26 July Friday

വിമാനത്താവളം: പോരാട്ടം തുടരണം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2020


തിരുവനന്തപുരം വിമാനത്താവളം കോർപറേറ്റ്‌ ഭീമനായ അദാനി ഗ്രൂപ്പിന്‌ നൽകാനുള്ള കേന്ദ്രതീരുമാനത്തിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി തള്ളിയ ഹൈക്കോടതി നടപടി കേരളത്തിന്റെ വികസനക്കുതിപ്പിനേറ്റ കനത്ത തിരിച്ചടിയാണ്‌. സംസ്ഥാന തലസ്ഥാനത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കുമ്പോൾ വിമാനത്താവള വികസനം ഇനിയുമേറെ മുന്നോട്ടുപോകാനുണ്ട്‌. സ്വകാര്യ ഉടമസ്ഥതയിൽ ഇത്‌ സാധ്യമാകില്ലെന്ന്‌ ഉറപ്പാണ്‌. തിരുവനന്തപുരം വിമാനത്താവളം നിലവിൽ കൈവരിച്ച പുരോഗതിതന്നെ സംസ്ഥാന സർക്കാരുകളുടെ അശ്രാന്തപരിശ്രമത്തിന്റെ ഫലമാണ്‌.

നഗരഹൃദയത്തിൽ ഭരണസിരാകേന്ദ്രത്തിന്‌ തൊട്ടടുത്താണ്‌ ഈ വിമാനത്താവളം.  കടൽത്തീരവും അരികെ‌. ഈ പരിമിതികളെയെല്ലാം മറികടന്നാണ്‌ വികസനപ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്‌. സംസ്ഥാന സർക്കാരിന്റെയും ജനങ്ങളുടെയും പിന്തുണയും പങ്കാളിത്തവും ഇല്ലാതാകുമ്പോൾ ഈ പ്രവർത്തനം നിലയ്‌ക്കും. കൂടുതൽ സ്ഥലം ലഭിക്കാതെ വികസനം  അസാധ്യമാകും.

വിപുലീകരണത്തിനുള്ള  ‌വിഭവസമാഹരണ മാർഗമെന്നാണ്‌ ‌കൈമാറ്റത്തിന്‌ സ്വകാര്യവൽക്കരണ വക്താക്കൾ നൽകുന്ന ന്യായീകരണം. എന്നാൽ, എയർപോർട്ട്‌ അതോറിറ്റിക്ക്‌ കീഴിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളം സ്വകാര്യകുത്തകയ്‌ക്ക്‌ കൈമാറുന്നതോടെ വികസനം മുരടിക്കുമെന്നുറപ്പാണ്‌. ഒപ്പം സേവന നിരക്കുകളും വൻതോതിൽ വർധിക്കും. യാത്രക്കാരെ പിഴിഞ്ഞ്‌ ലാഭം കൊഴുപ്പിക്കാനായിരിക്കും സ്വകാര്യമുതലാളിയുടെ താൽപ്പര്യം. പൊതുമേഖല ഉറപ്പുനൽകുന്ന പൊതുസൗകര്യങ്ങൾ അദാനിമാരുടെ സംരംഭത്തിൽ ഉണ്ടാകില്ല. കൂടുതൽ പണം നൽകുന്നവർക്ക്‌ മികച്ച സൗകര്യങ്ങൾ എന്നതാണ്‌ അവിടെ ആപ്‌തവാക്യം.


 

പൊതുഗതാഗതം എന്ന സങ്കൽപ്പംതന്നെ അപ്രസക്തമാക്കി തീവ്രസ്വകാര്യവൽക്കരണമാണ്‌ മോഡി സർക്കാർ നടപ്പാക്കിവരുന്നത്‌. കോവിഡ്‌ മറയാക്കി ട്രെയിൻസർവീസുകൾ വ്യാപകമായി വെട്ടിക്കുറയ്‌ക്കുകയാണ്‌. പാസഞ്ചർ, മെയിൽ, എക്‌സ്‌പ്രസ്‌ സർവീസുകൾ നിർത്തലാക്കുകയും  സ്റ്റോപ്പുകൾ എടുത്തുകളയുകയും ചെയ്യുന്നു‌. സാധാരണക്കാർക്ക്‌ ന്യായമായ നിരക്കിൽ യാത്രാസൗകര്യം എന്നത്‌ മേലിൽ സർക്കാരിന്റെ ഉത്തരവാദിത്തമല്ല. വ്യാപകമായ സ്വകാര്യവൽക്കരണമാണ്‌ അടുത്തപടി. പ്രധാന റോഡുകളും  സ്വകാര്യകുത്തകകളെ ഏൽപ്പിക്കാനും ‌ നീക്കം നടക്കുന്നു. ഇതിനെതിരെ പ്രതിരോധം ഉയരുന്നത്‌ കേരളത്തിൽമാത്രം. എന്നാൽ, പൊതുഗതാഗതസൗകര്യങ്ങൾ സംരക്ഷിച്ച്‌ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള  ശ്രമങ്ങൾക്ക്‌ നീതിപീഠത്തിന്റെ പിന്തുണ ലഭിക്കുന്നില്ലെന്നാണ്‌ വിമാനത്താവള വിധിയിൽ വ്യക്തമാകുന്നത്‌.

തിരുവനന്തപുരം അടക്കം എയർപോർട്ട്‌ അതോറിറ്റിയുടെ കീഴിലുള്ള ആറ്‌ വിമാനത്താവളം സ്വകാര്യവൽക്കരിക്കാൻ കേന്ദ്രം തീരുമാനിച്ച ഘട്ടത്തിൽത്തന്നെ സംസ്ഥാന സർക്കാർ ഇടപെട്ടതാണ്‌. വിമാനത്താവളം സംസ്ഥാനം ഏറ്റെടുക്കാമെന്ന്‌ അറിയിച്ചെങ്കിലും മോഡി സർക്കാർ ചെവിക്കൊണ്ടില്ല. ലേലത്തിൽ പങ്കെടുക്കാനായിരുന്നു നിർദേശം. ന്യായമായ തുക ക്വാട്ട്‌ ചെയ്‌തെങ്കിലും മറ്റ്‌ അഞ്ച്‌ വിമാനത്താവളത്തിനൊപ്പം തിരുവനന്തപുരവും അദാനി ഗ്രൂപ്പ്‌ ലേലത്തിൽ പിടിച്ചു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച സംസ്ഥാന സർക്കാർ അദാനി ക്വാട്ട്‌ ചെയ്‌ത തുകനൽകി വിമാനത്താവളം സംസ്ഥാന സർക്കാർ ഏറ്റെടുക്കാമെന്ന നിർദേശംവച്ചു. വിധിയിൽ ഹൈക്കോടതി അടിവരയിട്ട കേന്ദ്ര സർക്കാരിന്റെ നയപരമായ തീരുമാനമാണ്‌ ഇവിടെ പ്രസക്തമാകുന്നത്‌.

പൊതുഗതാഗത സംവിധാനങ്ങൾ കോർപറേറ്റുകളുടെ ലാഭക്കൊയ്‌ത്തിന്‌ വിട്ടുകൊടുക്കുന്നതാണ്‌ മോഡി ഭരണത്തിന്റെ നയം. യുഡിഎഫ്‌ സർക്കാർ ഉപേക്ഷിച്ച ദേശീയപാത സ്ഥലമെടുപ്പ്‌ ഈ സർക്കാർ പുനരാരംഭിച്ച ഘട്ടത്തിലും ഇത്തരമൊരു സമീപനം കേന്ദ്രത്തിൽനിന്നുണ്ടായി

കൊച്ചി, കണ്ണൂർ വിമാനത്താവള കമ്പനികളെ വിജയകരമായി നയിക്കുന്ന കേരള സർക്കാരിന്‌ എന്തുകൊണ്ട്‌ തിരുവനന്തപുരം വിമാനത്താവളം വിട്ടുകൊടുക്കാൻ കേന്ദ്രം തയ്യാറായില്ല. ലേല നടപടികളുടെ സാങ്കേതികത്വങ്ങളെ മറികടക്കാൻ കേന്ദ്ര സർക്കാരിന്‌ നിഷ്‌പ്രയാസം സാധിക്കും. പക്ഷേ, അതിന്‌ നയപരമായ തീരുമാനം വേണം. പൊതുഗതാഗത സംവിധാനങ്ങൾ കോർപറേറ്റുകളുടെ ലാഭക്കൊയ്‌ത്തിന്‌ വിട്ടുകൊടുക്കുന്നതാണ്‌ മോഡി ഭരണത്തിന്റെ നയം. യുഡിഎഫ്‌ സർക്കാർ ഉപേക്ഷിച്ച ദേശീയപാത സ്ഥലമെടുപ്പ്‌ ഈ സർക്കാർ പുനരാരംഭിച്ച ഘട്ടത്തിലും ഇത്തരമൊരു സമീപനം കേന്ദ്രത്തിൽനിന്നുണ്ടായി. കേരളത്തിൽ നൽകുന്ന ഭൂമിവില ഉയർന്നതാണെന്നും  അത്‌ അനുവദിക്കാനാകില്ലെന്നും പറഞ്ഞാണ്‌ കേന്ദ്രം പിന്മാറിയത്‌. എന്നാൽ, ഭൂമിവിലയുടെ ഇരുപത്തഞ്ച്‌ ശതമാനം സംസ്ഥാന സർക്കാർ വഹിച്ചുകൊണ്ട്‌ ‌ പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ പിണറായി സർക്കാർ തയ്യാറായി. ഇത്തരമൊരു നയംമാറ്റത്തിന്‌ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി സന്നദ്ധമായതുകൊണ്ടു മാത്രമാണ്‌ ദേശീയപാത വികസനം ഇപ്പോൾ യാഥാർഥ്യത്തിലേക്ക്‌ നീങ്ങുന്നത്‌. ഇത്‌ ഒറ്റപ്പെട്ട അനുഭവം.

ഫെഡറൽ തത്വങ്ങൾ മാനിച്ചും ജനങ്ങളുടെ താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിച്ചും സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്തും മുന്നോട്ടുപോകാൻ കേന്ദ്ര ബിജെപി സർക്കാർ തയ്യാറില്ലെന്നതാണ്‌ പൊതുവിലുള്ള അവസ്ഥ.  കാർഷിക–- തൊഴിൽമേഖലകളിൽ എല്ലാ സംരക്ഷണനിയമങ്ങളും അട്ടിമറിക്കപ്പെട്ടു. വൻകിട ബിസിനസ്‌‌ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ഭരണത്തിൻകീഴിൽ  സാധാരണജനങ്ങളുടെ ജീവിതം അനുദിനം ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്നു‌. പൊതുസംവിധാനങ്ങൾ വഴി ലഭിച്ചിരുന്ന സേവനങ്ങൾ ഒന്നൊന്നായി അന്യമായിക്കൊണ്ടിരിക്കുകയാണ്‌. വാർത്താവിനിമയ മേഖലയിലെ സ്വകാര്യവൽക്കരണം റിലയൻസ്‌പോലുള്ള കുത്തകകൾ എങ്ങനെ പ്രയോജനപ്പെടുത്തിയെന്ന്‌ കണ്ടുകഴിഞ്ഞു.

ബിഎസ്‌എൻഎല്ലിന്റെ പ്രതാപം അസ്‌തമിച്ചു. വിമാന –- ട്രെയിൻ സർവീസുകൾ സാധാരണക്കാർക്ക്‌ അപ്രാപ്യമാകുമ്പോൾ, സ്വകാര്യമേഖലയ്‌ക്ക്‌ ഗംഭീര വരവേൽപ്പാണ്‌ ലഭിക്കുന്നത്‌. തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരും ജനങ്ങളും നടത്തിയ ചെറുത്തുനിൽപ്പ്‌ തുടർന്നേ മതിയാകൂ. ഹൈക്കോടതിവിധി തിരുത്തിക്കാനുള്ള നിയമപരമായ വഴികൾ തേടുമെന്ന്‌ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്‌.  ഒപ്പം,  ജനവികാരത്തെയും ഭരണസംവിധാനങ്ങളെയും വെല്ലുവിളിക്കുന്ന കോർപറേറ്റ്‌ ഇടപെടലുകൾക്കെതിരെ ശക്തമായ ബഹുജന പ്രക്ഷോഭവും ഉയർന്നുവരേണ്ടതുണ്ട്‌.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top