Deshabhimani

ഇത്‌ തിരുത്തലല്ല, 
തകർക്കൽ

editorial
വെബ് ഡെസ്ക്

Published on Jul 02, 2025, 02:10 AM | 3 min read


തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ യൂറോളജി വിഭാഗം തലവനായ ഡോ. ഹാരിസ്‌ ചിറക്കലിന്റെ സമൂഹമാധ്യമ കുറിപ്പിന്മേൽ മാധ്യമങ്ങളും പ്രതിപക്ഷവും പടുത്തുയർത്തിയ കോലാഹലങ്ങളും വ്യാജ പ്രചാരണങ്ങളും ഇനിയും കെട്ടടങ്ങിയിട്ടില്ല. സർജറിക്ക്‌ ആവശ്യമായ ചില ഉപകരണങ്ങളുടെ അഭാവം അടിയന്തരമായി പരിഹരിക്കണം, അവ ലഭ്യമാക്കുന്നതിനുള്ള സാങ്കേതികവും ഉദ്യോഗസ്ഥതലത്തിലുമുള്ള അമാന്തം ഇല്ലാതാക്കണം–ഇതാണ്‌ അദ്ദേഹം പറഞ്ഞതിന്റെ രത്നച്ചുരുക്കം. അത് തെറ്റിദ്ധാരണ പരത്തിയെങ്കിലും ആരോഗ്യവകുപ്പ്‌ ഗൗരവമായി ഇടപെട്ടു. ഇത്തരം സാഹചര്യമുണ്ടാകാനുള്ള കാരണം, ഇനിയെടുക്കേണ്ട മുൻകരുതലുകൾ എന്നിവയടക്കം അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചു. മാർച്ചിൽത്തന്നെ ഓർഡർ നൽകിയിരുന്ന ഉപകരണങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ എത്തിക്കുകയും ചെയ്തു.


ഉന്നയിക്കപ്പെട്ട ഒറ്റപ്പെട്ട പ്രശ്നം പരിഹരിച്ചു. ഇത്‌ ആവർത്തിക്കാതിരിക്കാനുള്ള സത്വരനടപടികളിലേക്കും സർക്കാർ കടന്നു. എന്നാൽ, ഇതിന്റെ പേരിൽ സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയാകെ തകർന്നെന്ന്‌ പ്രചരിപ്പിച്ച്‌ രാഷ്‌ട്രീയ നേട്ടമുണ്ടാക്കാനും മെഡിക്കൽ കോളേജ്‌ ആശുപത്രികളുടെ പ്രവർത്തനം താറുമാറാക്കാനുമാണ്‌ പ്രതിപക്ഷവും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും ശ്രമിക്കുന്നത്‌. ലക്ഷക്കണക്കായ സാധാരണക്കാരുടെ ആതുരാലയങ്ങളെ തകർക്കുക മാത്രമല്ല, ഊറ്റിപ്പിഴിയുന്ന ചില സ്വകാര്യ ആശുപത്രികൾക്കായുള്ള ഒറ്റുകൊടുക്കലും ഇതിനിടയിലൂടെ നടത്തുന്നുണ്ട്‌. ലോകം മുഴുവൻ പ്രശംസിക്കുന്ന കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തെ എന്തുകൊണ്ടാണ്‌ ഒരവസരമുണ്ടാക്കി ഇത്ര ഉശിരോടെ അപഹസിക്കുന്നത്‌. ഇത്ര മികവോടെ ആരോഗ്യമേഖല മുന്നോട്ട്‌ പോകരുതെന്ന ദുഷ്ടലാക്കാണ്‌ പിന്നിൽ. വിത്ത്‌ എടുത്ത് കുത്തിത്തിന്നുന്ന ഈ പണി അവർക്കുതന്നെ വിനയാകുമെന്നാണ് കേരളത്തിന്റെ ചരിത്രമെന്നത്‌ ഓർമിപ്പിക്കട്ടെ.


എന്തൊക്കെ മാറ്റമാണ്‌ ഒമ്പതുവർഷത്തിനിടെ സർക്കാർ ആശുപത്രികളിലുണ്ടായത് ?‌. ആരുമത്‌ പറഞ്ഞില്ലെങ്കിലും അനുഭവസാക്ഷ്യങ്ങളിലൂടെ ഏറ്റുപറയുന്ന ജനലക്ഷങ്ങളുണ്ട്‌ കേരളത്തിൽ. സർക്കാർ ആതുരാലയങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം പതിന്മടങ്ങായി വർധിച്ചതെങ്ങനെയാണ്‌. ചികിത്സയ്ക്കായി പ്രതിവർഷം 10 ലക്ഷം പേരെത്തുന്ന മെഡിക്കൽ കോളേജ്‌ ആശുപത്രികളുണ്ട്‌. എന്താണ്‌ കാരണം. സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിൽമാത്രം നടത്തിയിരുന്ന നവീന ചികിത്സാ സൗകര്യങ്ങളും ആൻജിയോപ്ലാസ്റ്റിയും ബൈപാസ്‌ സർജറിയും അവയവമാറ്റ ശസ്ത്രക്രിയകളും മിക്ക നഗരങ്ങളിലും സർക്കാർ ആശുപത്രികളിൽ ലഭ്യമാണ്. അർഹർക്കെല്ലാം സൗജന്യ ചികിത്സ, മതിയായ ജീവനക്കാർ, ഡോക്ടർമാർ, മികച്ച ഓപ്പറേഷൻ തിയറ്ററുകൾ, വാർഡുകൾ, മരുന്ന്‌ ലഭ്യത തുടങ്ങി മുഴുവൻ മേഖലയും ഇത്രമാത്രം നവീകരിക്കപ്പെട്ട മറ്റൊരു കാലഘട്ടമില്ല. മാതൃമരണ നിരക്ക്, ശിശുമരണ നിരക്ക്, നവജാതശിശു മരണനിരക്ക് തുടങ്ങി ആരോഗ്യമേഖലയുടെ സജീവത അളക്കാനുള്ള ഏത്‌ മാനദണ്ഡമെടുത്താലും നേട്ടം കൊയ്ത സംസ്ഥാനമാണിത്‌.


സൗജന്യ ചികിത്സാ പദ്ധതിക്കായി ഒരു വർഷം കുടുംബത്തിന്‌ യുഡിഎഫ്‌ കാലത്ത്‌ കൊടുത്തിരുന്നത്‌ 30,000 രൂപയായിരുന്നെങ്കിൽ ഇപ്പോഴത്‌ അഞ്ച്‌ ലക്ഷമാണ്‌. അതും 28 ലക്ഷം കുടുംബമെന്നത്‌ 42.5 ലക്ഷമായി ഉയർന്നിട്ടും. യുഡിഎഫ്‌ കാലത്ത്‌ സൗജന്യ ചികിത്സയ്ക്കായി വർഷം ചെലവഴിച്ചത്‌ ശരാശരി 110 കോടിയാണെങ്കിൽ ഇന്നത്‌ 1600 കോടിയാണ്‌. ചികിത്സാ ചെലവ്‌ യുഡിഎഫ് കാലത്തുനിന്ന് 60 ശതമാനമാണ്‌ കുറഞ്ഞതെന്ന്‌ നാഷണൽ സാമ്പിൾ സർവേ റിപ്പോർട്ട്‌ ! 2011–-16 യുഡിഎഫ്‌ കാലത്തെ സർക്കാർ ആശുപത്രികളും അതിനുശേഷമുള്ള കാലവും താരതമ്യത്തിനുപോലും അവസരം നൽകുന്നില്ല എന്നത്‌ ആരോപണമല്ല, യാഥാർഥ്യമാണ്‌.


സംസ്ഥാന ഗവർണറായിരുന്ന സിക്കന്തർ ഭക്ത്‌ മരിക്കാൻ കാരണമായ അണുബാധ തിരുവനന്തപുരം മെഡിക്കൽകോളേജിലെ ചികിത്സാപ്പിഴവുമൂലമാണെന്ന്‌ കുടുംബം ആരോപിച്ചത്‌ എ കെ ആന്റണിയുടെ കാലത്താണ്‌. അപകടത്തിൽപ്പെട്ട ആരോഗ്യമന്ത്രി പി ശങ്കരൻ മെഡിക്കൽ കോളേജിൽ ചെന്ന്‌ പൊട്ടിക്കരഞ്ഞപ്പോഴാണ്‌ തിരിഞ്ഞുനോക്കിയതെന്നും ആക്ഷേപമുയർന്നു. ഗവർണറുടെയും മന്ത്രിയുടെയും സ്ഥിതി അതായിരുന്നെങ്കിൽ സാധാരണക്കാരുടെ സ്ഥിതി പറയണോ. കൈക്കൂലിയും കൊള്ളയും പുറത്തുവരാത്ത ദിവസങ്ങൾ അപൂർവമായിരുന്നു. ഉമ്മൻചാണ്ടിയുടെ കാലത്താണ്‌ സ്വകാര്യ മരുന്ന്‌ കമ്പനികളെ സഹായിക്കാനായി സ്‌റ്റോക്കുള്ള മരുന്ന്‌ കക്കൂസിൽ നിക്ഷേപിച്ച സംഭവം പുറത്തുവന്നത്‌. സർക്കാർ ആതുരാലയങ്ങളുടെ ദയനീയസ്ഥിതി മുതലെടുത്ത്‌ അമിത ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന വൻകിട സ്വകാര്യആശുപത്രികൾ തടിച്ചുകൊഴുത്തതും അക്കാലത്തായിരുന്നു. ഈ അവസ്ഥ മനസ്സിലാക്കിത്തന്നെയാണ്‌ 2016ൽ വന്ന എൽഡിഎഫ്‌ സർക്കാർ പൊതുജനാരോഗ്യരംഗം പരമാവധി ശക്തിപ്പെടുത്താൻ തീരുമാനിച്ചത്‌. എന്നാൽ, ആരോഗ്യമേഖലയെ പഴയ അവസ്ഥയിലേക്ക്‌ എത്തിക്കലാണ്‌ ചില മാധ്യമങ്ങളുടെ ലക്ഷ്യമെന്ന്‌ അവരുടെ പേജുകൾതന്നെ സാക്ഷ്യം.


സ്വകാര്യ ആശുപത്രികളുടെ സേവനങ്ങളെ ആർക്കും കുറച്ചുകാണാനാകില്ല. എന്നാൽ, ചിലരെങ്കിലും അതൊരു കച്ചവടമാക്കുന്ന സ്ഥിതിയുമുണ്ടായി. അവിടെനിന്നാണ്‌ സാധാരണക്കാരുടെ ഏത്‌ ചികിത്സാ ആവശ്യത്തിനും പ്രാപ്തമായ സംവിധാനമെന്ന നിലയിലേക്ക്‌ സർക്കാർ ആശുപത്രികൾ മാറിയത്‌. അതിന്റെ അസ്വസ്ഥത സ്വാഭാവികമായും സ്വകാര്യമേഖലയ്ക്കുണ്ടാകും. പക്ഷേ, ജനക്ഷേമ തൽപ്പരരായ സർക്കാരിന്‌ ലാഭേച്ഛയല്ല, സാധാരണ മനുഷ്യരുടെ താൽപ്പര്യമാണ്‌ പ്രധാനം. ഒമ്പതുവർഷമായി കേരളം കാണുന്നതും അതേ ലക്ഷ്യത്തോടെയുള്ള ആത്മാർഥമായ പരിശ്രമമാണ്‌.


പിഴവ്‌ ചൂണ്ടിക്കാണിക്കുന്നതും തിരുത്താൻ ശ്രമിക്കുന്നതും മനസ്സിലാക്കാം. അതും ഒരു പോരായ്മയുടെ പേരിൽ മുച്ചൂടും തകർക്കാനുള്ള ശ്രമവും പക്ഷേ, ഒരുപോലെ കാണാനാകില്ല. പ്രതിപക്ഷമാണെന്ന്‌ കരുതി വസ്തുതകൾ പറയേണ്ട എന്നുണ്ടോ. പൊതുവിദ്യാഭ്യാസ മേഖലയെ കലുഷിതമാക്കാൻ സൂംബ നൃത്തത്തിന്റെ പേരിൽ തീവ്ര വർഗീയവാദികളെ ഇളക്കിവിടാൻ ശ്രമിച്ച്‌ പരാജയപ്പെട്ടതിന്റെ ജാള്യം മനസ്സിലാക്കാം. അതിന്റെ പേരിൽ പാവപ്പെട്ട രോഗികളുടെ നെഞ്ചത്തേക്ക്‌ കയറാനാണോ ഭാവം. എങ്കിൽ, അതെല്ലാം കാണാനും പ്രതികരിക്കാനും ഇവിടെ ജനങ്ങളുണ്ട്‌ എന്നത്‌ ആരും മറക്കരുത്‌.



deshabhimani section

Related News

View More
0 comments
Sort by

Home