29 June Wednesday

മാതൃകാപരം രക്ഷാപ്രവർത്തനം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 11, 2018


തായ്‌ലൻഡിലെ താം ലുവാങ‌് ഗുഹയിൽ അകപ്പെട്ടുപോയ ഫുട്‌ബോൾ പരിശീലകനെയും 12 കുട്ടികളെയും രക്ഷിക്കാൻ കഴിഞ്ഞുവെന്ന വാർത്ത ആശ്വാസത്തോടെയാണ് ലോകം ശ്രവിച്ചത്. 18 ദിവസത്തിനുശേഷമാണ് എല്ലാവരെയും ദുർഘടമായ ഗുഹയിൽനിന്ന് സുരക്ഷിതമായി പുറത്തെത്തിക്കാൻ കഴിഞ്ഞത്. 50 നീന്തൽ വിദഗ‌്ധരടങ്ങുന്ന അന്താരാഷ്ട്രസംഘവും 40 തായ് വിദഗ‌്ധരും നടത്തിയ അതീവ സാഹസിക രക്ഷാദൗത്യമാണ് വിജയംകണ്ടത‌്. രക്ഷാപ്രവർത്തനം തുടങ്ങി ആദ്യദിവസവും രണ്ടാംദിവസവും നാലു കുട്ടികളെവീതവും മൂന്നാംദിവസം നാലു കുട്ടികളെയും പരിശീലകനെയുമാണ് രക്ഷിച്ചത്.

ജൂൺ 23ന് ഫുട്‌ബോൾ പരിശീലനം കഴിഞ്ഞ് മടങ്ങവെയാണ് ഇരുപത്തഞ്ചുകാരനായ പരിശീലകൻ എകഫോലും 11നും 17നും ഇടയിൽ പ്രായമുള്ള 12 കുട്ടികളും ഗുഹയിൽ കടന്നത‌്. കനത്ത മഴയെതുടർന്ന് ഗുഹയിൽ ചളിയും മണ്ണും മാലിന്യങ്ങളും വന്ന് അടയുകയായിരുന്നു. ഗുഹയിൽ വെള്ളം കയറിയതിനെതുടർന്ന് സുരക്ഷിത സ്ഥാനം തേടിയലഞ്ഞ കുട്ടികളും പരിശീലകനും ഒരു പാറപ്പുറത്ത് അഭയംതേടി. കൈവശമുള്ള ഭക്ഷണവും വെള്ളവും അൽപ്പാൽപ്പമായി കഴിച്ച് അവർ ജീവൻ നിലനിർത്തി. ഒമ്പതു ദിവസത്തിനുശേഷം മാത്രമാണ് ഇവർ ഗുഹയിൽ കഴിയുന്നുണ്ടെന്ന് സ്ഥിരീകരിക്കാൻപോലും കഴിഞ്ഞത്. തുടർന്നാണ് അന്താരാഷ്ട്രസംഘത്തെ ഉൾപ്പെടുത്തിയുള്ള രക്ഷാപ്രവർത്തനത്തിന് തുടക്കമായത്. രണ്ടു മുങ്ങൽവിദഗ‌്ധരുടെ അകമ്പടിയോടെയാണ് ഓരോ കുട്ടിയെയും പുറത്തെടുത്തത്. ഓക്‌സിജൻ സിലിണ്ടറുമായാണ് ഈ സംഘം കുട്ടികൾക്കൊപ്പം നീങ്ങിയത്. ഇടുങ്ങിയ ഗുഹയിലൂടെയുള്ള സഞ്ചാരം പ്രയാസമേറിയതായിരുന്നു.  ഗുഹാമുഖത്തുനിന്നു നാലു കിലോമീറ്റർ അകലെയാണ് കുട്ടികളുണ്ടായിരുന്നത്.

ഗുഹയിൽ അകപ്പെട്ടുപോയവരെ രക്ഷിക്കുക തീർത്തും ദുഷ്‌കരമായിരുന്നു. വെളിച്ചമില്ലാത്തതും ഓക്‌സിജന്റെ അഭാവവും ഗുഹയിൽ രക്ഷാപ്രവർത്തനം നടത്തുന്ന വിദഗ‌്ധരുടെ ക്ഷാമവും പ്രതിസന്ധി സൃഷ്ടിച്ചു. ഇതിനുപുറമെ, കുട്ടികളെ എത്രയുംവേഗം രക്ഷിക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യം ഉയർത്തുന്ന സമ്മർദവും. ഇതിനെയെല്ലാം ക്ഷമയോടെ നേരിടാനും കാര്യക്ഷമമായി രക്ഷാപ്രവർത്തനം നടത്താനും തായ്‌ലൻഡിനു കഴിഞ്ഞു. ഇത് ഒരു മാതൃകയാണ്. ദുരന്തനിവാരണം എങ്ങനെ നടത്തണമെന്നതിനുള്ള അനുകരണീയ മാതൃക. 2010ൽ വടക്കൻ ചിലിയിലെ അറ്റക്കാമ മേഖലയിലുള്ള സാൻജോസ് ഖനിയിൽ അകപ്പെട്ടുപോയ 33 പേരെ 69 ദിവസത്തിനുശേഷമാണ് രക്ഷിച്ചത്. ഖനിയിലേക്ക് ഒരു തുരങ്കം നിർമിച്ചായിരുന്നു രക്ഷാപ്രവർത്തനം. അത്തരത്തിലുള്ള തുരങ്കനിർമാണംപോലും അസാധ്യമായിട്ടും താം ലുവാങ‌് ഗുഹയിൽനിന്ന് കുട്ടികളെ രക്ഷിക്കാനായത് ചരിത്രസംഭവമാണ്.

ബ്രിട്ടീഷ് സർക്കാർ പ്രതിസന്ധിയിൽ
ബ്രെക്‌സിറ്റ് വിഷയത്തിൽ ബ്രിട്ടനിലെ ടോറി കക്ഷി മന്ത്രിസഭ ആടിയുലയുകയാണ്. തെരേസ മേ സർക്കാരിൽനിന്ന് ഒറ്റദിവസം മൂന്നു മന്ത്രിമാരാണ് രാജിവച്ചത്. വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസണും ബ്രെക്‌സിറ്റ് മന്ത്രി ഡേവിഡ് ഡേവിസും സഹമന്ത്രി സ്റ്റീവ് ബേക്കറുമാണ് രാജിവച്ചത്. തെരേസ മേ അധികാരത്തിൽ വന്നശേഷം എട്ടാമത്തെ മന്ത്രിയാണ് രാജിവച്ചൊഴിഞ്ഞത്.

ബ്രെക്‌സിറ്റ് വിഷയത്തിൽ ഭരണകക്ഷിയിൽ രൂപപ്പെട്ട രൂക്ഷമായ അഭിപ്രായവ്യത്യാസമാണ് കൂട്ടരാജിയിലേക്ക് വഴിവച്ചത്. 2016 ജൂണിലാണ് ബ്രെക്‌സിറ്റിന് അനുകൂലമായി ഹിതപരിശോധനയിൽ ബ്രിട്ടീഷ് ജനത വോട്ട് ചെയ്തത്. യൂറോപ്യൻ യൂണിയനിൽനിന്ന് ബ്രിട്ടൻ വിട്ടുപോകുന്നതിന് അനുകൂലമായി ബ്രിട്ടൻ വോട്ട് ചെയ്തതിനെതുടർന്നാണ് ഡേവിഡ് കാമറൺ രാജിവച്ചതും അതേകക്ഷിയിലെ തെരേസ മേ പ്രധാനമന്ത്രിയായതും. ബ്രെക്‌സിറ്റ് നടപ്പാക്കുമെന്നായിരുന്നു അന്ന് തെരേസ മേ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം. എന്നാൽ, യൂറോപ്യൻ യൂണിയൻ കമ്പോളവുമായി അടുത്തബന്ധം തുടരാൻ കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ‘യൂറോപ്യൻ യൂണിയന്റെ കോളനിയായി' തുടരാനുള്ള ഈ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ബ്രെക്‌സിറ്റ് സെക്രട്ടറി രാജിവച്ചത്.

ഇതോടെ ടോറി കക്ഷിയിൽ തീവ്ര ബ്രെക്‌സിറ്റ് പക്ഷക്കാരനായ ബോറിസ് ജോൺസനും രാജിവയ‌്ക്കാൻ നിർബന്ധിതനായി. തെരേസ മേ ‘മൃദു ബ്രെക്‌സിറ്റി'ന്റെ വക്താവായി മാറിയിരിക്കുകയാണെന്നും ബ്രെക‌്സിറ്റ‌് പദ്ധതിയെ വഞ്ചിക്കുകയാണെന്നും ജോൺസൺ ആരോപിച്ചു.  യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം പെട്ടെന്ന് വിച്ഛേദിക്കുന്നതിനുപകരം ഘട്ടംഘട്ടമായ വിച്ഛേദം എന്ന പ്രായോഗികനിലപാടാണ് സ്വീകരിക്കേണ്ടതെന്ന വാദമാണ് മേ ഉയർത്തുന്നത്. എന്നാൽ, സ്വന്തം കക്ഷിയെപ്പോലും കൂടെനിർത്താൻ തെരേസ മേയ‌്ക്ക് കഴിയുന്നില്ല.  വിഘടിച്ചുനിന്നാൽ ഉടൻ തെരഞ്ഞെടുപ്പ് നടക്കുമെന്നും ജെറമി കോർബിന്റെ നേതൃത്വത്തിലുള്ള ലേബർ പാർടി സർക്കാർ അധികാരത്തിൽ വരുമെന്നും പറഞ്ഞാണ് തെരേസ മേ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നത്. ഇൻഡിപെൻഡന്റ് പത്രം കഴിഞ്ഞദിവസം പുറത്തുവിട്ട സർവേ അനുസരിച്ച് ലേബർ പാർടിയാണ് ടോറി കക്ഷിയേക്കാൾ രണ്ട് ശതമാനം വോട്ടിനു മുന്നിൽനിൽക്കുന്നത്. ടോറി കക്ഷിയിലെ പുതിയ പ്രതിസന്ധി ബ്രിട്ടനെയും ഇടത്തോട്ടേക്ക് നയിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top