02 October Monday

ഉറപ്പാണ്‌ തൊഴിലുറപ്പും

വെബ് ഡെസ്‌ക്‌Updated: Saturday Jan 7, 2023


തൊഴിലുറപ്പു തൊഴിലാളികൾക്ക്‌ ക്ഷേമനിധി ഏർപ്പെടുത്താനുള്ള എൽഡിഎഫ്‌ സർക്കാരിന്റെ തീരുമാനത്തോടെ കേരളം വീണ്ടും രാജ്യത്തിനു മാതൃകയായിരിക്കുകയാണ്. ഇതിനായി ക്ഷേമനിധി ബോർഡ്‌ രൂപീകരിച്ചുള്ള വിജ്ഞാപനം 2023ൽ മലയാളികൾക്കുള്ള പുതുവർഷ സമ്മാനമായി. രാജ്യത്ത്‌ ആദ്യമായാണ്‌ ഇത്തരമൊരു നീക്കം. പിണറായി വിജയൻ സർക്കാരിന്റെ മറ്റൊരു തെരഞ്ഞെടുപ്പ്‌ വാഗ്ദാനം കൂടിയാണ്‌ പൂർത്തിയാകുന്നത്‌. ക്ഷേമപ്രവർത്തനങ്ങൾ നിയന്ത്രിക്കണമെന്ന കേന്ദ്ര മുന്നറിയിപ്പ്‌ ഒരു വശത്ത്‌. തൊഴിലുറപ്പുപദ്ധതിയുടെ ബജറ്റ്‌ വിഹിതം വെട്ടിക്കുറയ്‌ക്കുന്ന കേന്ദ്രഭീഷണി മറുവശത്ത്‌. ഈ പശ്‌ചാത്തലത്തിലാണ്‌ തൊഴിൽദിനങ്ങൾ ഉറപ്പാക്കുന്നതും തൊഴിലാളി ക്ഷേമം ഉറപ്പുവരുത്തുന്നതുമായ തീരുമാനമെന്നത്‌ അതിന്റെ തിളക്കം കൂട്ടുന്നു.

ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മർദത്തിൽ രൂപീകരിച്ച പൊതുമിനിമം പരിപാടിയുടെ ഭാഗമായാണ്‌ രാജ്യത്തെ ഏറ്റവും വലിയ ദാരിദ്ര്യനിർമാർജന പദ്ധതിയായ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ആവിഷ്‌കരിച്ചത്‌. 2005ൽ നിലവിൽവന്ന പദ്ധതി ചുരുങ്ങിയ കാലംകൊണ്ട്‌ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിൽ നിർണായകമായി. എന്നാൽ, രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത്‌ ആഗോളവൽക്കരണത്തിന്റെ വേഗം കൂടിയപ്പോൾ ക്ഷേമപദ്ധതികളിൽനിന്ന്‌ സർക്കാരുകൾ പിൻവാങ്ങാൻ തുടങ്ങി. അവിടെ തൊഴിലുറപ്പു പദ്ധതിയുടെ പടവല വളർച്ചയും തുടങ്ങി. ആവർത്തന സ്വഭാവമുള്ള കാർഷികവൃത്തികൾ ഒഴിവാക്കിക്കൊണ്ടുള്ള നിബന്ധന രണ്ടാം യുപിഎ കാലത്ത്‌ മൻമോഹൻസിങ്ങാണ്‌ കൊണ്ടുവന്നത്‌. തുടർന്നുവന്ന ബിജെപി സർക്കാരിന്റെ നയവും ഇതേ ദിശയിലായിരുന്നു. 2021 ഡിസംബറിൽ രാജ്യത്ത്‌ 15.63 കോടി കുടുംബങ്ങൾക്ക്‌ തൊഴിലുറപ്പ്‌ കാർഡുണ്ട്‌. അർഹരായ കുടുംബങ്ങൾക്ക്‌ 100 ദിവസമെങ്കിലും തൊഴിലും കൂലിയും ഉറപ്പാക്കാൻ 1.50 ലക്ഷം കോടി രൂപയെങ്കിലും വേണം. 2020–-21ൽ 1.13 ലക്ഷം കോടി രൂപയായിരുന്നു ബജറ്റ്‌ വിഹിതം. 21–-22ൽ അത്‌ 98,000 കോടിയായി വെട്ടിക്കുറച്ചു.

22–-23ൽ അത്‌ വീണ്ടും കുറച്ച്‌ 73,000 കോടിയാക്കി. മാനദണ്ഡങ്ങൾ മാറ്റിയും നിബന്ധനകൾ അടിച്ചേൽപ്പിച്ചും തൊഴിലുറപ്പുപദ്ധതിയെ തകർക്കാനുള്ള നീക്കവും നടക്കുന്നു. പഞ്ചായത്തുകളിലെ തൊഴിലുറപ്പുപദ്ധതിയിൽ ഒരേസമയം 20 പ്രവൃത്തിയെന്ന നിയന്ത്രണം കൊണ്ടുവന്നത്‌ ഇതിന്റെ ഭാഗമാണ്‌. തൊഴിലാളികളുടെ ഉജ്വലമായ സമരവും എൽഡിഎഫ്‌ സർക്കാരിന്റെ ഇടപെടലും കൊണ്ട്‌ കേന്ദ്രസർക്കാരിന്‌ ഒടുവിൽ ആ തീരുമാനത്തിൽനിന്ന്‌ മാറേണ്ടിവന്നു. കേരളത്തിൽമാത്രം 50 പ്രവൃത്തിവരെ ഒരേസമയം അനുവദിച്ചു. പട്ടികജാതി പട്ടികവർഗക്കാരുടെ കൂലി പ്രത്യേക ഹെഡിലേക്ക്‌ മാറ്റാനുള്ള തീരുമാനവും സംസ്ഥാനങ്ങളുടെ എതിർപ്പിനെ തുടർന്ന്‌ ഉപേക്ഷിക്കേണ്ടിവന്നു.

ഇങ്ങനെ പലവഴിയിലൂടെ കേന്ദ്രം തൊഴിലുറപ്പുപദ്ധതിയെ തകർക്കാൻ ശ്രമിക്കുമ്പോഴാണ്‌ കേരളം 100 തൊഴിൽദിനം ഉറപ്പാക്കാൻ ഇടപെട്ടും തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തിയും വ്യത്യസ്തത കാട്ടി മാതൃകയാകുന്നത്‌. ഇതുമാത്രമല്ല അയ്യൻകാളി തൊഴിലുറപ്പുപദ്ധതി രൂപീകരിച്ച്‌ നഗരപ്രദേശത്തെ തൊഴിലാളികൾക്കും ആനുകൂല്യം ഉറപ്പാക്കി. ക്ഷീരകർഷകരെ വരെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്‌തു. 100 തൊഴിൽദിനം പൂർത്തീകരിച്ച തൊഴിലാളികൾക്ക്‌ ഓണക്കാലത്ത്‌ 1000 രൂപ ഉത്സവബത്ത അനുവദിച്ചതും കേരളത്തിൽ മാത്രം. കഴിഞ്ഞ വർഷം 5.21ലക്ഷം തൊഴിലാളികൾക്കാണ്‌ സംസ്ഥാന സർക്കാർ ഈ പ്രോത്സാഹനം നൽകിയത്‌. ഉയർന്ന കൂലി കിട്ടുന്നതും ഇവിടെയാണ്‌. മധ്യപ്രദേശിൽ 204 രൂപ മാത്രം കൂലിയുള്ളപ്പോൾ കേരളത്തിൽ അത്‌ 311 രൂപയാണ്‌.

ക്ഷേമനിധി പ്രവർത്തനം തുടങ്ങുന്നതോടെ സംസ്ഥാനത്ത്‌ 26 ലക്ഷം പേർക്ക്‌ ക്ഷേമനിധിയുടെ ഗുണഫലം ലഭ്യമാകും. ദേശീയ ഗ്രാമീണ തൊഴിലുറപ്പു തൊഴിലാളികളും അയ്യൻകാളി നഗര തൊഴിലുറപ്പു തൊഴിലാളികളും ക്ഷേമനിധിയിലുണ്ടാകും. നിശ്ചിതകാലം തൊഴിലെടുത്തവർക്കായിരിക്കും അംഗത്വം. മാസം നിശ്ചിത തുക അടയ്ക്കണം. സംസ്ഥാന സർക്കാരും തദ്ദേശസ്ഥാപനങ്ങളും ഇതേ തുക ക്ഷേമനിധിയിലേക്ക്‌ സംഭാവന ചെയ്യും. 60 വയസ്സാകുന്നതോടെ മിനിമം പെൻഷൻ ഉറപ്പാകും. പ്രസവാനുകൂല്യം, ചികിത്സാസഹായം, ആരോഗ്യ ഇൻഷുറൻസ്‌, മരണാനന്തര സഹായം, പഠനാനുകൂല്യങ്ങൾ എന്നിവയെല്ലാം ഉറപ്പാക്കും വിധമാണ്‌ ക്ഷേമനിധി നിയമം രൂപീകരിച്ചിട്ടുള്ളത്‌. എൽഡിഎഫ്‌ സർക്കാരിന്റെ മറ്റൊരു ഉറപ്പുകൂടിയാണ്‌ യാഥാർഥ്യമാകുന്നത്‌. കേരളം ഇന്ന്‌ ചിന്തിക്കുന്നത്‌ മറ്റുള്ളവർ നാളെ പകർത്തുമെന്ന്‌ സർദീപ്‌ദേശായി പറഞ്ഞത്‌ എത്ര ശരി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top