ടിലെ ദുരന്തബാധിതരോട്‌ കൊടുംക്രൂരതയാണ്‌ കാട്ടുന്നത്‌. വയനാട്ടിൽ വന്ന് മുതലക്കണ്ണീരൊഴുക്കി കേരളം തനിച്ചല്ലെന്ന് മാധ്യമങ്ങൾക്കു മുന്നിൽ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വഞ്ചനാപരമായ നിലപാടാണ്‌ ഇപ്പോൾ വ്യക്തമായിരിക്കുന്നത്‌.



deshabhimani section

Related News

0 comments
Sort by

Home