25 September Monday

"ബുള്ളി ബായ്' രാജ്യത്തിന്റെ വസ്ത്രാക്ഷേപം

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022


നാസികൾ ജൂതന്മാരെ കൂട്ടക്കൊല ചെയ്യുക മാത്രമല്ല, രണ്ടാംകിട പൗരന്മാർപോലുമല്ലെന്ന മാനസിക അടിമത്തത്തിലേക്ക് ഒരു സമൂഹത്തെ നയിക്കുക കൂടിയായിരുന്നു. ഇന്ത്യൻ ഫാസിസ്റ്റുകൾ ന്യൂനപക്ഷങ്ങൾ ഇന്ത്യക്കാരല്ലെന്ന ബോധത്തിലേക്കാഴ്ത്താൻ നിരന്തരമായ മാനസിക യുദ്ധത്തിലാണ്. ഇതിന് പലവിധ ആയുധങ്ങൾ ആവനാഴിയിൽനിന്നെടുക്കുന്നു. പൊതുസമ്മേളനങ്ങളിലും ഹരിദ്വാറിൽ ഉൾപ്പെടെ മത ചടങ്ങുകളിലും ഹിന്ദുമത നേതാക്കൾ എന്നവകാശപ്പെടുന്നവർ ന്യൂനപക്ഷവിരുദ്ധ വിഷം ചീറ്റിക്കൊണ്ടിരിക്കുന്നത് ഈ യുദ്ധതന്ത്രത്തിന്റെ ഒരു ഭാഗമാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ഏറ്റവും പുതിയ രീതിയിൽ മാനസികാക്രമണം തുടങ്ങിയിരിക്കുന്നു.

പ്രശസ്തരായ മുസ്ലിം സ്ത്രീകളെ "ബുള്ളി ബായ്' എന്ന ആപ്പിലൂടെ  "ലേലത്തിൽ' വച്ച സംഭവം കേട്ടുകേൾവി ഇല്ലാത്തതാണ്. മാനസിക വൈകൃതം വന്ന ഒരു ബിടെക് വിദ്യാർഥിയുടെ സൂത്രധാരണയാണെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. കൗമാരക്കാരായ നാലു വിദ്യാർഥികളെ അറസ്റ്റ് ചെയ്ത പൊലീസ് കുറ്റപത്രത്തിലേക്കു നീങ്ങി. സൂത്രധാരന്മാർ ആരാണെന്ന് പൊലീസ് അന്വേഷണത്തിൽ വെളിപ്പെട്ടില്ലെങ്കിലും അത് ആരെന്ന്‌ വ്യക്തമാണ്. നിർണായക തെരഞ്ഞെടുപ്പ് അടുത്തു നിൽക്കുന്നതുകൊണ്ടാണ് പൊലീസ് ഇത്രയെങ്കിലും ചെയ്തത്. മാസങ്ങൾക്കുമുമ്പ് "സുള്ളി ഡീൽസ്' എന്ന ആപ്പിലൂടെ മുസ്ലിം സ്ത്രീവ്യക്തിത്വങ്ങളെ ഇതുപോലെ പ്രതീകാത്മക ലേലത്തിനു വച്ചിരുന്നു. വലിയ പ്രതിഷേധത്തെ തുടർന്ന് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും ആരും അറസ്റ്റിലായിട്ടുപോലുമില്ല. 

"ബുള്ളി', "സുള്ളി' തുടങ്ങിയ പ്രയോഗങ്ങൾക്ക് സമാനതയുണ്ട്. മുസ്ലിം സ്ത്രീകളെ അപകീർത്തിപ്പെടുത്താൻ ഉത്തരേന്ത്യയിലെ വരേണ്യർ ഉപയോഗിക്കുന്ന "മുള്ളി' എന്ന പ്രയോഗത്തിന്റെ ടെക് മാറ്റമാണത്രെ ഇവ. സമൂഹമാധ്യമങ്ങളിലെ തിരയൽ സംവിധാനത്തെ കബളിപ്പിക്കാനുള്ള തന്ത്രമാണിതെന്ന് വിദഗ്ധർ പറയുന്നു.

ബിജെപിയുടെ ഐടി സെല്ലിന് ബന്ധമുണ്ടെന്ന് ആരോപണമുള്ള "ടെക് ഫോഗ്‌' സാങ്കേതികവിദ്യ ഉപയോഗിച്ച്, പ്രശസ്തരായ വനിതാ മാധ്യമപ്രവർത്തകരെ അപകീർത്തിപ്പെടുത്തുന്ന ട്വീറ്റുകളും വാട്‌സാപ്‌ മെസേജുകളും വ്യാജമായി നിർമിച്ചിടുന്നത് ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്. മോദി സർക്കാരിനെതിരെ ശക്തമായി പ്രതികരിക്കുന്ന മാധ്യമ പ്രവർത്തകര്‍ക്കെതിരെയാണ്‌ ഇവരുടെ ആക്രമണം. നിർജീവ വാട്സാപ്, ട്വിറ്റർ അക്കൗണ്ടുകളിൽ നുഴഞ്ഞുകയറിയാണ് ഈ പരീക്ഷണം. ഇത്തരം അക്കൗണ്ടുകളുടെ പേരിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കപ്പെടുക. അത് വൈറലാകുമ്പോൾ ഫോർവേഡ് ചെയ്ത നിരപരാധികൾ കുടുങ്ങുക. വ്യാജവാർത്തയിൽ ദശലക്ഷങ്ങൾ കുടുങ്ങുക. അതിട്ടത് താനല്ലെന്ന് പ്രശസ്തർക്ക് തിരുത്തേണ്ടി വരുമ്പോൾ അത് ശ്രദ്ധിക്കപ്പെടാതെ പോകുക. സമ്മത നിർമിതി ഉൽപ്പന്നങ്ങളുടെ വിൽപ്പനയിലെന്നപോലെ ആശയങ്ങളുടെ വിൽപ്പനയിലും പ്രഥമമാണെന്ന തത്വം നാസി ജർമനിയുടെ പ്രചാരണ വിഭാഗം തലവനായ ഗീബൽസാണ് പ്രയോഗത്തിൽ വരുത്തിയത്. ഒരു നുണ നൂറുവട്ടം ആവർത്തിച്ചാൽ സത്യമാകുമെന്ന മനശ്ശാസ്ത്രം.

ഇന്ത്യൻ ഫാസിസ്റ്റുകൾ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് അത് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിന് ഇസ്രയേലിന്റെ ചാര സോഫ്റ്റ്‌വെയറായ "പെഗാസസ്' വരെ ഉപയോഗിക്കുന്നു. എതിരാളികളുടെ മാത്രമല്ല, സംശയം തോന്നുന്ന വീട്ടുകാരന്റെയും വിവരങ്ങൾ ചോർത്തുന്നു. ഓരോ വ്യക്തിത്വത്തിലേക്കും ഗസ്റ്റപ്പോപോലെ അത് മുട്ടി ഭീതിപ്പെടുത്തുന്നു. പെഗാസസിനെക്കുറിച്ച് മോദി സർക്കാരിന് സുപ്രീംകോടതിയിൽ ഇതുവരെ ഒരു വിശദീകരണവും നൽകാനായിട്ടില്ല.

പുതിയ കാലത്ത് ഹിറ്റ്‌ലറുടെ നാസിസം പ്രായോഗികമാകില്ലെന്ന് തിരിച്ചറിഞ്ഞവരാണ് ഇന്ത്യൻ ഫാസിസ്റ്റുകൾ. ഗ്യാസ് ചേമ്പറിലിട്ട് എതിരാളികളെ ഉന്മൂലനം ചെയ്യുക എന്നത് പഴങ്കഥയാണ്.  പ്രാകൃതായുധങ്ങളുടെ പുനരുപയോഗം പണ്ടേപോലെ ഫലിക്കുന്നില്ല. ആധുനിക സാങ്കേതികവിദ്യയിലൂടെ ജനതയെ മാനസിക അടിമകളാക്കുകയെന്ന പ്രയോഗമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ന്യൂനപക്ഷങ്ങളെ മാനസികമായി തിരസ്കൃതരാക്കുകയെന്ന തന്ത്രമാണ് "ബുള്ളി ബായ്', "സുള്ളി ഡീൽ', "ടെക് ഫോഗ് ' തുടങ്ങിയ സൈബർ ആക്രമണങ്ങളിലൂടെ വെളിവാകുന്നത്. യുവതയെ ഇത് തിരിച്ചറിയാൻ പ്രാപ്തരാക്കുകയെന്നത് രാജ്യസ്നേഹികളുടെ കർത്തവ്യമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top