Deshabhimani

ഉന്നതവിദ്യാഭ്യാസം സംഘപരിവാർ നിയന്ത്രണത്തിലാക്കുന്നു

editorial
വെബ് ഡെസ്ക്

Published on Jan 11, 2025, 12:00 AM | 2 min read


പാർലമെന്റിനെയും സംസ്ഥാന സർക്കാരുകളെയും നോക്കുകുത്തിയാക്കിയും ഭരണഘടനാസ്ഥാപനങ്ങളെയാകെ സ്വാധീനത്തിലാക്കിയും ഏകാധിപത്യരീതിയിലുള്ള അധികാരകേന്ദ്രീകരണമാണ്‌ മോദി സർക്കാർ ലക്ഷ്യമിടുന്നത്‌. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌, ഒരു രാജ്യം ഒരു ഭാഷ, ഒരു രാജ്യം ഒരു മതം, ഒരു രാജ്യം ഒരു നേതാവ്‌’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ്‌ സംഘപരിവാർ ഉയർത്തുന്നത്‌. ഇതിന്റെ തുടർച്ചയാണ്‌ ഉന്നതവിദ്യാഭ്യാസ മേഖലയെ പൂർണമായും സംഘപരിവാറിന്റെ നിയന്ത്രണത്തിലാക്കി വർഗീയവൽക്കരിക്കാൻ ലക്ഷ്യമിട്ട്‌ യുജിസിയുടെ 2025ലെ ചട്ടഭേദഗതിയുടെ കരട്‌ പുറത്തിറക്കിയത്‌. സംസ്ഥാന സർക്കാരുകളുടെ അധികാരങ്ങൾ കവരുന്ന ചട്ടഭേദഗതി അപകടകരമായ വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതാണ്‌. മതാത്മക ആശയങ്ങൾക്കും ശാസ്‌ത്രവിരുദ്ധതയ്‌ക്കും സമ്പൂർണ മേൽക്കൈയുള്ള ഭരണസംവിധാനത്തിൽ ഇത്‌ സൃഷ്​ടിക്കുന്ന പ്രത്യാഘാതങ്ങൾ ദൂരവ്യാപകമായിരിക്കും. സർവകലാശാലകളെ ദൃഢീകരിക്കുകയും സ്വയംഭരണം നൽകുകയുമെന്ന വ്യാജേന സർവകലാശാലകൾക്കുമേൽ സംഘപരിവാറിന്റെ നിയന്ത്രണം സാധ്യമാക്കുന്ന നിർദേശങ്ങളും സമീപനങ്ങളുമാണ്‌ പുറത്തുവിട്ടത്‌. ലോകവ്യാപകമായി സ്വീകരിക്കപ്പെട്ട ശാസ്‌ത്ര സിദ്ധാന്തങ്ങളെ പൂർണമായും തള്ളിക്കളഞ്ഞ്​ വൈദിക കാലഘട്ടത്തിലെ മതാത്മക യുക്തികൾകൊണ്ട് കാര്യങ്ങളെ വിലയിരുത്തുന്ന ഹിന്ദുത്വരാഷ്​ട്രീയ നേതൃത്വമായിരിക്കും ഇതിലൂടെ സർവകലാശാലകളുടെയും കോളേജുകളുടെയും തലപ്പത്തെത്തുക. സംഘ​പരിവാർ വിഭാവനം ചെയ്യുന്ന ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായി ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയെയും കോളേജുകളെയും ഗവേഷണ സ്ഥാപനങ്ങളെയും മാറ്റിയെടുക്കാനുള്ള അജൻഡയാണ്‌ നടപ്പാക്കുന്നത്‌.


കരട്‌ നിർദേശങ്ങളിലൂടെ ചാൻസലർമാരെ (ഗവർണർമാർ) കൂടുതൽ ശക്തരാക്കിക്കൊണ്ട്‌ ഉന്നതവിദ്യാഭ്യാസ മേഖലയെ കേന്ദ്രസർക്കാരിന്റെ പൂർണ നിയന്ത്രണത്തിലാക്കുകയാണ്‌. വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച്‌ കമ്മിറ്റി രൂപീകരണം ചാൻസലറുടെമാത്രം അധികാരമാകുന്നത്‌ ഫെഡറൽ തത്വങ്ങൾക്ക്‌ വിരുദ്ധവും ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളുടെ ലംഘനവുമാണ്. ഗവർണറുടെ പ്രവർത്തനങ്ങൾ മന്ത്രിസഭാ നിർദേശങ്ങൾക്ക് വിധേയമായിട്ടാകണമെന്ന ഭരണഘടനാതത്വമാണ്‌ തകർക്കപ്പെടുന്നത്.

വൈസ്‌ ചാൻസലർമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട്‌ ബംഗാളിലെ മമത സർക്കാരും ഗവർണറും തമ്മിലുള്ള കേസിൽ സെർച്ച്‌ കമ്മിറ്റിയെ നിയമിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്ന്‌ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.


വൈസ്ചാൻസലർമാരെ നിയമിക്കാനുള്ള അധികാരം മാത്രമല്ല, പ്രിൻസിപ്പൽമാരെയും സർവകലാശാലാതലത്തിലും കോളേജുകളിലെയും അധ്യാപകരെ നിയമിക്കാനുള്ള അധികാരവും പരോക്ഷമായി ചാൻസലർമാരിൽ നിക്ഷിപ്‌തമാക്കുകയാണ്‌. വൈസ്‌ ചാൻസലർമാരുടെയും അധ്യാപകരുടെയും യോഗ്യതയിലും ഇളവുവരുത്തി. അധ്യാപനപരിചയം ഉൾപ്പെടെയുള്ള ‘അക്കാദമിക് വിദഗ്‌ധൻ’ എന്നതായിരുന്നു വൈസ്‌ ചാൻസലർ നിയമനത്തിനുള്ള നിലവിലുള്ള പ്രധാന യോഗ്യത. "ഉയർന്ന അക്കാദമിക് യോഗ്യതകളും പ്രകടമായ ഭരണപരവും നേതൃത്വപരവുമായ കഴിവുകളുള്ള ഒരു വിശിഷ്ട വ്യക്തി’ എന്നാണ്‌ വൈസ്‌ ചാൻസലർ നിയമനത്തിനുള്ള യോഗ്യതയായി ഭേദഗതിയിൽ പറയുന്നത്‌.


ഇതിലൂടെ വൈസ്ചാൻസലർമാരുടെ നിയമനത്തിൽ കൃത്രിമം കാണിക്കാൻ ഗവർണർക്ക് അവസരം സൃഷ്ടിച്ചിരിക്കുകയാണ്‌. അധ്യാപനവുമായും സർവകലാശാലകളുമായും ഒരു ബന്ധവുമില്ലാത്ത വ്യവസായം, പൊതുഭരണം, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയ മേഖലയിൽ പ്രവർത്തിക്കുന്നവരെയും വൈസ് ചാൻസലർമാരായി നിയമിക്കാം. ഈ വ്യവസ്ഥ അക്കാദമിക് വിദഗ്‌ധർക്കാകെ അപമാനകരമാണ്‌.


sanghparivar


വിഷയങ്ങളിൽ പ്രാവീണ്യം നേടാത്തവർക്കും ബിരുദാനന്തരബിരുദത്തിന്‌ നിശ്‌ചിത ശതമാനം മാർക്ക്‌ ഇല്ലാത്തവർക്കും സർവകലാശാല, കോളേജ്‌ അധ്യാപകരാകാം. എൻജിനിയറിങ്‌ ബിരുദമുള്ളവർക്ക്‌ ഭാവിയിൽ ചരിത്രവും സാമ്പത്തിക ശാസ്‌ത്രവും പഠിപ്പിക്കാവുന്ന സ്ഥിതിയാണ്‌ സംജാതമാകുന്നത്‌. എയ്‌ഡഡ്‌ മാനേജ്‌മെന്റ്‌, കോളേജ്‌ അധ്യാപകരുടെ നിയമനവും വൈസ്‌ ചാൻസലറിലൂടെ ഗവർണറുടെ നിയന്ത്രണത്തിലാകും. നിയമനത്തിനുള്ള അഞ്ചംഗസമിതിയിൽ മൂന്ന്‌ അംഗങ്ങളും വൈസ്‌ ചാൻസലർ നിയമിക്കുന്നവരാകും. രണ്ടുപേർ മാത്രമായിരിക്കും മാനേജ്മെന്റിന്റെ പ്രതിനിധികളായുണ്ടാകുക. അധ്യാപക നിയമനത്തിൽ ഉദ്യോഗാർഥികളുടെ പഠനമികവിനും ഗവേഷണപ്രബന്ധങ്ങൾക്കുമായിരുന്നു ഇതുവരെ പ്രാധാന്യം നൽകിയിരുന്നത്‌. ഇനിമുതൽ ഇന്റർവ്യൂവിനാണ്‌ പ്രാധാന്യം. ഇംഗ്ലീഷ്‌ ഒഴിവാക്കിക്കൊണ്ട്‌ പ്രാദേശികഭാഷകൾക്ക്‌ മുൻഗണന നൽകുന്നത്‌ വിദേശപഠനത്തിനും ഗവേഷണത്തിനും പ്രതിബന്ധം സൃഷ്ടിക്കും. ആത്യന്തികമായി ഇത്‌ ഉന്നതവിദ്യാഭ്യാസത്തിന്റെ വലിയ തകർച്ചയ്‌ക്കാണ്‌ വഴിവയ്‌ക്കുക.


നിയമസഭ പാസാക്കിയ നിയമംമൂലം സ്ഥാപിച്ചതും സംസ്ഥാന സർക്കാരിന്റെ പൂർണനിയന്ത്രണത്തിലും ചെലവിലും നടത്തിക്കൊണ്ടുപോകുന്നതുമായ സർവകലാശാലകളുടെ നിയന്ത്രണം കേന്ദ്രസർക്കാർ ഏറ്റെടുക്കുന്നതിന്‌ തുല്യമാണ് യുജിസി ചട്ടഭേദഗതി. വിദ്യാഭ്യാസ മേഖലയിൽ ഏറെ മുന്നിൽ നിൽക്കുന്ന കേരളംപോലുള്ള സംസ്ഥാനങ്ങൾക്ക്‌ ഇത്‌ വലിയ ഭീഷണിയാണ്‌. ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ ഘടനയ്‌ക്കെതിരെയുള്ള കടന്നാക്രമണമാണിത്‌. സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും നിയമം നിർമിക്കാവുന്ന സമവർത്തിപ്പട്ടികയിൽ ഉൾപ്പെട്ട വിദ്യാഭ്യാസ മേഖലയിൽ മോദി സർക്കാരിന്റെ ഏകപക്ഷീയമായ കടന്നുകയറ്റമാണ്‌ നടക്കുന്നത്‌. ബഹുസ്വരതയും ഭാഷാ വൈവിധ്യവും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ പ്രത്യേകതകൾ കണക്കിലെടുക്കാതെയുള്ള വിദ്യാഭ്യാസ നയങ്ങൾ അടിച്ചേൽപ്പിക്കുന്നു. നയം നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക്‌ ഭരണഘടനാപരമായി ലഭിക്കേണ്ട കേന്ദ്രനികുതിവിഹിതം ഉൾപ്പെടെയുള്ള സഹായങ്ങൾ തടഞ്ഞുവയ്‌ക്കുന്നു.


കേന്ദ്രസർക്കാർ അടിച്ചേൽപ്പിക്കുന്ന വിദ്യാഭ്യാസ വാണിജ്യവൽക്കരണ, വർഗീയവൽക്കരണ, കേന്ദ്രീകരണ നയങ്ങളുടെ ഭാഗമാണിത്‌. അധികാരം കൂടുതൽ കേന്ദ്രീകരിക്കാനും തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ നോക്കുകുത്തിയാക്കുന്ന കേന്ദ്രസർക്കാരിന്റെ സ്വേച്ഛാധിപത്യ നീക്കത്തിനും പ്രതിലോമകരമായ നിർദേശങ്ങൾ അടങ്ങിയ ചട്ടഭേദഗതികൾക്കെതിരെ രാഷ്‌ട്രീയമായും നിയമപരമായും പോരാട്ടം ശക്തിപ്പെടുത്തുകയാണ്‌ വേണ്ടത്‌.



deshabhimani section

Related News

0 comments
Sort by

Home