13 November Wednesday

ഉറി ഭീകരാക്രമണം കനത്ത സുരക്ഷാവീഴ്ച

വെബ് ഡെസ്‌ക്‌Updated: Monday Sep 19, 2016


ജമ്മു കശ്മീരില്‍ രണ്ടുമാസത്തിലധികമായി തുടരുന്ന സംഘര്‍ഷത്തിന് പുതിയ മാനംനല്‍കി ബാരമുള്ള ജില്ലയിലെ ഉറിയില്‍ ഞായറാഴ്ച പുലര്‍ച്ചെ ശക്തമായ ചാവേറാക്രമണം നടന്നു. ഉറിയിലെ പ്രധാന സൈനിക ക്യാമ്പില്‍ കടന്ന് വേഷപ്രച്ഛന്നരായി എത്തിയ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ അതിര്‍ത്തി കാക്കുന്ന 17 സൈനികര്‍ കൊല്ലപ്പെട്ടു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഭീകരാക്രമണത്തെ ധീരതയോടെ നേരിട്ട സൈനികര്‍ നാല് ഭീകരവാദികളെ വധിച്ചു. പരിക്കേറ്റ സൈനികരെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. പാക് അധിനിവേശ കശ്മീരില്‍നിന്ന് സല്‍മാബാദ് വഴി എത്തിയ ഫിദായീനുകളാണ് ആക്രമണം നടത്തിയതെന്നും ലഷ്കര്‍ ഇ തോയ്ബയോ ജയ്ഷേ മുഹമ്മദോ ആണ് ഇവരെന്നും റിപ്പോര്‍ട്ടുണ്ട്.  ജയ്ഷേ മുഹമ്മദാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൈന്യം പറയുന്നുത്. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനകളാണിത്. ഇതിനര്‍ഥം ഉറി ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്റെ കൈകളുണ്ടെന്നാണ്. നിയന്ത്രണരേഖയില്‍ (എല്‍ഒസി)നിന്ന് ആറ് കിലോമീറ്റര്‍മാത്രം അകലെയുള്ള ക്യാമ്പിലാണ് ആക്രമണം നടന്നത്. രാവിലെ  ദോഗ്ര റെജിമെന്റും ബിഹാര്‍ റെജിമെന്റും തമ്മില്‍ ഡ്യൂട്ടി മാറുന്നതിന് തൊട്ടുമുമ്പാണ് ആക്രമണം. താല്‍ക്കാലികമായി നിര്‍മിച്ച ടെന്റുകളില്‍ സൈനികര്‍ കിടന്നുറങ്ങുന്ന വേളയിലാണ് ആക്രമണമെന്നത് മരണസംഖ്യ കൂട്ടാനിടയാക്കി. വായുമാര്‍ഗം സൈനികരെ ഇറക്കിയാണ് സൈനികര്‍ തിരിച്ചടിച്ചത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ജമ്മു കശ്മീരില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ചാവേറാക്രമണമാണിത്.  ഇതേ മേഖലയില്‍പ്പെട്ട മൊഹ്രയില്‍ 2014 ഡിസംബര്‍ 15ന് നടന്ന ഭീകരാക്രമണത്തില്‍ 10 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ജനുവരിയില്‍ പത്താന്‍കോട്ട് വ്യോമസേനാ താവളത്തിനുനേരേ നടന്ന ഭീകരാക്രമണത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടു.

കശ്മീര്‍ താഴ്വരയില്‍ സംഘര്‍ഷം തുടരവെയുണ്ടായ ചാവേറാക്രമണം കേന്ദ്രസര്‍ക്കാരിനെ മാത്രമല്ല, രാജ്യത്തെ സമാധാന സ്നേഹികളായ ജനങ്ങളെയും കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കശ്മീര്‍ താഴ്വരയെ സാധാരണഗതിയിലേക്ക് നയിക്കുന്നതിനുവേണ്ടി 'ഓപ്പറേഷന്‍ കാം ഡൌണ്‍' പദ്ധതി നടപ്പാക്കാനായി സൈന്യം ശ്രമിക്കവെയാണ് ഉറി ആക്രമണമെന്നത് ഗൌരവത്തോടെ കാണേണ്ട വിഷയവുമാണ്. ഇതുകൊണ്ടായിരിക്കണം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നാലുദിവസത്തെ റഷ്യന്‍ സന്ദര്‍ശനം നിര്‍ത്തിവച്ചത്. ഞായറാഴ്ച അദ്ദേഹം മോസ്കോയിലേക്ക് പുറപ്പെടേണ്ടതായിരുന്നു. അതിനുശേഷം ഒരാഴ്ച നീണ്ടുനില്‍ക്കുന്ന അമേരിക്കന്‍ സന്ദര്‍ശനവും ആഭ്യന്തരമന്ത്രി റദ്ദാക്കി. അമേരിക്കയുമായി വര്‍ധിച്ചുവരുന്ന തന്ത്രപ്രധാന ബന്ധത്തിന്റെ ഭാഗമായി നടക്കുന്ന ഹോംലാന്‍ഡ് സെക്യൂരിറ്റി സംഭാഷണമായിരുന്നു പ്രധാന അജന്‍ഡ. യാത്ര നിര്‍ത്തിവച്ച ആഭ്യന്തരമന്ത്രി ഉന്നതതലയോഗം വിളിച്ചുചേര്‍ക്കാനും തയ്യാറായി. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും സൈനികമേധാവി ദല്‍ബീര്‍ സിങ് സുഹഗും കശ്മീരിലെത്തി സ്ഥിതിഗതി വിലയിരുത്തുകയും ചെയ്തു.

ഇതൊക്കെ കശ്മീരിലെ സ്ഥിതിഗതികള്‍ ഗൌരവമുള്ളതാണെന്ന് ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തുന്നു. പത്താന്‍കോട്ട് ആക്രമണത്തില്‍നിന്ന് ഒരു പാഠവും ഉള്‍ക്കൊള്ളാന്‍ സര്‍ക്കാരും സൈന്യവും തയ്യാറാകാത്തതുകൊണ്ടല്ലേ ഉറി ആക്രമണം ഉണ്ടായതെന്ന സംശയം പല കോണുകളില്‍നിന്നും ഉയരുന്നുണ്ട്. ഏറെ സമാനതകളുള്ള ആക്രമണമാണ് ഇവ രണ്ടും. കുടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നു ഉറിയെന്നര്‍ഥം. മാത്രമല്ല, ഇന്ത്യന്‍ സൈന്യത്തിന്റെ രീതികളും ഡ്യൂട്ടികളും മറ്റും പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരര്‍ക്ക് എങ്ങനെ ലഭിക്കുന്നുവെന്നതും ആശങ്കയുണര്‍ത്തുന്നു. 

ഉറിയിലെ ഭീകരാക്രമണം കശ്മീരിലെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കാനേ ഉപകരിക്കുകയുള്ളൂ. ഭീകരവാദത്തിലൂടെ കശ്മീര്‍പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന് കരുതുന്നത് മൌഢ്യമാണ്. പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കാനേ ഇത് സഹായിക്കൂ. ഇത്തരം ഭീകരവാദസംഘടനകള്‍ക്ക് പ്രോത്സാഹനവും പിന്തുണയും നല്‍കുന്നതില്‍നിന്ന് പാകിസ്ഥാന്‍ പിന്തിരിയുകയും വേണം.

കശ്മീര്‍പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാനുള്ള ആത്മാര്‍ഥമായ ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാരും സ്വീകരിക്കണം.  ജൂലൈ എട്ടിന് ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കശ്മീര്‍ താഴ്വര സംഘര്‍ഷങ്ങളുടെ താഴ്വരയായി വീണ്ടും മാറിയത്.  72 ദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ ഇതിനകം 86 പേര്‍ കൊല്ലപ്പെട്ടു. ഈ ഏറ്റുമുട്ടലിന് പുതിയ രൂപവും ഭാവവും നല്‍കാന്‍ മാത്രമേ ഉറിയിലെ ഭീകരാക്രമണം സഹായിക്കൂ. അതുകൊണ്ടുതന്നെ സമാധാന പ്രക്രിയക്ക് ആക്കംകൂട്ടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അല്ലാത്തപക്ഷം കശ്മീരിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍പറ്റാത്ത അവസ്ഥയിലേക്ക് വഴുതിമാറും. ഞങ്ങള്‍ നേരത്തേ ചൂണ്ടിക്കാട്ടിയതുപോലെ കശ്മീരില്‍ സമാധാനം സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. പാകിസ്ഥാനുമായി ചര്‍ച്ചയേ നടത്തില്ല എന്ന സമീപനം പ്രശ്നപരിഹാരത്തെ ഒരുതരത്തിലും സഹായിക്കില്ല. മാത്രമല്ല, ഏറ്റവും കൂടുതല്‍ ആളുകളെ കൊലയ്ക്ക് കൊടുക്കുന്ന, അന്ധരും അംഗവൈകല്യമുള്ളവരുമാക്കുന്ന പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തണം. കഴിഞ്ഞദിവസംപോലും മൊമീന്‍ അല്‍ത്താഫ് എന്ന പതിനഞ്ചുകാരന്‍ പെല്ലറ്റ് തോക്കുകളുടെ ഉപയോഗത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത് ജനങ്ങളില്‍ വന്‍ അമര്‍ഷം സൃഷ്ടിച്ചിട്ടുണ്ട്. സിവിലിയന്‍ മേഖലകളില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതോടൊപ്പം പ്രത്യേക സൈനികാധികാര നിയമവും പിന്‍വലിക്കണം

പ്രധാന വാർത്തകൾ
 Top